
N.N ബാലകൃഷ്ണന്റെ ശരീരത്തിനുള്ളില്‍ പുട്ടുറുമീസിന്റെ മനസ്സ്!! അതാണ് തടിയന്. പ്രീഡിഗ്രിയും പിന്നീട് പൊളിടെക്നിക്കില്‍ സിവിലും പഠിച്ചെങ്കിലും മനസ്സിന്റെ വളര്‍ച്ച കൂടി തട്ടിപ്പറിച്ച് ശരീരം വളര്‍ന്നപ്പോള്‍ പഠന സംബന്ധമായ ഒരു ജോലി എന്നത് തടിയനെ സംബന്ധിച്ച് 50 ഓവറില്‍ 1500 റണ്‍സ് പോലെ അപ്രാപ്യമായി. അത് കൊണ്ട് തന്നെ പിന്നീട് വീഡിയോഗ്രാഫര്‍ ആകുക എന്ന മോഹം തടിയന് തലയ്ക്കു പിടിച്ചത് അച്ഛന്റെ മുന്നില്‍ വച്ച് മോളെയും, കെട്ടിയോന്റെ മുന്നില്‍ വച്ച് ഭാര്യയേയും, ബ്രദറിന്റെ മുന്നില്‍ വച്ച് സിസ്റ്ററെയും അടിമുടി സ്ക്യാന് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടുന്ന ഏക പണിയാണ് അത് എന്നതുകൊണ്ടല്ല..! ആത്മാര്‍ഥമായി തന്നെ പഠന വിഷയത്തെ സമീപിച്ച തടിയന് വീഡിയോഗ്രാഫി കോഴ്സിന്റെ ആദ്യ കടമ്പയായ ‘ലൈറ്റടി’ വളരെ വിജയകരമായി താണ്ടി. പത്തു മാസം കൊണ്ട് തടിയന് ഒരു എണ്ണം പറഞ്ഞ വീഡിയോഗ്രാഫര്‍ ആയി.
അവിടെ നിന്നങ്ങോട്ട് തടിയന്റെ നല്ല കാലമായിരുന്നു. കല്യാണം എന്ന വാക്കിന് ആലുക്കാസിനും ഭീമയ്ക്കും ശേഷം തടിയന് എന്ന പര്യായം പോലുമുണ്ടായി. തടിയന് വീഡിയോഗ്രാഫറായി കല്യാണപ്പന്തലിന്റെ മുന്നില്‍ നിന്നാല്‍ പിന്നെ സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് കല്ല്യാണ ചെക്കന്റെ വലതു കയ്യും പെണ്ണിന്റെ ഇടതു കയ്യും മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ എന്ന പരാതി വ്യാപകമായപ്പോള്‍ ഓഡിറ്റോറിയം മുതലാളിമാര്‍ 'തടിയനില്ലേല്‍ കല്ല്യാണമില്ല' എന്ന് പ്രാക്ടിക്കലായി ചിന്തിച്ചു. തടിയനെ മാറ്റുന്നതിന് പകരം, അവര്‍ കാശ് വാരിയെറിഞ്ഞ് സദസ്സിനുള്ള കസേരകള്‍ റീ അറേഞ്ച് ചെയ്യിച്ചു. അതാണ് ലാഭമാത്രേ! ആനയുടെ വായില്‍ ജെംസ് മുട്ടായി വച്ച പോലെ തോളില്‍ ക്യാമറയുമായി നില്ക്കുന്ന തടിയനെ കാണാന്‍ കോളേജ് കുമാരികള് പോലും കല്യാണങ്ങള്‍ക്ക് ഒഴുകിയെത്തി.
ദിവസങ്ങളും കല്യാണങ്ങളും കഴിഞ്ഞു പോയി.... തടിയന് ആദ്യം വീഡിയോ വര്‍ക്ക് ചെയ്ത കല്ല്യാണപ്പെണ്ണ് മൂന്ന് പെറ്റു...! അങ്ങനെയിരിക്കേ ഒരു കല്യാണത്തിന് കണ്ടൊരു പെണ്‍കൊടി, തടിയന്റെ ഹൃദയം കടിച്ചു കുടഞ്ഞു കളഞ്ഞു. ആ ഒരൊറ്റ കാരണത്തെ തുടര്‍ന്നാണ് കല്ല്യാണ കാസറ്റില്‍ താലികെട്ടില്ല എന്ന സില്ലി മാറ്റര്‍ പറഞ്ഞ് തടിയന്റെ വലിയ ശരീരത്തില്‍ ചില കറുത്ത കരങ്ങള്‍ തന്ത്രികള്‍ പൊട്ടുമാറ് വീണ മീട്ടിയത്. പഷേ തടിയന് തളര്‍ന്നില്ല. ഇതിനൊക്കെ കാരണമായ ആ പെണ്ണിനെ മാത്രമേ ഇനി താന്‍ കേട്ടൂ എന്ന് ഒറ്റയ്ക്കങ്ങു തീരുമാനിച്ചു കളഞ്ഞു.
ഫെവീകൊളില്‍ ഫെവീസ്റ്റിക് മേമ്പൊടി ചേര്‍ത്ത പോലെ ചില സുഹൃത്തുക്കള്‍ തടിയന്റെ ചിന്തയ്ക്ക് എരിവ് പകര്‍ന്നപ്പോള്‍ തടിയന് മനസ്സുകൊണ്ട് അവളെ കല്യാണവും കഴിച്ചു. പക്ഷെ പെണ്ണിനെ പറ്റി വീട്ടില്‍ അറിയിച്ചപ്പോള്‍ തടിയന്റെ നെഞ്ചുളുക്കുന്ന മറുപടിയാണ് അമ്മ പറഞ്ഞത്. “എടാ കുരുത്തം കെട്ടവനെ, അവളുടെ കല്യാണം കഴിഞ്ഞൊരു കൊച്ചുണ്ടെടാ...”
ഇംഗ്ലീഷില്‍ ഒരുപാട് പിടിയില്ലാഞ്ഞിട്ടും “മൈ ഗോഡ്!” എന്ന് തടിയന് വിളിച്ചു പോയി.
“പക്ഷെ അവളെ അതിന്റെ കെട്ടിയോന് കളഞ്ഞിട്ടു പോയതാ”- അമ്മയുടെ ഈ ഡയലോഗ് തടിയനിലെ പ്രതീക്ഷകള്‍ക്ക് മുസ്ളീ പവറായി.
“എനിക്കവളെ കെട്ടിയേ പറ്റൂ” – തടിയന് അറുത്തു മുറിച്ചു പറഞ്ഞു.
“ഈശ്വരാ... ഈ ചെക്കനിതെന്തുപറ്റി... എടാ ഒരു കൊച്ചിന്റെ തള്ളയോ?” അമ്മ തടിയന് തടയിട്ടു.
പക്ഷെ ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ പരസ്യത്തില്‍ സലിംകുമാര്‍ അഭിനയിക്കുന്ന പോലെ അര്‍ത്ഥശൂന്യമാണ് അമ്മയുടെ വാക്കുകള്‍ എന്ന് പറഞ്ഞ് തടിയന് അമ്മയെ തിരിച്ചു തടഞ്ഞു. തടിയന് കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഒടുവില്‍ ആ കല്യാണത്തിന് പച്ചക്കൊടി കാട്ടി.
തടിയന്റെ വീട്ടുകാര്‍ കല്യാണം ആലോചിച്ച് പെണ്ണ് വീട്ടില്‍ ചെന്നു. (അന്നേ ദിവസം ദീപാവലി ആയിരുന്നില്ല. എന്നിട്ടും പെണ്ണിന്റെ വീട്ടില്‍ അന്ന് രാത്രി പൂത്തിരിയും മത്താപ്പും ഒക്കെ കത്തിച്ചു. ഇടയ്ക്ക് അമിട്ടും. എന്തിനോ എന്തോ!) അപ്പൊ പുതിയ പ്രശ്നം... ഒരു സ്ഥിര ജോലിയില്ലാത്ത പയ്യന് തങ്ങളുടെ കുട്ടിയേയും, കുട്ടിയുടെ കുട്ടിയേയും കൊടുക്കാന്‍ ആ വീട്ടുകാര്‍ക്ക് ഒരു മടി. അതല്ലെങ്കിലും അങ്ങനെയാണ്, വിഭവം എത്ര ചീഞ്ഞതാണെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ അതിനു വില കൂടും.! ഒടുവില്‍ തടിയന് വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. തനിക്ക് ഒരു ജോലി ആയിട്ട് മതി കല്ല്യാണം എന്ന് പറഞ്ഞ് കളഞ്ഞു.തടിയന്റെ ദിവ്യാനുരാഗത്തിന്റെ ശക്തിയാണോ അതോ പെണ്ണിന്റെ അച്ഛന് ഒരു കോടിയുടെ ലോട്ടറി ഒരക്കത്തിന്റെ വ്യത്യാസത്തില്‍ നഷ്ട്ടപ്പെടുത്തിയതിന് ദൈവം പ്രായശ്ചിത്തം ചെയ്തതാണോ എന്നറിയില്ല. തടിയന് ജോലി കിട്ടി..! ഒരു പ്രാദേശിക ചാനലില്‍ ക്യാമറാമാന് ആയിട്ട്.
മിനിമം യോഗ്യത കൈക്കലാക്കിയ തടിയനിലെ കാമുകഹൃദയത്തിന് ആറു മാസത്തെ ഇടവേള സമ്മാനിച്ചു കൊണ്ട് കല്യാണം നിശ്ചയിക്കപ്പെട്ടു. ഇതിനിടയില്‍ തടിയന് തന്റെ ഭാവി വധുവിനെ ഇമ്പ്രെസ്സ് ചെയ്യാന്‍ ഫോണിലൂടെ ശ്രമിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ അങ്ങനെ പെട്ടന്നൊന്നും ഇംപ്രസ്ഡ് ആകാത്ത പെണ്ണിന്റെ മുന്നില്‍ തന്റെ കഴിവ് തുറന്നു കാട്ടാന്‍ ഒരു അവസരത്തിനായി കാത്തിരുന്ന തടിയന് ഒരു ദിവസം രാത്രി ചാനലില്‍ നിന്നും ഒരു ഫോണ്‍കാള്‍ വന്നു. അടുത്തു തന്നെയുള്ള ഒരു ആളില്ലാ വീട്ടില്‍ വച്ച് പ്രമുഖനായ ഒരു രാഷ്ട്രീയക്കാരന്, കേരളത്തിന്റെ പരമ്പരാഗത ഭക്ഷണമായ കഞ്ഞിപ്പുഴുക്കിനെ പറ്റി ഒരു ഒരു പെണ്‍കുട്ടിയുമായി ചര്‍ച്ച നടത്തിയതിന് നാട്ടുകാര്‍ ആ വീട് വളഞ്ഞിരിക്കുന്നത്രേ! അത് ലൈവ് ചെയ്യാനാണ് ചാനലുകാര് വിളിച്ചത്.
വധുവിനെ ഇംപ്രസ് ചെയ്യാന്‍ ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കിയ തടിയന് അവളെ ഫോണ്‍ ചെയ്തു പറഞ്ഞു.- “എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സാധനം ഞാന്‍ ഇപ്പൊ ലൈവ് ചെയ്യും”. മറുവശത്തു നിന്നും “ഉം” ഏന്ന പതിഞ്ഞ ഒരു മൂളല്‍ മാത്രം. ഫോണ്‍ കട്ട് ചെയ്ത തടിയന് തന്റെ പള്‍സറില്‍ ചാടിക്കയറി. സെല്‍ഫ് സ്റ്റാര്‍ട്ട് ഉണ്ടായിട്ടു കൂടി തടിയന് കിക്ക് ചെയ്ത് വണ്ടി സ്റ്റാര്‍ട്ട് ആക്കി. അത്രയ്ക്ക് ആവേശം! പോകുന്ന വഴിയ്ക്ക് തന്നെ രാഷ്ട്രീയക്കാരനെയും കഞ്ഞിപ്പുഴുക്ക് ചര്‍ച്ചയ്ക്ക് വന്ന പെണ്കൊടിയെയും ഏതൊക്കെ ആംഗിളുകളില്‍ ഷൂട്ട് ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ചു.
പുഴുക്ക് സ്പോട്ടില്‍ എത്തിയ തടിയന് ആള്‍ക്കൂട്ടത്തെയും പോലീസിനെയും കണ്ടൊന്നു ഞെട്ടി. ചാനലിന്റെ വണ്ടിയില്‍ നിന്നും ക്യാമറയും കിടുപിടികളുമായി സഹായികളും പാഞ്ഞെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസുകാരനോട് തടിയന് താന്‍ പ്രതിനിധാനം ചെയ്യുന്ന ചാനലിന്റെ പേര് പറഞ്ഞു. അയാള്‍ പുച്ഛത്തോടെ തടിയനെ ഒന്ന് നോക്കിയിട്ട്, അവിടെ നടന്നത് തടിയന്റെ ചാനലിലെക്കാലും 'തറ' പരിപാടിയായതുകൊണ്ട് മാത്രം തടിയനെ മറ്റു ചാനല്കാരുടെ അടുത്തേക്ക് വിട്ടു.
സ്പെഷ്യല്‍ റിയാലിറ്റി ഷോ കാണാന്‍ ആവേശം മൂത്ത് നില്ക്കുന്ന പുരുഷാരത്തെ ഒപ്പിയെടുത്തുകൊണ്ട് തടിയന് തന്റെ ലൈവ് ടെലിക്കാസ്റ്റ് ആരംഭിച്ചു. പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതും ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവര്‍ ചര്‍ച്ച നടന്ന വീട്ടിലേക്ക് കയറി പോകുന്നതുമൊക്കെ അഴകപ്പനെ വെല്ലുന്ന ഫ്രെയ്മുകളിലൂടെ തടിയന് നാട്ടുകാരുടെ സ്വീകരണ മുറികളില്‍ എത്തിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ രാഷ്ട്രീയക്കാരന്റെ കൂടെയുള്ളത് ഏതോ സിനിമാ നടിയാണെന്ന് അടുത്തു നിന്ന ആരോ പറഞ്ഞ് കേട്ട തടിയന്, താന്‍ സിനിമാ നടിയുടെ യഥാര്‍ത്ഥ മുഖവും സ്വഭാവവും നാട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നതിലൂടെ പ്രശസ്തനാവുന്നതൊക്കെ സ്വപ്നം കണ്ടു.
ഒടുവില്‍ ആയിരങ്ങള്‍ കാത്തിരുന്ന സുമുഹൂര്‍ത്തം ആഗതമായി. അകത്ത് കയറിപ്പോയ പോലീസ് യേമാന്മാര് ഓരോരുത്തരായി പുറത്തേക്ക് വന്നു. പുറകെ രാഷ്ട്രീയക്കാരനും. മുന്‍പ് സിനിമയില്‍ അഭിനയിച്ച എക്സ്പീരിയന്‍സ് തുറന്നു കാട്ടിയ അയാള്‍ “ഇതെന്താ ഇവിടെ എല്ലാരും കൂടി നില്‍ക്കുന്നത്” എന്ന ഭാവത്തില്‍ ക്യാമറയെ വളരെ കൂള്‍ ആയി ഫേസ് ചെയ്തു. പക്ഷെ ആളുകളുടെ ആകാംഷ നീണ്ടത് ചര്‍ച്ചയ്ക്ക് വന്ന സിനിമാ നടിയെ കാണാന്‍ ആയിരുന്നു. ഒടുവില്‍ കാത്തു നില്ക്കുന്നവരുടെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലാക്കിക്കൊണ്ട് കഥാനായിക രംഗപ്രവേശം ചെയ്തു. തടിയന് അവരുടെ മുഖം നന്നായി സൂം ചെയ്തു. തന്റെ ക്യാമറയുടെ LCD യില്‍ പ്രത്യക്ഷപ്പെട്ട ആ മുഖം കണ്ട് തടിയന് ഞെട്ടി. “ഇതവള് തന്നെ.... ആറു മാസം കഴിഞ്ഞാല്‍ ഞാന്‍ കെട്ടേണ്ടിയിരുന്ന അവള്....” തടിയന് അറിയാതെ ഒരാത്മാഗതം വീണുടഞ്ഞു. തടിയന്റെ ഒരു കണ്ണില്‍ നിന്നും പോന്നീച്ചയും മറുകണ്ണില്‍ നിന്നും വെള്ളീച്ചയും പറന്നു..! മുന്നില്‍ കാണുന്നതെല്ലാം എറക്കാടന്റെ ബ്ലോഗ് തുറന്ന പോലെ ആകെ മൊത്തം മഞ്ഞ മയം.! തുടര്‍ന്ന് എന്റീശ്വരാ.... എന്ന വിളിയോടെ ക്യാമറയും കേട്ടിപ്പിടിച്ചുകൊണ്ട്, ബോധം മറഞ്ഞ തടിയന് നിലം പൊത്തി. പെണ്ണിനെ കണ്ട ജനക്കൂട്ടം ആര്‍ത്തിരമ്പി അവരെ വളഞ്ഞപ്പോള്‍ ഒന്നും ഷൂട്ട് ചെയ്യാന്‍ പറ്റാത്ത വിഷമത്തില്‍ മറ്റു ചാനലുകാര് ക്യാമറ ഓഫ് ആക്കി.
ചര്‍ച്ചയ്ക്ക് വന്ന രാഷ്ട്രീയക്കാരന് പിടിയിലായ വാര്‍ത്തയെക്കാള്‍ പിറ്റേന്ന് അന്നാട്ടുകാര്‍ സംസാരിച്ചത്, രാഷ്ട്രീയക്കാരനെയും പെണ്ണിനെയും പോലീസുകാര്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുന്നതുള്‍പ്പെടെ മണ്ണില്‍ കിടന്നുകൊണ്ട്, ആളുകളുടെ കാലുകള്‍ക്കിടയിലൂടെ ‘ലൈവ്’ ആയി ടി.വി യില്‍ കാണിച്ചു തന്ന തടിയന്റെ ആത്മാര്‍ഥതയെയും അര്‍പ്പണ മനോഭാവത്തെയും പറ്റിയായിരുന്നു!
************************************************************************
തലക്കെട്ട് സംഭാവന ചെയ്തത് ഏതോ ഒരു മഹാന് ..!
എല്ലാര്ക്കും ഓണാശംസകള്‍.!
27 comments:
തടിയന്.....!
(((((ഠേ)))))
തടിയന്റെ നെഞ്ചിനു മീതെ ഒരു കണ്ണൂരാന്‍ തേങ്ങ ഇരിക്കട്ടെ!
(ഇനി രണ്ടു ദിവസം കഴിഞ്ഞു വായിക്കാന്‍ വരാം)
തടിയാ,
കലക്കി.. ഇതാണ് അര്‍പ്പണ ബോധം.. " വര്‍ക്ക് ഈസ് worship "
ക്ലൈമാക്സ് പ്രതീക്ഷിച്ചതാനെങ്കിലും വിമലിന്റെ നര്മ്മതിലൂടെയുള്ള വിവരണം കലക്കി.
എരക്കാടന്‍ ഇന്നലെ വണ്ടി പിടിച്ചു എന്ന് വിചാരിച്ചിട്ടാണോ ഈ താങ്ങ്? എരക്കടനെ ഒരു കൊച്ചു പുസ്തകം റൈറ്റര്‍ ആക്കിമാറ്റിയല്ലേ....ഹി ഹി.
ഇതൊന്നും കേള്‍ക്കാന്‍ ഇവിടില്ലത്തത് തന്റെ ഭാഗ്യം... ശീര്‍ഷകം കലക്കീട്ടോ..
കാണാം, കാണും..
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്..
വിമലേ, ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
കന്നിമാസത്തില് പട്ടികള്‍ ഇണചേര്‍ന്ന് പരസ്പരം കെട്ടിപ്പിണഞ്ഞ് കിടക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മോശമായ കാഴ്ചയതാണെന്ന് കരുതി, ആളുകള്‍ അവരുടെ നൈസര്‍ഗീകമായ ശാരീരികചോദനയെ കല്ലെറിഞ്ഞും, വടിയെടുത്തും ഓടിക്കാറുണ്ട്.
അവിടെ കല്ലെടുത്തെറിയുമ്പോള്‍, ഇവിടെ വാക്കുകള്ക്കൊണ്ടെറിയുന്നു.
കഥയും, തലക്കെട്ടും അശേഷം ചേര്‍ച്ചയില്ല, മാത്രമല്ല ആ തലക്കെട്ട് വെറും ഗിമ്മിക്ക് മാത്രം.
വിമലിനോട് ഒരു സഹോദരസ്നേഹത്തോടെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കമന്റുകള്‍ക്കും, ഒപ്പം ഫ്ലോളോവേഴ്സിനും വേണ്ടിമാത്രം എഴുതുകയാണെങ്കില്‍ ബ്ലോഗിന്റെ നിലവാരം താഴുകയേയുള്ളു.
സ്നേഹത്തോടെ.......
നന്നായി സ്ഖിച്ചൂ എഴുത്ത്.
"ഒരു സ്ഥിര ജോലിയില്ലാത്ത പയ്യന് തങ്ങളുടെ കുട്ടിയേയും, കുട്ടിയുടെ കുട്ടിയേയും കൊടുക്കാന്‍ ആ വീട്ടുകാര്‍ക്ക് ഒരു മടി. "
ഇത്തരത്തിലുള്ള പ്രയോഗങ്ങളൊക്കെ വളരെ നന്നായി.
ബൈക്ക് കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കുന്നത് പറയുമ്പോള്‍ ശരിക്കും തടിയന്റെ മനസ്സിന്റെ വെപ്രാളം പിടികിട്ടുന്നു. അവസാനത്തെ സസ്പ്പെന്സ് ജോറായി.
സമകാലീന സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന അവസാനത്തെ പാരഗ്രാഫ് പൊസ്റ്റിനു പുതിയ രൂപം നല്കുന്നു.
ചില ജാട്ട് പ്രയോഗങ്ങളാൽ ബൂലോഗത്ത്
വേറിട്ടുനിൽക്കാവുന്ന തടിയന്റെ ലീലാവിലാസങ്ങളും,
പങ്കപ്പാടുകളും നന്നായി തന്നെ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയിരിക്കുന്നു ....കേട്ടൊ...വിമൽ.
‘കുപ്രസിദ്ധി നേടിയ മഞ്ചേരിക്കഥ’- ആളോളെ താറടിപ്പിക്കുന്ന- ചാനൽ കഥയുണ്ടാക്കുന്ന ഉള്ളുകള്ളികളിലേക്കുള്ള എത്തിനോട്ടവും...
കൊക്കിനു വെച്ചത് ചക്കിന് കൊണ്ടതും ..
തലക്കെട്ടിന്റെ സാമ്യവൽക്കരണത്തോടേയും തൊടുകുറിയണിയിച്ചിട്ടുണ്ട് ഈ കഥയിലും ..കേട്ടൊ.
അഭിനന്ദനങ്ങൾ ഒപ്പം ഓണാശംസകളും...
ആ കൊട്ട് എറക്കാടനല്ല, ഹാഷിമിന് കൊട്. ഓനാണത് ഡിസൈന്‍ ചെയ്തത്.
'വധുവിനെ ഇംപ്രസ് ചെയ്യാന്‍ ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കിയ തടിയന് അവളെ ഫോണ്‍ ചെയ്തു പറഞ്ഞു.- “എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സാധനം ഞാന്‍ ഇപ്പൊ ലൈവ് ചെയ്യും”. മറുവശത്തു നിന്നും “ഉം” ഏന്ന പതിഞ്ഞ ഒരു മൂളല്‍ മാത്രം.'
വിമലേ, കഥയിൽ ചോദ്യമില്ലന്നറിയാം, എന്നാലുമൊരു ഡൌട്ട്: തൊട്ട് മുൻപ് ഈ ഫോണിൽ സംസാരിച്ച വധുവെങ്ങനെ കഞ്ഞിപുഴുക്കിനേകുറിച്ച് ചർച്ച നടക്കുന്ന സ്ഥലത്തെത്തിപെട്ടു..? (അതോ അവിടെയിരുന്ന് തന്നെയാണോ ഫോൺ ആൻസർ ചെയ്തത്.. എനിവേ, രസികൻ ഉപമകളാ കേട്ടോ മച്ചാ,..:)
ഹ..ഹ..ഹ
നല്ല ചിരിമരുന്നായിട്ടോ....
എറക്കാടനിട്ട് ഒരു തട്ട് തട്ടിയല്ലേ..പ്രയോഗങ്ങൾ എല്ലാം ബഹുകേമം...കീപ്പിറ്റപ്പ്.
“എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സാധനം ഞാന്‍ ഇപ്പൊ ലൈവ് ചെയ്യും”. മറുവശത്തു നിന്നും “ഉം”...??
അവളുടെ അമ്മയായിരിക്കും മൂളിയതല്ലെ?
നര്‍മ്മം നന്നായിട്ടൊ.
kollaam narmmarasam thulumbum post ..
സംഭവം പറയുമ്പോൾ സമയം നോക്കി സംശയം തീർക്കണം. ഇവിടിരിക്കുന്നവൻ മറ്റൊരിടത്ത് പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. നർമ്മം നന്നാവുന്നുണ്ട്. ഇത്പോലെ ഒന്ന് ഇവിടെ കാണാം.
http://mini-mininarmam.blogspot.com/2010/01/cid-m-m-ed.html
സമകാലീന സംഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ചത് നന്നായി ട്ടോ....
വിമല്‍, എഴുത്തും ഉപമയും അലങ്കാരങ്ങളും സ്വതസിദ്ധമായ ശൈലിയുമൊക്കെ കലക്കി . ചിലപ്രയോഗങ്ങളൊക്കെ അനിതര സാധാരണമെന്ന് പറയാം .
പലര്‍ക്കും വഴങ്ങാത്ത ആ ശൈലി താങ്കള്‍ക്കു കിട്ടിയ അനുഗ്രഹം തന്നെയാണ്. സരസ്വതി നാവിന് തുമ്പിലും പേനത്തുമ്പിലും കളിയാടുന്നു. സത്യം പറയട്ടെ എനിക്കു താങ്കളോട് അസൂയയാണ് . ആ അസൂയ മറ്റുള്ളവരിലും ഉണ്ടാകട്ടെ എന്നാണു എന്റെ പ്രാര്‍ത്ഥന .അപ്പോഴാണല്ലോ എന്റെ ബ്ലോഗു സുഹൃത്തായ വിമല്‍ വിജയ സോപാനത്തിലെത്തുന്നത് . ആറിയ കഞ്ഞി പഴങ്കഞ്ഞി .അത് പിന്നെയും ചൂടാക്കിയാല്‍ ഉപയോഗ ശൂന്യ കഞ്ഞി.അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് .എല്ലാ മീഡിയകളും ചര്‍വിത ചര്‍വണം നടത്തി തുപ്പിക്കളഞ്ഞതിനെ തോണ്ടിയെടുത്ത് മറ്റൊരു രീതിയില്‍ അവതരിപ്പിക്കാന്‍ നടന്ന ശ്രമം വിജയിചില്ലാ എന്ന് ഞാന്‍ പറഞ്ഞാല്‍ പരിഭവിക്കരുത്. കാലിക പ്രസക്തമായതിനെ ഇതേ രൂപത്തില്‍ അവതരിപ്പിക്കുക. നന്മകള് നേരുന്നു.
“വിഭവം എത്ര ചീഞ്ഞതാണെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ അതിനു വില കൂടും.!“
പറഞ്ഞും, കേട്ടും പഴകിയ ഒരു സംഭവത്തെക്കുറിച്ച് ആണെങ്കിലും നരമ്മത്തില് പൊതിഞ്ഞ എഴുത്ത് നന്നായി.
ninte ee title enthanu mancherimanikyam........atu itum thammil anthanu connection.........pinne ore writting reethi.ellam repetition aayi thonnunnu.means upamakal parayunnatu.
തേങ്ങ ഉടച്ചുപോയിട്ട് ഇപ്പോളാ വായിക്കാന്‍ വന്നത്. ഇതിന്റെ ടൈറ്റിലും ആ ചിത്രവും ഒഴിവാക്കാമായിരുന്നു. ഉപമകള്‍ കൊള്ളാം.
നര്‍മ്മം നന്നായിട്ടൊ.
തലയും കഥയുമായി ഒരു കഥയുമില്ലാലോ.. എന്നാലും വായന സുഖം ഉണ്ട് കേട്ടോ
എഴുത്തു കൊള്ളാം. ഉപമ പ്രയോഗങ്ങളും കൊള്ളാം. എങ്കിലും നട്ടപിരാന്തന്റെ അഭിപ്രായത്തിനു ഒരൊപ്പു ചാര്ത്തണമെന്നെനിയ്ക്കു തോന്നുന്നു. അതു വിമലിനോടുള്ള സ്നേഹം കൊണ്ടാണ്.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ എന്നാണല്ലോ പ്രമാണം.
കേവലനര്മ്മമാണുദ്ദേശമെങ്കില് വിമല്‍ വിജയിച്ചിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ അതിനു മാത്രം.
നര്‍മ്മത്തില്‍ ചാലിച്ച ഈ രചനാരീതി രസകരമായിരിക്കുന്നു.
ഉപമകളും പ്രയോഗങ്ങളും എല്ലാം കേമം.
വിഷയം പക്ഷെ കുറച്ചു പഴകി, ആ സംഭവവുമായി ബന്ധിപ്പിക്കാതെ തന്നെ നല്ലൊരു കഥയാക്കാമായിരുന്നു എന്ന് എന്റെ അഭിപ്രായം.
നട്ടപിരാന്തന്റെ കമന്റിനോട് യോജിക്കുന്നു .അടുത്ത പോസ്റ്റ് ഇതിലും ഗംഭീരമാവട്ടെ എന്നാശംസിക്കുന്നു.
ഓണാശംസകള്‍
ആദ്യമായാണ് ഇവിടെ..
തല്ക്കാലം വായില്‍ തോന്നിയത് പറയുന്നു...
കഥ രസമുണ്ട്. പക്ഷേ,
തലക്കെട്ട് കണ്ടിട്ട് ആര്‍ക്കാനും വേണ്ടി ഓക്കാനിച്ചതു പോലെ തോന്നുന്നു...
തലക്കെട്ട് ഇട്ടു തന്ന വിദ്വാനെ മേലില്‍ എന്റര്ട്ടയിന് ചെയ്യിക്കാതിരിക്കുക
:-)
ആളവന്താന്...
കലക്കി കേട്ടോ.... എല്ലാ ആശംസകളും
narmam kollam...heading entho oru poruthakedu
വരികളില്‍ നര്‍മം ഇഷ്ടമായെങ്കിലും നട്ട്സിന്റെ കമന്റ് ഇടക്ക് ഒന്ന് ഓര്‍ക്കണേ.
(അങ്ങേര് ഇതേ കമന്റ് പണ്ട് എനിക്കും ഇട്ടതാ..ഹി..ഹി..ഹി, പക്ഷേ ആ സമയത്ത് എനിക്കും അത് ആവശ്യമായിരുന്നു)
വിമല്‍,
ഇപ്പോഴാണ് ആളവന്താനെ പേരുപിടികിട്ടിയത്..
കഥയുടെ ടടൈറ്റില് കലക്കി. കക്ഷികൂടി ഇതു വായിച്ചെങ്കീല്....
എന്ന് ആസിച്ചുപോകുന്നു.
Post a Comment