മീറ്റി, ഈറ്റി, ചാറ്റി. പക്ഷേ വെളുക്കാന്‍ തേച്ചത്...!


ആരോടും അനുവാദം ചോദിക്കാന്‍ മെനക്കെട്ടില്ല, വാതില്‍ തള്ളിത്തുറന്ന് അങ്ങ് ചെന്നു! ആറേഴു പേരുണ്ട്, ഒരാളിന് ഒരാള്‍ എന്ന കണക്കില്‍! കസേരയില്‍ ഇരുത്തിയിട്ടാണ് പണിയെടുക്കുന്നത്. ഇരിക്കുന്നവരില്‍ ചിലരുടെ ശരീരം ഏതാണ്ട് കഴുത്തു വരെയും ചിലരുടേത് നെഞ്ചിനു ജസ്റ്റ്‌ മുകളില്‍ വരെയും മൂടിയിട്ടുണ്ട്. എന്നെ കണ്ട പാടെ പണിയെടുക്കുന്നവരില്‍ ഒരുവന്‍ ഞെട്ടിത്തിരിഞ്ഞ് വല്ലാത്ത ഒരു നോട്ടം,വിത്ത്‌ എ ക്വസ്റ്റ്യന്‍. ബാക്കിയുള്ളവര്‍ മൈന്‍ഡ്‌ ചെയ്യുന്നില്ല.അവര്‍ പണി നിര്‍ത്താതെയെടുക്കുകയാണ്.!!
"എന്താ...?"
"അല്ല, ഈ കറുത്തതൊക്കെ ഒന്ന് മാറ്റണം" - മൊബൈല്‍ ഫോണ്‍ വച്ചിരുന്ന കൈ ഒന്ന് പൊക്കി ഞാന്‍ മറുപടി പറഞ്ഞു.
"അതിനു ബോഡി മാറ്റേണ്ടി വരും"
"പഹവാനേ...! എന്തിന്????"
"മൊബൈല്‍ ഫോണിന്റെ കറുത്ത ബോഡി മാറ്റാനല്ലേ.. അപ്പുറത്താ മൊബൈല്‍ റിപ്പയറിംഗ്"
"ശോ... ഞാനങ്ങു പേടിച്ചു പോയല്ലോ ചങ്ങാതീ... അതേയ് ബ്യൂട്ടീ പാര്‍ലറും, മൊബൈല്‍ ഷാപ്പും കണ്ടാല്‍ തിരിച്ചറിയാനുള്ള സാമാന്യ ബോധം എനിക്കുണ്ട് കേട്ടാ.... ഞാന്‍ ചോദിച്ചത് എന്റെ മുഖത്തെ കറുപ്പ് മാറ്റി തരാമോ എന്നാ...!"
എന്തോ കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ട ഭാവത്തില്‍ ബ്യൂട്ടീഷന്‍ വീണ്ടും വീണ്ടും എന്നെ നോക്കി.
"ഉം... ഇരിക്കണം; ഇതൊന്നു തീര്‍ന്നോട്ടെ!"
അല്‍പ്പം സമയം കൊണ്ട് തന്നെ, എനിക്കും മുന്നേ വെളുക്കാന്‍ വന്നവന്റെ മുഖവും പോക്കറ്റും ഒരുപോലെ വെളുപ്പിച്ച് ബ്യൂട്ടീഷന്‍ എനിക്ക് സീറ്റ്‌ അനുവദിച്ചു. ഉമിക്കരിയെ പാല്‍പ്പൊടിയാക്കുന്ന ഇന്ദ്രജാലം നേരിട്ട് അനുഭവിക്കാന്‍ കസേരയിലേക്ക് കേറിയിരുന്ന എന്‍റെ മുഖത്ത് നന്നായി ഒന്ന് നോക്കിയിട്ട് ബ്യൂട്ടീഷന്‍ തുടര്‍ന്നു..
"സാര്‍ ഇതെന്തു ചെയ്യണമെന്നാ പറഞ്ഞത്!?"
"നല്ലോണം വെളുപ്പിക്കണം!!"
"ഇത്... അല്ലെ? സാര്‍ ,കോലത്തിന് പുള്ളി കുത്തിയാലും കോലം കോലം തന്നെയല്ലേ സാര്‍!!"
അത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല. അഹങ്കാരി!!
"അതേയ്... ഓസല്ലല്ലോ... കാശ് തന്നിട്ടല്ലേ... ഇയാള് ഇയാളുടെ പണി അങ്ങ് ചെയ്താ മതി"
"സാര്‍ അങ്ങനെയാണെങ്കില്‍ നമുക്ക് ഈ തൊലി അങ്ങ് ചെത്തിക്കളഞ്ഞാലോ!!"
ദേണ്ട്രാ... അവന്‍ വീണ്ടും ഒരുമാതിരി!
"ഹലോ... ഇയാള് വല്ലാതങ്ങ് കേറാതെ. ജോലി തൊടങ്ങ്"
"എന്താ സാര്‍, മുഖമൊക്കെ വെളുപ്പിച്ചിട്ട് നാട്ടില്‍ പോകുവാണോ?"
"അല്ല"
"പിന്നെ, പെണ്ണ് കെട്ടാനാവും ല്ലേ...?"
"അല്ല, തന്റെ അമ്മായി അമ്മയുടെ നൂലുകെട്ടിന് പോവാന്‍.. ഒന്ന് പോടേയ്"
അത് ഏറ്റു. അയാള്‍ക്ക്‌ അമ്മായിഅമ്മ ഒരു വീക്നസ് ആയിരുന്നു എന്ന് തോന്നുന്നു. ബ്യൂട്ടീഷന്റെ കുശലാന്വേഷണം അവിടെ തീര്‍ന്നു. അയാള്‍ പെട്ടെന്ന് കര്‍മ്മനിരതനായി രൂപാന്തരം പ്രാപിച്ചു! അടുത്തിരുന്ന ഡപ്പകളിലോക്കെ കൈയിട്ട് എന്താണ്ടോക്കെയോ തോണ്ടിയെടുത്ത് കയ്യില്‍ വച്ച് മൊത്തത്തില്‍ ഒന്ന് മ്ലാമ്പി എന്‍റെ മോന്തായത്തിലെ മുക്കുകളിലും ജങ്ങ്ഷനുകളിലും പേസ്റ്റ് ചെയ്തു.
"ഇതെന്താ സാര്‍ ഇങ്ങനെ.. സാര്‍ വായടക്കു സാര്‍" - ബ്യൂട്ടീഷന്‍ വീണ്ടും തുടങ്ങി.
" എടൊ താന്‍ എന്നെ കൊല്ലുവോ?"
"എന്താ സാര്‍"
"കോപ്പ്! എന്‍റെ മൂക്കിലൂടെ ശ്വാസം പോകുന്നില്ലടോ"
"അയ്യോ അതെന്തു പറ്റി?"
"എനിക്കെങ്ങനെ അറിയാം? സത്യം പറ താന്‍ എന്താ എന്നെ ചെയ്തത്? ഡോക്റ്റര്‍മാര്‍ മരുന്ന് മാറി കുത്തി വയ്ക്കുന്ന പോലെ താന്‍ എനിക്ക് മരുന്ന് മാറിയാണോടോ തേച്ചത്?"
"ഓ... സോറീ സാര്‍. പായ്ക്കിട്ടത് മൂക്കിന്‍റെ തൊളയിലും കൂടി ആയിപ്പോയതാ.!ഇപ്പൊ ശരിയാക്കിത്തരാം"
"ഉം.. ഉം... തന്റെ പായ്ക്കും തന്റെ പോക്കും അത്ര നല്ല രീതിയിലല്ലല്ലോടെയ്"
"സാര്‍ ഇനി അഞ്ചു മിനിട്ട് തലയും മുഖവും ചൂടാക്കാനായി ചൂളയില്‍ വയ്ക്കണം!"
"ചൂളയോ! ചൂളയില്‍ വയ്ക്കാന്‍ എന്‍റെ ശരീരം എന്തുവാടോ ഇഷ്ട്ടികയോ?"
"അല്ല സാര്‍, അതാണ്‌ തല മാത്രം വയ്ക്കാന്‍ പറഞ്ഞത്"!! - ബ്ലും!!!
ഇത്രേം പറഞ്ഞ് ബ്യൂട്ടീഷന്‍ എന്‍റെ തല പിടിച്ച് ഹെല്‍മറ്റ്‌ പോലെയുള്ള എന്തോ ഒന്നിനുള്ളില്‍ വച്ച് സ്വിച്ചിട്ടു.
"ടോ.. ഇന്ന് ഉച്ചയ്ക്ക് തനിക്ക് ഊണിനു എന്തുവാടോ കറി?"
"സാമ്പാറും മീന്‍ കറിയും. എന്താ സാര്‍?"
"അല്ല, തനിക്ക് എന്‍റെ തല കൂട്ടി ഊണ് കഴിക്കാന്‍ വല്ല പ്ലാനും ഉണ്ടോ എന്നറിയാന്‍ ചോദിച്ചതാ!"
ഒന്നിരുത്തി മൂളിയിട്ട് ബ്യൂട്ടീഷന്‍ ഒരു തുണി കൊണ്ട് എന്‍റെ തലയും തലയെ ചൂടാക്കുന്ന മെഷീനും മൊത്തത്തില്‍ മൂടി വച്ച്, അഞ്ചു മിനിട്ട് അനങ്ങാതിരിക്കാന്‍ ആജ്ഞാപിച്ചു.!
ഏതാണ്ട് ഒരു മിനിറ്റ് ആയപ്പോള്‍ തന്നെ ആകെ ചൂട്, പുക, ഒരു തരം വൃത്തികെട്ട മണം!
"എടൊ ഇത് കല്‍ക്കരി കൊണ്ടാണോ വര്‍ക്ക്‌ ചെയ്യുന്നത്? എന്താടോ ഇങ്ങനെ പുക വരുന്നെ?"
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം"
"ഓ..."
ഒരു മിനിട്ട് കൂടി കഴിഞ്ഞു. പുതപ്പിനടിയില്‍ ഞാന്‍ ചക്രശ്വാസം വലിക്കാന്‍ തുടങ്ങി. മുഖം വെളുപ്പിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു... പിന്നെ വെറുത്തു എന്നാലും ബ്യൂട്ടീഷനെ ഇഷ്ട്ടപ്പെടാന്‍ ഞാന്‍ വാഴക്കോടനല്ലല്ലോ!!!
"എടോ ഇത് ഭയങ്കര ചൂടായി. എനിക്ക് പറ്റുന്നില്ല"
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം!"
"ഓ..."
വീണ്ടും മിനിറ്റ്‌ ഒന്നുകൂടി കഴിഞ്ഞു,. ബ്യൂട്ടീഷനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ പറഞ്ഞിരിക്കുന്ന ആ അഞ്ചു മിനിറ്റ്‌ എന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന ചിന്ത എന്നെ അതില്‍ നിന്നെല്ലാം പിന്‍തിരിപ്പിച്ചു.
നാല് മിനിറ്റായി...
"എടോ ഇനി വയ്യ; മതി. എനിക്ക് ഈ നാല് മിനിറ്റിന്റെ നിറം മതി" - ഞാന്‍ കെഞ്ചി നോക്കി.
"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം!"
"ഓ..."
പിന്നെല്ലാം പെട്ടന്നായിരുന്നു. പുകയാണോ വെടിയാണോ ആദ്യം വന്നതെന്ന് ഓര്‍മ്മയില്ല. ബ്യൂട്ടി പാര്‍ലര്‍ നിറയെ കാര്‍ബണും, അതിന്റെ മോനോക്സൈഡും മോളോക്സൈഡും അവരുടെ കൂട്ടുകാരും മാത്രമായി.! എങ്ങും ചുമ, കൊര, കാറല്‍, തികട്ടിത്തുപ്പല്‍ തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ ഡിജിറ്റല്‍ ശബ്ദവിന്യാസങ്ങള്‍ മാത്രം.!!
ഒടുക്കം ഏതാണ്ടൊക്കെ ഒന്ന് തെളിയാന്‍ തുടങ്ങി. ബ്യൂട്ടീഷന്‍ ദുഷ്ട്ടന്‍ ഓടിക്കെതച്ചു വന്ന് എന്‍റെ തലയാകുന്ന റണ്‍വെയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെടുത്തു.! മുന്നിലെ കണ്ണാടിയില്‍ ഞാന്‍ എന്നെ കണ്ടു. അല്ല, അത് ഞാനായിരുന്നില്ല. തലമുടി ഓരോന്നായി എണ്ണി തിട്ടപ്പെടുത്താന്‍ പറ്റുന്ന തരത്തില്‍ സ്പ്രിംഗ് കെട്ടിയ പോലെ എഴുന്നേറ്റു നില്‍ക്കുന്നു! മൂക്കും കണ്ണും വായും എല്ലാം ഒന്ന് തന്നെ. ആകെ മൊത്തം, പാതി കത്തിയ പ്ലാന്തടിപോലെ!!
"സാര്‍ വല്ലതും പറ്റിയോ സാര്‍"
"ഇല്ലെടാ ഒന്നും പറ്റീല. ഇനിയും നിന്റെ കയ്യില്‍ വല്ല യന്ത്രോം ഉണ്ടെങ്കി എടുത്തോണ്ട് വാ. എന്നിട്ട് അതെന്റെ നെഞ്ചത്ത് വച്ചു കത്തിക്ക്. അതിനു ശേഷം ഒരു റീത്തും കൂടി കൊണ്ട് വയ്ക്ക്!!അവന്റെ കോപ്പിലെ ഒരു അഞ്ചു മിനിറ്റ്‌... ഈശ്വരാ നാളെ ദുബായ് ബ്ലോഗ്‌ മീറ്റ്‌ ആണല്ലോ... ഞാന്‍ എങ്ങനെ പോകും.. നീയൊക്കെ എത്ര ചിലവാക്കിയായാലും എന്നെ സര്‍വീസ്‌ ചെയ്തു വിട്ടേ പറ്റൂ. അല്ലാതെ ഞാന്‍ പോകില്ല!"
*****************************************************************************

കഥാന്ത്യം: പറഞ്ഞ പോലെ അവര്‍ എന്നെ സര്‍വീസ്‌ ചെയ്ത് ഏതാണ്ട് പഴയ കൊലത്തുലാക്കി വീട്ടിലേക്കു വിട്ടു.
പിറ്റേന്ന് രാവിലെ ബ്ലോഗ്‌ മീറ്റിനു പോയി. അതിലൂടെ അല്‍പ്പം..

സബീല്‍ പാര്‍ക്കില്‍ വാഴ നട്ടപ്പോള്‍പകല്‍ക്കിനാവന്‍ ഹാജര്‍ വയ്ക്കുന്നു.എന്തിനോ വേണ്ടി.....നാടന്‍ പാട്ടിന്റെ മാപ്പിള വെര്‍ഷനുമായി വാഴച്ചേട്ടന്‍


കണ്ടാല്‍ തന്നെ അറിയില്ലേ... കുട്ടികളുടെ മനസ്സാ... ആന കളിക്കുന്ന കുറുമാന്‍!!

വിശാലന്റെ കണ്ണ് കോഴിക്കാലില്‍!!


തലേ ദിവസത്തെ ഭീകരാക്രമണത്തില്‍ നിന്നും മാനസികമായി മോചിതനാവാതെ ഞാന്‍!!
ഭീകരാക്രമണത്തെ പറ്റി ഒന്നും അറിയാതെ ചിരിക്കുന്ന അനിലേട്ടന്‍, തിരിച്ചിലാന്‍, ശ്രീക്കുട്ടന്‍.
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ