കാഴ്ച്ച


ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങള്‍ മനസ്സിനും ശരീരത്തിനും ഏല്‍പ്പിക്കുന്ന ആലസ്യവും വിരസതയും മറക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടാണ് വ്യാഴാഴ്ചകള്‍ പിറക്കുന്നത്. വെള്ളിയാഴ്‌ച അവധിയായത് കൊണ്ട് തന്നെ വ്യാഴാഴ്‌ച രാത്രികള്‍ എന്നും ഞങ്ങള്‍ ആഘോഷമാക്കാറുണ്ട്. രാത്രി മൊത്തം ‘ഓടണം’ എന്നുള്ളതിനാല്‍ സ്പെഷ്യല്‍ മൈലേജിനായി എല്ലാവര്ക്കും ബോട്ടില്സ് സംഘടിപ്പിക്കാന്‍ ഞാനും, സുപ്പര്‍വൈസര്‍ ബേബിച്ചായനും ഡ്യൂട്ടിക്കിടെ ഒരു സ്പെഷ്യല്‍ ഡ്യൂട്ടി തരപ്പെടുത്തി പോകാറാണ് പതിവ്. എയര്‍പോര്‍ട്ട് സൈറ്റില്‍ നിന്നും ഏകദേശം 20 കി.മി. ദൂരെയാണ് നമ്മുടെ “പമ്പ്‌”.



പോകുന്ന വഴിയില്‍, തൊണ്ടയില്‍ വേനല്‍ ആരംഭിച്ച സന്ദേശം വന്നു. ബേബിച്ചായനോട് പറഞ്ഞപ്പോള്‍ ഏതെങ്കിലും കടയുടെ അടുത്തു നിര്‍ത്താന്‍ പറഞ്ഞു. പിന്നെ മുന്നില്‍ കണ്ട കടയുടെ മുന്നില്‍ ഞാന്‍ കാര്‍ നിര്‍ത്തി. ബേബിച്ചായന്‍ വെള്ളം വാങ്ങാനായി കടയിലേക്ക് പോയി. പെട്ടെന്ന് ഇടതു വശത്തെ വിന്‍ഡോയില്‍ ഒരു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു. ഒരു പയ്യന്‍ വണ്ടിയുടെ ഗ്ലാസില്‍ തട്ടി വിളിക്കുകയാണ്. അഞ്ച്‌ വയസ്സ് തോന്നിക്കും- ഒരു സുന്ദരന്‍ ചെക്കന്‍. അവന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും... അവന്‍ എന്തോ പറയുന്നുണ്ട്. അറബിയിലാണ്. എനിക്ക് മനസ്സിലായില്ല. പക്ഷെ അവന്റെ കാഴ്ച്ച കാറിന്റെ ഡാഷ്ബോര്‍ഡിനു മുകളില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകളില്‍ അവസാനിക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ചുണ്ടുകള്‍ ആകെ ചുവന്നിരിക്കുന്നു. നേരത്തെ കഴിച്ച മിഠായി അവനില്‍ അവശേഷിപ്പിച്ചതാണെന്ന് തോന്നുന്നു, ആ നിറം. അവനു നഷ്ട്ടപെട്ടു പോയ, ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ എത്രെയെന്നോര്‍ത്തു പോയി ഞാന്‍, അത് കണ്ടിട്ട്......



വലതു വശത്തെ ഡോര്‍ തുറന്നു. ബേബിച്ചായന്‍ തിരികെ വന്നതാണ്. കയ്യില്‍ രണ്ടു മാംഗോ ജ്യൂസും ഉണ്ട്. ഞാന്‍ വണ്ടിയുടെ ഗിയര്‍ മെല്ലെ ഡ്രൈവിലേക്ക് ഷിഫ്റ്റ്‌ ചെയ്തു, വണ്ടി ഒന്നനങ്ങി. വീണ്ടും ഇടതു വശത്ത് നിന്നും ആ പഴയ ശബ്ദം- പൂര്‍വാധികം ശക്തിയോടെ. തിരിഞ്ഞു നോക്കി, ഇപ്പോള്‍ ആളെണ്ണം കൂടിയിരിക്കുന്നു. ഒരാള്‍ കൂടിയുണ്ട്. ഏകദേശം ഒന്നാമന്റെ അതെ രൂപവും പ്രായവും തന്നെ പുതുമുഖത്തിനും. ഞാന്‍ ഗ്ലാസ്‌ താഴ്ത്തി. അവര്‍ രണ്ടും വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.ഞാന്‍ ബേബിച്ചായനെ ഒന്ന് നോക്കി. ഇതാരെടാ!! എന്ന ഭാവത്തിലാണ് പുള്ളി. ഡാഷ്ബോഡില്‍ കിടന്ന ചില്ലറകളില്‍ നിന്നും 25 പിയസ്റ്ററിന്റെ (നാട്ടിലെ ഏതാണ്ട് 16 രൂപ) ഒരു തുട്ട് ഞാന്‍ എടുത്ത് അവര്‍ക്ക് നേരെ നീട്ടി. ആ ചെമ്പ് കഷണത്തിനായി രണ്ട് ഇളം കൈകള്‍ മല്‍സരിക്കുന്നത് കണ്ട്‌ ഒന്ന് പിടഞ്ഞു മനസ്സ്. ഒടുവില്‍ അതില്‍ ഒരു കൈ അത് സ്വന്തമാക്കി ഓടി. പുറകെ രണ്ടാമനും. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ഒരല്‍പം മാറി അവര്‍ തമ്മില്‍ എന്തോ ഒരു ചെറിയ വാഗ്വാദം നടക്കുന്നുണ്ട്. പിന്നെ എന്തോ തീരുമാനത്തിലെത്തിയ പോലെ രണ്ടാളും പരസ്പരം തോളില്‍ കയ്യിട്ട്‌ നടന്നു പോയി.

ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. എന്തോ ഞങ്ങള്‍ രണ്ടും പേരും വാങ്ങിയ ജ്യൂസ് കുടിച്ചില്ല. അല്‍പ്പ സമയം രണ്ടു പേരും പരസ്പരം മിണ്ടിയതുമില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഞാന്‍ ബേബിച്ചായനോട് ചോദിച്ചു- “ നമുക്ക് ഒന്ന് തിരിച്ചു പോയാലോ? അവന്മാരെ ഒന്ന് കൂടി കാണണം”. ബേബിച്ചായന്‍ എന്തോ ആശിച്ചിരുന്നത് കേട്ടപോലെ പെട്ടെന്ന് പറഞ്ഞു- “പോകാം”. പിന്നെ കണ്ട ആദ്യത്തെ യൂ ടേണില്‍ വണ്ടി തിരിഞ്ഞു. പോകുന്ന്ന വഴിയില്‍ കണ്ട ഒരു ചെറിയ തട്ടിക്കൂട്ട് കടയില്‍ നിന്നും നമ്മുടെ പരിപ്പ് വട മാതിരിയുള്ള കുറച്ച് എണ്ണപ്പലഹാരവും വാങ്ങി, ഞങ്ങള്‍.



തിരികെ പഴയ സ്ഥലത്ത്, അതെ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവിടെ ആരെയും കാണുന്നില്ല.അവര്‍ വരും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അല്‍പ്പ സമയം അവിടെ തന്നെ കാത്തു നിന്നു. അതുവരെ സുലഭമായി വണ്ടിക്കുള്ളില്‍ ലഭിച്ചിരുന്ന സൂര്യ പ്രകാശത്തെ മറച്ചു കൊണ്ട് എന്തോ ഒന്ന് വണ്ടിയുടെ വലതു വശത്ത്...... ഒന്നാമാനുമല്ല, രണ്ടാമനുമല്ല. ഇവന്‍ മൂന്നാമന്‍!!. വിധി തന്റെ ജീവിതത്തെ ഒരു തമാശയായി കണ്ടപ്പോള്‍, എവിടെയോ നഷ്ട്ടമായ ബാല്യത്തിന്റെ നിഷ്കളങ്കത, ഇനിയും സ്വയം ഉപേക്ഷിച്ചു പോകാന്‍ മടിച്ചു നില്‍ക്കുന്ന മുഖം. ആദ്യം കണ്ടില്ലെങ്കിലും ശബ്ദത്തിലൂടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു, അവനൊപ്പം മറ്റൊരു കുഞ്ഞന്‍ കൂടിയുണ്ടെന്ന്. അവന്റെ അനിയന്‍ ആയിരിക്കണം. ആദ്യത്തെ രണ്ടു പെരെക്കാളും പ്രായം കൊണ്ടും രൂപം കൊണ്ടും വലിയവന്‍ ആണിവന്‍. ഇച്ചായന്‍ ഗ്ലാസ്‌ മെല്ലെ താഴ്ത്തി. അവനും കല പില സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ മറ്റു രണ്ടുപേരെ പ്പറ്റി അന്വേഷിച്ചു, അറിയില്ലെന്നവന്‍ തലയാട്ടി. ഇച്ചായന്റെ കയ്യിലെ പോതിയുടെ പുറത്തു പരന്ന എണ്ണക്കറ കണ്ട അവന്‍ പിന്നെ ഞങ്ങളെ നോക്കിയതേ ഇല്ല. ഞങ്ങള്‍ അത് അവനു നല്‍കി, ജ്യൂസും. അവന്‍ പലഹാരത്തില്‍ നിന്നും രണ്ടെണ്ണം എടുത്തു ചെറിയ ആളിന് കൊടുത്തു, ഒരു ജ്യൂസും. ആ കുഞ്ഞ് ആര്‍ത്തിയോടെ അത് കഴിച്ചു. എന്നിട്ട് സ്വയം ഒന്ന് എടുത്തു കടിച്ചു കൊണ്ട് ചിരിച്ചു നിന്നു വലിയവന്‍. തന്‍റെ അനിയന് ഭക്ഷണം കിട്ടിയതിന്റെ സന്തോഷമായിരിക്കണം- അവന്‍റെ മുഖം വിടര്‍ന്നു. അത് ഞങ്ങളോട് പറയാതെ പറയുന്നുണ്ടായിരുന്നു ‘ഒരായിരം നന്ദി’ എന്ന്. ഒന്ന് രണ്ടു ഫോട്ടോ എടുക്കാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങളും ഇതിനിടയില്‍ അവന്‍ തടഞ്ഞു. ഒടുവില്‍ ഒരിക്കല്‍ കൂടി ഞങ്ങളെ നോക്കി തെളിഞ്ഞു ചിരിച്ചുകൊണ്ട് ഒരു കയ്യില്‍ ഭക്ഷണവും മറു കയ്യില്‍ കൊച്ചനിയന്റെ കയ്യും പിടിച്ച് അവന്‍ നടന്നു നീങ്ങി. അപ്പോഴും ആ പൊതിയില്‍ നിന്നും ഒരെണ്ണം പോലും നിലത്ത് വീണു പോകാതിരിക്കാന്‍ അവന്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.



കാണാന്‍ വന്നവരെയല്ല കണ്ടത്, എന്നാലും മനസ്സിന് ഒരു സുഖം..... ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി...... വണ്ടിക്കു മുന്നില്‍, റോഡിലുള്ള കാഴ്ച്ചകള്‍ എന്റെ കണ്ണിനു മുന്നില്‍ ഊറിക്കൂടിയ എന്തോ ഒന്ന് മറയ്ക്കുന്ന പോലെ. ഞാന്‍ എന്റെ വലതു വശത്തേക്ക് നോക്കി. തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന ബേബിച്ചായന്‍!! ഇനിയിത് വഴി പോകുമ്പോള്‍ ഒരുപക്ഷെ എന്റെ കാഴ്ച്ചകള്‍ ആ മൂന്നു പേരെ തിരയുമായിരിക്കും, ഒന്ന് കൂടി കാണാന്‍.... ഇനിയും ഇത് പോലെ എത്രയെത്ര കാഴ്ച്ചകള്‍ എന്ന എന്റെ ചിന്ത ഒരു നെടുവീര്‍പ്പില്‍ അവസാനിച്ചു. കാര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണ്. ഇന്ന് രാത്രി ഞങ്ങള്‍ക്ക് മായക്കാഴ്ചകള്‍ സമ്മാനിക്കാന്‍ ഒരുങ്ങിയിരിക്കുന്ന, പൊട്ടുന്നതും ഞളുങ്ങുന്നതുമായ കുപ്പികള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ഞങ്ങളുടെ പമ്പ് ലക്ഷ്യമാക്കി.

അച്ചായ ചരിതം PART 1 - ഒരു ചെളിക്കഥ.


എട്ടു കാലിയുടെ കാലുപോലെ ഞങ്ങള്‍ എട്ടു അധ്വാനികള്‍ ജോര്‍ദ്ദാനിലേക്ക് എത്തിയിട്ട് രണ്ടു മാസം. പുത്തന്‍ വീട്ടിലെ ശാന്തയുടെ നടത്തം പോലെ മാധുര്യത്തോടെ കഴിഞ്ഞ രണ്ടു മാസങ്ങള്‍. മാന്ദ്യം വന്നു കൈകൊട്ടും തവിയും കുട്ടികലങ്ങളും വരെ വിറ്റ ഷെയ്ഖ് മുഹമ്മദിന്‍റെ സ്വന്തം ദുബായില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും ഈ പുഴുങ്ങാന്‍ അച്ചായനെ ഇത്ര ഫെയ്സ് ടു ഫെയ്സ് കിട്ടുന്നത് ആദ്യമായിട്ടാണ്. പണി സമയത്ത്‌, ഉറക്കത്തിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഉള്ള ഫോര്‍മാനാണ് പുള്ളി. സല്ലാപത്തിലെ സാലൂ കൂറ്റനാടിനെ പോലെ പെന്‍സില്‍ ചെത്തി ഇരിക്കുന്ന പ്രകൃതം.

അച്ചായനെ പറ്റി പറഞ്ഞാല്‍- സ്വന്തം പിതാവ് നല്‍കിയ അഞ്ചേ അഞ്ച് സെന്റ്‌ ഭൂമിയൊഴികെ ഇന്ന് തനിക്കുള്ളതെല്ലാം,( മൂന്ന് പെണ്മക്കള്‍ ഉള്‍പ്പെടെ) താന്‍, ഒരൊറ്റയാളുടെ കഠിനാധ്വാനം കൊണ്ടുണ്ടായതാണ് എന്ന് ജാതി മത വ്യത്യാസമെന്യേ ആരുടെ മുഖത്ത് നോക്കിയും എവിടെ വച്ചും എപ്പോഴും പറയാന്‍ ധൈര്യം ഉള്ളവന്‍...... കള്ള് എന്ന പാനീയം ( പുള്ളിക്ക് അത് അത്രമാത്രം) തന്‍റെ ശരീരത്തിന്‍റെ നടത്തിപ്പിന്റെ മേല്‍നോട്ടം ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ മലയാള ഭാഷയും ലിപിയും ഇംഗ്ലീഷിനു വഴിമാറി കൊടുക്കുന്ന അതിമാരക രോഗമുള്ളവന്‍...... ഡ്യൂട്ടിക്കിടെ, ഒപ്പം ജോലി ചെയ്യുന്ന ലൈജുവിനെ 'യൂ! ഫക്കിംഗ് ഡേര്‍ട്ടി ക്രീച്ചര്‍' എന്ന ഒന്നാം തരം തെറി അക്ഷരത്തെറ്റോ വ്യാകരണ പെശകോ കൂടാതെ വിളിച്ച്‌ മാളോകരെ ഞെട്ടിച്ചവന്‍.... ഇതൊന്നുമല്ല, പണ്ടെങ്ങോ പുള്ളീടെ വീടിനടുത്ത് റെയില്‍വേ ലൈനിനോട് ചേര്‍ന്ന് ഒരു കലിങ്ങു നിര്‍മിച്ചതിന് അതിലെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ വരെ തടഞ്ഞു നിര്‍ത്തി എഞ്ചിന്‍ ഡ്രൈവറുടെ കയ്യില്‍ നിന്നും ടോള്‍ പിരിവു നടത്തിയിട്ടുണ്ട്, എന്ന പൂലോഹ നോണ എല്ലരെയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവന്‍.......പുള്ളി പണ്ടെന്നോ ഉപയോഗിച്ചിരുന്ന, പിന്നീടു കാലം മാറിയപ്പോള്‍, ചെറിയ രണ്ട്‌ ദ്വാരങ്ങളിലൂടെ കാലുകളിറക്കി വലിയ ദ്വാരം അരയിലും ഘടിപ്പിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ അദ്ദേഹവും സ്വായത്തമാക്കിയപ്പോള്‍ അഴിച്ച് നാലായി മടക്കി പെട്ടിയില്‍ വച്ച, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തത സഹചാരിയായ ട്രോളീ ബാഗിന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ചിട്ടുള്ള "കോണകം" പോലെ നീളുന്നു അച്ചായ ചരിതങ്ങള്‍.
(നമ്പൂരിമാര്‍ കോണകം ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഈ അച്ചായന്‍ മാരും ഉപയോഗിക്കുമായിരുന്നോ?????? ഉപയോഗിച്ചു കാണും.....അവര്‍ക്കുമുണ്ടല്ലോ......യേത്‌......)

അങ്ങനെയിരിക്കെയാണ് ജോര്‍ദാനിലെ ചാവുകടലിനെ പറ്റി കേള്‍ക്കുന്നത്. 'വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്ന മാജിക് അറിയാവുന്ന, ലോകത്തിലെ ഒരേ ഒരു കടല്‍. സംഭവം ഇങ്ങനെ ആകുമ്പോള്‍, മിക്കവാറും വെള്ളത്തിലായിരിക്കുന്ന അച്ചായന്‍ തന്നെ മുന്‍കയ്യെടുത്തു "ഡെഡ് സീ" യില്‍ പൊന്തിക്കിടക്കാനും. പോയി എല്ലാരും കൂടി ഒരു ദിവസം. അച്ചായന്‍ പാനീയ സേവയിലൂടെ നാലുകാലില്‍ നില്‍ക്കാനുള്ള അപൂര്‍വ ശേഷി നേടും എന്നുറപ്പായിരുന്നതിനാല്‍ ആഹാരം അല്‍പ്പം അധികം കരുതിയിട്ടുണ്ട്. എന്തോ അങ്ങനെയുള്ള അവസ്ഥയില്‍ അച്ചായന്റെ ആമാശയം ദശാവതാരം ഒരുമിച്ചെടുക്കും. കിച്ചനിലെ വെസ്റ്റ്‌ ബോക്സ്‌ കേരളത്തിന്‍റെ ഖജനാവിനെ പോലും കൊഞ്ഞനം കുത്തിക്കൊണ്ട് ഒന്നുമില്ലാതാവുന്ന അവസ്ഥ.... ഹോ.....

ബസ്സിനുള്ളില്‍ വച്ചു തന്നെ വസ്ത്രാക്ഷേപം അരങ്ങേറി. ആ അലി ഡ്രസ്സ്‌ മാറുന്ന വേഗത കണ്ടപ്പൊ കലി വന്നു. അല്ലെങ്കി, "എടാ അലീ ഒന്നുപോയി കുളിയെടാ..." എന്ന് സഹമുറിയന്മാര്‍ പറയുമ്പോള്‍ (അതുകൊണ്ട് മാത്രം) അവന്‍റെ ഏതോ പ്രധാന അവയവം മുറിച്ചു കളയാന്‍ പറഞ്ഞത് പോലെ ബാത്രൂമിലേക്ക് അന്നനട നടക്കുന്ന അതേ അലി ദേ! ഇവിടെ വന്നപ്പൊ ഗ്രഹണി-ചക്കക്കൂട്ടാന്‍ കോമ്പിനേഷന്‍ ഓര്‍മിപ്പിച്ചുകൊണ്ട് ചാടിത്തുള്ളി നില്‍ക്കുന്നു, വെള്ളത്തിലേക്കിറങ്ങാന്‍!!!! എല്ലാപേരുടെയും രൂപ ഭാവങ്ങള്‍ അടിമുടി മാറി. ഞങ്ങള്‍ അരയന്മാരും, മുറിയന്മാരും, മുക്കാലന്മാരുമൊക്കെയായി (യഥാക്രമം ജെട്ടി,ബര്‍മുഡ,ത്രീഫോര്‍ത്ത് എന്നിവ ധരിച്ചവര്‍).

പുറത്ത്, തിരയില്ലാക്കടലില്‍ അത്തപ്പൂക്കളമിട്ടപോലെ കിടക്കുന്ന ആളുകളുടെ കൂട്ടങ്ങളെ നോക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങി. നടക്കാന്‍ പോകുന്ന കാര്യങ്ങളുടെ ആഴമോ വ്യാപ്തിയോ അറിഞ്ഞുകൂടാതെ, ജിജ്ഞാസയോടെ, ആദ്യരാത്രിയില്‍ നവവധുവിനെയും കാത്തിരിക്കുന്ന മണവാളന്‍റെ മുഖഭാവമായിരുന്നു എല്ലാവര്‍ക്കും. ഇറങ്ങിയപാടെ അച്ചായന്‍റെ കണ്ണ് ഇടത്ത് നിന്നും വലത്തേക്ക് 180 ഡിഗ്രിയിലുള്ള കാഴ്ചകള്‍ ഒറ്റ ടേക്കില്‍ തന്നെ കവര്‍ ചെയ്തു. പെട്ടെന്ന് എന്തോ കണ്ട് പിടിച്ചത് പോലെ അച്ചായന്‍ ട്യൂബ് ലൈറ്റ് കത്തിച്ച്‌ ചിരിച്ചു. കാര്യം തിരക്കിയപ്പോള്‍ "പെണ്ണുങ്ങളും ഉണ്ടെടാ" എന്ന സ്വീറ്റ്17 മറുപടി. ഇയാള്‍ കൊള്ളാമല്ലോ വന്നിറങ്ങിയപ്പോഴേക്കും...... ഞാന്‍ അച്ചായന്‍റെ 'പുതിയ മുഖം' കണ്ട് ഒന്ന് അമ്പരന്നു. എന്നാലും അതിയാള്‍ എങ്ങനെ കണ്ടുപിടിച്ചു? ഞാന്‍ നോക്കിയിട്ട് കടലില്‍ കിടക്കുന്നതില്‍ ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ പറ്റുന്നില്ല. പക്ഷെ കണ്ട് പഴകിയ പോലീസ് കാരന്‍റെ കണ്ണിനു മൈക്രോസ്കോപ്പിനെക്കാള്‍ പവര്‍ ഉണ്ടാവും എന്നല്ലേ? ഇത് നിങ്ങളെങ്ങനെ കണ്ട് പിടിച്ചച്ചായാ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ- "ടാ.... നീ ശ്രദ്ധിച്ചോ ആളുകള്‍ കിടക്കുന്ന രീതി. കുറെ വൃത്തങ്ങളായിട്ടല്ലേ. ആ കിടക്കുന്നവരുടെയെല്ലാം നോട്ടം കേന്ദ്രീകരിച്ചിരിക്കുന്നത് അവര്‍ പോലുമറിയാതെ അവിടെ ഫോം ചെയ്ത വൃത്തത്തിനുള്ളിലേക്കും. അപ്പൊ വൃത്തത്തിനുള്ളിലുള്ളത് പെണ്ണ്. ഇവിടെ ഇപ്പൊ ആകെ അഞ്ച് വൃത്തങ്ങള്‍, അതായത് അഞ്ച് പെണ്ണുങ്ങള്‍. മനസ്സിലായോ?"

അച്ചായന്‍റെ ആഴത്തിലുള്ള അറിവില്‍ നടുങ്ങിയ ഞങ്ങള്‍ ഓരോരുത്തരായി വെള്ളത്തിലേക്കിറങ്ങി. താഴ്ന്നു പോകില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഞാനും. പതുക്കെ വെള്ളത്തില്‍ മലര്‍ന്നടിച്ച് കിടന്നു. വെള്ളം പിന്നാമ്പുറത്തു കൂടി കോറിഡോര്‍ വഴി ഉമ്മറത്തെത്തി. എണ്ണ കലക്കിയ പോലത്തെ വെള്ളത്തില്‍ അര്‍മാദിക്കുന്നതിനിടെ അല്‍പ്പം വെള്ളം വായിലും പോയി. നാക്കിന്‍റെ സെന്‍സറിംഗ് കപ്പാസിറ്റി അടിച്ചു പോകുമെന്ന് തോന്നിപ്പോയി. അയ്യയ്യോ! ഉപ്പെന്നു പറഞ്ഞാ...... അതിന്‍റെ അളവ് അങ്ങ് ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു. നമ്മുടെ സ്കൂള്‍ ഓഫ് ഡ്രാമയിലെ പിള്ളേര്‍ നവരസങ്ങളുടെ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ കാണിച്ചു കൂട്ടുന്ന ആക്ഷന്‍സ് നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍റെ മുഖത്ത് പടര്‍ന്നു പിടിച്ചു. മാത്രവുമല്ല ശരീരത്തിന്‍റെ അതി സങ്കീര്‍ണവും ലോലവുമായ ഭാഗങ്ങളില്‍ മുളക് അരച്ചു തേച്ച പോലെ നീറാനും തുടങ്ങി. ഇനിയും ഇവിടെ കിടന്നാല്‍ ചിലപ്പോള്‍ സന്താനഗോപാലം സംവിധാനം ചെയ്യാന്‍ ആളെ വാടകയ്ക്കെടുക്കേണ്ട അവസ്ഥ വരും എന്ന് മനസ്സിലായി.

ഒരു വിധം മുക്കിയും മൂളിയുമൊക്കെ കരയ്ക്കെത്തി. ഒരു ചെറിയ പാറക്കല്ലിന്മേല്‍ വിശ്രമിക്കുമ്പോള്‍, പിറകില്‍ നിന്നൊരാള്‍ തോളത്തു കൈ വച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ മൊത്തത്തില്‍ കറുത്തിരുണ്ട്‌ ഒരു രൂപം. ടാ..... എന്ന ആ വിളി കേട്ടപ്പോള്‍ മനസ്സിലായി, അച്ചായനാണ്‌.അവിടുത്തെ ചെളി ത്വക്ക് രോഗത്തിന് നല്ലതാണെന്നും പറഞ്ഞ് അടിമുടി അതും വാരിപ്പൂശി വന്നിരിക്കുന്നു, പഹയന്‍! മുനിസിപ്പാലിറ്റിയുടെ "പിച്ചിപ്പൂവണ്ടി" പോകുമ്പോള്‍ ഉണ്ടാകുന്ന ആ നൊസ്റ്റാള്‍ജിയ അച്ചായനില്‍ നിന്നും ബഹിര്‍ഗമിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ മെല്ലെ അവിടെ നിന്നും വലിഞ്ഞു. ബസ്സിനുള്ളില്‍ പോയി ഡ്രസ്സ്‌ മാറി തിരികെ വന്നപ്പോള്‍ നീരാട്ട്‌ അവസാനിപ്പിച്ച് ബാക്കിയുള്ള ശരീരങ്ങളും കരക്കടുത്തു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, എണ്ണത്തിലൊന്ന് കുറവ്. അച്ചായനെ കാണാനില്ല!! ശെടാ... ഇയാളിതെവിടെ എന്നാലോചിച്ച് കുറച്ചു നേരം ഞങ്ങള്‍ നിന്നിടത്തു തന്നെ കുറ്റിയടിച്ചു. ആളെ കാണുന്നില്ല. പിന്നെ പേടിയായി തുടങ്ങി. എല്ലാവരും തിരികെ വണ്ടിയില്‍ വന്ന് ധൃതിയില്‍ ഡ്രസ്സ്‌ മാറുമ്പോള്‍, നമ്മുടെ ഡ്രൈവര്‍ വണ്ടിയില്ലാതെ തന്നെ ചീറിപ്പാഞ്ഞു വരുന്നുണ്ട്. ഞങ്ങളുടെ മുന്നില്‍ സഡന്‍ ബ്രേക്കിട്ടു നിന്ന അവന്‍, അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞ കാര്യം കേട്ട് ഞങ്ങള്‍ സ്തബ്ദരായി. പിന്നെ, എവിടെനിന്നെങ്ങനെ തുടങ്ങി എന്നറിയില്ല, ഡോള്‍ബി ഡിജിറ്റല്‍ സൗണ്ടില്‍ മൊത്തത്തില്‍ പൊട്ടിച്ചിരി.

ഡ്രൈവര്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങി. പുറകേ ഞങ്ങളും. ബീച്ചിനടുത്തുള്ള ഒരു ചെറിയ ക്ലിനിക്കാണ് സ്ഥലം. സ്നേഹത്തോടെ താന്‍ വാരിപ്പുണര്‍ന്ന ചാവുകടലിലെ 'ചെളി' അച്ചായന് മുട്ടന്‍ പണി കൊടുത്തിരിക്കുന്നു. ചെളിക്കുള്ളിലായ 'അച്ചായകായം' വളരെ പെട്ടെന്ന് പ്രതികരിച്ചു. ചെറുതായി തുടങ്ങിയ നീറ്റലും ചൊറിച്ചിലും അണ്‍ സഹിക്കബിള്‍ ആയപ്പോള്‍, മുന്‍പിന്‍ നോക്കാതെ അച്ചായന്‍ ഓടി. നിലവിളിച്ചു കൊണ്ട്. ആ നിലവിളി ഫോളോ ചെയ്താണ് നമ്മുടെ ഡ്രൈവര്‍ ക്ലിനിക്കിലെത്തിയത്. കാര്യമറിഞ്ഞ അവന്‍ തിരിച്ചോടി, ഞങ്ങടെ അടുത്തേക്ക്‌. ഞങ്ങള്‍ ക്ലിനിക്കിനുള്ളിലേക്ക് ചെന്നു. ഒരു വലിയ മുറി. അതിന്‍റെ മൂലയില്‍, രണ്ട്‌ ദിവസം ഫ്രീസറില്‍ ഇരുന്ന ഇറച്ചി, മയം വരാന്‍ ബക്കറ്റിലെ വെള്ളത്തില്‍ ഇട്ടു വച്ച പോലെ, ഒരു നീണ്ട പാത്രത്തില്‍ ഏതോ ലായനിയില്‍, ജനിച്ച പടി കിടന്ന് കാലിട്ടടിച്ച്‌ കളിക്കുന്നു അച്ചായന്‍!!!! ആ ലേഡി ഡോക്ടര്‍ അടുത്ത് നിന്നതിലല്ല, മറിച്ച് ഞങ്ങള്‍ ആ സീന്‍ കണ്ടുപോയതിലാണ് അച്ചായന് വിഷമം. അച്ചായന്‍റെ മുഖം ഉള്‍പ്പെടെ പലയിടത്തും കുമിള പോലെ നെണത്തിട്ടുണ്ട്. ഒടുവില്‍ ഞങ്ങളെ നോക്കി എനിക്കൊന്നും സംഭവിച്ചിട്ടില്ലേ എന്ന മട്ടില്‍ ഒരു പാല്‍പുഞ്ചിരിയും. അത് പൊട്ടിച്ചിരിയാക്കി ഞങ്ങള്‍ കണ്‍വെര്‍ട്ട് ചെയ്തപ്പോള്‍ ഡോക്ടറും ഡ്രൈവറും കൂടി ആ കൂട്ടച്ചിരിയില്‍ ജോയിന്‍ ചെയ്തു.

കൊതുകുവല


ഹൈവേയിലൂടെ ചീറിപ്പായുന്ന വണ്ടികളുടെ ഇടമുറിഞ്ഞ നിരയില്‍ നിന്നും ഒരു ടാറ്റാ ഇന്‍ഡിക്ക ഇടതുവശത്തെ ചെറിയ റോഡിലേക്ക് തിരിഞ്ഞു. എയര്‍പോര്‍ട്ട് ടാക്സി ആണതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാക്കിക്കൊണ്ട് അതിനിരുവശത്തും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന കുറിപ്പ്, പുറകിലെ ഗ്ലാസില്‍ പുതുതായി വരാന്‍ പോകുന്ന ടെര്‍മിനലിന്‍റെ രേഖാചിത്രവും. വണ്ടിയുടെ മുകളിലെ കാരിയര്‍ ശൂന്യമാണ്. ടാര്‍ ഇട്ട ഇട റോഡിലൂടെ കുറച്ചു ദൂരം സഞ്ചരിച്ച്‌, കാര്‍ ഒരു വലിയ ഗേറ്റിനു മുന്നില്‍ വന്ന് നിന്നു. ഒരു കോട്ട വാതില്‍ പോലെ തോന്നിച്ച ആ ഗേറ്റിന്‍റെ വലതുവശത്തായി മതിലില്‍ പതിച്ച മാര്‍ബിള്‍ കഷണത്തില്‍ 'തുളസീദലം' എന്ന് വീട്ടുപേര് കാണാം.

കാറിന്‍റെ പിന്നിലെ ഡോര്‍ മെല്ലെ തുറന്നു. ഒരു- 27 വയസ്സ് തോന്നിക്കുന്ന യുവാവ്, തന്‍റെ കണ്ണട മെല്ലെയൂരി, കൊട്ടാര സദൃശമായ ആ വീട് മൊത്തത്തിലൊന്നു നോക്കി, പുറത്തേക്കിറങ്ങി- നന്ദകുമാര്‍. അവനിലെ മനസ്സ് കുറ്റബോധത്താല്‍ മുങ്ങിപ്പോയിരിക്കുന്നെന്ന് വിളിച്ച്‌ പറയുന്ന, അല്പം ഭയവും കലര്‍ന്ന മുഖഭാവം. അവന്‍ മെല്ലെ ഗേറ്റിനു മുന്നിലേക്ക്‌ നടന്നു. അപ്പോഴേക്കും കാര്‍ മുന്നിലേക്ക്‌ നീങ്ങിത്തുടങ്ങിയിരുന്നു. മുകളിലെ കുറ്റി തള്ളിനീക്കി അവന്‍ ഗേറ്റ് മലര്‍ക്കെ തുറന്നു. അവന്‍റെ കണ്ണ് മുകളിലത്തെ നിലയിലെ ആ ജനാലയില്‍ ഉടക്കി നിന്നു- അല്‍പ നേരം. വിശാലമായ മുറ്റത്തുകൂടി അവന്‍ വീണ്ടും മുന്നോട്ട് നടന്നു. അത്ര വലിയ വീടിനുള്ളില്‍ ആള്‍ താമസമുള്ളതിന്‍റെതായ ശബ്ദങ്ങളൊന്നും പുറത്തേക്ക് കേള്‍ക്കുന്നില്ല. മുന്‍വാതില്‍ അടഞ്ഞു കിടക്കുകയാണ്. അവന്‍റെ കൈ കോളിംഗ് ബെല്ലിന്‍റെ സ്വിച്ചിലേക്ക് നീണ്ടു. 2 തവണ ബെല്‍ അടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. അവന്‍റെ കൈ വീണ്ടും ഉയരാന്‍ തുടങ്ങവേ കതകിന്‍റെ പൂട്ട്‌ തുറക്കുന്ന ശബ്ദം. അവന്‍ കൈ പിന്‍വലിച്ചു. അവനോളം തന്നെ പ്രായം തോന്നിക്കുന്ന യുവതിയെ ഒറ്റ നോട്ടത്തില്‍ അവന് മനസ്സിലായി. നന്ദകുമാറിനെ കണ്ടയുടനെ നെറ്റി ചുളിച്ചു കൊണ്ട് അവള്‍ ചോദിച്ചു- "ആരാ മനസ്സിലായില്ല"
നന്ദകുമാര്‍: ഞാ.... ഞാന്‍.... ഇത് ലക്ഷ്മിയുടെ വീടല്ലേ?
അവളില്‍ നിന്നും അടുത്ത ചോദ്യം വേഗത്തില്‍ വന്നു.- "നിങ്ങളാരാ"?
നന്ദന്‍: വീണയല്ലേ? ലക്ഷ്മിയുടെ ഏടത്തിയമ്മ....
വീണ: ഹാ! നിങ്ങളാരാന്നു പറയൂ.
പെട്ടെന്നവള്‍ അകത്തേക്ക് തിരിഞ്ഞ് വിളിച്ച്‌ പറഞ്ഞു.-" അമ്മേ..... ദേ ഇവിടൊരാള്...."
നന്ദന്‍: എനിക്ക് ലക്ഷ്മിയെ ഒന്ന് കാണണം. (അവന്‍ മെല്ലെ വീടിനകത്തേക്ക് കയറി)
വീണ: ഏയ്‌! നിങ്ങളിതെങ്ങോട്ടാ ഈ കേറിപ്പോവുന്നെ? (അവനെ തടയാന്‍ ശ്രമിച്ചുകൊണ്ട്‌)
"ആരാ അവിടെ" - അകത്ത് നിന്ന് കേട്ട ശബ്ദത്തിന് നേരെ അവന്‍ തിരിഞ്ഞു.
വീല്‍ചെയറില്‍ ഇരുന്ന് അവനെ നോക്കുന്ന ആ സ്ത്രീയെ കണ്ട നന്ദന്‍ ഒരു നിമിഷം സ്തബ്ദനായി നിന്നുപോയി. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. അത്, ആ സ്ത്രീ.. ലക്ഷ്മിയുടെ അമ്മ തന്നെയെന്നു വിശ്വസിക്കാന്‍ അവന് കഴിഞ്ഞില്ല. അവരുടെ രണ്ട്‌ കാലുകളും നഷ്ട്ടപെട്ടിരിക്കുന്നു!!!
അവര്‍ വീല്‍ ചെയറിന്‍റെ ഇരു ചക്രങ്ങളും കൈകള്‍ കൊണ്ട് മുന്നിലേക്ക്‌ കറക്കിക്കൊണ്ട് നന്ദനോടായി ചോദിച്ചു- "ആരാ നീ...?"
നന്ദന്‍റെ ശബ്ദം അവന്‍റെ നിയന്ത്രണത്തില്‍ നിന്നും വഴുതി.-"ഞാന്‍.... എന്‍റെ... പേര് നന്ദകുമാര്‍...ഞാനും ലക്ഷ്മിയും..."
പറയാനുദ്ദേശിച്ചത് പൂര്‍ത്തിയാക്കാന്‍ അവനെ ആ സ്ത്രീ അനുവദിച്ചില്ല. അവരുടെ ഭാവം ആകെ മാറി. സ്വന്തം ശരീരത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ മറന്ന് അവര്‍ വീല്‍ ചെയര്‍ മുന്നിലേക്കായിച്ച് മുന്നില്‍ നിന്ന നന്ദന്‍റെ ഉടുപ്പില്‍ കയറിപ്പിടിച്ചു. അവനെ പിടിച്ചുലച്ച്, അലറിക്കരഞ്ഞു കൊണ്ടവര്‍ പറഞ്ഞു- "എടാ.. നീ...നീയല്ലേ എന്‍റെ മോളെ... സാമദ്രോഹീ... എന്തിനാടാ എന്‍റെ പോന്നുമോളോട് ഈ ക്രൂരത കാട്ടിയത്.
പെട്ടെന്ന് എന്തോ മനസ്സിലായ പോലെ വീണ ഓടി വന്ന് അവരെ നന്ദനില്‍ നിന്നു വിടുവിച്ച് വീല്‍ ചെയര്‍ പിന്നിലേക്ക്‌ വലിച്ചു മാറ്റി. (അപ്പോഴും അവര്‍ ഒരു ഭ്രാന്തിയെ പോലെ അലറുന്നുണ്ടായിരുന്നു)
"എന്തിനാടാ നായേ നീ വീണ്ടും വന്നത്? എന്‍റെ മോള് ചത്തോന്നറിയാനോ? ഞങ്ങടെ ജീവിതം തകര്‍ത്തില്ലെടാ നീ... ഇനിയും മതിയായില്ലേ നിനക്ക്...
നന്ദന് ശരീരം തളരുന്നപോലെ തോന്നി. അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു- " അമ്മേ... എനിക്കൊന്നുമറിയില്ലായിരുന്നു, ഞാന്‍ എല്ലാമറിയുന്നതിപ്പോഴാ...എന്നോട് പൊറുക്കണം. ഞാന്‍ ലക്ഷ്മിയെ കാണാനാ വന്നത്. അവളെ എനിക്ക് വേണം".
വീണ: (പുച്ഛഭാവത്തില്‍) നിങ്ങള്‍ക്ക്‌ എങ്ങനെ തോന്നി, വീണ്ടും ഈ വീട്ടിലേക്ക് കയറിവരാന്‍. പൊറുക്കണത്രെ... നിങ്ങള്‍ ഇറങ്ങിപ്പോകുന്നുണ്ടോ ഇവിടന്ന്... ഇല്ലെങ്കി ഞാനിപ്പൊ യേട്ടനെ വിളിക്കും. വന്നിരിക്കുന്നു, ലക്ഷ്മിയെ അന്വേഷിച്ച്.
നന്ദന്‍: ഇല്ല, ഇത്രെയും കഷ്ടപ്പെട്ട് ഞാന്‍ ഇവിടെ വരെ വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ ലക്ഷ്മിയെ കാണാതെ പോവില്ല. എനിക്കറിയാം അവള്‍ ഇവിടെയുണ്ടെന്ന്. ഇനിയെന്നെ കൊന്നാലും ശരി.

അവന്‍ തിരിഞ്ഞ് സ്റ്റെയര്‍കേസ് കയറാന്‍ തുടങ്ങവേ പിന്നില്‍ നിന്നും ലക്ഷ്മിയുടെ അമ്മയുടെ ശബ്ദം വീണ്ടും.-" എടാ ദ്രോഹീ നീ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ..."

അത് കേട്ട ഭാവം കാണിക്കാതെ അവന്‍ മുകളിലേക്ക് പോയി. വീണ അപ്പോഴേക്കും ഓടിപ്പോയി ഫോണ്‍ ഡയല്‍ ചെയ്യുന്നുണ്ടായിരുന്നു.
മുകളിലെ മുറിയില്‍...അവന് ഉറപ്പായിരുന്നു, അവിടെ ലക്ഷ്മി ഉണ്ടാകുമെന്ന്. 'അവരുടെ' ആ മുറിയില്‍...

മുറിയുടെ വാതില്‍ മെല്ലെ തുറന്ന നന്ദനെ വരവേറ്റത് മരുന്നിന്‍റെയും മൂത്രത്തിന്‍റെയും മടുപ്പിക്കുന്ന ഗന്ധമാണ്. മുറിയില്‍ ആകെ ഇരുട്ട്. വാതിലിനോടു ചേര്‍ന്ന് വലതു വശത്തെ ചുവരില്‍ നന്ദന്‍റെ കൈ എന്തിനോ പരതി. ട്യൂബ് ലൈറ്റ് വെള്ള വെളിച്ചം സമ്മാനിച്ച് ചിരിച്ചു. നേരെ മുന്നിലുള്ള ജനാലകളുടെ ചില്ലില്‍ എന്തോ കറുത്ത ടേപ്പ് ഒട്ടിച്ചു മറച്ചിരിക്കുന്നു. മുറിയുടെ കോണില്‍ ഒരു കട്ടില്‍. കട്ടിലിനെ മൊത്തത്തില്‍ മൂടി ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന ഒരു കൊതുകുവല. അതിനുള്ളില്‍... വ്യക്തമല്ലെങ്കിലും, ആരോ കിടക്കുന്നുണ്ട് എന്നറിയാം. പതിയെ അതിലേക്കു നടന്നടുത്തു അവന്‍. മെല്ലെ ആ കൊതുകുവല പിടിച്ചുയര്‍ത്തുമ്പോള്‍ അവന്‍റെ കൈ എന്തെന്നില്ലാതെ വിറച്ചിരുന്നു. അകത്തു കണ്ട രൂപം... അവന്‍ സ്വയം ശപിച്ചു. അവന്‍ അതിനെ വാരിപ്പുണര്‍ന്ന്, വിതുമ്പിക്കൊണ്ട് വിളിച്ചു. ലക്ഷ്മീ.........

ലക്ഷ്മിയുടെ ഒരു പ്രാകൃത രൂപം മാത്രമായിരുന്നു അത്. ഐശ്വര്യം നശിച്ച്, ആകെ മെലിഞ്ഞ്, എല്ലും തോലുമായി, മനുഷ്യന്‍റെയെന്നു തോന്നിക്കുന്ന ഒരു രൂപം. അവളുടെ കണ്‍തടങ്ങള്‍ ഇരുണ്ടിരിക്കുന്നു, സ്വന്തം ജീവിതം പോലെ. അവിടം നനച്ചുകൊണ്ട് എപ്പോഴും ഒഴുകുന്ന കണ്ണുനീര്‍.... അവള്‍ ഇനിയും മരിച്ചിട്ടില്ല എന്ന തെളിവിനെന്ന വണ്ണം.

നന്ദന്‍ അവളെ പിടിച്ചൊന്ന് കുലുക്കി വിളിച്ചു. "ലച്ചൂ.... നോക്ക്, ഇതാരാന്ന്; നിന്‍റെ നന്ദു. നോക്ക് മോളെ"
അവള്‍ക്ക് ഭാവ വ്യത്യാസമൊന്നുമില്ല. അവളില്‍ അവള്‍ പോലുമറിയാതെ കടന്നു കൂടിയ സ്ഥായീ ഭാവം; അത്രതന്നെ. നന്ദു മനസ്സിലാക്കി അവന് അവന്‍റെ ലക്ഷ്മിയെ നഷ്ടപ്പെട്ടിരിക്കുന്നെന്ന്. അവന്‍റെ മുന്നിലിരിക്കുന്നത്‌ ലക്ഷ്മിയുടെ തേജസ്സ് ഒരുകാലത്ത് വഹിച്ചിരുന്ന, വെറും പുറംതോട് മാത്രമാണെന്ന്.
താന്‍ ചെയ്തുപോയ തെറ്റിന്‍റെ ആഴം മനസ്സിലാക്കിയ നന്ദന്‍ പൊട്ടിക്കരഞ്ഞു. അവളെ കെട്ടിപ്പിടിച്ചുകൊണ്ട്.

സ്റ്റെര്‍കേസിലെ കാല്‍പെരുമാറ്റം അവനെ ഉണര്‍ത്തി. ഓടിക്കിതച്ച് മുന്നേയെത്തിയ തടിച്ച ആള്‍, (അത് ലക്ഷ്മിയുടെ യേട്ടനാണ്.പുറകേ അവളുടെ അച്ഛനും മറ്റു നാലഞ്ചുപേരും) വന്ന പാടെ അലറി.- " ടാ..... പന്നീ...... എന്നായാലും നിന്നെ എന്‍റെ കയ്യില്‍ കിട്ടുമെന്ന് എനിക്കുറപ്പായിരുന്നു"

അകത്തു കടന്ന അയാള്‍ ആ കൊതുകുവലയുടെ ഉള്ളില്‍ നിന്നും നന്ദനെ കഴുത്തിനു പിടിച്ച് മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. താഴെ വീണ നന്ദനെ അയാള്‍ ചവിട്ടിക്കൂട്ടി; ഒരു ദയയും കൂടാതെ. എന്നിട്ട് പിടിച്ചെഴുന്നേല്‍പ്പിച്ച് മറ്റുള്ളവരുടെ മുന്നിലേക്ക്‌ ഇട്ടു കൊടുത്തു. അവര്‍ അവനെ ജീവച്ഛവമാക്കി. ഒടുവില്‍ ലക്ഷ്മിയുടെ അച്ഛന്‍ വിളിച്ചു പറഞ്ഞു- " മതി.... എടുത്തോണ്ട് കളേടാ... ഈ നായിന്‍റെ മോനെ"
എല്ലാവരും ചേര്‍ന്ന് അവന്‍റെ ശരീരം എടുത്തുകൊണ്ട് പോയി. ഒരു ഞരക്കം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ അവനില്‍. അവന്‍റെ കണ്ണില്‍ അകന്നു പോകുന്ന കൊതുകുവലയും അതിനുള്ളിലെ അനക്കമറ്റ രൂപവും........
***************************************
വായ്ക്കു മുകളില്‍ ചുണ്ടിലായി പുരികം മുളക്കുമ്പോള്‍ കണ്ണ് വായ്ക്കുള്ളിലായിപ്പോകുമെന്ന് കൗമാരത്തെപ്പറ്റി ആരോ പറഞ്ഞത് എത്ര ശരിയാണ്. അവര്‍ ഒന്നും കാണില്ല. പുതുതായി എന്തും അറിയാനാണവര്‍ക്കിഷ്ടം, ആസ്വദിക്കാനാണവര്‍ക്കാഗ്രഹം, സ്വന്തമാക്കാനാണവരുടെ ശ്രമം.
അതിനിടയിലെ വരുംവരായ്കകള്‍, ഭാവി- ഇതൊന്നും അവര്‍ കാണുന്നില്ല. കണ്ണ്, വായ്ക്കുള്ളിലായിപ്പോയില്ലേ.....!!
നന്ദനും ഉണ്ടായിരുന്നു അതുപോലൊരു കാലം, ലക്ഷ്മി.T.നായര്‍ക്കും.
ലക്ഷ്മി ഡിഗ്രി ഫൈനല്‍ ഇയറിനു പഠിക്കുന്ന കാലം. അവളുടെ സഹപാഠികളും അടുത്ത കൂട്ടുകാരുമായ 6 പേര്‍- അശ്വതി,ഷിനോയ്,അനി,സുധി,ആന്‍റോ,ദീപു . അശ്വതി അവളുടെ റൂംമേറ്റാണ്. അങ്ങനെയിരിക്കെയാണ് ഓണത്തിന് കോളേജിലെ അത്തപ്പൂക്കള മത്സരത്തിന് പൂക്കളം ഡിസൈന്‍ ചെയ്യാനായി ഷിനോയ് തന്‍റെ കൂട്ടുകാരനെ കൊണ്ട് വന്നത്- നന്ദകുമാറിനെ. അവര്‍ക്കായിരുന്നു ആ വര്‍ഷത്തെ ഒന്നാം സമ്മാനവും. അതിന് അവര്‍ എല്ലാപേരും കൂടി നന്ദകുമാറിന് നല്ലൊരു ട്രീറ്റും കൊടുത്തു. ഇതിനിടയില്‍ നന്ദനും ലക്ഷ്മിയും കൂട്ടുകാരായി. ഫ്രെണ്ട്ഷിപ്പില്‍ നിന്നും അവരുടെ ഹൃദയം പ്രണയക്കടലിലേക്ക് ഒഴുകി. അവര്‍ നന്ദുവും ലച്ചുവുമായി. ഒപ്പം, വരാനുള്ളതിനെ വഴിയില്‍ നിര്‍ത്താതെ നേരെ കൊണ്ട് വന്നെത്തിക്കാന്‍, എന്തിനും തയാറായി ആത്മാര്‍ത്ഥ സുഹൃത്തുക്കളും.

ക്രമേണ നന്ദു ആ കോളേജിലെ രജിസ്റ്ററില്‍ പേരില്ലാത്ത വിദ്യാര്‍ഥിയായി. സ്വന്തമായുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിങ്ങ് കട ആരെയോ എല്പ്പിച്ചാണ് കോളേജിലേക്കുള്ള വരവ്. അവധി ദിനങ്ങള്‍ അവര്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിത്തുടങ്ങി. ലക്ഷ്മിയുടെയും അശ്വതിയുടെയും ഹോസ്റ്റല്‍ കോളേജില്‍ നിന്നും ഒരുപാട് അകലത്തായിരുന്നില്ല. അങ്ങനെയിരിക്കെ ലേഡീസ് ഹോസ്റ്റലിന്‍റെ നടത്തിപ്പ് ഒന്ന് നേരില്‍ കണ്ടറിയാന്‍ നന്ദുവിന് ഒരു മോഹം തോന്നി, അതും രാത്രിയില്‍! ആഗ്രഹം ലക്ഷ്മിയെ അറിയിച്ചു. പ്രിയതമന്‍ ആദ്യം ആവശ്യപ്പെട്ട കാര്യം, വേണ്ടെന്നു വിലക്കാന്‍ അവള്‍ക്കായില്ല. അവളും സമ്മതിച്ചു- മനസ്സില്ലാ മനസ്സോടെയാണെങ്കിലും. എന്തിനും തയാറായി കൂട്ടുകാരും എത്തി. തീരുമാനം പെട്ടെന്ന് പാസ്സായി. ആന്‍റോയ്ക്ക്, കള്ള് എങ്ങനെ കുടിക്കണം എന്ന് ആദ്യം പഠിപ്പിച്ച ഗോപി ചേട്ടനായിരുന്നു ഹോസ്ടലിന്റെ രാത്രി കാവല്‍ക്കാരില്‍ ഒരാള്‍. മറ്റെയാള്‍ അയാളുടെ കൂട്ടുകാരനും. കള്ള് കൊടുത്താല്‍ ലക്ഷ്മിയുടെതെന്നല്ല, സാക്ഷാല്‍ വാര്‍ഡന്‍റെ റൂമില്‍ കേറാനും ഗോപി ചേട്ടന്‍ സമ്മതിക്കും എന്ന ആന്‍റോയുടെ പ്രസ്താവന കൂടിയായപ്പോള്‍ നന്ദന്‍ ടോപ്‌ ഗിയറിലായി. അവന്‍ അന്ന് ഒരു ബോട്ടില്‍ ബ്രാണ്ടി എവിടുന്നോ സംഘടിപ്പിച്ച് വൈകുന്നേരം കൂട്ടുകാരുടെ മുറിയിലെത്തി. ആന്‍റോയും, ദീപുവും നേരത്തെ പോയി ഗോപി ചേട്ടനെ ചാക്കിട്ടു നിര്‍ത്തിയിരുന്നു. അങ്ങനെ, ഹോസ്റ്റലിലെ മിക്ക മുറികളിലും ലൈറ്റണഞ്ഞു... ഗോപി ചേട്ടനെയും കൂട്ടാളിയെയും തന്‍റെ കൂട്ടുകാരുടെ വിശ്വസ്ത കരങ്ങളിലേല്പ്പിച്ച് നന്ദു, ലക്ഷ്മിയുടെ മുറിയിലേക്ക് നടന്നു. " ടാ ചെക്കാ, വെറുതെ വേണ്ടാതീനത്തിനൊന്നും നിക്കണ്ടാട്ടാ......" ഗോപി ചേട്ടന്‍റെ പാതി ബോധത്തിലുള്ള  ഉപദേശത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച് അവന്‍ ഇരുട്ടിന്‍റെ മറ പറ്റി നടന്നു നീങ്ങി.

ലക്ഷ്മിയും അശ്വതിയും നന്ദനെ പ്രതീക്ഷിച്ചിരുന്നതിനാല്‍ വാതിലില്‍ മുട്ടുന്ന ശബ്ദം പോലും ഒഴിവാക്കി മുറിക്കുള്ളിലെത്താന്‍ നന്ദനായി. സ്വര്‍ഗ്ഗം സ്വന്തമാക്കിയ സന്തോഷത്തിലായിരുന്നു ലക്ഷ്മിയും നന്ദനും. രണ്ട്‌ സിംഗിള്‍ കട്ടിലുകള്‍ ഉണ്ടായിരുന്ന മുറിയിലെ ലൈറ്റ് കെടും മുന്‍പേ അശ്വതിയുടെ കട്ടില്‍ ലക്ഷ്മിയുടെ കട്ടിലിലേക്കു ചേര്‍ന്നു. അശ്വതി മുറിയുടെ ഒരു മൂലയില്‍, നിലത്തും ബെഡ്ഷീറ്റ്‌ വിരിച്ചു. ഒടുവില്‍ ലക്ഷ്മിയുടെ കമന്റും വന്നു -"അച്ചൂ, നീ കര്‍ട്ടനിട്ടോടീ..."

അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെ അശ്വതിക്ക് അവളുടെ കട്ടില്‍ സ്ഥിരമായി നഷ്ട്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിനിടയില്‍ ആ അധ്യായന വര്‍ഷവും അവസാനിച്ചു. ലക്ഷ്മി തിരികെ വീട്ടിലായി. പക്ഷെ നന്ദനെ മറക്കാന്‍ അവള്‍ക്കായില്ല. അവന്‍റെ നെഞ്ചിന്റെ ചൂടേല്‍ക്കാതെ അവള്‍ക്കുറങ്ങാന്‍ പറ്റില്ല എന്ന സ്ഥിതിയായി. ഫോണിലൂടെ അവരുടെ ബന്ധം വളര്‍ന്നപ്പോള്‍ ലക്ഷ്മിയുടെ നിര്‍ബന്ധത്തിനു വഴങ്ങി നന്ദന്‍ അവളുടെ വീട് ഹോസ്റ്റലാക്കാന്‍ തീരുമാനിച്ചു. അവിടെയും അവരുടെ കൂടെയായിരുന്നു 'ഭാഗ്യം'. വീട്ടില്‍ അവളെ കൂടാതെ അമ്മയും അനിയത്തിയും യേടത്തിയും മാത്രം. അച്ഛനും ഏട്ടനും ഗള്‍ഫില്‍. കൊട്ടാര സദ്രിശമായ വീട്ടിലെ മുകളിലത്തെ നിലയില്‍ ഒരു ലോഡ്ജിലെന്ന പോലെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അവള്‍ക്ക് അവനെ മുറിയിലേക്ക് നയിക്കുക എന്നത് വളരെ എളുപ്പമായി. അതിന് വീട്ടിനു പുറകില്‍ ടെറസ്സിലേക്ക് ചില്ല വിരിച്ചു നിന്ന കശുമാവ് അവളെ സഹായിച്ചത് ചില്ലറയൊന്നുമല്ല. ഹോസ്റ്റലിലെ പോലെ 'അരുതേ' എന്ന് ഓര്‍മപ്പെടുത്താനും രാവിലെ എല്ലാരും ഉണരും മുന്‍പ് വിളിച്ചുണര്‍ത്താനും അച്ചു ഇല്ല എന്ന കാര്യം ഓര്‍ക്കാതെ അവര്‍ ഉറങ്ങിപ്പോയി, എല്ലാം മറന്ന്. പക്ഷെ ആ സംഗമം അധികം നീണ്ടില്ല. യേടത്തിയമ്മ ഒരു കാരണവുമില്ലാതെ കിടപ്പ് ലക്ഷ്മിയുടെ മുറിയിലേക്ക് മാറ്റി. പക്ഷെ വൈകിയിരുന്നു. വിലക്കുകളോ തടസ്സങ്ങളോ ഇല്ലാതിരുന്ന അവരുടെ കൂടിക്കാഴ്ചകളിലെപ്പോഴോ അവന്‍ അവളിലേക്ക്‌ തന്‍റെ ജീവന്‍ പകര്‍ന്നു നല്‍കിയിരുന്നു.

'കുഞ്ഞു നാത്തൂ'ന്‍റെ രീതികളില്‍ സംശയം തോന്നിയ വീണ അവളോട്‌ കാര്യം തിരക്കി. ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും ഒടുവില്‍ എല്ലാം വീണയോട് സമ്മതിക്കേണ്ടി വന്നു ലക്ഷ്മിക്ക്. പക്ഷെ ഇത് പുറത്തായാല്‍ നന്ദന് വന്നേക്കാവുന്ന അപായം മനസ്സിലാക്കിയ അവള്‍ "കൊന്നാലും ആളെ പറയില്ല" എന്ന നിലപാടില്‍ തന്നെ നിന്നു.

അറിഞ്ഞ വാര്‍ത്തയുടെ ഗൗരവം മനസ്സിലാക്കിയ വീണക്ക് അത് ലക്ഷ്മിയുടെ അമ്മയോട് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. 'തുളസീദല'ത്തിന്‍റെ നൈര്‍മല്യം നഷ്ടമായ ദിവസം.... എതൊരമ്മയുടെയും നെഞ്ച് തുളക്കുന്ന വാര്‍ത്ത കേട്ട ആ സ്ത്രീ മകളോട് ഒന്നും ചോദിച്ചില്ല, പേടിയായിരുന്നു അവര്‍ക്ക്... അവള്‍ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന പേടി. മാത്രവുമല്ല വീണയുടെ ഉറപ്പുണ്ടായിരുന്നു 'ഇതാരുമറിയാതെ നമുക്ക് കഴുകിക്കളയാം' എന്ന ഉറപ്പ്. അന്ന് തന്നെ അവര്‍ ലക്ഷ്മിയേയും കൊണ്ട് അകലെ ടൌണിലെ ആശുപത്രിയില്‍ പോയി. വീണയുടെ ഒരു സുഹൃത്ത് അവിടെ ജോലി ചെയ്യുന്നുണ്ട്. തങ്ങളുടെ ഓട്ടോറിക്ഷ ആശുപത്രിയുടെ ഗേറ്റ് കടന്നപ്പോള്‍ തന്നെ ലക്ഷ്മിക്ക് അമ്മയുടെയും യേടത്തിയുടെയും ലക്‌ഷ്യം മനസ്സിലായിരുന്നു. അവള്‍ എതിര്‍ത്തു, വളരെ ശക്തമായിത്തന്നെ. അതുവരെ മകളോട് സൗമ്യമായി പെരുമാറിയ അമ്മയുടെ സമനില തെറ്റി. അവര്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. പക്ഷെ അതൊന്നും ലക്ഷ്മിയുടെ തീരുമാനത്തെ ഇളക്കാന്‍ പോന്നതായില്ല. അല്ലെങ്കില്‍ അവള്‍ അതിന് അത്രയേ വില കൊടുത്തുള്ളൂ. ഒരു സാധാരണ വിരട്ട്. പക്ഷെ മകളെ പോന്നു പോലെ വളര്‍ത്തിയ ആ അമ്മ- അവരത് തീരുമാനിച്ചുറപ്പിച്ചായിരുന്നു. ആശുപത്രിയുടെ വരാന്തയില്‍ നിന്നും അവര്‍ ഇറങ്ങിയോടി, പുറത്ത് ഹൈവേയിലേക്ക്. വീണയും ലക്ഷ്മിയും ഒരു നിമിഷം സ്തബ്ദരായി നിന്നു. എന്നിട്ട് അവരുടെ പിന്നാലെ ഓടി.പക്ഷെ അപ്പോഴേക്കും, പാഞ്ഞു വന്ന ഒരു കാര്‍ ലക്ഷ്മിയുടെ അമ്മയെ ഇടിച്ചു തെറുപ്പിച്ചു. റോഡിലേക്ക് തെറിച്ചു വീണ അവരുടെ കാലുകളിലൂടെ ഒരു ലോറി കയറിയിറങ്ങി. ചോരയില്‍ കുളിച്ച് കിടന്ന് പിടയുന്ന തന്‍റെ അമ്മയെ റോഡിനു മറുവശത്ത്‌ നിന്നു കണ്ട ലക്ഷ്മിയുടെ ജീവിതം അന്ന് അവിടെ നിശ്ചലമായി. അവള്‍ പിന്നെ മിണ്ടിയിട്ടില്ല, ഒന്ന് ചിരിച്ചിട്ടില്ല, മരവിച്ചു പോയി അവള്‍... ഒടുവില്‍ അതേ മരവിപ്പില്‍ തന്നെ ഒരു ഗര്ഭച്ചിദ്രം കൂടി ഏറ്റെടുത്തു, അവളെന്ന ശരീരം.

ഇതിനിടയില്‍ പുതിയ ജോലിയുമായി മറ്റൊരു സ്ഥലത്തേക്ക് പോയ നന്ദന്‍ അവളെ മറന്ന് തുടങ്ങിയിരുന്നു. അല്ലെങ്കില്‍ ജോലി ഭാരങ്ങള്‍ അവനെ അതിന് നിര്‍ബന്ധിച്ചു. ദുരന്തമറിഞ്ഞ് പറന്നെത്തിയ ലക്ഷ്മിയുടെ അച്ഛനും ഏട്ടനും അവളുടെ കൂട്ടുകാരെ തിരഞ്ഞുപിടിച്ചു. ഷിനോയ് ഒഴികെ മറ്റു നാല് പേരെയും.അവര്‍ക്ക് നന്ദനെപ്പറ്റി ഒരുപാടൊന്നും അറിയില്ലായിരുന്നു. പക്ഷെ, ചെയ്ത തെറ്റിന് ദൈവം കൊടുത്തതോ കൊടുപ്പിച്ചതോ- അവര്‍ക്കും കിട്ടി വെട്ടും, കുത്തും, കൂട്ടലും, കിഴിക്കലുമൊക്കെയായി. അവര്‍ക്ക് മനസ്സിലായത്‌ ഒന്ന് മാത്രം.വിഷയം ലക്ഷ്മിയാണെന്ന്. ഷിനോയിയെ തെരഞ്ഞു വരുന്ന അപായത്തിന്റെ രുചി ആദ്യമറിഞ്ഞ അവര്‍, അവനെ അറിയിച്ചു കാര്യം. അവന്‍ നന്ദന്‍റെ ചേട്ടനെയും. ഒടുവില്‍ ചേട്ടനില്‍ നിന്നും നന്ദന്‍ അറിഞ്ഞത് ഇത്രമാത്രം- "നന്ദന്‍റെയും ലക്ഷ്മിയുടെയും ബന്ധമറിഞ്ഞ അവളുടെ വീട്ടുകാര്‍ നന്ദന് 'ക്വട്ടേഷനു' മായി വരുന്നു".എന്നിട്ട് അവനോടു സേലത്തുള്ള ചേച്ചിയുടെ അടുത്ത് പൊയ്ക്കൊള്ളാന്‍ ഒരു ഉപദേശവും. നന്ദന്‍ പോയി. സേലത്തേക്ക്, അവിടെ നിന്നും ദുബായില്‍ ഒരു ജോലി ശരിയാക്കി അങ്ങോട്ടേക്കും.

ദുബായില്‍ എത്തിയ നന്ദന്‍ പഴയ നമ്പരില്‍ ലക്ഷ്മിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവള്‍ വീട്ടു തടങ്കലിലായിരിക്കുമെന്ന് അവന്‍ വിശ്വസിച്ചു. ഒരുപക്ഷെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് അവള്‍ സമ്മതിച്ചുകാണുമെന്ന് അവന്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ലക്ഷ്മിയിലേക്കുള്ള ഏക മാര്‍ഗമായിരുന്ന ഷിനോയിയെ പലതവണ വിളിച്ചിരുന്നെങ്കിലും നന്ദന്‍റെ ചേട്ടന്‍റെ വിലക്ക്, ഒന്നും
നന്ദനോട് തുറന്നു പറയാന്‍ ഷിനോയിയെ അനുവദിച്ചില്ല.

നന്ദന്‍ പുതിയ ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് ഊളിയിട്ടു. കാലം അവന്‍റെ ജീവിതത്തിലും, മനസ്സിലും രണ്ടര വര്‍ഷത്തെ മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ ആ സത്യം എക്കാലത്തേക്കും മൂടിവയ്ക്കപ്പെട്ടില്ല. ഒരു ദിവസം യാദ്രിശ്ചികമായി കണ്ട ഒരു ന്യൂ പേപ്പറില്‍ 'ഇന്ന് വിവാഹിതരാകുന്നു' എന്ന പരസ്യത്തില്‍ കണ്ട പെണ്‍കുട്ടിയുടെ മുഖം അവന്‍റെ കണ്ണിലുടക്കി. താഴത്തെ പേര് കൂടിവായിച്ചപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമായി. അശ്വതി.എം.എസ്... പഴയ അതേ അച്ചു. പയ്യന്റെ വീട്ടുകാര്‍ കൊടുത്ത പരസ്യമാണ്.. അതും ഏതാണ്ട് ഒന്നര മാസം മുന്‍പ്. പരസ്യത്തിനു താഴെ കൊടുത്തിരുന്ന ഫോണ്‍ നമ്പരില്‍ അശ്വതിയെ കിട്ടുമെന്നുറപ്പായ നന്ദന്‍ വിളിച്ചു. ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം അശ്വതിയോട്‌ സംസാരിച്ചു. ഒടുവില്‍ അശ്വതിയില്‍ നിന്നും അറിഞ്ഞു, അവന്‍- താന്‍ ആസ്വദിച്ച നിമിഷങ്ങളുടെ അനന്തരഫലങ്ങള്‍. നന്ദന് നിന്നിടത്തു നിന്ന് ഉരുകിത്തീരാന്‍ തോന്നി. അവന്‍റെ കയ്യില്‍ നിന്നും ഫോണ്‍ ഊര്‍ന്നു താഴേക്കു വീണ് ചിന്നിച്ചിതറി.
************************************

തലക്ക് എന്തെന്നില്ലാത്ത വേദനയും ഭാരവും. കണ്ണ് തുറക്കാന്‍ തോന്നുന്നുണ്ടെങ്കിലും എന്തോ.. പോളകളെ ചേര്‍ത്തൊട്ടിച്ചപോലെ. അവന്‍ കൈ ഉയര്‍ത്തി കണ്ണ് തിരുമ്മാന്‍ ശ്രമിച്ചു. പക്ഷെ ഞരമ്പിലേക്ക് ആഴ്ന്നിറങ്ങിരിക്കുന്ന എന്തോ ഒന്ന് അവനെ അതിന് അനുവദിച്ചില്ല. ആരോ അവന്‍റെ കൈ പിടിച്ച് പൂര്‍വ സ്ഥിതിയില്‍ വച്ചിട്ട് വിളിച്ചു പറഞ്ഞു. "സിസ്റ്റര്‍.... ഈ പേഷ്യന്റിന് ബോധം വന്നെന്നു ഡോക്ടറോട് പറയൂ". നന്ദന്‍ കണ്ണ് മെല്ലെ തുറന്നു. ഹോസ്പിറ്റലാണ്, I.C.U. ബോധം നഷ്ട്ടപെടുന്നതിനു മുന്‍പ് നടന്ന അവസാന സംഭവം, പെട്ടെന്ന് അവന്‍റെ മനസ്സിലൂടെ കടന്നു പോയി. ആരൊക്കെയോ ചേര്‍ന്നു അവനെ ഒരു പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. പിന്നൊന്നും ഓര്‍മയില്ല.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജാകുന്ന ദിവസം അവന്‍റെ മുന്നില്‍ അശ്വതിയും ഷിനോയിയും ഉണ്ടായിരുന്നു. രണ്ട്‌ പേരുടെയും മുഖത്ത് വിഷമം. അശ്വതി മെല്ലെ അവന്‍റെ അടുത്ത് വന്നു പറഞ്ഞു - "നന്ദൂ, നടക്കാന്‍ പാടില്ലാത്തൊക്കെ നടന്നു. കഴിഞ്ഞു എല്ലാം.നീ അതിന്‍റെ ശിക്ഷയും സ്വീകരിച്ചു, മനസ്സ് കൊണ്ടും ശരീരം കൊണ്ടും. നമ്മുടെ ലച്ചു പോയെടാ. എന്നോ മരിച്ചു പോയി. ഇനി നീ അവളെ ഓര്‍ക്കണ്ട. നിന്നോട് ഞാന്‍ നടന്ന കാര്യങ്ങള്‍ മുഴുവന്‍ പറയാതിരുന്നത് ഇങ്ങനെയൊന്നും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷെ ഇതാണ് ദൈവ നിശ്ചയം, അത് ആര് വിചാരിച്ചാലും തടയാന്‍ പറ്റില്ല".
"എടാ നന്ദാ നീ പോണം. തിരികെ നിന്‍റെ പഴയ ജീവിതത്തിലേക്ക്. കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ കരുതാന്‍ ശ്രമിക്കണം"-ഷിനോയിയും അശ്വതിയെ പിന്‍താങ്ങി.

നന്ദന്‍: എനിക്കറിയാം,എന്നോടുള്ള കരുതലും സ്നേഹവുമാണ് നിങ്ങളെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്ന്. ശരിയാണ്, ഞാന്‍ പോകണം.ഇനിയിവിടെ വേണ്ട. അത്... ശരിയാവില്ല, ഒന്നുകൊണ്ടും. പോകണം......
........................................................................
വിമാനം പുറപ്പെടാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്ന് പൈലറ്റ് മൈക്കിലൂടെ അറിയിച്ചു. പതുക്കെ ചലിച്ചു തുടങ്ങിയ വിമാനത്തിന്‍റെ വിന്‍ഡോയിലൂടെ അവന്‍ പുറത്തേക്കൊന്നുകൂടി നോക്കി. വിട പറയുകയാണ്, ഒരുപക്ഷെ എന്നെന്നേക്കുമായി, താനീ മണ്ണിനോട് എന്ന ഭാവത്തില്‍. റണ്‍വേയ്ക്ക് അവസാന സ്പര്‍ശമേകി വിമാനം ഉയര്‍ന്നുപൊങ്ങി. നന്ദന്‍റെ മനസ്സില്‍ ഒരിക്കല്‍ കൂടി ആ കൊതുകുവല തെളിഞ്ഞു വന്നു. അതിനുള്ളില്‍ ലക്ഷ്മിയുടെ ആ പഴയ, സുന്ദരമായി ചിരിക്കുന്ന മുഖവും. പരാതികളും പരിഭവങ്ങളും ഇല്ലാത്ത ആ മുഖം തനിക്ക് മംഗളങ്ങളരുളിയതായി തോന്നി അവന്. ആ മുഖത്തിന്റെ ഭംഗി ഒന്ന് ശരിക്കാസ്വദിക്കാന്‍ അവനെ അനുവദിക്കാതെ കൊതുകുവലയുടെ ഇഴകള്‍ക്ക് ക്രമേണ കട്ടി കൂടി. ഒടുവില്‍ അത് ലക്ഷ്മിയുടെ മുഖത്തെ അവനില്‍ നിന്നും പൂര്‍ണമായി മറച്ചു. അവന്‍റെ ജീവിതത്തില്‍ നിന്നും, അവള്‍ എന്ന അദ്ധ്യായം അടയുന്ന പോലെ. പിന്നെയാകെ ഒരിരുട്ട്..... ഇരുട്ട് മാത്രം.........

ഭാഗ്യദോഷി

മൊബൈല്‍ പോക്കറ്റില്‍ കിടന്ന് വിറച്ചു, പേടിച്ചെന്ന പോലെ. പതുക്കെ കയ്യിട്ട് അവന്‍ ഫോണ്‍ പുറത്തെടുത്തു. പരിചയമുള്ള നമ്പര്‍ ആയിരുന്നതിനാല്‍ അവന്‍റെ വിരല്‍ ആ പച്ച ബട്ടണില്‍ തന്നെ അമര്‍ന്നു. പ്രതീക്ഷിച്ച ആളോ, ശബ്ദമോ ആയിരുന്നില്ലെങ്കിലും, പെട്ടെന്ന് ആളെ അവനു മനസ്സിലായി. അങ്ങേ തലയ്ക്കല്‍- അതവളായിരുന്നു. ഒരു ചെറിയ വിവാഹ ചിന്ത,-( അഭ്യര്‍ഥന എന്നോ ആലോചനയെന്നോ അതിനെ പറയാന്‍ വയ്യ. അതിനും വേണ്ടി ഒന്നും ഉണ്ടായിരുന്നില്ല) അവളെപ്പറ്റി അങ്ങനെ ചിന്തിക്കാന്‍ അവന് കാരണങ്ങള്‍ ഏറെയായിരുന്നു: ഒരുപാട് നാളത്തെ പരിചയം, അവളുടെ സല്‍സ്വഭാവം, ഒരു കുടുംബം എങ്ങനെ നടത്തിക്കൊണ്ട് പോകാമെന്ന് ന്നന്നായറിയാമായിരുന്നവള്‍, പോരാത്തതിന് ഒരുപാട് ജീവിത പ്രശ്നങ്ങളെ വിജയകരമായി നേരിട്ട് ജീവിക്കുന്നവള്‍, അങ്ങനെയൊരുപാടൊരുപാട്.......................

അവളുടെ ശബ്ദം മറ്റു ചിന്തകളില്‍ നിന്നും അവനെ ഉണര്‍ത്തി. " എന്താ ഞാനീ കേട്ടെ......?, അങ്ങനാണോ എന്നെ കണ്ടേക്കണേ......?"- അവന്‍റെ 'ആ ചിന്ത' മറ്റാരിലൂടെയോ അവള്‍ അറിഞ്ഞിരിക്കുന്നു. അവളുടെ എല്ലാ പ്രശ്നങ്ങളെയും മനസ്സിലാക്കി അവളെ സ്വീകരിക്കാന്‍ മറ്റൊരു നല്ല മനുഷ്യന്‍ തയാറായിരിക്കുന്ന കാര്യം അറിഞ്ഞിരുന്നിട്ടും അങ്ങനെ ചിന്തിക്കരുതായിരുന്നു അവന്‍. എന്നാലും, അവന് അവളോട്‌ ഉണ്ടായിരുന്നത് ഒരു ഭ്രാന്ത് ആയിരുന്നില്ല. അവനെ ഭ്രാന്ത് പിടിപ്പിച്ചത് അവള്‍ പിന്നെ പറഞ്ഞ വാക്കുകളായിരുന്നു. അവന്‍ എല്ലാ പെണ്‍പിള്ളേരെയും അങ്ങനാണത്രെ കണ്ടിരുന്നത്‌. ഒരുനാള്‍, ഒരു വിശേഷ ദിവസം അവന്‍ അവളാല്‍ നിരീക്ഷിക്കപ്പെട്ടപ്പോള്‍ അന്ന് അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളോട് അവന്‍ അങ്ങനാണത്രെ പെരുമാറിയിരുന്നത്. അവന്‍ അവരെ 'ആക്രാന്തത്തോടെ' നോക്കിയിരുന്നെന്ന്....... അവന്‍റെ കണ്ണുകളില്‍ അവള്‍ അന്ന് ഒരു 'വൃത്തികെട്ടവനെ' കണ്ടെന്ന്....... പാവം അവള്‍ അറിഞ്ഞിരുന്നില്ല അവര്‍, ആ പെണ്‍കുട്ടികള്‍... അവന്‍റെ പ്രിയ വിദ്യാര്‍ഥിനികളായിരുന്നെന്ന്..... ഒരിടവേളക്ക് ശേഷം, വീണ്ടും കണ്ട സന്തോഷം പങ്ക് വയ്ക്കുകയായിരുന്നു അവരെന്ന്.....

അവനെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു അവളുടെ 'കണ്ടെത്തലുകള്‍'. ഒരു ചിരിയിലൊളിപ്പിച്ച സങ്കടം മാത്രമേ അവന് മറുപടി പറയാന്‍ ഉണ്ടായുള്ളൂ. അവള്‍ അറിഞ്ഞില്ല, അവന്‍റെ നെഞ്ച് പിടഞ്ഞു പോയെന്ന്. തെറ്റിധരിക്കപ്പെട്ടവന്‍റെ മനസ്സ് ഉമിത്തീയെക്കാള്‍ നീറുമെന്ന്. അതും അവന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, ആരാധിച്ചിരുന്ന ഒരു വ്യക്തിത്വത്തിനാല്‍. എന്നിട്ടുമെന്തോ ശരികള്‍ നിരത്തി അവളെ തിരുത്താന്‍ അവന്‍ മെനക്കെട്ടില്ല. പിന്നെയൊന്നും അവളോട്‌ സംസാരിക്കാന്‍ അവന്‍റെ മനസ്സ് അവനെ അനുവദിച്ചില്ല. നിശ്ചയിക്കപ്പെടാന്‍ പോകുന്ന വിവാഹത്തിന്‍റെ ലഹരിയിലായിരുന്ന അവള്‍ക്ക് നല്ലത് വരാനായി മൗനമായി പ്രാര്‍ത്ഥിച്ചതെയുള്ളൂ.....

പിന്നീട് ഇതെല്ലാമറിഞ്ഞ, അവന്‍ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന, അവന്‍ ‍വളരെയധികം ബഹുമാനിക്കുന്ന, ഒരുപക്ഷെ അവനെ ഏറ്റവുമധികം മനസ്സിലാക്കിയ, അവന്‍റെ ചേച്ചി അവനോടു പറഞ്ഞു...... "പോട്ടെ മോനെ..... അവള്‍ക്ക് അതിനുള്ള ഭാഗ്യം ഇല്ല".

ആ വാക്കുകള്‍ അവന്‍റെ മനസ്സില്‍ മുഴങ്ങിയാതിനാലാവണം, മുന്നിലിരുന്ന തലപൊട്ടിയ ബിയര്‍ ബോട്ടില്‍ ചുണ്ടോടു ചേര്‍ത്ത് അതില്‍ ശേഷിച്ച അവസാന നുരയും ഊറിയെടുത്തവന്‍ സ്വയം പറഞ്ഞു......
"അവള്‍ക്ക് അതിനുള്ള ഭാഗ്യം ഇല്ല.- ഭാഗ്യദോഷി".......

ഹര്‍ത്താല്‍

അറിയില്ലെനിക്കിന്നും ഹര്‍ത്താലെന്നീപ്പദത്തി-
ന്നാരംഭമെവിടെയെങ്ങനെയെന്ന്.....
കേരളത്തിന്‍ പരമ്മോന്നത നീതിദേവത
തന്‍ 'അലക്ഷ്യ' ശാപമേല്‍ക്കാതിരിക്കാന്‍
ബന്ത്, തന്‍ പേരങ്ങ് മാറിയെടുത്തതോ?
മലയാള നാടിന്നരുമയാം രാഷ്ട്രീയ ശീലര്‍ ‍,
പാര്‍ട്ടിതന്‍ പേരുകള്‍ ചാനലില്‍ മുഴക്കാന്‍
മാര്‍ഗ്ഗമായോന്നിനെ കൂട്ട് പിടിച്ചതോ?

ഒന്നറിയുമിന്നീയതിവേഗ ജീവിതത്തിന്നറുതി-
യില്ലാപ്പോക്കില്ലൊരവധി വേണം- ജനത്തിന്.
ബിസ്സിയാം 'ഹസ്സി'നെ രാത്രിക്കിടക്കയിലല്ലാതെ,
പകല്‍ വെളിച്ചത്തിലൊരുനോക്ക് കാണണം- ഭാര്യക്ക്.
തങ്ങളുടെ കല്ല്യാണ നാളുകളിലാല്ലാതെ,
സ്നേഹിക്കാനാകാത്ത പത്നിയെ, നന്നായൊന്നറിയണം- ഹസ്സിന്
ദിവസത്തില്‍ മുക്കാലും പഠനവും ട്യൂഷനും, വേണ-
മൊരുപകല്‍ രക്ഷകര്‍ത്താക്കളോടുമൊത്ത് - മക്കള്‍ക്ക്‌.

കലണ്ടറച്ചടിച്ചിറക്കും പ്രസ്സില്‍ നിന്നാരോ
പാര്‍ട്ടി ഓഫീസ് തേടിയെത്തുന്നു.
ലിസ്റ്റ് വേണം!, വരും വര്‍ഷത്തിലിപ്പാര്‍ട്ടി തന്‍
ആഭിമുഖ്യത്തില്‍ ജനിക്കും ഹര്‍ത്താലിന്‍ ലിസ്റ്റ്!!
ഓര്‍ഡര്‍ നേരത്തെ നല്‍കണം, പണ്ടേപ്പോല്‍
അത്രീസിയല്ലത്രേ 'ചുവപ്പ് മഷി' കയ്യിലെത്താന്‍!

എന്‍ മനസ്സില്‍ തോന്നുന്നതൊന്നു പറയാം,
അതി വിദൂരമല്ലെന്നറിയുകയിവിടിനി
ഹര്‍ത്താലേ! നിന്നെ തുരത്താനായൊരു ഹര്‍ത്താല്‍!!!!!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ