ഒരൊന്നൊന്നര ഗുദ്രാ ഗാട്ട.!!



ദൈവം തന്‍റെ കരവിരുത് ഏറ്റവുമധികം യൂസ് ചെയ്ത് റിലീസ്‌ ചെയ്ത പ്രോഡക്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ അന്നാട്ടുകാര്‍ക്ക് ഒന്നേയുള്ളൂ ഉത്തരം – കുട്ടപ്പന്‍. കരിമ്പിന്‍റെ നിറവും കാരിരുമ്പിന്‍റെ ശക്തിയും ഒത്തു ചേര്‍ന്ന വ്യക്തിത്വം; ഫൈവ് ഫീറ്റ് ഹൈറ്റ്, ചകിരിയില്‍ കരിയോയില്‍ പുരട്ടിയ വണ്ണം തലമുടി, Zig Zag പാറ്റേണില്‍ അറേഞ്ച് ചെയ്യപ്പെട്ട ദന്തനിര.! ചുണ്ടുകളുടെ മാര്‍ദ്ദവത്തെ വകഞ്ഞുമാറ്റി ഇടയ്ക്കിടെ പുറത്തേക്ക് ഉന്തി വരുന്ന മുന്‍വശത്തെ രണ്ടു ഷേപ്പ്ലെസ്സ് പല്ലുകള്‍ വിളിച്ചു പറയും കുട്ടപ്പന്‍ ചിരിക്കുകയാണെന്ന്!! കുട്ടപ്പന്‍ കിഴക്കോട്ട് നോക്കുമ്പോള്‍ ഇടതു കാലിലെ തള്ള വിരല്‍ തെക്ക് നിന്ന് വടക്കോട്ടും ബാക്കി വിരലുകള്‍ വടക്ക് നിന്നും തെക്കോട്ടും നോക്കും.! ഇത്രെയുമാണ് കുട്ടപ്പന്‍റെ എക്സ്റ്റീരിയേഴ്സ്. അസൂയ, കുശുമ്പ്, പാരവയ്പ്പ്‌, അഹങ്കാരം എന്നിവയ്ക്ക് പുറകേ അന്നാട്ടില്‍ ഏറ്റവും അറിവുള്ള ആള്‍ താന്‍ തന്നെ എന്ന ചിന്തയുമൊക്കെയാണ് ഇന്‍റീരിയേഴ്സ്.!

ഇങ്ങനെ കുട്ടപ്പന്‍റെ പേരിനും രൂപത്തിനും തമ്മില്‍ മലയാള സിനിമയും ഓസ്കാറും തമ്മിലുള്ള ബന്ധമായിയിരുന്നുവെങ്കിലും ആളുകള്‍ക്കിടയില്‍ കുട്ടപ്പനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് അയാളുടെ ഗീര്‍വാണങ്ങളായിരുന്നു. അങ്ങനെയാണ് വെറും കുട്ടപ്പനായിരുന്ന കുട്ടപ്പന്‍ ബ്ലണ്ടര്‍ കുട്ടപ്പനായത്. ട്രോപ്പോസ്‌ഫിയറിലാണ് നില്‍ക്കുന്നതെങ്കിലും എക്സോസ്ഫിയറിനും മുകളിലാണ് തന്‍റെ തല എന്ന രീതിയിലാണ്‌ കുട്ടപ്പന്‍റെ ബ്ലണ്ടറുകള്‍ . അതിനു കുട്ടപ്പന്‍ തിരഞ്ഞെടുക്കുന്നതോ.... തറ, പറ തുടങ്ങിയ സാധനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം വിവരമുള്ള അപ്പാവികളെയും.!! ഇമ്മാതിരിക്കാര്‍ക്ക്, തങ്ങളുടെ ‘തള്ളുകള്‍ക്ക്’ മാക്സിമം പഞ്ച് കൊടുക്കാന്‍ എല്ലായിടത്തും ഉണ്ടാവാറുള്ളത് പോലെ കുട്ടപ്പനും ഉണ്ടായിരുന്നു ഒരാള്‍ - സ്പ്ലെണ്ടര്‍ ബാബുമോന്‍. ബ്ലണ്ടറും സ്പ്ലെണ്ടറും ജന്മനാ കൂട്ടുകാരായിരുന്നു എന്നാണ്‌ നാട്ടുപ്പാട്ട്.! എന്നുവച്ചാ ക്ലെച്ചും ഗിയറും പോലെ അഭേദ്യമായ ബന്ധം! അങ്ങനെയിരിക്കെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടപ്പന് ദുബായില്‍ ഒരു വിസ ശരിയായി അവന്‍ അങ്ങോട്ട്‌ പോയത്.

ഇന്ന് കുട്ടപ്പന്‍ ദുബായില്‍ നിന്നും മടങ്ങി വരികയാണ്. ആസ്ഥാന നികേഷ്കുമാറായ കൃഷ്ണേട്ടന്‍റെ ചായക്കടയില്‍ ഇന്ന് പതിവിലും അധികം ആളുകളുണ്ട്. എല്ലാവരും സംസാരിക്കുന്നത് ബ്ലണ്ടറിന്‍റെ മടങ്ങി വരവിനെ പറ്റിയും. പെട്ടെന്ന്, വലിയ കുറേ പെട്ടികളും ചുമന്നു വന്ന ഒരു ഇന്നോവ ചായക്കടയുടെ മുന്നില്‍ ‍,വന്നു സഡന്‍ ബ്രെക്കിട്ടു. വണ്ടിയുടെ ഫ്രണ്ടില്‍ നിന്നും ബാബുമോന്‍ ഫുള്‍ വോള്‍ട്ടേജ് ചിരിയുമായി ചാടിയിറങ്ങി പിന്നിലെ ഡോര്‍ തുറന്നു. ചുണ്ടന്‍വള്ളം പോലുള്ള ഒരു ഷൂവും അതില്‍ ഫിറ്റ്‌ ചെയ്ത ഒരു കാലും പുറത്തേക്ക് നീണ്ടു.! 5 വര്‍ഷങ്ങള്‍ക്കു ശേഷം ആ രണ്ടു പല്ലുകളുടെ തിളക്കം ആസ്വദിച്ചു കൊണ്ട് നാട്ടുകാര്‍ ഉറപ്പു വരുത്തി - “ഇത് നമ്മുടെ ബ്ലണ്ടര്‍ തന്നെ!!”

വെളുത്ത പാന്‍റും ദുബായ് എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ടും വേഷം. അപ്പിയറന്‍സില്‍ മേമ്പൊടിയ്ക്കായി ഒരു കൂളിംഗ് ഗ്ലാസ്സും. ഇറങ്ങിയപാടേ പോക്കറ്റില്‍ നിന്നും 555 ന്‍റെ സിഗരറ്റ് പുറത്തെടുത്ത്‌ ചുണ്ടിലേക്ക് തിരുകി. എന്നിട്ട് ആളുകളെ നോക്കി കൈവീശിക്കൊണ്ട് പറഞ്ഞു – “ ഹായ് ഗായ്സ്....!”

ആളുകള്‍ ഞെട്ടി പരസ്പരം നോക്കി.

“ഒരു ചായ എടുക്കട്ടോ കുട്ടപ്പാ....” കുട്ടപ്പന്‍ ചായക്കടയിലേക്ക് കേറിയതും കൃഷ്ണേട്ടന്‍റെ വക ഓഫര്‍ ‍!

“ഓ... നോ നോ.... ഞാനീ ചായയൊന്നും കുടിക്കാറേ ഇല്ല. വിസ്കിയുണ്ടോ വിസ്കി”

കൃഷ്ണേട്ടന്‍ ഇല്ലെന്നു തലയാട്ടി.

“അറ്റ്‌ലീസ്റ്റ് ഒരു ബിയറെങ്കിലും കിട്ടോ, എനിക്കൊന്നു മുഖം കഴുകാന്‍..”

“കുട്ടപ്പാ അതൊന്നും ഇമ്മാതിരി കടകളില്‍ നിന്ന് കിട്ടൂല. ഒന്നുകില്‍ ബാറില്‍ പോണം അല്ലെങ്കില്‍ ബിവറേജസിന്‍റെ ഷോപ്പില്” – ബാബുമോന്‍ ഇടിച്ചു കേറി.

“ശോ! ഇതാണ്; ഇതാണ് ഞാനീ നശിച്ച നാട്ടിലേക്ക് വരാത്തത്. അപ്പൊ എനിക്കൊന്ന് മുഖം കഴുകണമെങ്കില്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ച് സിറ്റിയില്‍ പോകണമെന്ന്... ഹോറിബിള്‍ ‍. ങാ... ബാബൂ... നീയൊരു കാര്യം ചെയ്യ്. ഇവിടത്തെ എക്സൈസ്‌ മന്ത്രീടെ നമ്പര്‍ കൊണ്ട് താ. ഞാന്‍ ദുബായിലെ എന്‍റെ അറബിയെ വിളിച്ച് നാളെ തന്നെ ബിവറേജസ്‌ ഷോപ്പ്‌ ഇങ്ങോട്ട് മാറ്റാന്‍ വേണ്ടത് ചെയ്യാന്‍ പറയാം. ഓക്കേ...?”

“ശോ!! എന്നാലും ഇവന്‍ ഇത്രേം വലിയ ഒരു പ്രസ്ഥാനമായിട്ടാണല്ലോ തിരികെ വന്നത്” എന്ന രൂപേണ ബ്ലണ്ടറിനെ നോക്കി നിന്ന കൃഷ്ണേട്ടന്‍റെ തുറന്ന വായില്‍ക്കൂടി ഉള്ളില്‍ കടന്ന കുറേ ഓക്സിജന്‍ കപ്പിള്‍സ്‌ ഉള്ളില്‍ നിന്ന് ഓരോ കാര്‍ബണിനെയും പിടിച്ചുവലിച്ച് പലതവണ പുറത്തേക്ക് പോയി.!!

“അല്ല ബ്ലണ്ടറേ, ഇങ്ങക്ക് അവിടെ കുതിരക്കാട്ടം കോരുന്ന പണിയാണെന്നാണല്ലോ ഇവിടെയൊക്കെ കേട്ടത്...” – ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന ഒരു അഹങ്കാരി വിളിച്ച് പറഞ്ഞു.

അത് കേട്ടപ്പൊ കുട്ടപ്പന്‍ ഒന്ന് ഞെട്ടി. മുഖത്ത് സ്വതവേ ഉണ്ടായിരുന്ന ചുളിവുകളുടെ എണ്ണം കൂട്ടാതെ തന്നെ, നിന്നെ ഞാന്‍ എടുത്തോളാമെടാ എന്ന മട്ടില്‍ സംശയം പറഞ്ഞവനെ ഒന്ന് നോക്കിക്കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു- “ഹ ഹ ഹ.... കുതിരക്കാട്ടമല്ല; ഗു... ഗു... ഗുദ്രാ.... ഗാട്ടാ.!”

“ഗുദ്രാ ഗാട്ടയോ???” ആരുടെയോ ന്യായമായ സംശയം.

“ഓ സോറി നിങ്ങള്‍ക്ക് ആര്‍ക്കും അറബി അറിയില്ലല്ലോ. ഗുദ്രാ....ഗാട്ടാ.... എന്ന് പറഞ്ഞാല്‍ അറബിയില്‍ കുതിരയിറച്ചി.!! ലോകത്തില്‍ തന്നെ ആദ്യമായി ഗുദ്രാ ഗാട്ട കയറ്റുമതി ചെയ്തത് എന്‍റെ കമ്പനിയല്ലേ. അതിന്‍റെ മാനേജരാണ് ഞാനിപ്പോള്‍ ” - ബ്ലണ്ടര്‍ വച്ച് കീറി.

“ങാ... ഇവനെന്നു പറഞ്ഞാല്‍ ആ അറബിക്ക് ജീവനാ. അറിയോ..?” – ബാബുമോന്‍ പഞ്ചിംഗ് തുടങ്ങി.

“അതെ, അദ്ദേഹം എന്നെ സ്വന്തം മകനെ പോലെയല്ലേ കാണുന്നത്. ങാ അത് പറഞ്ഞപ്പോഴാ, ദേ നിങ്ങളായതുകൊണ്ട് പറയാം. ഞാന്‍ ഇങ്ങോട്ട് വരുമ്പോ എന്‍റെ അറബി ഫ്ലൈറ്റിന്‍റെ പൈലറ്റിനെ വിളിച്ച് സംസാരിച്ചു. ഇടയ്ക്ക് ഉറങ്ങിക്കളയരുതെന്നും, എന്‍റെ ചെക്കന്‍ പുറകില്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കാനാ വിളിച്ചത്. ഇതറിഞ്ഞതും പൈലറ്റ് ഓടിയിങ്ങു വന്നില്ലേ. പുള്ളി അപ്പോഴേ പറഞ്ഞു സാറ് എയര്‍പോര്‍ട്ട്‌ വരെ വന്നു ബുദ്ധിമുട്ടണ്ട, വീടിനു മുകളില്‍ എത്തുമ്പോ പറഞ്ഞാ മതി സൈഡാക്കി തരാം എന്നിട്ട് പാരച്യൂട്ട് വഴി ഇറക്കാം എന്നൊക്കെ. പിന്നെ ദേ.. ഈ ബാബു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കും, ഞാന്‍ വഴിയില്‍ ഇറങ്ങി പോയാല്‍ പിന്നെ അവന്‍ എന്നോട് പിണങ്ങും എന്നൊക്കെ പറഞ്ഞ്‌ ഒരു തരത്തിലല്ലേ ഞാന്‍ പൈലറ്റിനെ സമ്മതിപ്പിച്ചത്. രസമതല്ലേയ്.... ഞാന്‍ ഇത് പറഞ്ഞ്‌ തീരുന്നതിനും മുന്‍പേ പഹയന്‍ ഒരു പുതു പുത്തന്‍ പാരച്യൂട്ട് എടുത്ത് പാക്കറ്റ് കവറും പൊട്ടിച്ചു കളഞ്ഞില്ലേ...!!”

അന്യഗ്രഹ ജീവിയെ നോക്കുന്ന കൗതുകത്തോടെ നാട്ടുകാര്‍ കുട്ടപ്പനെ നോക്കി. ‘ഇവന്‍റെ ചന്തിയില്‍ വരച്ച കോല് കൊണ്ട് ഒരേറ് പോലും തങ്ങള്‍ക്ക് കിട്ടിയില്ലല്ലോ എന്‍റീശ്വരാ’ എന്ന ഭാവേന അവര്‍ ദീര്‍ഘം നിശ്വസിച്ചു..!

“ങാ... ഞാന്‍ ഇപ്പൊ വന്നത് ഒരു കല്യാണം കൂടി കഴിക്കാനാ. എല്ലാവര്‍ക്കും ഒരു സന്തോഷവാര്‍ത്ത കൂടി ഉണ്ട്. കല്യാണത്തിന് പ്രധാന വിഭവം, ദുബായിലെ എന്‍റെ കമ്പനിയില്‍ നിന്നും പ്രത്യേകം കൊണ്ട് വരുന്ന ഗുദ്രാ ഗാട്ട ആയിരിക്കും.!” – ഇത്രേം പറഞ്ഞൊപ്പിച്ച് കുട്ടപ്പനും, ബാബുവും വണ്ടിയില്‍ കേറി സ്ഥലം വിട്ടു. ആളുകള്‍ ഗുദ്രാ ഗാട്ട കഴിക്കാന്‍ കൊതി മൂത്ത് ബ്ലണ്ടറിന്‍റെ കല്യാണം പെട്ടെന്ന് നടക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ചായക്കടയുടെ മുന്നില്‍ കുട്ടപ്പന്‍റെ ഇന്നോവ വന്നു നിന്നു. ആദ്യ ചിത്രം പ്രതീക്ഷിക്കാതെ സൂപ്പര്‍ ഹിറ്റായ നായകനെ പോലെ ബ്ലണ്ടറും പുറകെ ബാബുമോനും പുറത്തിറങ്ങി. ചായക്കടയിലേക്ക് കേറിയ കുട്ടപ്പന്‍ വിളിച്ചു പറഞ്ഞു – “സക്സസ്സ്.... സക്സസ്സ്.... എന്‍റെ കല്യാണം ഉറപ്പിച്ചു.!!"

ആളുകളുടെയെല്ലാം മുഖം തെളിഞ്ഞു.

"കുട്ടിയെവിടുന്നാ കുട്ടപ്പാ?” – കൃഷ്ണേട്ടന് സംശയം.

“ഒത്തിരി ദൂരെന്നാ. എന്‍റെ കൃഷ്ണേട്ടാ... ഞാന്‍ ദുബായില് നല്ല ചൊക ചൊകാന്നുള്ള ഒരുപാട് പെണ്‍കുട്ട്യോളെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരെണ്ണം, ഉം.. ഹും... ഇവളെ എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത് പോലെ... ഹോ! എന്നെ കണ്ട പാടെ അവള്‍ കേറി പറഞ്ഞു കളഞ്ഞു അവള്‍ക്കു എന്നെ തന്നെ കെട്ടിയാ മതീന്ന്.” – ഉന്തിയ പല്ല് കാട്ടി ചിരിച്ചു കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു.

“നമ്മളീ അപ്സരസ്സ് എന്നൊക്കെ പറയില്ലേ.... ഐശ്വര്യാറായിയും കാവ്യാ മാധവനുമൊക്കെ ഇവളുടെ ഒരു നാലഞ്ചു വരി പിന്നിലെ ഇരിക്കൂ. ഒരൊന്നൊന്നര തലമുടി, ഒരൊന്നൊന്നര കണ്ണ്, മൂക്ക്, ചുണ്ട്. എന്‍റെ കൃഷ്ണേട്ടാ.... അങ്ങനെ ആകെ മൊത്തം ഒരൊന്നൊന്നര പെണ്ണ്.!” – കുട്ടപ്പന് കുളിര് കോരി; കേട്ട് നിന്നവര്‍ക്കും.! ആളുകളുടെ മനസ്സില്‍ “ഗുദ്രാ ഗാട്ട”യായിരുന്നു.

വാട്ടെവര്‍ ഇറ്റീസ്, അങ്ങനെ കല്യാണം കഴിഞ്ഞു. വൈകിട്ട് ബ്ലണ്ടറിന്‍റെ വീട്ടിലാണ് ആളുകളെ ഗുദ്രാ ഗാട്ട കഴിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ , പ്രായ ഭേദമില്ലാതെ ബ്ലണ്ടറിന്‍റെ വീട്ടിലേക്ക് വച്ച് വിട്ടു. വന്നവര്‍ വന്നവര്‍ നിരന്നിരുന്ന് ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു പോലീസ്‌ ജീപ്പ്‌ വന്നു നിന്നത്. S.I ജീപ്പില്‍ നിന്നും ചാടിയിറങ്ങി ഭക്ഷണം കഴിക്കുന്നവരോടായി അലറി –“ ആരും ഒന്നും കഴിക്കരുത്.ത്.ത്.ത്.ത്”

എക്കോ കേട്ട് വീട്ടില്‍ നിന്നും കുട്ടപ്പനും, ബാബുവും പുറത്തിറങ്ങി. S.I, ജീപ്പിന്‍റെ പുറകില്‍ നിന്നും കശാപ്പുകാരന്‍ ഷംസുവിനെ പുറത്തിറക്കുന്നത് കണ്ടതും ബാബുമോന്‍ അവിടെ നിന്നും എസ്കേപ്പായി.!

“ഇവിടെ ആരാ ഈ കുട്ടപ്പന്‍?” - S.I വീണ്ടും അലറി.

“ഞാനാ സര്‍ . സാര്‍ ഇരിക്കണം ഇപ്പൊ വിളമ്പാം. ഡേയ് സാറിന് ഇവിടൊരു പ്ലേറ്റ്” – നെഞ്ചും വിരിച്ചുകൊണ്ട് കുട്ടപ്പന്‍ ആദ്യം S.I യോടും പിന്നെ സപ്ലയറോടും പറഞ്ഞു.

“ഇതെന്തുവാടാ നീ ആളുകള്‍ക്ക് കഴിക്കാന്‍ കൊടുത്തത്?” - S.I വീണ്ടും.

“ഗുദ്രാ... ഗാട്ട.” – നാനോ കാറിനെ ലോകത്തിനു പരിചയപ്പെടുത്തിയ രത്തന്‍ ടാറ്റായെ പോലെ അഭിമാനം തുളുമ്പുന്ന മുഖത്തോടെ കുട്ടപ്പന്‍ പറഞ്ഞു.

“അവന്‍റമ്മൂമ്മേടൊരു ഗുദ്രാ ഗാട്ട; പട്ടിയെ പിടിച്ച്‌ കശാപ്പ് ചെയ്താ അറിയില്ലെന്ന് കരുതിയോടാ...!!?”

ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങിയവരും, കഴിച്ചു തുടങ്ങിയവരും, ദഹിച്ചു തുടങ്ങിയവരും ചാടി എണീറ്റു. പിന്നെ കൈയ്യോണ്ടാണോ കാലോണ്ടാണോ S.I യും നാട്ടുകാരും കൂടി ചോദ്യം ചെയ്തതെന്ന് ബ്ലണ്ടറിനു മനസ്സിലായില്ല. മനസ്സിലായത്‌ ഒന്ന് മാത്രം. എല്ലാം ഷെയര്‍ ചെയ്യാന്‍ എന്നും ഒപ്പം ഉണ്ടായിരുന്ന ബാബുമോന്‍ ഇത്തവണ കൂടെയില്ല എന്ന്. സംഭരിച്ചോണ്ട് വന്ന എനര്‍ജി തീര്‍ന്നപ്പോള്‍ പോലീസും നാട്ടാരും തിരികെ പോയി. കുട്ടപ്പന്‍ വേച്ച് വേച്ച് മണിയറയിലേക്കും. ഒടിവും, ചതവും, രക്തവുമായി കയറി വരുന്ന ഭര്‍ത്താവിനെ കണ്ട് പാലും, പഴവും, മുന്തിരിയുമായി വെയ്റ്റ് ചെയ്യുകയായിരുന്ന ഒന്നൊന്നര പുതുപ്പെണ്ണ് ചക്ക വെട്ടിയിട്ട പോലെ കട്ടിലിലേക്ക് വീണു.!

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍.......

ചായ വാങ്ങാന്‍ ഫ്ലാസ്കുമായി ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ബാബുമോന്‍ പെയിന്‍റര്‍ ചന്ദ്രപ്പന്‍റെ വിളികേട്ട് തിരിഞ്ഞു.

“ഡാ ബാവൂ, അമ്മയ്ക്ക് വയ്യാതെ ഇവിടെ കിടത്തിയിരിക്കുവാ. അതാ ഇന്നലെ കല്യാണത്തിനു വരാതിരുന്നത്. എങ്ങനീണ്ടായെടാ കല്ല്യാണം? ശോ എനിക്കതല്ല ആ ഗുദ്രാ ഗാട്ട ഒന്ന് കഴിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാ.”

“ങാ അതുകൊണ്ട് അവന് അത്രേം തല്ലു കുറഞ്ഞു” – ബാബു മനസ്സില്‍ പറഞ്ഞു.

“അല്ല ബാവൂ, പെണ്ണ് ഒരൊന്നൊന്നര മോതലാണെന്ന് കുട്ടപ്പന്‍ എല്ലരോടും പറഞ്ഞെന്ന് കേട്ടൂ.... സത്യാണോടാ... അവള്‍ ഒന്നൊന്നരയാണോ?”

“അതെ, അവന്‍ പറഞ്ഞതില്‍ ഒരു തരി പോലും മാറിപ്പോയിട്ടില്ല. അവള്‍ ഒന്നര തന്നെയായിരുന്നു. ഇന്നലെ രാത്രി ചില പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്ക് ഒന്ന് ബോധം കെടേണ്ടി വന്നു. അങ്ങനെ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോഴല്ലേ അത് പൂര്‍ണ്ണമായി മനസ്സിലായത്‌.”

“എന്ത്?”

“അവള്‍ ഒന്നല്ല ഒന്നരയാണെന്ന്”

“എന്നുവച്ചാ?”

“അവള് ഗര്‍ഭിണിയായിരുന്നു ഹേ. അതും അഞ്ചു മാസം.!!”
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ