ക്രാഷ് ലാന്‍ഡ്‌ - 5, കോക്ക്പിറ്റ് എന്ന കളിപ്പാട്ടം


           1994 March 24, 9 PM. എയര്‍ബസ്‌ A310 വിഭാഗത്തിലെ ഒരു ബ്രാന്‍ഡ്‌ ന്യൂ ഫ്ലൈറ്റ്‌ 10000 മീറ്റര്‍ ഉയരത്തിലൂടെ ഇരുട്ടിനെയും അതിശക്തമായ തണുപ്പിനെയും വകഞ്ഞു മാറ്റി മണിക്കൂറില്‍ 850 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരുന്നു! റഷ്യയുടെ എയ്റോഫ്ലോട്ട് 593, മോസ്കോയില്‍ നിന്നും ഹോംഗ്കോങ്ങിലേക്കുള്ള നീണ്ട പത്ത്‌ മണിക്കൂര്‍ യാത്രയുടെ ഏതാണ്ട് പകുതിയിയിലാണ്. 63 യാത്രക്കാരും 12 വിമാനജീവനക്കാരും ഉള്‍പ്പെടെ  75 പേര്‍, വളരെ സ്മൂത്തായ ഫ്ലയിംഗ് കണ്ടിഷന്‍. പൊടുന്നനെ എയ്റോഫ്ലോട്ട് 593 വലത്തേക്ക് റോള്‍ ചെയ്യാന്‍ തുടങ്ങി. നിമിഷങ്ങള്‍ കഴിയും തോറും വിമാനം അപകടകരമാം വിധം മലക്കം മറിഞ്ഞു. പിന്നെ നോസ് മുകളിലേക്ക് ഉയര്‍ന്ന് 90 ഡിഗ്രിയില്‍ മുകളിലേക്ക് കുതിക്കുകയും അത് പോലെ തിരിഞ്ഞ് താഴേക്കും വീഴാന്‍ തുടങ്ങി. മംഗോളിയന്‍ അതിര്‍ത്തിയില്‍ നിന്നും 500 km വടക്ക് മാറി സ്ഥിതി ചെയ്യുന്ന കണ്ട്രോള്‍ ടവറിലെ റഡാറില്‍ നിന്നും എയ്റോഫ്ലോട്ട് 593 പൊടുന്നനെ അപ്രത്യക്ഷമായി, ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ.....!
            മണിക്കൂറുകള്‍ക്ക് ശേഷം, മിസ്സിംഗ്‌ എയര്‍ക്രാഫ്റ്റിനെ അന്വേഷിച്ച് രണ്ട് ഹെലികോപ്റ്ററുകളെ അധികൃതര്‍ അയച്ചു. ഒടുവില്‍ ഒരു തണുത്തുറഞ്ഞ മലഞ്ചരിവില്‍ എയ്റോഫ്ലോട്ട് 593 ന്‍റെ അവശിഷ്ട്ടങ്ങള്‍ അവര്‍ കണ്ടെത്തി. ആയിരക്കണക്കിന് ലോഹക്കഷണങ്ങളായി മാറിയ എയ്റോഫ്ലോട്ടിന്‍റെ അവശിഷ്ടങ്ങളില്‍ മനുഷ്യന്‍റെ എന്ന് തോന്നുന്ന ചില ശരീര ഭാഗങ്ങളല്ലാതെ ആരെങ്കിലും രക്ഷപ്പെട്ടേക്കാനുള്ള സാധ്യത പോലും ഉണ്ടായിരുന്നില്ല. ബോംബ്‌ സ്ഫോടനം എന്നായിരുന്നു പ്രാഥമിക നിഗമനം. ലോകം മുഴുവന്‍ ആ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. അന്വേഷണവും ആ രീതിയില്‍ തന്നെയായിരുന്നു തുടങ്ങിയത്. എന്നാല്‍ ചീഫ്‌ ഇന്‍വെസ്റ്റിഗേറ്റര്‍ ഇവാന്‍സ്‌ അന്വേഷണത്തിന്‍റെ ആദ്യ ദിവസം തന്നെ ബോംബ്‌ സ്ഫോടനത്തിന്‍റെ സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞു. പക്ഷേ അദ്ദേഹത്തെ ഏറ്റവുമധികം കണ്‍ഫ്യൂസ് ചെയ്യിച്ചത് കോക്ക്പിറ്റിനുള്ളില്‍ കണ്ട, ഒരു കുട്ടിയുടെ ശരീര ഭാഗങ്ങളായിരുന്നു! കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു.....
             രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വിമാനത്തിന്‍റെ ബ്ലാക്ക്‌ ബോക്സുകള്‍ കണ്ടെത്തിയത് വലിയൊരു വഴിത്തിരിവായിരുന്നു. രണ്ടു ബ്ലാക്ക്‌ ബോക്സുകള്‍. CVR എന്ന കോക്പിറ്റ് വോയിസ്‌ റെക്കോഡറും FDR എന്ന ഫ്ലൈറ്റ്‌ ഡാറ്റാ റെക്കോഡറും. ഇതില്‍ CVR, കോക്പിറ്റിനുള്ളിലെ സംഭാഷണ ശകലങ്ങളും എയര്‍ ട്രാഫിക്‌ കണ്ട്രോളറും പൈലറ്റുമായുള്ള റേഡിയോ സംഭാഷണങ്ങളും രേഖപ്പെടുത്തുമ്പോള്‍ FDR വിമാനത്തിന്‍റെ കോക്പിറ്റില്‍ നിന്നും ഇലക്ട്രോണിക് സംവിധാനങ്ങളിലേക്ക് അയക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തുന്നു. ഡാറ്റാ റെക്കോഡറിന്‍റെ ആദ്യ പരിശോധനയില്‍, ക്രാഷ് സമയത്ത്‌ വിമാനത്തിന്‍റെ രണ്ട് എഞ്ചിനുകളും ഫുള്‍ പവറില്‍ റണ്‍ ചെയ്യുന്നുണ്ടായിരുന്നു എന്ന് വ്യക്തമായിടത്ത് നിന്ന് എഞ്ചിന്‍ തകരാര്‍ എന്ന കാരണത്തിന് അപകടത്തില്‍ യാതൊരു പങ്കുമില്ല എന്ന് ഉറപ്പായി. ഇവാന്‍സ്‌ വോയിസ്‌ റെക്കോഡറിലേക്ക് തിരിഞ്ഞു. ആദ്യത്തെ നാല് മണിക്കൂറുകള്‍ വളരെ സാധാരണമായ അന്തരീക്ഷമായിരുന്നു കോക്പിറ്റില്‍. പക്ഷേ പിന്നീട് വോയിസ്‌ റെക്കോഡറില്‍ നിന്നും കേട്ട രണ്ടു കുട്ടികളുടെ ശബ്ദം ഇവാന്‍സിനെ ഞെട്ടിച്ചു...! തന്‍റെ ഇത്രെയും നാളത്തെ ക്രാഷ് അന്വേഷണ ചരിത്രത്തിലോ, ഒരുപക്ഷെ ലോക ചരിത്രത്തിലോ കേട്ട്കേള്‍വിയില്ലാത്ത ഒരു വിമാന ദുരന്ത കാരണത്തിലേക്കാണ് തന്‍റെ അന്വേഷണം ചെന്നെത്തുന്നത് എന്ന് വേദനയോടെ അദ്ദേഹം മനസ്സിലാക്കി. ക്രാഷിന് തൊട്ടുമുന്‍പ്‌ വരെ വിമാനം പറത്തിയിരുന്നത് വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലനായിരുന്നു.........!!!!!
FLASH BACK.............
                           1994 March 24, 04:39 PM. എയ്റോഫ്ലോട്ട് 593 മോസ്കോയില്‍ നിന്നും പറന്നുയര്‍ന്നു. പരിപൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്‌ ചെയ്ത എയര്‍ബസ്‌ A 310ന്‍റെ ഫ്ലൈറ്റ്‌ ഡക്കില്‍ മൂന്ന് വൈമാനികര്‍. ക്യാപ്റ്റന്‍ യാരാസ്ലോവ് ക്യുഡ്രിന്‍സ്കി, ക്യാപ്റ്റന്‍ ഡാനിലോ, ഫസ്റ്റ് ഓഫീസര്‍ പിസ്കാരോ. മൂന്നുപേരും ആയിരത്തിലേറെ മണിക്കൂറുകള്‍ A310 ന്‍റെ കോക്ക്പിറ്റില്‍ ചെലവഴിച്ചിട്ടുള്ള ഫസ്റ്റ്ക്ലാസ്‌ പൈലറ്റുമാര്‍. യാത്രയുടെ ആദ്യഘട്ടത്തില്‍ കണ്ട്രോളില്‍ ക്യാപ്റ്റന്‍ ഡാനിലോ ആണ്. ക്യുഡ്രിന്‍സ്കി അസിസ്റ്റ് ചെയ്യും. രണ്ടാം പകുതിയില്‍ കണ്ട്രോളില്‍ ക്യുഡ്രിന്‍സ്കി വരുമ്പോള്‍ ഫസ്റ്റ് ഓഫീസര്‍ പിസ്കാരോ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യും. ഇതായിരുന്നു സ്ട്രാറ്റജി. ഏകദേശം നാലുമണിക്കൂറുകള്‍ക്ക് ശേഷം ഫ്ലൈറ്റ്‌ കണ്ട്രോള്‍, റിലീഫ്‌ പൈലറ്റ്‌ ക്യുഡ്രിന്‍സ്കിയ്ക്ക് കൈമാറി ക്യാപ്റ്റന്‍ ഡാനിലോ വിശ്രമത്തിനായി പാസഞ്ചര്‍ ക്യാബിനിലേക്ക് പോയി. 10000 മീറ്റര്‍ ഉയരത്തില്‍ വളരെ ശാന്തമായ അന്തരീക്ഷത്തിലൂടെ എയ്റോഫ്ലോട്ട് 593 കുതിച്ചുകൊണ്ടേയിരുന്നു.  
                                ക്യാപ്റ്റന്‍  ക്യുഡ്രിന്‍സ്കിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ യാത്ര അല്‍പ്പം പ്രത്യേകത നിറഞ്ഞതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം ഫാമിലിയെ ഒരു ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റിനു കൊണ്ട് പോകാന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് എയ്റോഫ്ലോട്ട് അവസരം നല്‍കുന്നുണ്ട്. ക്യാപ്റ്റന്‍ ക്യുഡ്രിന്‍സ്കി തന്‍റെ രണ്ടു മക്കളെയും ഇന്ന് അവരുടെ ആദ്യ വിദേശ യാത്രയ്ക്ക് കൊണ്ട് പോകുകയാണ്. 15 വയസ്സുകാരന്‍ എല്‍ദാറും 13 വയസ്സുകാരി യാനയും. രണ്ടു പേരും ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ തങ്ങളെ ഒരുപാടു സ്നേഹിക്കുന്ന അച്ഛന്‍ തങ്ങള്‍ക്കായി ഒരുക്കിയിരുന്ന യഥാര്‍ഥ സര്‍പ്രൈസ്‌ മറ്റൊന്നായിരുന്നു എന്നത് അവര്‍ അറിയുന്നത് വിമാനത്തിലെ ഒരു ജീവനക്കാരന്‍ വന്ന് അവരെ കോക്ക്പിറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോഴാണ്.!
           തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാവാതെ കോക്ക് പിറ്റിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് അവരുടെ അച്ഛന്‍ അഭിമാനത്തോടെ മറ്റൊരു സര്‍പ്രൈസ്‌ കൂടി നല്‍കി. ഒരു വൈമാനികനും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം...... കുട്ടികളെ കൊണ്ട് വിമാനം പറത്തിക്കുക!!! ആദ്യത്തെ അവസരം യാനയ്ക്കായിരുന്നു. ക്യാപ്റ്റന്‍  ക്യുഡ്രിന്‍സ്കി മകളെ തന്‍റെ സീറ്റില്‍ പിടിച്ചിരുത്തി. ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ എന്ന ബട്ടണ്‍  ഇടത്തേക്ക് തിരിച്ച ക്യുഡ്രിന്‍സ്കി മകളോട് വിമാനത്തിന്‍റെ കണ്ട്രോള്‍ കോളം ഇടത്തേക്ക് തിരിക്കാന്‍ പറഞ്ഞു. അച്ഛന്‍റെ നിര്‍ദേശം അനുസരിച്ച യാന കണ്ട്രോള്‍ കോളം ഇടത്തേക്ക് തിരിച്ചു. വിമാനം ഇടത്തേക്ക് തിരിയാന്‍ തുടങ്ങി! വീണ്ടും ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ ക്യുഡ്രിന്‍സ്കി പഴയ പോസിഷനിലേക്ക് തിരിച്ചു, വിമാനം വീണ്ടും പഴയ സ്ഥിതിയിലുമായി. ഓട്ടോ പൈലറ്റ് പറത്തിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിനെ, അത്യാവശ്യ ഘട്ടങ്ങളില്‍ അല്‍പ്പം ഗതി മാറ്റാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’. അതില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് വിമാനം ഓട്ടോമാറ്റിക് ആയി തിരിയും. എന്നാല്‍ ഇതിനെക്കുറിച്ച് അറിയാത്ത തന്‍റെ മകളെ സന്തോഷിപ്പിക്കാനായി, താന്‍ തന്നെയാണ് വിമാനം തിരിക്കുന്നത് എന്ന തോന്നല്‍ അവളില്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ തിരിച്ച ശേഷം ക്യുഡ്രിന്‍സ്കി മകളോട് കണ്ട്രോള്‍ കോളം തിരിക്കാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹം ഉദ്ദേശിച്ച പോലെ തന്നെ, താന്‍ തന്നെയാണ് വിമാനം തിരിച്ചത് എന്ന് മകള്‍ വിശ്വസിക്കുകയും ചെയ്തു.
                                 സൈബീരിയക്ക്‌ മുകളില്‍ 10000 മീറ്റര്‍ ഉയരത്തില്‍ എയ്റോഫ്ലോട്ട് പറക്കുകയാണ്. സ്വന്തം അനിയത്തി വിമാനം പറത്തുന്നത് കൊതിയോടെ നോക്കി നിന്ന തനിക്ക് തന്നെയാണ് അച്ഛന്‍ അടുത്ത അവസരം നല്‍കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കിയ എല്‍ദാര്‍, യാന എഴുന്നേറ്റ ഉടനെ തന്നെ ക്യാപ്റ്റന്‍റെ സീറ്റ്‌ കരസ്ഥമാക്കി! കണ്ട്രോള്‍ കോളം തിരിക്കാന്‍ ശ്രമിച്ച എല്‍ദാര്‍ പക്ഷെ പരാജയപ്പെട്ടു. തന്നേക്കാളും പ്രായം കുറഞ്ഞ യാന വളരെ ഈസിയായി തിരിച്ച കണ്ട്രോള്‍ കോളം ഇപ്പോള്‍ തിരിയാത്തത്‌, അച്ഛന്‍ ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ പ്രീസെറ്റ്‌ കോഴ്സിലേക്ക് തിരിച്ച് വച്ചിരിക്കുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള അറിവ് ആ പതിനഞ്ച്കാരനില്ലായിരുന്നു! ഇതിനിടയില്‍ ക്യുഡ്രിന്‍സ്കി വീണ്ടും ഹെഡിംഗ് സെലക്ഷന്‍ മാറ്റി. അതോടെ കണ്ട്രോള്‍ കോളവും വളരെ ഈസിയായി തിരിയാന്‍ തുടങ്ങി. എല്‍ദാര്‍ വിമാനം ഇടത്തേക്ക് തിരിച്ചു. വീണ്ടും ക്യുഡ്രിന്‍സ്കി പ്രീസെറ്റ്‌ ഹെഡിങ്ങിലേക്ക് വിമാനം സെറ്റ്‌ ചെയ്തു. റോളിംഗ് അവസാനിപ്പിച്ച് വിമാനം വീണ്ടും സ്റ്റെഡിയായി. പക്ഷേ എല്‍ദാറിന്‍റെ ആഗ്രഹം അവസാനിച്ചിരുന്നില്ല. എല്‍ദാറിന്‍റെ സീറ്റിന് പിന്നില്‍ ക്യാപ്റ്റനും മകളും തമ്മിലുള്ള സംസാരത്തിലായിരുന്നു കോ പൈലറ്റിന്‍റെയും ശ്രദ്ധ. എല്‍ദാര്‍ വീണ്ടും കണ്ട്രോള്‍ കോളം തിരിക്കാന്‍ ശ്രമിച്ചു. പക്ഷേ നേരത്തത്തെ പോലെ അത് വഴങ്ങുന്നുണ്ടായിരുന്നില്ല. അവന്‍ ഇടത്തേക്കും വലത്തേക്കും ശക്തമായി കോളം തിരിക്കാന്‍ ശ്രമിച്ചു.
           അച്ഛന്‍റെ സീറ്റില്‍ വന്നിരുന്ന്‍ ഏതാണ്ട് മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം എല്‍ദാര്‍ തന്നെയാണ് അത് ആദ്യമായി ശ്രദ്ധിച്ചത്.! വിമാനം തുടര്‍ച്ചയായി വലത്തേക്ക് റോള്‍ ചെയ്യുന്നു! എല്‍ദാര്‍ പെട്ടെന്ന് തന്നെ അച്ഛനോട് വിവരം പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലായില്ല. വിമാനം വീണ്ടും റോള്‍ ചെയ്തുകൊണ്ടേയിരിക്കുകയാണ്. കോക്ക്പിറ്റ് സ്ക്രീനിലേക്ക് നോക്കിയ ക്യുഡ്രിന്‍സ്കിയും ഫസ്റ്റ് ഓഫീസര്‍ പിസ്കാരോയും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തങ്ങളുടെ വിമാനം 45 ഡിഗ്രിയിലധികം തിരിഞ്ഞിരിക്കുന്നു! എയര്‍ബസ്‌ A310 ന് നിഷ്കര്‍ഷിച്ചിരിക്കുന്ന സെയ്ഫ് റോളിംഗ് ലിമിറ്റിനേക്കാള്‍ ഒരുപാട് കൂടുതലായിരുന്നു അത്! 600 കി.മീ വേഗത്തില്‍ അതിശക്തമായി വലത്തേക്ക് റോള്‍ ചെയ്യുന്ന A310! പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു; നാടകീയവും. അപ്രതീക്ഷിതമായുള്ള വിമാനത്തിന്‍റെ ആ മൂവ്മെന്‍റ് ഉണ്ടാക്കിയ ഗ്രാവിറ്റി കാരണം എല്ലാപേരും അവരവരുടെ സീറ്റുകളിലേക്ക് അമര്‍ത്തപ്പെട്ടു. കോക്ക്പിറ്റില്‍ ഉള്ള ആര്‍ക്കും വിമാനത്തിന്‍റെ കണ്ട്രോള്‍ കോളത്തിലേക്ക് കൈ എത്തിക്കാന്‍ പോലും കഴിയുന്നില്ല. ആകെ അതിന് സാധിച്ചത് നേരത്തേ തന്നെ കണ്ട്രോള്‍ കോളത്തില്‍ പിടിച്ചിരുന്നിരുന്ന എല്‍ദാറിനും!! പെട്ടെന്ന് കോക്ക്പിറ്റിനുള്ളില്‍ കേട്ട അലാം കൂടിയായപ്പോള്‍ പൈലറ്റുമാര്‍ക്ക് കാര്യങ്ങള്‍ ഏകദേശം ഉറപ്പിച്ചു. ഫ്ലൈറ്റിന്‍റെ ഓട്ടോപൈലറ്റ്‌ പൂര്‍ണ്ണമായും ഷട്ട്ഡൌണ്‍ ആയിരിക്കുന്നു.
           ഇപ്പൊ വിമാനത്തിന്‍റെ നിയന്ത്രണം മുഴുവന്‍ എല്‍ദാറിന്‍റെ കയ്യിലാണ്!  പൊടുന്നനെ വിമാനത്തിന്‍റെ നോസ് ഉയര്‍ന്നു. വിമാനം 90 ഡിഗ്രിയില്‍ മുകളിലേക്ക് പറക്കാന്‍ തുടങ്ങി. പാസഞ്ചര്‍ ക്യാബിനില്‍ നിന്നും നിര്‍ത്താത്ത നിലവിളികള്‍ ഉയര്‍ന്നു. ഭൂമിക്ക്‌ 90 ഡിഗ്രിയില്‍ മുകളിലേക്ക് വിമാനത്തെ പറത്താനുള്ള പവര്‍ ജെറ്റ്‌ എഞ്ചിന് കുറഞ്ഞു തുടങ്ങിയപ്പോള്‍ വിമാനത്തിന്‍റെ മറ്റൊരു ഓട്ടോമാറ്റിക്‌ സേഫ്റ്റി ഫീച്ചര്‍ വിമാനത്തിനെ നോസ് അപ്പ് പൊസിഷനില്‍ നിന്നും നോസ് ഡൈവ് പോസിഷനിലേക്ക് കൊണ്ട് വന്നു. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കോ പൈലറ്റിന് ഇപ്പോള്‍ കണ്ട്രോള്‍ കോളത്തില്‍ തന്‍റെ കൈ എത്തിക്കാന്‍ കഴിഞ്ഞുവെങ്കിലും വിമാനം മിനിറ്റില്‍ 40000 അടി വേഗത്തില്‍ താഴേക്ക് വീഴുകയാണ്! പൈലറ്റുമാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമാനം ഒരു മിനിറ്റിനുള്ളില്‍ ഭൂമിയിലേക്ക്‌ ക്രാഷ് ചെയ്യും! കോ പൈലറ്റ്‌ പിസ്കാരോ തന്‍റെ കഴിവിന്‍റെ പരമാവധി കണ്ട്രോള്‍ കോളം വലിച്ച് പിടിച്ച് വിമാനത്തെ വീഴ്ചയില്‍ നിന്നും തടയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വിമാനത്തിന്‍റെ നോസ് വീണ്ടും ഉയര്‍ന്നു. പക്ഷെ അത് വീഴ്ചയില്‍ നിന്നും വിമാനത്തിനെ ലെവലാക്കുകയായിരുന്നില്ല ചെയ്തത്. വിമാനം വീണ്ടും 90 ഡിഗ്രിയില്‍ മുകളിലേക്ക് പറക്കാന്‍ തുടങ്ങി! അപ്പോഴേക്കും എല്‍ദാറിനെ മാറ്റി ക്യുഡ്രിന്‍സ്കിയും തന്‍റെ സീറ്റിലേക്ക് വന്നുകഴിഞ്ഞിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയ ശേഷം ആദ്യമായി പൈലറ്റും കോ പൈലറ്റും ഒത്തൊരുമിച്ച് വിമാനം നിയന്ത്രിക്കാന്‍ തുടങ്ങി! ഒടുവില്‍ വിമാനം അവരോട് റിയാക്റ്റ് ചെയ്യാന്‍ ആരംഭിച്ചു. അവര്‍ വിമാനം വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ട് വന്നു. പക്ഷെ അപ്പോഴും പൈലറ്റുമാര്‍ക്ക് കൃത്യമായി അറിയാതിരുന്നത്, സെക്കന്‍ഡില്‍ 17 മീറ്റര്‍ എന്ന കണക്കില്‍ അവര്‍ നഷ്ട്പ്പെടുത്തിയ തങ്ങളുടെ ആള്‍ട്ടിട്യൂഡിനെ കുറിച്ചായിരുന്നു. ഉദ്വേഗജനകമായ അത്രയും സമയം കൊണ്ട് എയ്റോഫ്ലോട്ട് ഏകദേശം 6000 മീറ്ററോളം താഴേക്ക് വീണു കഴിഞ്ഞിരുന്നു! ഒടുവില്‍, കൃത്യമായ ഒരു ഡയറക്ഷന്‍ ഇല്ലാതെ പറന്ന എയ്റോഫ്ലോട്ട് 593 ഏതോ ഒരു മലമുകളിലേക്ക് അതിവേഗത്തില്‍ ഇടിച്ചു കയറി!!
...................................................................................................................
           ക്യുഡ്രിന്‍സ്കിയ്ക്ക് എവിടെയാണ് പിഴച്ചത് എന്ന് ഇവാന്‍സ് തന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ടായിരുന്നു. CVRഉം FDRഉം പരിശോധിച്ചതില്‍ നിന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്:  മകനെ, വിമാനം പറത്തുന്നത് താന്‍ തന്നെയാണ് എന്ന് തെറ്റിധരിപ്പിച്ച്, ഹെഡിംഗ് സെലക്റ്റ്‌ നോബ്‌ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വച്ച് അദ്ദേഹം പിന്നില്‍ നിന്ന മകളോട് സംസാരിക്കുന്നതില്‍ വ്യാപൃതനായി. പക്ഷെ അപ്പോളും എല്‍ദാര്‍ വിമാനം തിരിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. കണ്ട്രോള്‍ കോളത്തിന്‍റെ തുടര്‍ച്ചയായ ഇരുവശത്തേക്കുമുള്ള ചലനം, വിമാനത്തിന്‍റെ റോളിങ്ങിനെ നിയന്ത്രിക്കുന്ന, ചിറകിലെ aileron കളുടെ ഓട്ടോപൈലറ്റ് സംവിധാനത്തെ നിര്‍ജ്ജീവമാക്കുകയായിരുന്നു! തുടര്‍ന്നാണ് വിമാനം വലത്തേക്ക് അപകടകരമാം വിധം തിരിയാന്‍ തുടങ്ങിയത്. പക്ഷെ ഇവാന്‍സ്‌ റിപ്പോര്‍ട്ട് അവസാനിപ്പിച്ചത്, അപകടം സംഭവിച്ചത് ഒരു കുട്ടി വിമാനം പറത്തിയത് കൊണ്ടായിരുന്നു എന്ന്‍ പറഞ്ഞുകൊണ്ടായിരുന്നില്ല. മറിച്ച് പൈലറ്റ്‌ എറര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍!!! തീര്‍ച്ചയായും സേവ് ചെയ്യാമായിരുന്ന വിമാനം പൈലറ്റ്‌മാരുടെ കൈപ്പിഴ ഒന്നുകൊണ്ടു മാത്രമായിരുന്നു ക്രാഷ് ചെയ്യപ്പെട്ടത് എന്ന്! ഇവാന്‍സ്‌ കണ്ടെത്തിയ ശരിക്കുമുള്ള അപകടകാരണം ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. ഒടുവില്‍ ഇവാന്‍സിന്‍റെ കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. താഴേക്ക് വീഴാന്‍ തുടങ്ങിയ വിമാനത്തിന്‍റെ കണ്ട്രോള്‍ കോളം വലിച്ചു പിടിക്കാതെ അതിനെ ഫ്രീ ആയി വിട്ടിരുന്നു എങ്കില്‍ വിമാനം ഓട്ടോമാറ്റിക്‌ ആയി പൂര്‍വ്വസ്ഥിതിയിലേക്ക് വരുമായിരുന്നു! A310 വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് ഉള്ള ഒരു പ്രത്യേക ഫീച്ചര്‍ ആയിരുന്നു അത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ എയ്റോഫ്ലോട്ട് പറത്തിയിരുന്ന വൈമാനികര്‍ക്ക് തങ്ങള്‍ പറത്തുന്ന വിമാനത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നില്ല. ഒടുവില്‍, ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍ക്ക്, തങ്ങളുടെ പൈലറ്റുമാര്‍ക്ക്‌ നല്‍കുന്ന ട്രെയിനിംഗ് കൂടുതല്‍ കര്‍ക്കശമാക്കാനുള്ള ഒരു താക്കീതായി എയ്റോഫ്ലോട്ട് 593 ന്‍റെ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ അവസാനിക്കുകയായിരുന്നു..........

Courtesy- Google, Discovery, National Geographic & Wikipedia
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ