Murder!! Part‌ 2


കഥ ഇതുവരെ....
കുന്നേറ്റുംകര M.L.A കൃഷ്ണദാസിന്റെ പിതാവും സഹോദര പുത്രിയും ഒരു രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. മൃത ദേഹങ്ങള്‍ ആദ്യം കണ്ട വേലക്കാരി ശന്തയടക്കം സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്തു വിട്ടയക്കുന്നു. വളരെ മാധ്യമശ്രദ്ധ നേടിയ കേസില്‍ മൃതദേഹങ്ങളുടെ അരികില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിന്റെ അടിസ്ഥാനത്തില്‍ ഒരു കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിലാവുന്നു.
തുടര്‍ന്നു വായിക്കുക.!
Murder Part - 1 ഇവിടെ വായിക്കാം
*************************************************************************************
സെക്രട്ടേറിയറ്റിലെ, ആഭ്യന്തര മന്ത്രിയുടെ ഓഫീസ്‌. വായിച്ച പത്രം മടക്കി ഡി.ജി.പി യുടെ മുന്നിലേക്ക്‌ അസ്വസ്ഥമായ മുഖഭാവത്തോടെ ഇടുന്ന ആഭ്യന്തര മന്ത്രി. അടുത്ത് സെക്രട്ടറി.

മന്ത്രി: കണ്ടില്ലെടോ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പും പോലീസും വന്‍ പരാജയം. കുന്നേറ്റുംകര കൊലപാതകക്കേസിന്‍റെ അന്വേഷണം വഴി മുട്ടുന്നു. ഒപ്പം, ആഭ്യന്തര മന്ത്രി രാജി വയ്ക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ സ്ഥിരം കലക്ക വെള്ളത്തില്‍ മീന്‍ പിടുത്തവും.!

D.G.P: sir, please be patient. We are doing our level best.

മന്ത്രി: എന്തോന്നാടോ തന്‍റെ ബെസ്റ്റ്‌? ആ കള്ളനെ പിടിച്ചതോ?എന്നിട്ട് അയാളുടേന്ന്‍ എന്തെങ്കിലും ഒരു തുമ്പ്‌ കിട്ടിയോടോ തന്‍റെ പോലീസിന്? ബെസ്റ്റ്‌ ആണ് പോലും...

D.G.P: സര്‍ അന്ന് ഈ രമണന്‍, I mean ചുടുകട്ട രമണന്‍ ആ വീട്ടില്‍ മോഷ്ട്ടിക്കാന്‍ കയറുകയും മരിച്ച പെണ്‍കുട്ടി ധരിച്ചിരുന്ന മാലയും പാദസരവും അടക്കം ഏകദേശം ആറ് പവനോളം സ്വര്‍ണ്ണം കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയുമായിരുന്നു. വിറ്റ തൊണ്ടി ഒരു തമിഴന്‍ സ്വര്‍ണ്ണവ്യാപാരിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടും ഉണ്ട്. പക്ഷെ ബാക്കി സംഭവങ്ങളുമായി അയാള്‍ക്ക്‌ ബന്ധമുള്ളതായി ഇത് വരെയുള്ള ചോദ്യം ചെയ്യലില്‍ ‍.....

മന്ത്രി: ഇത് തന്നെയല്ലേ നിങ്ങള്‍ മുന്‍പും രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞത്. പുതിയത് വല്ലതും ഉണ്ടോടോ? എടൊ മരണപ്പെട്ടിരിക്കുന്നത് ഒരു എംഎല്‍എ യുടെ അച്ഛനും സഹോദര പുത്രിയുമാണ്. അതും പ്രതിപക്ഷ എംഎല്‍എ യുടെ. മറ്റന്നാള്‍ സഭ കൂടാനിരിക്കുവാ. എനിക്കവിടെ പറയാന്‍ കൃത്യമായ ഒരുത്തരം വേണം. അതിനിനി ഏതു ദേവേന്ദ്രനെ കൊണ്ട് വന്ന് അന്വേഷിപ്പിക്കണമെങ്കിലും പ്രശ്നമല്ല. സംഭവം കഴിഞ്ഞിട്ട് ഇന്ന് നാല് ദിവസമായി. ഇതിനൊരു സൊല്യൂഷന്‍ എത്രയും പെട്ടന്ന് വേണം.

D.G.P: സര്‍ സത്യത്തില്‍ അങ്ങനെ ഒരു ഓപ്ഷനുമായാണ് ഞാനും വന്നത്. അല്ല, ഓപ്ഷനല്ല; ഈ കേസിന് ഒരുപക്ഷേ അയാള്‍ തന്നെയാണ്- the better choice!!

മന്ത്രി: അതാരാടോ?
D.G.P: sir, DYSP അശോക് പ്രഭാകര്‍ . ഏറ്റെടുത്ത ഇന്‍വെസ്റ്റിഗേഷന്‍സില്‍ 100% clear record.

സെക്രട്ടറി: ഓ... അശോക് പ്രഭാകര്‍ ... ഞാനറിയും അയാളെ. പക്ഷെ ആളിപ്പോ ട്രാഫിക്കിലല്ലേ?

D.G.P: അതെ.അയാള്‍ക്കൊരു സത്യമുണ്ട്, രീതിയുണ്ട്. അത് വിട്ട് അയാള്‍ ഒന്നും ചെയ്യില്ല. അതൊക്കെ കൊണ്ട് തന്നെയായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ ഭരണ സമയത്ത് ആരൊക്കെയോ ചേര്‍ന്ന് അയാളെ ട്രാഫിക്‌ അഡ്മിനിസ്ട്രേഷനിലേക്ക് തട്ടിയത്.

മന്ത്രി: ഒടുക്കം വെളുക്കാന്‍ തേച്ചത് പാണ്ടാവോടോ?

D.G.P: no sir. am sure, it will work.

മന്ത്രി: OK. if you are that much confidant, I don’t have any objection. പേപ്പര്‍ വര്‍ക്കുകള്‍ എന്തൊക്കെയാണെന്ന് വച്ചാല്‍ ഇന്ന് തന്നെ തീര്‍ക്കണം. I need him back as earliest as possible. അശോക് പ്രഭാകര്‍ DYSP – law and order..!!

D.G.P: sure! Thank you sir.

*************************************************************************************

ഒരു ഉള്‍നാടന്‍ പ്രദേശത്തെ കളരിത്തറ, അടവുകള്‍ പയറ്റുന്ന അഭ്യാസികള്‍ , ഉറുമിയും വാളും പരിചയും ഒക്കെ ചേര്‍ന്നൊരുക്കുന്ന ഘനഗംഭീര ശബ്ദം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം. പയറ്റില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന, ഒരു തെളിഞ്ഞ അഭ്യാസി. കഴുത്തില്‍, ഇളകിയാടുന്ന രുദ്രാക്ഷം കോര്‍ത്ത സ്വര്‍ണ്ണമാല. പിന്നിലായുള്ള പടിക്കെട്ടിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിക്കുമ്പോള്‍ അതിലെക്കൊന്നു നോക്കി, വീണു കിടക്കുന്ന എതിരാളിയെ കൈത്താങ്ങില്‍ എഴുന്നേല്‍പ്പിച്ച് തോളില്‍ തട്ടി വിട്ടു കൊണ്ട് അയാള്‍ ചെന്ന് ഫോണ്‍ എടുക്കുന്നു.

“yes , ashok hear”

മറുതലയ്ക്കല്‍ നിന്നുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ അശോകിന്‍റെ ശബ്ദം കൂടുതല്‍ ഗൗരവമുള്ളതാവുന്നു.

അശോക്‌: സര്‍ ആക്ച്വലി ഞാന്‍ രണ്ടു ദിവസം ലീവിലാ..... നോ സര്‍ നോ പ്രോബ്ലം ഞാന്‍ ലീവ് ക്യാന്‍സല്‍ ചെയ്തോളാം. Sure sir, I will be there in the morning. Thank you sir, thanks a lot.

ഫോണ്‍ കട്ട് ചെയ്ത് എന്തോ ആലോചിക്കുന്ന അശോക്‌. പിന്നില്‍ നിന്നും കളരിയാശാന്‍ സത്യപാലന്‍
.

സത്യപാലന്‍: അശോകാ... ശുഭ വാര്‍ത്തയാണ് അല്ലെ...? ആരായിരുന്നു?

അശോക്‌: the great director general of kerala police, ജോസഫ്‌ മാത്യൂ. കുന്നേറ്റുംകര കൊലക്കേസിന് പുതിയ അന്വേഷണ സംഘം. DYSP അശോക് പ്രഭാകറിന്‍റെ നേതൃത്വത്തില്‍. അതേ സത്യപാല്‍ജീ എന്നെ തിരികെ വിളിച്ചിരിക്കുന്നു.

സത്യപാലന്‍: ഭഗവാനേ.... എനിക്കുറപ്പായിരുന്നെടോ ഇങ്ങനെ ഒരവസരം തനിക്ക് വിദൂരമല്ലെന്ന്. എല്ലാം നല്ലതിന്. അങ്ങനെ കാണണം. പോയി വാ.

സത്യപാലന് കൈ കൊടുത്ത് കുറച്ചു മാറി പാര്‍ക്ക്‌ ചെയ്തിരുന്ന ടൊയോട്ട പ്രാഡോയിലേക്ക് നടന്നടുക്കുന്ന അശോക്. നെഞ്ചത്ത് കൈ വച്ച് കണ്ണടച്ചുകൊണ്ട് പ്രാര്‍ഥിക്കുന്ന സത്യപാലന്‍......


അടുത്ത പ്രഭാതം........


D.G.P യുടെ ഓഫീസിനു മുന്നില്‍ വന്നുനില്‍ക്കുന്ന പ്രാഡോ. ഓഫീസ്‌ മുറിയിലേക്ക് എത്തി ഡോറില്‍ മുട്ടിക്കൊണ്ട്......


അശോക്‌: May I come in sir?

D.G.P: yes, come in….

ഉള്ളിലേക്ക് കടന്ന് ഡി.ജി.പി യെ സല്യൂട്ട് ചെയ്യുന്ന അശോക്‌. അശോകിനെ കണ്ട് വാച്ചിലേക്ക് നോക്കുന്ന ഡി.ജി.പി.


D.G.P: വാടോ.... തന്‍റെ ആ ടൈമിങ്ങിന് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലേ?

അശോക്‌: അത് പിന്നെ സര്‍ ....

D.G.P: ഉം... താനിരിക്ക്.

ഒരു എന്‍വലപ്പ് എടുത്ത് അശോകിന് നല്‍കിക്കൊണ്ട്


D.G.P: ദേ, തന്നെ തിരികെ ലോക്കല്‍ പോലീസിലേക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ്. Take it as a chance to prove yourself. പിന്നെ, ഈ കേസില്‍ ആരൊക്കെ തന്നെ അസിസ്റ്റ് ചെയ്യണം എന്ന് തനിക്ക് തീരുമാനിക്കാം.

അശോക്‌: thank you sir. ഈ കേസിനെ പറ്റാവുന്ന തരത്തില്‍ ഞാന്‍ ഒന്ന് സ്റ്റഡി ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഡീറ്റയില്‍ഡായിട്ടല്ല. എന്നാലും ഈ ഇന്‍വെസ്റ്റിഗേഷന്‍റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സി.ഐ ശരത്, അയാള്‍ക്ക്‌ ഒരുപക്ഷെ ഈ കേസില്‍ ഒരുപാട് കൊണ്ട്രിബ്യൂട്ട് ചെയ്യാന്‍ കഴിഞ്ഞേക്കും. പിന്നെ എന്‍റെ എല്ലാ കേസുകളിലും എന്നെ അസിസ്റ്റ് ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ & ഹെഡ്‌ കോണ്‍സ്റ്റബിള്‍ മൈക്കിള്‍ . Sir if you don’t mind, I will submit their details. ഇവര്‍ മതി. ഇവരായിരിക്കും സര്‍ എന്‍റെ ടീം.

D.G.P: Done!! Go ahead. You can have them with you. And wish you all the success man‍.!!

അശോക്: thank you sir.

D.G.P ക്ക് കൈ കൊടുത്ത്, സല്യൂട്ട് ചെയ്ത് അശോക്‌ തിരികെ പോകുന്നു.


*********************************************************************************************************

ആളൊഴിഞ്ഞ ഒരു മൈതാനം. ആരെയോ പ്രതീക്ഷിച്ച് വണ്ടിയിലിരിക്കുന്ന അശോകും അന്‍വറും മൈക്കിളും. അവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വന്നു നില്‍ക്കുന്ന പോലീസ്‌ ജീപ്പ്. യൂണിഫോമില്‍ പുറത്തിറങ്ങുന്ന സി.ഐ ശരത്. ശരത്തിനെ കണ്ട മൂവര്‍ സംഘം വണ്ടിയില്‍ നിന്നും പുറത്തേക്കിറങ്ങുന്നു. ശരത്തിന് കൈ കൊടുത്ത് ബാക്കി രണ്ടു പേരെയും പരിചയപ്പെടുത്തുന്ന അശോക്‌.

ശരത്: സര്‍ ഇങ്ങോട്ട് വരാന്‍ പറഞ്ഞത്....

അശോക്‌: ഏയ്‌.. nothing. Just for a change. ഒരു പക്ഷെ ശരത്ത് അറിഞ്ഞിട്ടുള്ളതോ പരിചയിച്ചിട്ടുള്ളതോ ആയ ഒരു regular style of investigation ആയിരിക്കില്ല ഇത്.

ശരത്: സന്തോഷമുള്ള കാര്യമാണ് സര്‍ . അല്ലെങ്കിലും ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ട്ടമല്ലാത്തത്?

ബാക്കിയുള്ളവര്‍ ചിരിക്കുന്നു.

അശോക്‌: ok sarath, good spirit and good start too. So… lets come back to the matter. കുന്നേറ്റുംകര ഇരട്ടക്കൊലപാതകം- എന്ത്? എങ്ങനെ?

ശരത്: സര്‍ ഈ കേസിന് ഇനി ഇരട്ടക്കൊലപാതകം എന്ന പേര് ചേരുമെന്ന് തോന്നുന്നില്ല. കാരണം, മരിച്ച രണ്ടുപേരില്‍ ഒരാള്‍‍....

അശോക്‌: മരിച്ചത് ഹാര്‍ട്ട് അറ്റാക്ക്‌ മൂലമാണെന്ന്. അല്ലെ?

ശരത്: അതെ സര്‍

അശോക്‌: അങ്ങനെ അങ്ങ് തീരുമാനിക്കാന്‍ വരട്ടെ. മെഡിക്കല്‍ സയന്‍സിന് മഷിയിട്ടു നോക്കിയാലും കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയില്‍ പണി ചെയ്യാന്‍ അറിയുന്ന പ്രൊഫഷണലുകള്‍ ഉള്ള കാലമാണ് ശരത്തേ....

ശരത്: സോറി സര്‍

അശോക്‌: hey... come on man… ഞാന്‍ ഒരു ചാന്‍സ്‌ പറഞ്ഞതല്ലേ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതല്ലാതെ മറ്റെന്തെങ്കിലും, something suspicious…?

ശരത്: sir, yes. ഈ മരിച്ച കുട്ടി, മരണ കാരണമോ അമിതമായ അളവിലോ അല്ലെങ്കിലും സ്ലീപിംഗ് പില്‍സ് പോലെ എന്തോ കഴിച്ചിരുന്നു. പക്ഷെ അത് നേരിട്ടല്ല ഭക്ഷണത്തിലോ മറ്റോ കലര്‍ത്തിയാവണം എന്നാണ് ഡോക്റ്റര്‍ പറഞ്ഞത്.

അന്‍വര്‍: അതെന്താ ഭക്ഷണത്തിലൂടെ ആണെന്ന് ഡോക്റ്റര്‍ ഇത്ര ഉറപ്പിച്ചു പറയാന്‍?

അശോക്‌: ഡോസേജില്‍ വന്ന വ്യതാസം തന്നെ. ഒരാള്‍ ഒരു ടാബ്ലറ്റ് നേരിട്ട് കഴിക്കുന്നതും, ജ്യൂസിലോ ഭക്ഷണത്തിലോ കലര്‍ത്തി കഴിക്കുന്നതും തമ്മില്‍ കണ്‍സ്യൂം ചെയ്യപ്പെടുന്ന ഡോസേജിന്‍റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകും. For example.. ഈ കുട്ടിയുടെ കാര്യത്തില്‍ തന്നെ, കഴിച്ചതോ കഴിപ്പിച്ചതോ ആവട്ടെ, രണ്ടു ടാബ്ലറ്റുകള്‍ ഭക്ഷണത്തില്‍ പൊടിച്ചു ചേര്‍ത്തിട്ട് അവസാനം ആ ഭക്ഷണം മുഴുവന്‍ അവള്‍ കഴിച്ചില്ലെങ്കില്‍ ...? അഥവാ കഴിക്കാന്‍ ആ കുട്ടിക്ക് പറ്റിയില്ലെങ്കില്‍ ...‍?

അന്‍വര്‍ : ഉള്ളിലെത്തിയിരിക്കുന്ന ഡോസേജില്‍ വ്യത്യാസം ഉണ്ടാകും സര്‍

അശോക്‌: സിമ്പിള്‍ ലോജിക്‌.! ശരത്, എന്നിട്ട്...

ശരത്: സര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ്‌ സര്‍ജന്‍ അന്നേ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ഈ പെണ്‍കുട്ടി, മരണത്തിനു മുന്‍പോ പിന്‍പോ സെക്ഷ്വലി യൂസ് ചെയ്യപ്പെട്ടിരുന്നു. അതിന്‍റെ പരിശോധനാ ഫലം ചുടുകട്ട രമണന് എതിരാണെങ്കില്‍ ചിത്രം പൂര്‍ണമാകും സര്‍

അശോക്‌: (ഒന്നാലോചിച്ചുകൊണ്ട്) നോ ശരത്, ഈ ചിത്രം അങ്ങനെ പൂര്‍ണമാവില്ല. ശരത് ഇപ്പോഴും മറന്നു പോയ ഒരു കാര്യമുണ്ട്. കട്ടിലിന്‍റെ പടിയില്‍ കണ്ട blood stain. അത് ഈ മരണപ്പെട്ടവരുടെയോ ചുടുകട്ടയുടെയോ അല്ലെങ്കില്‍?

അന്തംവിട്ട് പരസ്പരം നോക്കുന്ന ശരത്തും, അന്‍വറും, മൈക്കിളും.

മൈക്കിള്‍: സാര്‍ അതവരുടെ അല്ലെങ്കില്‍....

അശോക്‌: (ചിരിച്ച്‌ കൊണ്ട്) അല്ലെങ്കില്‍ പ്രശ്നമാണ് മൈക്കിളേ. ഈ കേസിന്‍റെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് അതിലൂടെയാവും. അങ്ങനെയായാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ. കുന്നേറ്റുംകര കൊലക്കേസില്‍ ഇത് വരെ ഇല്ലാതിരുന്ന ഒരു പുതിയ വ്യക്തി കൂടി പ്രതി ചേര്‍ക്കപ്പെടും. പക്ഷേ അതുറപ്പിക്കാന്‍ നമ്മള്‍ ഫോറന്‍സിക്ക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ വരുന്ന വരെ വെയ്റ്റ്‌ ചെയ്യേണ്ടി വരും.

തുടരും....

Murder!!! (Part - 1 )


സമയം പുലര്‍ച്ചെ 5:15

ഇരുട്ടിന്‍റെ നിഗൂഢതയില്‍ നിന്നും മറ്റൊരു ദിനത്തിന്‍റെ പ്രകാശത്തിലേക്ക്, വലിയ ഒരു ഇരുനില വീട് തെളിഞ്ഞു വരുന്നു. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലായുള്ള ആ വീട്ടിലേക്ക് ഗേറ്റ് തുറന്ന് സൈക്കിള്‍ ചവിട്ടി വരുന്ന കറവക്കാരന്‍ വേലു. സൈക്കിള്‍ വീടിന്‍റെ ഒരു വശത്ത് സ്റ്റാന്‍ഡിട്ട് ഷര്‍ട്ടൂരി ഹാന്‍ഡിലില്‍ തൂക്കി അയാള്‍ തൊഴുത്തിലേക്ക്.....

വീണ്ടും ഗേറ്റ് തുറക്കപ്പെട്ടു. ഇത്തവണ വേലക്കാരി ശാന്തയാണ്. നേരെ വീടിനു പുറകിലേക്ക് പോയ ശാന്ത അടുക്കളയുടെ വാതിലിന്‍റെ പൂട്ട്‌ തുറന്ന് ഉള്ളിലേക്ക് കയറി. തലേന്നത്തെ എച്ചില്‍ പത്രങ്ങള്‍ ഓരോന്നായി കഴുകാന്‍ തുടങ്ങിയ ശാന്ത ചിക്കന്‍ കറിയുടെ ബാക്കി കണ്ട് സ്വയം പറയുന്നു
– “അപ്പൊ കലക്കൊച്ച് ഇന്നലെ കോഴിക്കറി വച്ചോ? ഇറച്ചി കൈ കൊണ്ട് തൊടാത്ത കൊച്ചാണല്ലോ”
പെട്ടെന്ന് പുറത്ത് പാത്രം കൊണ്ട് വയ്ക്കുന്ന ശബ്ദം കേട്ട് ശാന്ത അങ്ങോട്ട്‌ എത്തി നോക്കുന്നു...

ശാന്ത: ങാ... വേലുവണ്ണനാ...

വേലു: പിന്നെ...ശാന്തേ, കലക്കുഞ്ഞ്‌ എണീറ്റാ? എന്‍റെ ശമ്പളം പറ്റിയാ ഒന്ന് തന്നേക്കാന്‍ പറ. മാസം തീരാന്‍ രണ്ടൂസം കൂടയുണ്ട്. ഒരത്യാവശ്യം. അതാ.

ശാന്ത: കൊച്ച് എഴുന്നേറ്റില്ലെന്ന് തോന്നുന്നു വേലുവണ്ണാ. ഞാന്‍ ഒന്ന് നോക്കട്ടെ.
ശാന്ത വീടിനുള്ളിലേക്ക് പോയി. ഹാളില്‍ എത്തിയപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു. ചുറ്റിനും ഒന്ന് നോക്കിയിട്ട് അവര്‍ ഫോണ്‍ എടുത്തു.

“ഹലോ... ആരാ? ങേ കലക്കൊച്ചോ!! കൊച്ചിത് എവിടുന്നാ? ആണോ? അയ്യോ എന്ത് പറ്റിയതാ? ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ? ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഇല്ല എഴുന്നേറ്റിട്ടില്ല. ങാ... ശരി. ങാ. പറയാം. ശരി”

“ശാരി മോളേ... ശാരി മോളേ...” ഫോണ്‍ കട്ട് ചെയ്ത്‌ സ്റ്റെയര്‍കേസ്‌ കയറുന്നതിനിടെ ശാന്ത വിളിച്ചു.

“മോളേ... ശാരി മോളേ... ഓ... ഈ പെങ്കൊച്ച് ഇതെന്തുറക്കാ? മോളേ...” – മുറിയുടെ വാതിലില്‍ മുട്ടി അവര്‍ വീണ്ടും വിളിച്ചു. മറുപടിയില്ലാതായപ്പോള്‍ അവര്‍ വാതില്‍ മെല്ലെ തുറന്നു. ഉള്ളിലേക്ക് നോക്കിയ അവരുടെ മുഖം വലിഞ്ഞു മുറുകി, കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ. ഉള്ളിലെ കാഴ്ച്ച ഏല്‍പ്പിച്ച ഞെട്ടലില്‍ നിലവിളിച്ചു കൊണ്ട് അവര്‍ താഴേക്ക് ഓടി. നിലവിളി കേട്ട് പുറത്ത് നിന്നും വേലു ഉള്ളിലേക്ക് വന്നു. പേടിച്ച് നിലവിളിച്ച് പടിയിറങ്ങി വരുന്ന ശാന്തയോട്-

വേലു –“എന്താ ശാന്തേ.. എന്ത് പറ്റി?”

ശാന്ത: (ഏങ്ങിക്കൊണ്ട്) “വേലുവണ്ണാ... അവിടെ... മുകളില്... എന്‍റെ ദൈവങ്ങളേ എനിക്ക് വയ്യേ... നമ്മുടെ ശാരി മോളും മേനോന്‍ അദ്ദേഹവും അവിടെ...”

(കേട്ട പാടേ വേലു മുകളിലേക്ക് കുതിച്ചു)..........

************************************************************************************************

സമയം രാവിലെ 10 മണി.

ആ വീടിനു ചുറ്റും വന്‍ ജനക്കൂട്ടം. പോലീസ്‌ വാഹനങ്ങള്‍. മൊബൈല്‍ ഫോണുകളില്‍ ആളുകളുടെ ചലപില സംസാരം. ഒരു വശത്തു പത്രക്കാരും,ചാനലുകാരും അവരുടെ വാഹനങ്ങളും. ആ തിരക്കുകള്‍ക്കിടയിലേക്ക് വന്നു നില്‍ക്കുന്ന അംബാസഡര്‍ കാര്‍. അതിന്‍റെ മുന്‍വശത്ത്‌ ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു- MLA.!


ഡോര്‍ തുറന്ന്, വിതുമ്പുന്ന ചുണ്ടുകളും കലങ്ങിയ കണ്ണുകളുമായി പുറത്തേക്കിറങ്ങുന്ന ഖദര്‍ധാരി. അയാളുടെ ചുറ്റിനും കൂടിയ പത്ര പ്രവര്‍ത്തകരെ പോലീസ്‌ തള്ളി നീക്കി. മുന്നില്‍ നിന്ന സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററെ നോക്കി വിതുമ്പിക്കൊണ്ട് അയാള്‍ ചോദിച്ചു –
“എന്താടോ ശരത്തേ ഞാന്‍ കേട്ടത്? എന്താടോ സംഭവിച്ചത്?”

ശരത്: സാര്‍ ... അത്... സാര്‍ വരൂ.
MLA യെയും കൂട്ടി ശരത് മുകളിലത്തെ മുറിയിലെത്തുന്നു. അവിടെ – മുറിയിലെ ഫാനില്‍ ചുരിദാറിന്‍റെ ഷോള്‍ കെട്ടി, തൂങ്ങിയ നിലയില്‍ ശാരിക എന്ന 19 കാരി. താഴെ മുറിയുടെ വാതിലിനോടു ചേര്‍ന്ന് രക്തത്തില്‍ കുളിച്ച്, ശാരികയുടെ മുത്തച്ഛന്‍ ശിവദാസ മേനോന്‍.!! മുറിയില്‍ തിരച്ചില്‍ നടത്തുന്ന പോലീസ് കാരും ഫിംഗര്‍പ്രിന്‍റ് വിദഗ്ദ്ധരും. ഒരു തേങ്ങലോടെ MLA കൃഷ്ണദാസ്‌ അടുത്തുണ്ടായിരുന്ന കസേരയിലേക്ക് ചാഞ്ഞു.

ശരത്: സാര്‍ DYSP ആന്‍റണി സാര്‍ വന്നിട്ട് ബോഡി ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. I think, he is on the way. With in half an hour, ഡോഗ് സ്ക്വാഡും എത്തും.


പുറത്ത്, ക്യാമറയെ ഫെയ്സ് ചെയ്തുകൊണ്ട് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ - “മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദാരുണമായ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്ന് കുന്നേറ്റുംകര ഉണര്‍ന്നത്. കുന്നേറ്റുംകര MLA കൃഷ്ണദാസിന്‍റെ പിതാവും ജേഷ്ഠപുത്രിയും സ്വന്തം വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നു. സംഭവം കൊലപാതകം തന്നെയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്‌. സംഭവ സ്ഥലത്തു നിന്നും ക്യാമറാമാന്‍ ഹരീഷ് തൊടുപുഴക്കൊപ്പം ഷാജി മുള്ളൂക്കാരന്‍- ഏഷ്യാനെറ്റ്‌ ന്യൂസ്.....


DYSP ആന്‍റണിയുടെ വാഹനം വരുന്നത് കണ്ട് പത്രപ്രവത്തകര്‍ അങ്ങോട്ട്‌ അടുക്കുന്നു. ഡോര്‍ തുറന്നിറങ്ങുന്ന തടിച്ച ശരീരക്കാരനായ ആന്‍റണി അവരെ ഒഴിവാക്കാന്‍ ശ്രമിച്ചു
– “പ്ലീസ്‌.. നിങ്ങള്‍ ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ. ഇപ്പൊ ഒന്നും പറയാറായിട്ടില്ല. ഇത്രയും പറഞ്ഞ് അയാള്‍ വീടിനുള്ളിലേക്ക് കയറിപ്പോയി. സല്യൂട്ട് ചെയ്തു നില്‍ക്കുന്ന ശരത്തിനെയും മറ്റു പോലീസുകാരെയും കൈ ഒന്നുയര്‍ത്തിക്കാട്ടി മുറിയിലേക്ക് കയറുന്ന ആന്‍റണി മൃതശരീരങ്ങളെ നോക്കി തോപ്പിയൂരുന്നു. മുറി മൊത്തത്തില്‍ ഒന്ന് നോക്കി പുറത്തേക്കിറങ്ങുമ്പോള്‍ ശരത് അയാളെ അനുഗമിക്കുന്നു.

ആന്‍റണി: എന്താടോ വല്ലതും തടഞ്ഞോ?

ശരത്: സാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കെട്ടി തൂക്കിയതാവാന്‍ തന്നെയാണ് സാധ്യത. പക്ഷെ ശരീരത്തില്‍ ഒന്നും അങ്ങനെ ബലപ്രയോഗം നടന്നതായി പുറമേ കാണുന്നില്ല.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏഴെട്ടു പവനോളം സ്വര്‍ണ്ണം നഷ്ട്ടമായിട്ടുണ്ട്. പിന്നെ കെളവന്‍റെ തലയ്ക്ക് എന്തോ കൊണ്ട് നല്ല അടി കിട്ടിയിട്ടുണ്ട്. വല്ല കമ്പിയോ, സ്പാനറോ അങ്ങനെ എന്തോ ഒന്ന്. നല്ല ആഴത്തിനാ മുറിവ്. കട്ടിലിന്‍റെ പടിയിലും രക്തക്കറയുണ്ട്. പക്ഷെ അത് ഇയാളുടെത് തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സാര്‍ അതുപോലെ കട്ടിലിനടിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടുണ്ട്. അതില്‍ നമ്പര്‍ ഒന്നും സേവ് ചെയ്തിട്ടില്ല. കോള്‍ ഹിസ്റ്ററിയും മെസേജും ഒക്കെ ബ്ലാങ്കാണ്‌ സാര്‍. ഈ വീട്ടില്‍ ആരും തന്നെ മൊബൈല്‍ ഉപയോഗിക്കാറില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതും.

ആന്‍റണി: ഉം.. ആ സിം ഡീക്കോഡ് ചെയ്ത് ഇന്‍ഫോമേഷന്‍സ് കളക്റ്റ് ചെയ്യണം. All calls and messeges. Both incoming and out going. സ്പെഷ്യലി ഇന്നലെ രാത്രി. പെട്ടെന്ന് വേണം. ങാ... ഇന്‍ക്വസ്റ്റ്‌ കഴിഞ്ഞെങ്കില്‍ ബോഡി പോസ്റ്റ്‌മാര്‍ട്ടത്തിന് വിട്ടോ.

ശരത്: സാര്‍ അതിനു ഡോഗ് സ്ക്വാഡ്‌ എത്തിയിട്ടില്ല.

ആന്‍റണി: ഓ.. പറയുംപോലെ അങ്ങനെ ഒരു മാരണം ബാക്കിയുണ്ടല്ലോ. ങാ.. നടക്കട്ടെ. പിന്നെ... ഡെഡ് ബോഡികള്‍ ആദ്യം കണ്ടെന്നു പറഞ്ഞ ആ ജോലിക്കാരെ രണ്ടിനേം ഒന്ന് വിളിപ്പിക്ക്.

ശരത്: ശരി സാര്‍...

അല്‍പ്പസമയത്തിനുള്ളില്‍ ശാന്തയും വേലുവിനെയും കൂട്ടി ശരത് തിരികെ എത്തി.

ആന്‍റണി: ങാ അപ്പൊ നിങ്ങളാണ് ശവങ്ങള്‍ ആദ്യം കണ്ടത്. അല്ലെ? രണ്ടുപേരും ഒരുമിച്ചാണോ കണ്ടത് അതോ ഒറ്റയ്ക്കൊറ്റയ്ക്കാണോ കണ്ടത്? ങേ...

“സാറേ... ശാന്തയാ ആദ്യം കണ്ടത്. പിന്നെയാ എന്നെ വിളിച്ചത്.” – വിറയാര്‍ന്ന ശബ്ദത്തോടെ വേലു പറഞ്ഞൊപ്പിച്ചു.

ആന്‍റണി: അപ്പൊ ശാന്ത ഒന്നിങ്ങോട്ട് മാറി നിന്നേ. എന്നിട്ട് കണ്ട കാര്യം അങ്ങോട്ട്‌ പറ. കേള്‍ക്കട്ടെ.

ശാന്ത: എന്‍റെ പോന്നു സാറേ.. എനിക്കൊന്നും അറിഞ്ഞൂടാ. ഞാന്‍ എന്നത്തെയും പോലെ ഇന്നും രാവലെ വന്നതാ. വരുമ്പൊ കലക്കൊച്ചിനെ വിളിച്ചുണര്‍ത്താതിരിക്കാന്‍ അടുക്കളേടെ താക്കോല്‍ ഒന്ന് എനിക്ക് തന്നിട്ടുണ്ട്. ഈ വേലുവണ്ണന്‍റെ ശമ്പളത്തിന്‍റെ കാര്യം പറയാന്‍ വേണ്ടി കൊച്ചിനെ വിളിച്ചുണര്‍ത്താന്‍ പോകുമ്പോഴാ ഫോണ്‍ വന്നത്. അത് കലക്കൊച്ചായിരുന്നു. കൊച്ച് ഇന്നലെ വൈകിട്ട് കൊച്ചിന്‍റെ അച്ഛന് ഒരപകടം പറ്റീട്ട് വീട്ടിലേക്ക് പോയി. അത് ശാരി മോളോട് പറയാനും പറ്റീല. കലക്കൊച്ചിന്‍റെ വീട്ടിലെ ഫോണ്‍ കേടായിരുന്നത് കൊണ്ട് ഇന്നലെ വിളിച്ചതുമില്ല. ഇന്ന് രാവിലെ ആരുടെയോ മൊബൈലില്‍ നിന്ന് അത് ശാരി മോളോട് പറയാന്‍ വിളിച്ചതാ. അത് പറയാന്‍ മുകളില്‍ ചെന്നപ്പോഴാ സാറേ...(കരയുന്നു) അല്ലാതെ എനിക്കൊന്നും അറിഞ്ഞൂടാ.

ശരത്: അപ്പൊ ഈ കല ഇന്നലെ പോയ കാര്യം നിങ്ങള്‍ അറിഞ്ഞില്ലേ?

ശാന്ത: ഇല്ല. മേനോന്‍ അദ്ദേഹം അറിഞ്ഞു കാണും. ഞാന്‍ ഇന്നലെ വന്നില്ലായിരുന്നു സാറേ.

ആന്‍റണി: അതെന്താടീ കൃത്യമായിട്ട് ഇന്നലെ തന്നെ നിനക്കൊരു ലീവെടുക്കല്? ങേ...

ശാന്ത: അയ്യോ എന്‍റെ പോന്നു സാറേ.. എന്‍റെ മരുമോള്‍ പ്രസവിച്ച് കെടക്കാ. അത്രേടം വരെ ഒന്ന് പോവാന്‍ വേണ്ടിയായിരുന്നു..

ശരത്: ഈ മരിച്ച മേനോന്‍ ഏതു മുറിയിലാ കിടക്കുന്നെ? മുകളിലാ?

ശാന്ത: അല്ല സാറേ. മുകളിലത്തെ മുറി ശാരി മോളുടെത് തന്നാ. മേനോന്‍ അദ്ദേഹം താഴെയാ കിടക്കുന്നത്.

ഇതിനിടയില്‍ ഡോഗ് സ്ക്വാഡ്‌ എത്തിയത് കണ്ട് ആന്‍റണി ശരത്തിനോട് – “ടോ... ആ പട്ടിയേം കൊണ്ട് മണപ്പിക്കാന്‍ വന്നവന്മാരുടെ കാര്യം ഒന്ന് നോക്ക്” (ശരത് പോകുന്നു)

ആന്‍റണി: ഈ മരിച്ചവരെ കൂടാതെ ഈ വീട്ടില്‍ വേറെ ആരൊക്കെയാ താമസം?

വേലു: ഇവിടെ കലക്കുഞ്ഞും മേനോന്‍ അദ്ദേഹവും പിന്നേ ഈ പെങ്കോച്ചും മാത്രേയുള്ളൂ സാറേ.


ശാന്തയോട് ചോദിച്ച ചോദ്യത്തിന് വേലു മറുപടി പറഞ്ഞത് സുഖിക്കാതെ ആന്‍റണി ഒന്നിരുത്തി മൂളി
.

ആന്‍റണി: അപ്പൊ ഈ കലയുടെ ഭര്‍ത്താവ്?

ശാന്ത: ജഗന്നാഥന്‍ സാറ്. സാറങ്ങ് ഗള്‍ഫിലാ. അവിടെ വലിയ കമ്പനിയൊക്കെ ഉണ്ട്.

ആന്‍റണി: ങാ ശരി ശരി. രണ്ടും ഇപ്പൊ പൊയ്ക്കോ. ആവശ്യം വന്നാ വിളിപ്പിക്കും. വന്നേക്കണം.


വേലുവും ശാന്തയും തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ നിന്നും വീണ്ടും ആന്‍റണിയുടെ വിളി


ആന്‍റണി: ങാ... ശാന്ത ഒന്ന് നിന്നേ...

(ശാന്ത ഞെട്ടിത്തിരിയുന്നു
)

ആന്‍റണി: ശാന്തയുടെ മരുമോള്‍ പ്രസവിച്ചിട്ട് കുട്ടി ആണോ പെണ്ണോ?

“ആങ്കൊച്ചാ... സാറേ..” ശാന്ത വിറച്ചു വിറച്ച് പറഞ്ഞു തീര്‍ത്തു.

ആന്റണി : അപ്പൊ കൊച്ചിന് ഇരുപത്തെട്ടിനു കെട്ടാന്‍ കുറച്ച് സ്വര്‍ണ്ണമൊക്കെ വേണം അല്ലെ ശാന്തേ....?

ശാന്ത : അയ്യോ... സാറേ.... എനിക്കൊന്നും അറിഞ്ഞൂടാ. ഞാനൊരു പാവമാ സാറേ. വയറ്റിപ്പെഴപ്പിന് വേണ്ടി എച്ചിലെടുക്കാന്‍ വരണതാ.

ആന്‍റണി: ഉം... പൊയ്ക്കോ പൊയ്ക്കോ..

ഭയന്ന് മുഖത്തോട് മുഖം നോക്കി വേലുവും ശാന്തയും പുറത്തേക്ക് പോയി
.നടപടിക്രമങ്ങള്‍ കഴിഞ്ഞ് മൃതദേഹങ്ങള്‍ പുറത്തു കിടക്കുന്ന ആംബുലന്‍സിലേക്ക് മാറ്റാന്‍ തുടങ്ങവേ ആംബുലന്‍സ് വളയുന്ന ജനക്കൂട്ടം... അവരെ നിയന്ത്രിക്കാന്‍ പാട് പെടുന്ന പോലീസ്‌... അവിടേക്ക് വന്നു നില്‍ക്കുന്ന ഒരു മാരുതി ആള്‍ട്ടോ. അതില്‍ നിന്നും അലമുറയിട്ട്കൊണ്ട് പുറത്തേക്കിറങ്ങുന്ന ശ്രീകല, ഒപ്പം MLA യുടെ ഭാര്യയും, മറ്റു രണ്ട് ആളുകളും. മുഖ ഭാവം കൊണ്ട് മനസ്സിലാക്കാം; അടുത്ത ബന്ധുക്കളാണ്.നിലവിളിച്ചുകൊണ്ട് ആംബുലന്‍സിലേക്ക് ഓടിയടുക്കുന്ന ശ്രീകലയെ, ബഹളം കേട്ട് പുറത്തേക്ക് വരുന്ന MLA യും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചു മാറ്റുന്നതിനിടെ അവര്‍ ബോധമറ്റ്‌ നിലത്തേക്ക് വീണു. കാതടപ്പിക്കുന്ന സൈറനുമായി ആംബുലന്‍സും ഒരു പോലീസ്‌ ജീപ്പും പുറത്തേക്ക് പോയി. തിരികെ വണ്ടിയിലേക്ക് നടന്നടുക്കുന്ന ആന്‍റണിയുടെ അടുത്തേക്ക്‌ ധൃതിയില്‍ എത്തുന്ന ശരത്.


ശരത്: സാര്‍ ആ മൊബൈലിന്‍റെ ഓണറെ പറ്റി ഇന്‍ഫോമേഷന്‍ കിട്ടിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്.

ആന്‍റണി: lady… who is she?

ശരത്: സാര്‍ ആ സ്ത്രീ, നമ്മുടെ തൃപ്പേക്കുളം വിഗ്രഹമോഷണക്കേസിലെ കൂട്ടുപ്രതിയുടെ ഭാര്യയാ. സാര്‍ അറിയും അവനെ; ചുടുകട്ട രമണന്‍.!! അവനാ ആ നമ്പര്‍ ഉപയോഗിച്ചിരുന്നത്.

ആന്‍റണി: then why are you waiting? take him under custody.

ശരത്: സാര്‍, അത്... ഇന്നലെ ഉച്ചയ്ക്ക് ശേഷം അവന്‍ വീട്ടില്‍ ചെന്നിട്ടില്ല.

ആന്‍റണി: പിന്നെന്ത് മാങ്ങാത്തൊലിക്കാടോ താനൊക്കെ ഇവിടെ നിന്ന് തിരിയുന്നത്. ചുടുകട്ട രമണന്‍... I need him under custody within 5 hours. At any cost….

ശരത്: സര്‍. (ശരത് സല്യൂട്ട് ചെയ്ത്‌ പോകുന്നു)


വൈകുന്നേരം TV യില്‍... “കുന്നേറ്റുംകര ഇരട്ടക്കൊലപാതകക്കേസ് വഴിത്തിരിവില്‍...! മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ചുടുകട്ട രമണന്‍ എന്ന് വിളിക്കപ്പെടുന്ന കുപ്രസിദ്ധ മോഷ്ട്ടാവ്‌ പിടിയില്‍....”

തുടരും......

ടീനേജ് ഡ്രീംസ്.!


“എടാ ചെറുക്കാ അത് സയനൈഡാണെടാ. നാക്കില് തട്ടിയാ മതി തട്ടിപ്പോവോടാ” – എന്ന് മുതിര്‍ന്നവര്‍ പറയുമ്പോള്‍ “എന്നാലും കൊഴപ്പോല്ല, എനിക്കതിന്‍റെ ടേസ്റ്റ് ഒന്നറിയണം” എന്ന് തിരിച്ച് പറയുന്നതിനെയാണല്ലോ ഈ ഗൗമാരം ഗൗമാരം എന്ന് പറയുന്നത്.!! അതിനു പ്രത്യേകിച്ച് എന്‍ട്രന്‍സും റാങ്കും ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് ഞാന്‍ പോലുമറിയാതെ എനിക്കും കിട്ടി ഒരു ഗൗമാരം.! ടീനേജ് കോഴ്സ് വലിയ കുഴപ്പങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ അതിന്‍റെ ഫൈനല്‍ സെമസ്റ്ററിലേക്ക് കടക്കുന്ന അവസരത്തിലാണ് എന്‍റെ മനസ്സില്‍ ആ ദാഹം തുടങ്ങിയത്.അതി തീവ്രമായ ഒരു ആഗ്രഹം. എനിക്ക് അതിനൊന്നും ഉള്ള പ്രായം ആയില്ല എന്ന് മാത്രമല്ല, മാനസികമായി, 'ങാ... ഓക്കേ' എന്ന പരുവം ആയിരുന്നെങ്കിലും ശാരീരികമായി ഞാന്‍ ആ 'ലെവലിലേക്ക്' ഉയര്‍ന്നിട്ടേയുണ്ടായിരുന്നില്ല. ഇതൊക്കെ മറ്റാരേക്കാളും എനിക്കാണല്ലോ അറിയുക. എന്നിട്ടും ഞാന്‍ അത് വല്ലാതെ മോഹിച്ചു; എന്‍റെ തെറ്റ്.... ആര് കേട്ടാലും അവരൊക്കെ തെറി വിളിക്കേം ചെയ്യും. എന്നിട്ടും ഞാന്‍ അതാശിച്ചു; ഈ എന്‍റെ തെറ്റ്.... ഒരു പെട്ടി ബ്രൌണ്‍ ഷുഗര്‍ കളഞ്ഞു കിട്ടിയ ഒരുത്തന് അത് വിറ്റ് കാശാക്കാനാവാത്ത അവസ്ഥ!കാര്യം പുറത്ത് പറഞ്ഞാല്‍ എന്‍റെ കോണ്‍ഫിഡന്‍സ് പോകും എന്നുള്ളത് കൊണ്ട് സംഗതി ഞാന്‍ 'കോണ്‍ഫിഡന്‍ഷ്യല്‍ ക്യാറ്റഗറി'യില്‍ തന്നെ പെടുത്തി ഒളിപ്പിച്ചു വച്ചു.! പക്ഷെ ഒരു ദിവസം പിടി വീണു, അമ്മയുടെ വക.....

"എന്താടാ നിനക്ക്? കുറച്ച് ദിവസമായി നിന്നെ ഞാന്‍ വാച്ച് ചെയ്യാന്‍ തുടങ്ങിയിട്ട്"

- അമ്മയ്ക്ക് ഡൗട്ടടിച്ചു തുടങ്ങി. പഴങ്കഞ്ഞിയുടെ അളവും കൂടുന്നു, വീട്ടിലെ പട്ടിയും പൂച്ചയുമൊക്കെ ഓവര്‍ വെയ്റ്റുമാവുന്നു.!! എന്‍റെ സെര്‍വര്‍ ഡൗണാണെന്ന് മനസ്സിലാക്കാന്‍ അമ്മയ്ക്ക് ഇതിലും വലിയ തെളിവ് വേണോ? അല്ലെങ്കിത്തന്നെ "എന്‍റെ മോന്‍ കഴിക്കുന്നതിനനുസരിച്ച് അവന്‍റെ ശരീരം വളരുന്നില്ലല്ലോ എന്റീശ്വരാ....." എന്ന് അമ്മ ഇടയ്ക്കൊക്കെ വിലപിക്കാറുണ്ടായിരുന്നു.!!

"ഏയ്‌.. ഒന്നുമില്ലമ്മാ..." - എന്‍റെ വക അവസാന ശ്രമം.

"ടാ... സത്യം പറഞ്ഞോ. എന്താ നിനക്ക് പറ്റീത്?"

ഹോ! കാര്യം കയ്യീന്ന് പോകുന്ന ലക്ഷണമുണ്ട്. അമ്മ ഒഴിഞ്ഞു പോകുന്നില്ല.

"അത്... അമ്മാ... ഒരു കാര്യം ഉണ്ട്. ഞാന്‍ പറയാം. പക്ഷെ അമ്മ അത് കേള്‍ക്കുമ്പോ ബഹളം ഒന്നും ഉണ്ടാക്കരുത്. എനിക്ക് അങ്ങനെ തോന്നിപ്പോയി"

"എന്ത് തോന്നീന്ന്" അമ്മയുടെ ഭാവം മാറിത്തുടങ്ങി.

"അത്... അത്... എനിക്കറിയാം അമ്മാ എനിക്ക് 17 വയസ്സ് ആകുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ഇങ്ങനെയൊന്നും ചിന്തിക്കാന്‍ കൂടി പാടില്ലെന്ന്. 18 തികയാതെ നിയമപരമായി ഒന്നും ചെയ്യാനും പറ്റില്ല. പക്ഷെ ഇനി എനിക്ക് കാത്തിരിക്കാന്‍ പറ്റൂലമ്മാ.... കാത്തിരിക്കാന്‍ പറ്റൂല...."

ഇത്രേം പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നിന്ന ഞാന്‍ കേട്ടത് ഡും... ഡും... ഡും... എന്ന ബി.ജി.എമ്മില്‍ ശ്രുതി ചേര്‍ത്ത "എന്‍റെ പോന്നു തെന്നൂക്കോണത്തമ്മച്ചീ...." എന്ന നിലവിളിയായിരുന്നു.! അമ്മ നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്നു.!! ഡോള്‍ബീ ഡിജിറ്റല്‍ ശബ്ദം ജീവിതത്തില്‍ ആദ്യമായി കേട്ട്‌ പേടിച്ച്‌, അകത്ത്‌ പഠിച്ചു കൊണ്ടിരുന്ന ഗായത്രിയും ഇറങ്ങി വന്നു. അവളെ കണ്ട പാടെ അമ്മ അവള്‍ക്ക് നേരെ ചാടി.

"എന്ത് കേള്‍ക്കാനാടീ നീയിപ്പോ ഇങ്ങോട്ട് വന്നേ...? കേറിപ്പോടീ അകത്ത്‌." - പിന്നെ ഗായത്രീടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.!

"അമ്മാ ഇങ്ങനെ ബഹളം വെയ്ക്കാന്‍ മാത്രം എന്താ ഇപ്പൊ സംഭവിച്ചത്? എന്നായാലും വേണം, അത് ഒരല്പം നേരത്തെ ആകുന്നു. അത്രയല്ലേയുള്ളൂ."- ഞാന്‍ വീണ്ടും..

ഇപ്പൊ അമ്മയുടെ സകലമാന കണ്ട്രോളും പോയിക്കിട്ടി. ഞാന്‍ എല്ലാം തീരുമാനിച്ച് കഴിഞ്ഞെന്ന്‌ അമ്മയ്ക്ക് മനസ്സിലായി.

അമ്മ നിലവിളിച്ചോണ്ട് ഫോണ്‍ എടുത്ത്‌ ഡയല്‍ ചെയ്തു.

"ഹലൊ... ഹലോ... അതേ ഞാനാ. ഇനി എനിക്ക് ഇവിടെ ജീവിക്കണ്ട. ഇവിടെ ആകെ പ്രശ്നവാ. അടുത്ത പ്ലെയിന്‍ കിട്ടോങ്കി അടുത്ത പ്ലെയിന്‍, ഇങ്ങു വരണേ... നമ്മുടെ മോന്‍ കൈവിട്ടു പോയി. അവന്‍ ദേ ഏതോ പെണ്ണിനെ വിളിച്ചോണ്ട് വരാന്‍ പോണെന്ന്...! ഹലോ.. ഹലോ...ഹലോ....." - ഫോണിന്‍റെ മറുതലക്കല്‍ ഒരു വരിക്കച്ചക്ക വെട്ടിയിട്ട ശബ്ദം മാത്രമേ ഉണ്ടായുള്ളൂ.ഇന്‍ഫാക്റ്റ്, ഞാനും ഞെട്ടി; വീണില്ല എന്നേയുള്ളൂ. ഫോണ്‍ വച്ചിട്ട് എന്‍റെ നേരെ തിരിഞ്ഞ അമ്മയെകണ്ട് എന്‍റെ മുട്ടിടിക്കാന്‍ തുടങ്ങി.

"സത്യം പറയെടാ... ഏതവളാ അത്? എവിടെയാ വീട്? ഏത് നഴ്സറീലാ പഠിക്കുന്നത്? അതോ അംഗന്‍വാടിയിലോ?" അമ്മ ക്വസ്റ്റ്യന്‍ പേപ്പര്‍ പ്രിന്‍റ് ചെയ്തു എന്‍റെ മുന്നിലേക്കിട്ടു.

ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി.

"അമ്മ എന്തൊക്കെയാ ഈ പറയുന്നേ? ഏത് പെണ്ണ്? ഏത് നഴ്സറി? അമ്മയ്ക്ക് വട്ടായാ?"

"പിന്നല്ലാതെ, നീയല്ലേ പറഞ്ഞത്?"

"അയ്യോ ഞാന്‍ പറഞ്ഞത് അതൊന്നുമല്ല"

"പിന്നെ???"

"ഡ്രൈവിംഗ് ക്ലാസ്സിനു പോകുന്ന കാര്യാ.....!!" - ഇപ്പൊ എനിക്ക് പകരം അമ്മ ഞെട്ടി.

"കുറെ നാളായമ്മാ ഇത് തോന്നി തുടങ്ങീട്ട്. എനിക്ക് ഡ്രൈവിംഗ് പഠിക്കണം. 18 വയസ്സായാല്‍ ഉടനെ ലൈസന്‍സും എടുക്കണം."

പിന്നെ ഞാന്‍ പറഞ്ഞതിനൊന്നും അമ്മയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും സൃഷ്ടിക്കാനായില്ല.

"അമ്മാ... അപ്പൊ ഞാന്‍ പൊയ്ക്കോട്ടേ? ഉണ്ണിയാശാന്‍ പഠിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്‌."

ഓഡിയോ മ്യൂട്ടായിരുന്ന അമ്മ എന്തോ ആലോചിച്ച്‌ ഒന്ന് തലയാട്ടി.

ഹോ! അമ്മ സമ്മതിച്ചു..! അന്ന് ഞാന്‍ സന്തോഷമായി ഉറങ്ങി.ഇതേസമയം - സന്തോഷത്തിനിടെ ഞാനും, ഞെട്ടലിനിടെ അമ്മയും മറന്നു പോയ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ വീണ്ടും ഓര്‍ത്തത് പിറ്റേന്ന് രാവിലെ ഗേറ്റിനു മുന്നില്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വന്നു നിന്നപ്പോളായിരുന്നു.!

ആ കാറില്‍ അച്ഛനായിരുന്നു. എന്‍റെ അച്ഛന്‍.!!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ