അറബിക്കോണകം!!കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളുടെ റൂം രാജീവ്ഗാന്ധി മരിച്ചതിന്‍റെ പിറ്റേന്നത്തെ ഓള്‍ ഇന്ത്യാ റേഡിയോ പോലെയായിരുന്നു! ആകെ മൂകം. റൂമിലേക്ക്‌ കയറിയാല്‍ അപ്പൊ കരച്ചില്‍ വരും. മുറിയുടെ ഓരോ മുക്കിലും മൂലയിലും പോലും ദുഃഖം തളം കെട്ടിക്കിടക്കുന്നു. ടി.വി ഫുള്‍ ടൈം മ്യൂട്ടിലാണ്! ആ കട്ടില്‍; ഒഴിഞ്ഞു കിടക്കുന്ന രൂപേഷിന്‍റെ ആ കട്ടില്‍- അത് കാണുന്നതാണ് ഏറെ വിഷമം. പൊട്ടിക്കാതെ കട്ടിലിന്‍റെ പുറത്ത് അലക്ഷ്യമായിട്ടിരിക്കുന്ന ഒരു ഫുള്‍ പാക്കറ്റ്‌ ജട്ടി ദുഖത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിച്ചു! ആശിച്ച് വാങ്ങിയിട്ട് അതിലൊന്ന് പോലും ഇട്ട് നിര്‍വൃതിയടയാന്‍ ദൈവം അവന് സമയം അനുവദിച്ചില്ല! ഒരുപക്ഷെ എല്ലാം ആ ജട്ടിപ്പാക്കറ്റിന്‍റെ എരണക്കേടാവും. അത് വാങ്ങിക്കൊണ്ട് വന്നതിനു ശേഷമാണ് എല്ലാം സംഭവിച്ചത്. ഐശ്വര്യം കേട്ട സാധനം. അല്ലെങ്കിലും ഈ ജട്ടി കണ്ടു പിടിച്ചവനെയൊക്കെ തല്ലിക്കൊല്ലണം. കിളിയെ പിടിച്ച്‌ കൂട്ടിലടയ്ക്കുന്നതിനു തത്തുല്യമായ തെറ്റല്ലേ അത്!!!

ഇടയ്ക്കിടെ ബാലു ദുഖത്തിന്‍റെ പേരും പറഞ്ഞ് കള്ള്‌ കുപ്പി തുറക്കേം അടയ്ക്കേം ചെയ്യുന്നതൊഴികെ രണ്ടു ദിവസമായി റൂമില്‍ കാര്യമായ വയ്പ്പും കുടിയുമൊന്നുമില്ല. അതുകൊണ്ട് തന്നെ രണ്ടു ദിവസം മുന്നേ വരെ മല്‍ഗോവ മാങ്ങ പോലെയിരുന്ന ഞങ്ങള്‍ ഇപ്പോള്‍ ഉപ്പിലിട്ട മാങ്ങ പോലായി.! ‘വെള്ളിയും ശനിയും അവധിയായിപ്പോയതാണ് പ്രശ്നം. ഇനി ഇന്നേ രണ്ടിലൊന്ന് അറിയാന്‍ പറ്റൂ’ എന്ന് മനോജ്‌, പുറത്ത് ആരോടോ പറയുന്നത് ശ്രദ്ധിക്കുന്നതിനിടയിലാണ് ഫോണ്‍ റിംഗ് ചെയ്തത്. ഫോണ്‍ എടുത്ത് ചെവിയിലോട്ട് വച്ച്, ലോ- വോള്‍ട്ടേജില്‍ ഞാന്‍ ഒരു ‘ഹലോ....’ പറഞ്ഞു. പ്രതീക്ഷിച്ച മറുഹലോ കിട്ടിയില്ലെന്ന് മാത്രവുമല്ല, ഹൈ വോള്‍ട്ടേജില്‍ ഒരു തെറി ഫോണില്‍ നിന്നും ചെവിയിലൂടെ ബ്രെയിനിലേക്ക് പാഞ്ഞു! ശെടാ! ഇതാരിത്? രാവിലെ ഹലോയ്ക്ക് പകരം ഔട്ട്‌ ഓഫ് സിലബസ്‌ വാക്ക് പറയുന്നേ? നമ്പര്‍ ഒന്നുകൂടി നോക്കി. കമ്പനിയുടെ PRO ആണ്. അപ്പൊ വിളിച്ച വാക്ക് ഔട്ട്‌ ഓഫ് സിലബസല്ല.! കര്‍ണ്ണപടത്തെ പ്രകമ്പനം കൊള്ളിച്ച ആ മുട്ടന്‍ തെറി ഞാന്‍ കേട്ടതേയില്ല എന്ന മട്ടില്‍ ചോദിച്ചു – “അല്ല, എന്തായി സാര്‍?”
“എന്താവാന്‍? ജയിലിലേക്ക് വിട്ടിട്ടില്ല; സ്റ്റേഷനില്‍ തന്നായിരുന്നു; വിട്ടു. വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോ...”
“ഹോ...! ഭാഗ്യം.”
“ഭാഗ്യോ..? എടാ നാറികളെ, നീയൊക്കെ ഇതിനാണോടാ നാട്ടീന്ന് കുറ്റീം പറിച്ചോണ്ട് ദുബായിലേക്ക് വന്നത്? പട്ടാപ്പകല്‍, കണ്ട കാട്ടറബിയുടെയൊക്കെ മുണ്ട് അഴിച്ചെടുക്കാന്‍? അതും ട്രെയിനിനകത്ത് ഇത്രേം ആളുകളുടെ മുന്നേ വച്ച്.....”
“സാര്‍, അത്... ആക്ച്വലി സംഭവിച്ചത്....”
“സംഭവിച്ചത് ഒന്നേയുള്ളൂ... നിന്‍റെയൊക്കെ കൂട്ടുകാരന്‍റെ പേരില്‍ ഇപ്പൊ കേസ്‌ ഒന്നല്ല; രണ്ടാ രണ്ട്!”
“രണ്ടാ?”
“ഓ.... പാവം; ഒന്നും അറിഞ്ഞൂടാ... പരസ്യമായിട്ട് അറബിയുടെ മുണ്ട് പൊക്കിയതും, കള്ള്‌ കുടിച്ച് കണ്ട പെണ്ണുങ്ങളുടെ മുതുകത്ത് ഉമ്മ വച്ചതും!”
“സെന്‍റീശ്വരാ..... ന്നുള്ള എന്‍റെ റിയാക്ഷന്‍ പോലും കേള്‍ക്കാന്‍ തയാറാകാതെ PRO എന്ന് പേരായ ആ ഭൂലോക നാറി ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു.

ദുബായ് പോലീസിനും കേരളാ പോലീസിനെ പോലെ കിട്ടിയവനെ കള്ളനാക്കുന്ന ‘ക്രിയേറ്റിവിറ്റി’ ഉണ്ടെന്ന്‍ ഇപ്പൊ ഏകദേശം വ്യക്തമായി. അല്ലെങ്കില്‍, വെറുമൊരു ‘മുണ്ട്’ കേസില്‍ പിടിക്കപ്പെട്ട രൂപേഷിന്‍റെ തലയില്‍ ഒരു ‘തുണ്ട്’ കേസും കൂടി വച്ച് കെട്ടി സ്ത്രീപീഡനത്തിന്‍റെ അധികച്ചുമതല കൂടി നല്‍കില്ലായിരുന്നല്ലോ!
കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ തുണികള്‍ വാരി വലിച്ചിട്ട് ഞങ്ങള്‍ പോലീസ്‌ സ്റ്റേഷനിലേക്ക് കത്തിച്ചു. കാര്‍ ഷെയ്ഖ്‌ സയ്ദ് റോഡിനെ ചുംബിച്ച് ഒഴുകി നീങ്ങി. പെട്ടെന്നാണ് അത് കണ്ണില്‍ പെട്ടത്. രാജവെമ്പാലയുടെ മുട്ട എന്‍ലാര്‍ജ്‌ ചെയ്തത് പോലെ മാള്‍ ഓഫ് ദി എമിറേറ്റ്സിലെ മെട്രോ സ്റ്റേഷന്‍! ഈ മെട്രോ സ്റ്റേഷനില്‍ ഒന്ന് കയറിപ്പോയതുകൊണ്ടാണ്‌ പാവം രൂപേഷിന് ഇപ്പൊ പോലീസ്‌ സ്റ്റേഷനില്‍ നില്ക്കേണ്ടി വന്നത്......

ഫ്ലാഷ് ബാക്ക്.........
മേനോന്‍ നഗറില്‍ വന്നിട്ട് മേനോനെ കണ്ടില്ല എന്ന് പറഞ്ഞ പോലെയായിരുന്നു ദുബായില്‍ വന്ന് മൂന്നര വര്‍ഷം കഴിഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍! ‘അതായിട്ടിനി എന്തിനു കുറക്കണം’ എന്ന ചിന്തയാണ് ഞങ്ങളെ ഗ്ലോബല്‍ വില്ലേജില്‍ എത്തിച്ചത്.

വ്യാഴാഴ്ച്ച: വൈകുന്നേരം 7 മണി, ഗ്ലോബല്‍ വില്ലേജ്‌.
ഇത്രയും സുന്ദരിപ്പെണ്‍പിള്ളാരെ ഇതിനു മുന്‍പ്‌ ഇങ്ങനെ ഒരുമിച്ചു കണ്ടത് ആറ്റിങ്ങലിലെ ഒരു ഫെയ്മസ് ട്യൂട്ടോറിയല്‍ കോളേജ്‌ പ്രിന്‍സിപ്പാളിന്‍റെ കല്യാണത്തിന് വീഡിയോ ക്യാമറയ്ക്ക് ലൈറ്റടിക്കാന്‍ പോയപ്പോഴാണ്! അലങ്കാര്‍ ബേക്കറിയിലെ കണ്ണാടിക്കൂടിനകത്ത് അടുക്കി വച്ചിരിക്കുന്ന അലുവാ കഷണങ്ങള്‍ പോലെ, പുറമേ നല്ല ഫിനിഷിംഗ് ഉള്ള അവറ്റകള്‍ സ്വാഭാവികമായും ഞങ്ങളുടെ വായില്‍ വെള്ളപ്പൊക്കമുണ്ടാക്കി!
പെട്ടെന്നായിരുന്നു അത്! ‘അത്തള പുത്തള തവളാച്ചീ... ചുക്കുമ്മേലിരിക്കുന്ന ചൂളാപ്പ്.... മറിയം വന്നു വിളക്കൂതി... ഫൂ..ഫൂ..ഫൂ..!’ അവിടെയുണ്ടായിരുന്ന ആളുകളില്‍ മലയാളികള്‍ മാത്രം സ്റ്റ്ക്കായി. ഒരുമാതിരി ആക്കിക്കൊണ്ടുള്ള അവരുടെയെല്ലാപേരുടെയും ചിരിയും നോട്ടവും എന്നെ കേന്ദ്രീകരിച്ചല്ലേ എന്നെനിക്ക് തോന്നി. അല്ലല്ല, തോന്നലല്ല അതെന്നെ തന്നെയായിരുന്നു. N73 ചതിച്ചതാ.! അതെന്‍റെ റിംഗ് ടോണായിരുന്നു. ഏതായാലും തവളാച്ചിയെ വീണ്ടും കരയാന്‍ അനുവദിച്ചില്ല! ധൃതിയില്‍ കോള്‍ റിസീവ് ചെയ്തു. മറു വശത്തു നിന്നും രൂപേഷിന്‍റെ ശബ്ദം കേട്ട ഞാന്‍ തിരിഞ്ഞു നോക്കി.ഇത്രേം നേരം ഒപ്പം ഉണ്ടായിരുന്നവരില്‍ രൂപേഷിനെ മാത്രം കാണാനില്ല!
“എടാ നീ എവിടാടാ രൂപേഷേ?”
“ഓ... എനിക്ക് മടുത്തെടെയ്‌... ഞാനിങ്ങ്‌ ഗേറ്റിന് പുറത്തിറങ്ങി. വേഗം വാ... പോകാം...”

ഇത്രേം നേരം പട്ടിക്ക് ബ്രെഡ്‌ കിട്ടിയ പോലെ കണ്ട പെണ്‍പിള്ളാരെയൊക്കെ ഒന്നൊഴിയാതെ നോക്കി രസിച്ച് അന്ന നട നടന്ന ചെക്കനാ. ദേ.. ഇപ്പൊ ഒക്കെ മടുത്തെന്ന്. അല്ലെങ്കിലും ഒരു ബിയര്‍ അകത്ത് ചെന്നാല്‍ പിന്നെ രൂപേഷിന്‍റെ സ്വഭാവം പത്തുപതിനഞ്ച് വര്‍ഷം മുന്നത്തെ ISRO യുടെ റോക്കറ്റ്‌ വിക്ഷേപണം പോലെയാണ്! എങ്ങനെയൊക്കെ എപ്പോഴൊക്കെ എങ്ങോട്ടൊക്കെ തിരിയുമെന്ന് പടച്ചോന് പോലും പിടി കിട്ടില്ല! ഏതായാലും രൂപേഷിന് മടുത്ത സ്ഥിതിക്ക് പൊയ്ക്കളയാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ പുറത്തിറങ്ങുമ്പോഴും, ഗേറ്റിന് പുറത്തു നിന്ന് രൂപേഷ്‌ ചില ഫിലിപ്പൈന്‍ മെയ്ഡ് അലുവകളുടെ ടേസ്റ്റ് നോക്കുന്നുണ്ടായിരുന്നു! ഞങ്ങളെകണ്ടതും “ഇവിടെയാകെ ബോറ്. എനിക്കിപ്പം എമിറേറ്റ്‌സ് മാളില്‍ പോണം” എന്നായി രൂപേഷ്‌. വിട്ടു വണ്ടി എമിറേറ്റ്‌സ് മാളിലേക്ക്. പക്ഷെ അവിടെയെത്തിയപ്പോള്‍ രൂപേഷിന്‍റെ തീരുമാനം വീണ്ടും മാറി.
“എടാ നമ്മളിത് വരെ മെട്രോ ട്രെയിനില്‍ കേറീലല്ലോ..? പോയാലോ..?” – എന്നായി പുതിയ ആവശ്യം.

ഞങ്ങള്‍ ടിക്കറ്റെടുത്ത് മുകളിലെ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. കാരക്കുറ്റി മുക്കിലെ കുമാരന്‍ കണ്ട്രാക്കിന്‍റെ രണ്ടാമത്തെ മോന്‍ ഷിബുവിന്‍റെ ഫെയ്സ്കട്ടുള്ള ദുബായ്‌ മെട്രോയുടെ ട്രെയിനുകള്‍ മുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് താഴെ റോഡില്‍ നിന്നും, വണ്ടിയിലിരുന്നും ഒക്കെയേ കണ്ടിരുന്നുള്ളൂ എന്നതിനാല്‍ ആകാംഷ ഭയങ്കരമായിരുന്നു. നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്. ട്രെയിന്‍ വരുന്നുണ്ടെന്ന അറിയിപ്പ് വന്നതും രൂപേഷ്‌ മുന്നിലെക്കൊന്ന്‍ ആഞ്ഞു നിന്നു. ട്രെയിന്‍ കണ്ടതും അവന്‍ ട്രെയിനിന് നേരേ കൈ കാണിച്ചു.! ചുറ്റിനും ഉള്ളവര്‍ ചിരിച്ചുകൊണ്ട് അവനെ നോക്കുന്നുണ്ട്. ഞങ്ങള്‍ അവനെ പിന്നിലേക്ക്‌ വലിച്ചു നോക്കി. പക്ഷെ അവന്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നിലേക്ക്‌ പോയി വീണ്ടും ട്രെയിനിന് നേരെ കൈ വീശി കാണിച്ചു. എന്നിട്ട് ചുറ്റിനുമുള്ള ആളുകളെ പുച്ഛത്തോടെ ഒന്ന് നോക്കി. ട്രെയിന്‍ നിര്‍ത്തിയതും എല്ലാരും ചാടിക്കേറി. രൂപേഷിന്‍റെ മുഖത്ത് അധികം വന്ന പുച്ഛം ഇപ്പോഴും അങ്ങിങ്ങ് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് ഞാന്‍ കാര്യം തിരക്കി.
“എന്താടാ രൂപേഷേ മുഖം വല്ലാതെ?”
“അല്ലെടാ എല്ലാം കള്ള നായിന്‍റെ മക്കളാ... ഒരുത്തനും വണ്ടിക്ക് കൈ കാണിക്കാന്‍ വയ്യ; എന്നിട്ട് നമ്മള് കഷ്ട്ടപ്പെട്ട് കൈ കാണിച്ച് വണ്ടി നിര്‍ത്തിയപ്പൊ എല്ലാം കൂടി ചാടിക്കേറിയത് കണ്ടില്ലേ..? നാണമില്ലാത്ത വര്‍ഗ്ഗങ്ങള്‍.... അലവലാതികള്‍... പ്ഫൂ...!”
ചിരി വന്നെങ്കിലും രൂപേഷിന്‍റെ രോഷപ്രകടനത്തോട് അങ്ങനെ പ്രതികരിക്കാന്‍ തോന്നീല. ഞങ്ങള്‍ ബാക്കിയുള്ളവര്‍ പരസ്പരം നോക്കി ഉള്ളുകൊണ്ട് ചിരിച്ചു!

കൈ കാണിക്കാന്‍ ആളില്ലാഞ്ഞിട്ടും മെട്രോ വണ്ടി അടുത്ത സ്റ്റേഷനിലും നിര്‍ത്തി ! വീണ്ടും ആളുകള്‍ കുറേ ഇറങ്ങി; കുറേ കേറി. കയറിയവരുടെ കൂട്ടത്തില്‍ നിന്നും ഒരു അറബിക്കുപ്പായം നടന്നു വന്ന് രൂപേഷിന്‍റെ അടുത്ത് നിന്നു! സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, കുപ്പായം ഒറ്റയ്ക്കല്ല സവാരിക്ക് ഇറങ്ങിയത് എന്ന്. ഉള്ളില്‍ ആളുണ്ട്.! അയാള്‍ ഞങ്ങളെയെല്ലാപേരെയും വല്ലാത്ത അസ്വസ്ഥതയോടെ നോക്കുന്നുണ്ടായിരുന്നു. മുഖം കണ്ടപ്പോള്‍- ‘വെളുത്ത്‌ സുന്ദരന്മാരായ നമ്മുടെ അറബികള്‍ക്ക് ഇയാള്‍ നല്ലൊരു അപവാദമല്ലേ..’ എന്ന് ഉള്ളുകൊണ്ട് ചോദിച്ചു പോയി.!
“എടാ ഇയാളെ കണ്ടിട്ട് ഒരു കള്ള ലക്ഷണമില്ലേ?” – രൂപേഷിന്‍റെ ഈ സംശയം സാവധാനം ഞങ്ങളെ എല്ലാപേരെയും പിടികൂടി. അറബിക്കുപ്പായക്കാരനെ അടിമുടി പരിശോധനയ്ക്ക് വിധേയനാക്കിക്കൊണ്ടിരുന്ന രൂപേഷിന്‍റെ റഡാറില്‍ പെട്ടെന്നാണ് അത് പതിച്ചത്! യുറീക്കാ യുറീക്കാ.... എന്നതിന് പകരം ഫെയ്ക്കാ.. ഫെയ്ക്കാ.. എന്ന വാക്ക് അവന്‍റെ വായില്‍ നിന്നും പുറന്തള്ളപ്പെട്ടു!
“എന്തുവാടാ നിനക്ക്?” – ഞാന്‍
“എടാ.. ഇവന്‍ ഒറിജിനല്‍ അറബിയല്ല; ഫെയ്ക്കാ... ഇതേതോ കൂതറ ബംഗാളിയാണ്. അറബിക്കുപ്പായോം ഇട്ട് മോട്ടിക്കാന്‍ ഇറങ്ങിയെക്കുവാ...”
“അത് നിനക്കെങ്ങനെ മനസ്സിലായി?”
“എടാ കോപ്പേ മുണ്ടി നോക്ക് മുണ്ടി നോക്ക്!”
“എനിക്കൊന്നും വയ്യ; മിണ്ടാന്‍ ചെന്നിട്ട് ഇനി അങ്ങേര് ഒറിജിനല്‍ അറബിയാണെങ്കിലോ? തെറി വിളിച്ചാല്‍ തിരിച്ച് വിളിക്കാന്‍ പോലും പറ്റൂല”
“യ്യൂ...! അതല്ല; ഉടുതുണി.... ഉടുതുണീ...!” സ്വരം താഴ്ത്തി, പല്ലിറുക്കി രൂപേഷ്‌ പറഞ്ഞു.

മൈ ഗോഡ്‌! മനസ്സിലായി. റാംജീറാവു സ്പീക്കിംഗ്, മുകേഷ്‌, ഇന്നസെന്‍റ്... ഒക്കെ ഒരു മിന്നല്‍ പോലെ പാഞ്ഞു. സംഗതി പിടികിട്ടി. എന്‍റെ ഉടുതുണിക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു! പുതിയ പാന്‍റ്സാണ് സൈസും കറക്റ്റല്ല; ബെല്‍റ്റ്‌ ‌ ഇട്ടാലും നല്ല ലൂസാ..! സാധനം ഊരി താഴെ പോയി; അതുറപ്പാ. അല്ലെങ്കില്‍ രൂപേഷ്‌ ഇങ്ങനെ ഒരു സിഗ്നല്‍ തരില്ല. ചുറ്റിനും പെണ്ണുങ്ങളാണ്. ഒന്നുമേ സംഭവിച്ചിട്ടില്ല എന്ന ഭാവേന എല്ലാപേരെയും പരതി നോക്കിക്കൊണ്ട് ഞാന്‍ കാല്‍മുട്ട് മടക്കി താഴെ വീണു കിടക്കുന്ന പാന്‍റ് വലിച്ച് പഴയ സ്ഥലത്ത് റീഫിറ്റ്‌ ചെയ്യാനായി കൈ നീട്ടി. ഠിം! ഒന്നുമില്ല; കയ്യില്‍ ഒന്നും തടഞ്ഞില്ല. ഈശ്വരാ ഇനി വഴിയിലെങ്ങാനും ഊരിപ്പോയോ!? ഒടുക്കം രണ്ടും കല്‍പ്പിച്ച് ഞാന്‍ എന്‍റെ താഴ്വാരത്തേക്ക് ഒന്ന് നോക്കി! അത്ഭുതമായിരിക്കുന്നു! എല്ലാം വച്ചിടത്ത് തന്നെയുണ്ട്. പാന്‍റും ബെല്‍റ്റും എല്ലാം....! അപ്പോഴും മനോജും റംഷീദും ട്രെയിനിനുള്ളില്‍ ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞ് ദേഷ്യത്തോടെ രൂപേഷിനെ നോക്കി. അവന്‍ വീണ്ടും കണ്ണ്‍ പാതിയടച്ച്‌ പല്ലിറുക്കി പറഞ്ഞു- “മുണ്ട്.. മുണ്ട്.. ഉടുതുണി.. ഉടുമുണ്ട്..”!
ശോ! ആകെ കണ്‍ഫ്യൂഷനായല്ലോ. ഞാന്‍ അല്‍പ്പം കൂടി രൂപേഷിനോട് ചേര്‍ന്ന് നിന്ന് പറഞ്ഞു- “എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആളെ മക്കാറാക്കാതെ തെളിച്ച് പറയെടാ പട്ടീ..!”
“ഹോ! അപ്പൊ നിനക്കിതുവരെ മനസ്സിലായില്ലാ? എടാ നീ ആ അറബിക്കുപ്പായക്കാരന്‍റെ കുപ്പായത്തിന്‍റെ താഴേക്ക് നോക്കിയേ...”

രൂപേഷ്‌ പറഞ്ഞ സ്പോട്ടിലേക്ക് നോക്കിയ എന്‍റെയും അന്തം കൈവിട്ടു പോയി! അറബിയുടെ കുപ്പായത്തിന്‍റെയുള്ളില്‍ നിന്നും ഒരു കള്ളിമുണ്ടിന്‍റെ തല പുറത്തേക്ക് നീണ്ടു കിടക്കുന്നു! ഇത് ബംഗാളികള്‍ മാത്രം ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കള്ളിമുണ്ടാണ് എന്നാണ്‌ രൂപേഷിന്‍റെ വാദം.
“നീ നോക്കിക്കോ ഞാന്‍ അവന്‍റെ കള്ളം ഇപ്പൊ പുറത്താക്കിത്തരാം” - എന്നും പറഞ്ഞ് രൂപേഷ്‌ മെല്ലെ നീണ്ടു കിടന്ന മുണ്ടിന്‍റെ തല കയ്യിലെടുത്തു! എന്തോ വീരകൃത്യം ചെയ്യാന്‍ പോകുന്ന പോലെ എന്നെയും മനോജിനെയും റംഷീദിനെയും നോക്കിക്കൊണ്ട്, ജനറേറ്റര്‍ സ്റ്റാര്‍ട്ട് ‌ ചെയ്യാനായി ചരട് വലിക്കുന്ന ‘ലൈറ്റ്‌ & സൗണ്ട്’ ജീവനക്കാരനെപ്പോലെ സര്‍വ്വശക്തിയും എടുത്ത് ഒരൊറ്റവലി!

‘പടച്ചതമ്പുരാനെ....’ എന്നായിരുന്നിരിക്കണം, അറബിഭാഷയിലെ അത്തരത്തില്‍ പെട്ട ഒരു നിലവിളിയായിരുന്നു പിന്നീട് ട്രെയിനിനുള്ളില്‍ കേട്ടത്. കുപ്പായത്തിനുള്ളിലെ, അറബിയുടെ മദര്‍ബോര്‍ഡ്‌ പൊതിഞ്ഞതിന്‍റെ ബാക്കിപത്രമായിരുന്നു രൂപേഷിന്‍റെ കയ്യില്‍ ഇരുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകാന്‍ ആ രോദനം ധാരാളമായിരുന്നു! മുണ്ടഴിഞ്ഞില്ല എന്ന് മാത്രവുമല്ല അറബിയുടെ മദര്‍ബോര്‍ഡിന് കാര്യമായ ക്ഷതവുമേറ്റു! പാവം അറബി സ്ലോ മോഷനില്‍ തിരിഞ്ഞ് രൂപേഷിനെ ദയനീയമായി നോക്കി. ‘മുണ്ടെവിടെയോ ഉടക്കി’ എന്ന ഭാവത്തില്‍ രൂപേഷ്‌ എന്നെ നോക്കി. “അയാളുടെ കള്ളം പുറത്താക്കും എന്ന് പറഞ്ഞിട്ട് അയാളുടെ കണ്ണാണല്ലോടാ സാമദ്രോഹീ നീ പുറത്താക്കിയത്” – എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവനെ തിരിച്ചും നോക്കി!

ആളുകളെല്ലാം അന്തം വിട്ടു നില്‍ക്കുന്നു. അല്‍പ്പസമയം നിലച്ചുപോയ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലായതോടെ അറബിക്ക് അനക്കം വച്ചു! കളി കാര്യായി. അയാള്‍ പോലീസിനെ വിളിച്ചു.! അടുത്ത സ്റ്റേഷനില്‍ രൂപേഷിനെ റിസീവ് ചെയ്യാന്‍ ദുബായ്‌ പോലീസ്‌ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടറബി എന്തൊക്കെയോ അറബിയില്‍ പോലീസിനോട് പറയുകയും തന്‍റെ ‘തിരുവസ്ത്ര’ത്തിന്‍റെ വാല്‍ഭാഗം ഇടയ്ക്കിടെ പോക്കിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു! രൂപേഷാണെങ്കില്‍ ‘എന്നെ ഇപ്പൊ തൂക്കിക്കൊല്ലോല്ലോ ദൈവമേ...’ എന്ന കണ്ടീഷനില്‍ നില്‍ക്കുന്നു. ഒടുക്കം അത് സംഭവിച്ചു. ദുബായ്‌ പോലീസിന്‍റെ കൈ രൂപേഷിനെ പിടികൂടി! പിന്നെ കേട്ടത് അകന്നകന്നു പോകുന്ന രൂപേഷിന്‍റെ നിലവിളിയായിരുന്നു. “എന്‍റെ പൊന്ന് പോലീസേ... എന്നെ ഒന്നും ചെയ്യല്ലേ... അറബികളും കോണാന്‍ ഉടുക്കും എന്ന് എനിക്കറിയത്തില്ലായിരുന്നേ...!” എന്ന നിലവിളി!
...................................................................

കാര്‍ നിന്നു. പോലീസ്‌ സ്റ്റേഷന്‍റെ മുന്നില്‍ തന്നെ രൂപേഷ്‌ നില്ക്കുന്നുണ്ട്. സങ്കടത്തെക്കാള്‍ കൂടുതല്‍ ചമ്മലായിരുന്നു അവന്‍റെ മുഖത്ത്.
“എടാ നിന്നെയവര്‍ പെണ്ണ് കേസിലും കുടിക്കിയല്ലെടാ..” എന്ന ചോദ്യത്തിന് വളിച്ച ചിരിയോടെ അവന്‍ മറുപടി പറഞ്ഞു.
“കള്ളക്കേസല്ലടാ.... ഗ്ലോബല്‍ വില്ലേജില്‍ വച്ച് ഒരു സംഭവമുണ്ടായി. നിങ്ങള്‍ക്കറിയാല്ലോ കള്ള്‌ കുടിച്ചാ എനിക്ക് കൊച്ചുങ്ങളെ കണ്ടാല്‍ ഉമ്മ വയ്ക്കണം. അന്നിതേപോലെ ഒരു കൊച്ചിനെ ഉമ്മ വയ്ക്കാന്‍ ചെന്നതാ. പക്ഷെ കൊച്ച് തള്ളേടെ തോളത്തായിരുന്നെടാ. ഞാന്‍ ഉമ്മ വയ്ക്കാന്‍ ചെന്നതും കൊച്ച് മാറിക്കളഞ്ഞു. ഉമ്മ, കൊച്ചിന് പകരം അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.! അവര്‍ പ്രശ്നമുണ്ടാക്കീല. പക്ഷെ അവിടെയുണ്ടായിരുന്ന പോലീസുകാരന്‍, ഞാന്‍ കള്ള്‌ കുടിച്ചിട്ടുണ്ട് എന്നും പറഞ്ഞ് എന്നെ പിടിച്ച് പുറത്താക്കി. അങ്ങനെയാ ഞാന്‍ നിന്നെ വിളിച്ചിട്ട് നമുക്ക് പോകാം എന്ന് പറഞ്ഞത്.
“എന്നിട്ട് ഇവര്‍ എങ്ങനെ അറിഞ്ഞു ആ കാര്യം?”
“അതാടാ ഭയങ്കര ഇരുട്ടടിയായത്. പണ്ടാരടങ്ങാന്‍ ആ പോലീസുകാരന്‍ ഈ സ്റ്റേഷനിലെ വലിയ പുലിയാടാ.! പാമ്പ് കടിക്കാനായിട്ട് ആ കാട്ടറബി അയാളുടെ അളിയനും!!!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ