ആര്‍ക്ക് ഞാന്‍ കൊടുക്കും???



(ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലെ "എനിക്കും ഒരു നാവുണ്ടെങ്കില്‍" എന്ന പാട്ടിന്‍റെ ട്യൂണില്‍ വച്ച് പിടിച്ചോ)

എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
ഇത്തവണ ആര്‍ക്ക് ഞാന്‍ കുത്തും..?
കോണ്‍ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?

എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
എന്റ്മ്മേ... ആര്‍ക്ക് ഞാന്‍ കുത്തും..?

ഇടമലയാറിന്‍ ക്ഷീണം മാറ്റാന്‍ ഹെലികോപ്റ്ററുകള്‍ പറക്കും...
കോണ്‍ഗ്രസ്സ് ഹെലികോപ്റ്ററുകള്‍ പറത്തും!!
ഐസ്ക്രീമ്..... കിംഗ്‌ഫിഷറ്‌..... പറയൂ ഇനിയേത്......
ഐസ്ക്രീമ്..... കിംഗ്‌ഫിഷറ്‌..... പറയൂ ഇനിയേത്......
പറയൂ..... ചാണ്ടിച്ചാ..........
ചാണ്ടിച്ചാ... രമേശാ.... ഗണേശാ.....!

(എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....
ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?)

വകുപ്പ് കിട്ടാന്‍ കടിപിടി കൂടും ഇടതന്മാരുടെ ലോകം.....
നമ്മള്‍ മലയാളികളുടെ യോഗം....!
പോളിറ്റ്‌ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ്‌ നിഷേധിക്കല്‍ ....
പോളിറ്റ്‌ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ്‌ നിഷേധിക്കല്‍ ....
പറയൂ.... അച്ചുമാമാ.........
അച്ചുമാമാ..... വിജയന്‍മാമാ..... ബാലന്‍മാമാ.....

തനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് താന്‍ കൊടുക്കും....
ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?
കോണ്ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?

എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കൊടുക്കും....
വോട്ട്‌.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?
വോട്ട്‌.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?
വോട്ട്‌.... ആര്‍ക്ക് ഞാന്‍ കൊടുക്കും..????

ജട്ടീല്ലാക്കോണം!!



ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ മുടപുരത്തിന് തെക്ക് പടിഞ്ഞാറായിക്കിടക്കുന്ന പട്ടീല്ലാക്കോണം ജട്ടീല്ലാക്കോണമായി രൂപാന്തരം പ്രാപിച്ചത്- “ഇതിനൊരു ജട്ടിയുടെ ഷെയ്പ്പില്ലേ...?” എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ക്കിച്ചന്‍, പഞ്ചായത്താപ്പീസിലെ ചുവരില്‍ തൂക്കിയിരുന്ന പട്ടീല്ലാക്കോണത്തിന്‍റെ ഭൂപടം നോക്കി ഒരു സംശയം ഉന്നയിച്ചതിന്‍റെ പിറ്റേന്ന് മുതലല്ല! ഇത് കഥ വേറെയാണ്. ആ കഥ തുടങ്ങുന്നത് ഒരു മട്ടുപ്പാവില്‍ നിന്നും.! അതെ, രാജധാനിയുടെ ടെറസ്സില്‍ നിന്ന്.!

പേര് കേള്‍ക്കുമ്പോള്‍ ടെലിബ്രാന്‍ഡ്‌ ഷോയുടെ മെയിന്‍ അട്രാക്ഷനായ ‘wo..ww’ പറഞ്ഞു പോകുമെങ്കിലും രാജധാനി ഒരു വീടാണ്. പട്ടീല്ലാക്കോണത്തെ അറിയപ്പെടുന്ന ഒരു വീട്. കുടുംബനാഥന്‍ മിസ്റ്റര്‍ ദുഷ്യന്തന്‍ ടെക്സ്റ്റൈല്‍ ഷോപ്പ് മുതലാളിയാണ്. നടത്തുന്നത് തുണിക്കച്ചവടമാണെങ്കിലും ‘സ്പോര്‍ട്ട് ദുഷ്യന്തന്‍’ എന്ന പേരിലാണ് ആ ചേട്ടന്‍ ഫെയ്മസായത്. അത് ചുമ്മാ കാശ് കൊടുത്താല്‍ കിട്ടുന്ന നാഷണല്‍ അവാര്‍ഡ്‌ പോലെ വാങ്ങി പേരിന്‍റെ ഒപ്പം കെട്ടിത്തൂക്കിയതല്ല ദുഷ്യന്തേട്ടന്‍. കറതീര്‍ന്ന ഒരു കായിക പ്രേമിക്ക്‌ നാട്ടുകാര്‍ അറിഞ്ഞിട്ട പേരായിരുന്നു അത്. കുട്ടിയും കോലില്‍ തുടങ്ങി ക്രിക്കറ്റും ഫുട്ബാളും റഗ്ബിയും വരെയുള്ള എല്ലാ കളികളും ദുഷ്യന്തേട്ടന്‍റെ പരിഗണയും പരിലാളനയും അനുഭവിച്ചവയാണ്! ഒരുപക്ഷെ ഈ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റ്‌ തന്നെയാവണം കുറേ ഐശ്വര്യാറായിമാരെ പെണ്ണ് കണ്ടിട്ടും നെഗറ്റിവ് ഇംപ്രഷനില്‍ നിന്ന ദുഷ്യന്തഹൃദയം പി.ടി. ഉഷയുടെ ശബ്ദവും, കര്‍ണ്ണം മല്ലേശ്വരിയുടെ ശരീരവും, വീനസ്‌ വില്യംസിന്‍റെ നിറവുമുള്ള ശകുന്തളേച്ചിയെ കണ്ടപാടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത് കളഞ്ഞത്. ആഫ്റ്ററോള്‍ ദുഷ്യന്തന്‍ - ശകുന്തള എന്ന ഫെയ്മസ് കപ്പിള്‍സ് ആയിരുന്നിരിക്കണം ദുഷ്യന്തേട്ടന്‍റെ ഉള്ളില്‍. കാഴ്ചയ്ക്ക് ദുഷ്യന്തേട്ടനും, ശകുന്തളേച്ചിയും യഥാക്രമം പാലും കീലും പോലെയായിരുന്നു എങ്കിലും മനപ്പൊരുത്തം കൊണ്ട് അന്നാട്ടിലെ ഐഡിയല്‍ കപ്പിള്‍സ്‌.! എന്നുവച്ചാ ആകാരത്തിലും ആഹാരത്തിലും ശകുന്തളേച്ചി ദുഷ്യന്തേട്ടനെക്കാള്‍ അല്‍പ്പം മുന്നില്‍ നില്‍ക്കും എന്ന വ്യത്യാസം മാത്രം.! അങ്ങനെ അഭിജ്ഞാനശാകുന്തളത്തിന്‍റെ 2nd സീസണ്‍ അവിടെയാരംഭിക്കുകയായിരുന്നു.

പൈലിയാശാന്‍ ഒരു സെന്‍സസ്‌ ഓഫീസറല്ല; എന്നിട്ടും പട്ടീല്ലാക്കോണത്തെ പുരുഷ ജനസംഖ്യ കൃത്യമായി ഓര്‍മ്മ വച്ചിരിക്കുന്നത് നേര്‍ന്നു പോയ നേര്‍ച്ചയോട്‌ ജസ്റ്റിസ്‌ കാട്ടാനുമല്ല. അദ്ദേഹത്തിന്‍റെ ജോലിയുടെ ഒരു നേച്ചര്‍ അതാണ്‌. പുള്ളിയാണ് അവിടുത്തെ ആസ്ഥാന ബാര്‍ബര്‍ . നീല നിറമുള്ള കറങ്ങുന്ന ജനല്‍ പാളികളുള്ള ടിപ്പിക്കല്‍ നാടന്‍ ബാര്‍ബര്‍ ഷോപ്പ്. പട്ടീല്ലാക്കോണത്തെ ഏക ബാര്‍ബര്‍ ഷോപ്പായതിനാലാവണം, തിരക്ക് പരിഗണിച്ച്‌ ഊഴത്തിന് കാത്തിരിക്കുന്നവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ നാല് ചുവരിലും അര്‍ദ്ധനഗ്നരായ മദാമ്മമാരുടെ ചിത്രങ്ങള്‍ ഉണ്ട്! ഇപ്പോഴത്തെ പയ്യന്‍സ് കണ്ടാല്‍ ‘നൈസ് ബിക്കിനി ഗേള്‍സ്‌’ എന്ന് മാത്രമേ പറയുകയുള്ളൂ എങ്കിലും ഇന്‍റര്‍നെറ്റും യു-ട്യൂബും ഇല്ലാതിരുന്ന കാലത്ത് പട്ടീല്ലാക്കോണത്ത് നിന്നും ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഏറ്റവുമധികം ഹോം സിക്ക്നസ്സ് ഉണ്ടാക്കിയിരുന്നത് ഒരുപക്ഷെ ആ ചിത്രങ്ങളായിരുന്നു.! അതായിരുന്നു അന്തക്കാലത്ത് ആ ചിത്രങ്ങളും അന്നാട്ടുകാരും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധം.! ഇന്നിപ്പോള്‍ എല്ലാ പടങ്ങളുടെയും നിറം മങ്ങി. മദാമ്മമാരുടെ ബിക്കിനികളുടെ എക്സ്ക്ലൂസിവ് സോണുകളിലൊക്കെ ഓട്ട വീണു. വീണ ഓട്ടകളിലൂടെ ഗൗളി അകത്തേക്കും പുറത്തേക്കും പോയിത്തുടങ്ങി.!

പൈലിയാശാന്‍റെ ബാര്‍ബര്‍ഷോപ്പിലെ സ്ഥിരം സന്ദര്‍ശകനാണ് അടുത്ത ക്ഷേത്രത്തിലെ കാര്യകാരനായ മാധവേട്ടന്‍. ഏട്ട് മൂത്ത് പോലീസ്‌, കാര്യക്കാരന്‍ മാധവന്‍ മൂത്ത് മൂത്ത് അമ്പലം വിഴുങ്ങി! അതാണ്‌ ലൈന്‍. ആളുകള്‍ വിളിക്കാന്‍ സൗകര്യപ്രകാരം അമ്പലം വിഴുങ്ങി മാധവന്‍ എന്നത് ചുരുക്കി AVM എന്ന് മോഡേണാക്കി. സ്വഭാവം അങ്ങനെയാണെങ്കിലും പട്ടീല്ലാക്കോണത്തെ ഭക്തിയുടെ ബ്രാന്‍ഡ്‌ അംബാസഡറാണ്‌ AVM. പുരാണ സീരിയലിലെ നാരദന്‍ നാരായണ നാരായണ എന്ന് വിളിച്ചു നടക്കുന്ന പോലെ സ്ഥാനത്തും അസ്ഥാനത്തും “ദേവ്യേയ്‌... അമ്മേ... മഹാമായേ..” ചൊല്ലിയാണ് AVMന്‍റെ നടപ്പ്‌. പൈലിയാശാന്‍റെ ഷോപ്പിലെത്തിയാല്‍ AVM ചുറ്റും ഒന്ന് നോക്കും. എന്നിട്ട്, ലോകത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും കാരണം പൈലിയാശാന്‍റെ ഷോപ്പിലെ മദാമ്മമാരാണെന്ന രീതിയില്‍ “ഈ നാണംകെട്ടവള്മാരുടെ വൃത്തികെട്ട പടങ്ങള് മൊത്തം എളക്കിക്കളയെന്‍റ പൈലീ” ന്ന് അറപ്പോടെയും വെറുപ്പോടെയും പറയും.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പട്ടീല്ലാക്കോണം ഒരു ഓട്ടമത്സരത്തിന് വേദിയായി. മത്സരത്തില്‍ ഒന്നാമതായി ഓടിക്കൊണ്ടിരിക്കുന്നയാള്‍ മുഖമൊക്കെ മൂടിക്കെട്ടി സ്വയം അജ്ഞാതനായ നിലയിലായിരുന്നു! അതാര്- എന്നറിയാനായി രണ്ടാമതായി ദുഷ്യന്തേട്ടനും അദ്ദേഹത്തിന് പിന്നിലായി കുറെ നാട്ടുകാരും ഓടി.! പക്ഷെ ഒന്നാംസ്ഥാനക്കാരന്‍ ‘കൊന്നാലും നിക്കൂല’ എന്ന മട്ടില്‍ പാഞ്ഞു കളഞ്ഞു! പിറ്റേന്ന് രാവിലെ, രാത്രി നടന്ന അത്ലറ്റിക് മീറ്റിന്‍റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് പട്ടീല്ലാക്കോണത്തെ മുക്കിലും മൂലയിലും പരന്നത് ഇപ്രകാരമായിരുന്നു – “ദുഷ്യന്തന്‍റെ രാജധാനിയില്‍ രാത്രി കള്ളന്‍ കയറി. പിന്നാലെ ഓടിയ ദുഷ്യന്തനെയും നാട്ടുകാരെയും വെട്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു”.

ആഴ്ച്ച ഒന്ന് കൂടി കഴിഞ്ഞു. വീണ്ടും ഒരു രാത്രികൂടി രാജധാനിയില്‍ നിന്നും ആ വിപ്ലവം പൊട്ടിപ്പുറപ്പെട്ട് റോഡിലേക്ക് നീങ്ങി. റിലേ അടിസ്ഥാനത്തില്‍ ഓടി നോക്കിയിട്ടും ദുഷ്യന്തനെയും നാട്ടുകാരെയും ബഹുദൂരം പിന്നിലാക്കി മുഖം മൂടിയ ഉസൈന്‍ ബോള്‍ട്ട് മിന്നല്‍ പിണറായി. പക്ഷേ, പിറ്റേന്ന് രാവിലെ പത്രത്തോടൊപ്പം ഒരു സംസ്കാരം കൂടി പ്രചരിപ്പിക്കുന്ന ന്യൂസ്പേപ്പര്‍ ബോയ്‌ മനുവിന്‍റെ വായില്‍ നിന്നും പട്ടീല്ലാക്കോണം കേട്ടു, ആ ഞെട്ടിക്കുന്ന സത്യം. രാജധാനിയില്‍ കയറിയ കള്ളന്‍ വെറും ചില്ലറ കള്ളനൊന്നുമല്ല, അയാള്‍ മോഷ്ട്ടിക്കുന്നത് സാധാ ഐറ്റംസുമല്ല. ടെറസ്സിലെ അയയില്‍ ശകുന്തളേച്ചി വിശ്രമം അനുവദിച്ചിരുന്ന, അവരുടെ തന്നെ സെക്കന്‍ഡ്‌ പേപ്പേഴ്സാണ് തുടര്‍ച്ചയായ രണ്ടാം തവണയും അപ്രത്യക്ഷമായിരിക്കുന്നത്.!!!

വാട്ടെവര്‍ ഇറ്റീസ്.... സംഗതി കേറിയങ്ങ് സീരിയസ്സായി. ചരിത്രത്തിലിതു വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത തരം മോഷണ പരമ്പരയെ പറ്റി ആളുകള്‍ നാണിച്ചും കോണിച്ചും പറയാന്‍ തുടങ്ങി. സാധനം മിസ്സായത് രാജധാനിയുടെ ടെറസ്സില്‍ നിന്നുമായിരുന്നു എങ്കിലും ആള് കൂടിയത് പൈലിയാശാന്‍റെ ഷോപ്പിനു മുന്നിലായിരുന്നു. പൈലിയാശാനെതിരെ വമ്പന്‍ ആരോപണങ്ങളുമായി ആളുകള്‍ രംഗത്ത്. പൈലിയാശാന്‍റെ മദാമ്മമാരാണ് നാട്ടില്‍ ഇത്തരത്തിലുള്ള കള്ളന്മാരെ സൃഷ്ട്ടിക്കുന്നത് എന്നായി AVM ഉം കൂട്ടരും. ഒടുവില്‍ മനസ്സില്ലാ മനസോടെയാണെങ്കിലും പ്രക്ഷോഭം കണക്കിലെടുത്ത്‌ പൈലിയാശാന്‍ ചുവരിലൊട്ടിച്ചിരുന്ന, ആ നാടിന്‍റെ സംസ്കൃതിയെ താഴെയിറക്കി! ബിക്കിനി മദാമ്മമാര്‍ക്ക്‌ ശാപമോക്ഷം.! ബിക്കിനി ലേഡീസ്‌ എന്ന അലങ്കാരം പോയതോടെ ഐശ്വര്യാറായിക്ക് 90 വയസ്സായാലെന്ന പോലെയായി പൈലിയാശാന്‍റെ ബാര്‍ബര്‍ ഷോപ്പ്!! പക്ഷെ ഒറ്റ മോഷണത്തിലൂടെ തന്‍റെയും തന്‍റെ ഷോപ്പിന്‍റെയും അഭിമാനവും വരുമാനവും തകര്‍ക്കുകയും, തന്നെ കാണുമ്പോള്‍ ആളുകള്‍ സുകുമാര്‍ അഴീക്കോട്‌ ഇന്നസെന്‍റിനെ നോക്കുന്ന ഭാവത്തില്‍ നോക്കുകയും ചെയ്യുന്ന ലെവലിലേക്ക് കാര്യങ്ങള്‍ എത്തിച്ച ആ കള്ളനെ തന്‍റെ മനസ്സിലെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം നമ്പറായി ആണിയടിച്ച് തൂക്കിക്കഴിഞ്ഞിരുന്നു പൈലിയാശാന്‍.! അതിന്‍റെ തുടക്കമെന്നോണമാണ് പൈലിയാശാന്‍ ദുഷ്യന്തേട്ടനെ രഹസ്യമായി കണ്ട്‌ ഒരു കരാര്‍ ഉറപ്പിച്ചത്. മൂന്നാമതൊരാള്‍ അറിയാത്ത ആ കരാറിന്‍ പ്രകാരം രാജധാനിയുടെ ടെറസ്സിന്‍റെ നൈറ്റ്‌ സെക്യൂരിറ്റി ഓഫീസറായി പൈലിയാശാന്‍ സ്വയം അപ്ഗ്രേഡഡായി!

കളഞ്ഞുപോയ തന്‍റെ ഇമേജ് തിരികെ പിടിക്കാന്‍ ഊണും ഉറക്കവും കളയാന്‍ തയാറായ പൈലിയാശാന്‍റെ കമ്മിറ്റ്മെന്‍റില്‍ ദൈവം പെട്ടെന്ന്‍ കണ്‍വിന്‍സ്ഡായി. രാജധാനിയുടെ ടെറസ്സിലെ അയ ഒരിക്കല്‍ കൂടി കുലുങ്ങി.! മുണ്ടയ്ക്കല്‍ ശേഖരനെ ഒറ്റയ്ക്ക് മുന്നില്‍ കിട്ടിയ മംഗലശേരി നീലകണ്‌ഠനായി മാറി പൈലിയാശാന്‍. അയയിലെ തന്‍റെ ലക്ഷ്യങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടിരുന്ന മുഖം മൂടിയ രൂപം വീണ്ടും ഉസൈന്‍ ബോള്‍ട്ട് ആകും മുന്നേ മംഗലശേരി നീലകണ്ഠന്‍ ചാടി വീണു. അപ്രതീക്ഷിതമായി വീണ പിടിയില്‍ നിന്നും അജ്ഞാതന്‍ കുതറി മാറാന്‍ ശ്രമിച്ചതും, പ്ഠേ....ന്ന് ഒരു ശബ്ദം കേട്ടതും, രാജധാനിയിലെ ലൈറ്റുകള്‍ ഓണ്‍ ആയതും ഒരുമിച്ച്‌.! അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചു.!! ശബ്ദം കേട്ട് ചാടിക്കിതച്ച് കേറി വന്ന ദുഷ്യന്തേട്ടന്‍ കണ്ടത്‌ പൈലിയാശാന്‍റെ ഒരു സമ്മര്‍ കട്ടില്‍ ഊരും ദിക്കും തെളിയാതെ നിന്ന് കറങ്ങുന്ന മുഖം മൂടിയ ആള്‍ രൂപത്തെ. വിട്ടില്ല; പാഞ്ഞു ചെന്ന് മുട്ടുകാല്‍ മടക്കി ഒറ്റക്കേറ്റ്! അജ്ഞാതന്‍റെ ക്ലോക്കിന്‍റെ പെന്‍ഡുലം ഒടിഞ്ഞ് തൂങ്ങി!! പക്ഷെ- പൈലിയാശാനും, ദുഷ്യന്തേട്ടനും, ബഹളം കേട്ട് കയറി വന്ന ശകുന്തളേച്ചിയും ഞെട്ടിയത് അജ്ഞാതന്‍റെ വായില്‍ നിന്നും വന്ന ‘ദേവ്യേയ്.... അമ്മേ.... മഹാമായേ....’ എന്ന ലിറിക്സും നിന്നിടം നനച്ച്‌കൊണ്ട് അയാള്‍ നടത്തിയ ഇളനീര്‍ അഭിഷേകവും കഴിഞ്ഞപ്പോഴാണ്.!!!

അതോടെ AVM എന്ന ഭക്തന്‍റെ പേര് JVM (ജട്ടി വിഴുങ്ങി മാധവന്‍) എന്നും, പട്ടീല്ലാക്കോണം എന്ന നാടിന്‍റെ പേര് ജട്ടീല്ലാക്കോണം എന്നും രെജിസ്റ്റര്‍ ചെയ്യപ്പെട്ടു.!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ