ക്ലിന്‍റന്‍ ഹിറ്റ്സ് -1 ഏപ്രില്‍ ഫൂള്‍ !!ക്ലിന്‍റന്‍ - അപ്പേര് കേട്ടാല്‍ ഞങ്ങള്‍ ചിറയിന്‍കീഴ്കാര്‍ക്ക്, ഒരല്‍പം കൂടി പ്രാദേശികമായി പറഞ്ഞാല്‍ ... മുടപുരത്തുകാര്‍ക്ക് ആദ്യം മനസ്സിലേക്ക് വരിക വൈറ്റ്‌ഹൗസിലെ മോണിക്കാചേച്ചിയുമായി എന്തോ ഒരു ഇംപ്രോപ്പര്‍ ബന്ധം ആരോപിക്കപ്പെട്ട് ഇംപീച്ച്‌ ചെയ്യപ്പെട്ട ആ പഴയ അമേരിക്കന്‍ അച്ചായനെയല്ല; മറിച്ച് ഒരു ചെറുപ്പക്കാരനെയാണ്. പറയാനും മാത്രം അതിനും വേണ്ടി ഗെറ്റപ്പൊന്നുമില്ലെങ്കിലും നാട്ടില്‍ ഇപ്പൊ ക്ലിന്‍റന്‍ വലിയൊരു സെറ്റപ്പാണ്! ടിന്‍റുമോന്‍ വൈറസിന് കീഴടങ്ങാത്ത പ്രദേശത്തിന് അവാര്‍ഡ്‌ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് മുടപുരത്തിനായിരിക്കും.! ക്ലിന്‍റന്‍ കഥകള്‍ പറയാന്‍ തന്നെ സമയം തികയാത്ത പാവം മുടപുരത്തുകാര്‍ ടിന്‍റുമോനെക്കൂടി താങ്ങില്ല. അവര്‍ക്ക് അതിനുള്ള പാങ്ങില്ല!

ജന്മനാ കിട്ടിയ മണ്ടത്തരത്തിനൊപ്പം വീട്ടുകാര്‍ നല്‍കിയ ഒറിജിനല്‍ പേരിനു മുകളില്‍ ക്ലിന്‍റന്‍ എന്ന ക്ലാസിക്‌ നയിം ഒട്ടിച്ച്‌ചേര്‍ത്ത്‌ ക്ലിന്‍റന്‍റെ സ്വന്തം അമ്മ പോലും അവന്‍റെ യഥാര്‍ത്ഥ പേര് മറന്നുപോകും വിധം അതങ്ങ് വിളക്കിച്ചേര്‍ത്ത ജോയ്‌ സാറിനെ ക്ലിന്‍റന്‍ ഇന്നും മാസത്തില്‍ ഒന്നെന്ന കണക്കില്‍ ചെന്ന് കാണുന്നുണ്ട്; ഗുരുപൂജ ചെയ്യാന്‍ ! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ക്ലിന്‍റന്‍ നാട്ടില്‍ ഫേമസായതോടെ, കുഞ്ഞാലിക്കുട്ടി എന്നൊരാള്‍ ഉള്ളതുകൊണ്ട് മാത്രം നാലാളറിഞ്ഞ റൗഫിനെപ്പോലെ ‘ക്ലിന്‍റന് പേരിട്ട സാര്‍’ എന്ന ലേബലില്‍ ജോയ്സാറും പ്രശസ്തനായി! വാട്ടെവര്‍ഇറ്റീസ്.... മിക്ക നാട്ടിന്‍പുറങ്ങളിലും കാണാറുള്ള റെഗുലര്‍ എക്സന്‍ട്രിക് പേഴ്സണാലിറ്റികളുടെ പ്രതിനിധിയായിരുന്നില്ല ക്ലിന്‍റന്‍. അവന്‍ സീരിയസ്സാണ്. ചിലപ്പോഴെക്കെ ജീനിയസ്സുമാണ്! അദ്ദാണ് കുഴപ്പം. എത്ര വലിയ മണ്ടത്തരവും സീരിയസ്സായേ പറയൂ... പുത്തന്‍ അറിവുകള്‍ എല്ലാം സ്വയം അങ്ങ് പരീക്ഷിച്ചുകളയും. ക്ലിന്‍റനെ ഒന്‍പതാം ക്ലാസ്സില്‍ ‘പ്രത്യുല്പ്പാദനം’ പഠിപ്പിച്ച ബയോളജി ടീച്ചര്‍ സാറാമ്മയോട് “എന്ത് പഠിപ്പിച്ചാലും ടീച്ചര്‍ ക്ലാസ്സില്‍ സാമ്പിള്‍ കാണിക്കുന്നതല്ലേ... ഇതിനും സാമ്പിള്‍ വേണം. ഞാന്‍ റെഡി ടീച്ചറും വാ” എന്ന് സീരിയസായി പറഞ്ഞ നിഷ്ക്കളങ്കചരിത്രമാണ് അവന്‍റെ പിന്‍ബലം! പാവം സാറ ടീച്ചര്‍ അതിനു ശേഷം സ്വരക്ഷയും സുരക്ഷയും കരുതി മാത്രം ക്ലിന്‍റനെ മേലില്‍ കയറ്റിയിട്ടില്ല; തിരുത്ത്.... മേലില്‍ ക്ലാസ്സില്‍ കയറ്റിയിട്ടില്ല!!!

എന്തൊക്കെ പ്രോഗ്രാംസ് ഉണ്ടായാലും ഒരു ദിവസവും ക്ലിന്‍റന്‍ മുടക്കാത്ത ഒന്നുണ്ട്. വൈകുന്നേരം ജങ്ങ്ഷനിലേക്കുള്ള വാക്ക്‌ഡൌണ്‍ . അവിടെ, വായനശാലയുടെ തിണ്ണയില്‍ സമയം തെറ്റാതെ അമരുന്ന ചന്തികളില്‍ ഒന്ന് ക്ലിന്‍റന്‍റെതായിരുന്നു.! ക്ലിന്‍റന് അതൊരു ട്യൂഷന്‍ ക്ലാസും ലബോറട്ടറിയുമാണ്. താനിതുവരെ അറിയാത്ത പല വിഷയങ്ങളെയും പറ്റി ക്ലിന്‍റന്‍ ബെയ്സിക്‌ ഇന്‍ഫോര്‍മേഷന്‍സ് കളക്റ്റ് ചെയ്യുന്നതും ഡൌട്ട്സ് ക്ലിയര്‍ ചെയ്യുന്നതും അവിടെയാണ്. ക്ലിന്‍റന്‍റെ പ്രകൃതം നന്നായറിയാവുന്ന അവന്‍റെ ജങ്ങ്ഷന്‍മേറ്റ്സ് അവനെ കുടുക്കില്‍ ചാടിക്കാനുള്ള വഴികളാവും പലപ്പോഴും ഉപദേശിക്കുക.

അങ്ങനെ ഒരിക്കല്‍ ഒരു മാര്‍ച്ച്‌ 31 ന്‍റെ ഈവ്‌ മീറ്റിനിടെയാണ് ക്ലിന്‍റന്‍ ജീവിതത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ എന്ന സംഭവത്തെ പറ്റി അറിയുന്നത്. “അതെന്തുവാടാ ഈ ഏപ്രില്‍ ഫൂള്‍ ?” എന്നൊരു നിഷ്ക്കളങ്ക സംശയം ക്ലിന്‍റന്‍റെ വായില്‍ നിന്നും വീണുടയാന്‍ പിന്നെ കാണിപ്പയ്യൂര്‍ സമയം ഗണിച്ച് പറയുന്ന വരെ കാത്തിരിക്കേണ്ടി വന്നില്ല. ഒപ്പമുള്ള തറവാടികള്‍ക്ക് ക്ലിന്‍റനെ പൂട്ടാന്‍ ഒരു വകുപ്പുമായി.
“അയ്യോ അതറിയില്ലേ നിനക്ക്....? മണ്ടന്‍..! എടാ ഏപ്രില്‍ ഫൂള്‍ എന്ന് പറഞ്ഞാ ഒരുതരം ആചാരമാ... അതായത് ഏപ്രില്‍ ഒന്ന്, എന്നുവച്ചാ നാളെ രാവിലെ നീ ആരെയെങ്കിലും പറ്റി അയാളുമായി അടുത്ത ബന്ധമുള്ള ആരോടെങ്കിലും എടുത്താപൊങ്ങാത്ത ഒരു നുണ പറയണം.” – ഒരു സുഹൃത്തിന്‍റെ ഉത്തരം.
“എന്തിന്?” – ക്ലിന്‍റന്‍ ആകെ കണ്‍ഫ്യൂഷനിലായി.
“ങാ... അതായത്, നിനക്ക് ആരുടെ അടുത്തു നിന്നെങ്കിലും എന്തെങ്കിലും നേടാന്‍ ഉണ്ടെങ്കില്‍ അയാളെ പറ്റി വലിയൊരു നുണ പറയണം. വെറുതെ പറഞ്ഞാല്‍ പോര. കേള്‍ക്കുന്നയാള്‍ അതങ്ങു വിശ്വസിക്കണം. എന്നാലേ ഉദ്ദേശം ലക്‌ഷ്യം കാണൂ... നാളത്തെ ദിവസത്തിന്‍റെ മാത്രം പ്രത്യേകതയാ അത്..”
“സത്യമാണോ?” – ക്ലിന്‍റന് ആവേശം മൂത്ത് മൂത്ത് നല്ല ബ്രൗണ്‍ നിറത്തിലായി.!
“ഹാ.. സത്യമാണോന്നോ? എത്ര ഉദാഹരണങ്ങളാ... നമ്മുടെ ചെങ്കപ്പറമ്പിലെ ബൈജു, ഒരു ജോലീം കൂലീം ഇല്ലാതെ നടന്നവനാന്നേ... ഇത് പോലെ ഒരു ഏപ്രില്‍ ഒന്നിന് എയര്‍പോര്‍ട്ടില്‍ വച്ച് മുകേഷ്‌ അംബാനിയുടെ പെണ്ണുമ്പിള്ളയോട്‌ വെറുതെ... വെറും തമാശയ്ക്ക് പറഞ്ഞു- ചേച്ചീ ചേച്ചീടെ കെട്ട്യോന്‍ മുകേഷണ്ണനെ പലപ്രാവശ്യം വേറെ പെണ്ണുങ്ങളുടെ ഒപ്പം ഇവിടെയൊക്കെ കണ്ടിട്ടുണ്ട്. ചേച്ചി ഒന്ന് സൂക്ഷിക്കണം എന്ന്.”
“എന്നിട്ട്”
“എന്നിട്ടെന്താ 24 മണിക്കൂറ്‌ കഴിഞ്ഞില്ല; ബൈജുവിന് റിലയന്‍സ്‌കാര് ഫ്യുവല്‍ ഡ്രോപ്പറായി ജോലി കൊടുത്തില്ലേ?”
“റിലയന്‍സ്‌കാരോ? ഫ്യുവല്‍ ഡ്രോപ്പറോ???”
ങാ.. റിലയന്‍സ്കാരുടെ പമ്പില് പെട്രോള്‍ ഒഴിക്കലല്ലേ അവന്‍റെ പണി.!!”
“ഹോ വിശ്വസിക്കാന്‍ പറ്റണില്ല. ഈ ഏപ്രില്‍ ഫൂള്‍ ഒരു സംഭവം തന്നെ. എനിക്ക് ഇതുകൊണ്ട് ഒരു കാര്യം നേടാനുണ്ട്.” - ക്ലിന്‍റന്‍ നയം ക്ലിയറാക്കി.
“ഹും... നല്ല കാര്യം. പക്ഷെ എല്ലാം പ്ലാന്‍ ചെയ്തു ചെയ്യണം. പറയാന്‍ പോകുന്ന നുണ വേറെ ആരോടും പറയരുത്. എന്നാല്‍ ഫലം പോകും ഓര്‍ത്തോ...!” – കൂട്ടുകാര്‍ വിടുന്ന ഭാവമില്ല.
“ഹ ഹ എടാ മക്കളേ... പള്ളീലെ കപ്പിയാരെയും ബസ്സിലെ കിളിയെയും മണിയടിക്കാന്‍ പഠിപ്പിക്കല്ലേ...! എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യും. എനിക്ക് ഒരു ബൈക്ക് വാങ്ങണം. കുറച്ചു പൈസ അച്ഛന്‍റെ അടുത്തൂന്ന് ഒപ്പിക്കണം. ങാ വഴിയുണ്ട്...” – ഇതും പറഞ്ഞ് ക്ലിന്‍റന്‍ അന്നത്തെ ക്ലാസ്‌ കട്ട് ചെയ്തു. നാളെ എന്തോ വലിയതൊന്ന് തങ്ങളെ കാത്തിരിക്കുന്നുവെന്ന് മനസ്സുകൊണ്ട് പറഞ്ഞ് ബാക്കിയുള്ളവര്‍ ക്ലിന്‍റനെ യാത്രയാക്കി.!

അന്ന് രാത്രി ക്ലിന്‍റന്‍ ഓപ്പറേഷന്‍ ഏപ്രില്‍ഫൂളിന്‍റെ തിരക്കഥ തയാറാക്കി. അന്ന് ക്ലിന്‍റന്‍റെ സ്വപ്നങ്ങളെ സമ്പന്നമാക്കിയത് പുത്തന്‍ ബൈക്കുകളുടെ മൂളലും, മുരള്‍ച്ചയും, അലര്‍ച്ചയും അടങ്ങുന്ന ഓഡിയോയും, ചിരിച്ച മുഖവുമായി തനിക്ക് ബൈക്ക്‌ വാങ്ങാന്‍ അച്ഛന്‍ കാശ് തരുന്നതിന്‍റെ വീഡിയോയും ആയിരുന്നു.!

ടൈംപീസിലെ ചെറിയ സൂചി കറങ്ങിത്തിരിഞ്ഞ് 5 നും 6 നും ഇടയില്‍ വന്നു നിന്നു. കരയാന്‍ ബുക്ക്‌ ചെയ്യപ്പെട്ടിരുന്ന സമയമായപ്പോള്‍ അത് തൊള്ളകീറി നിലവിളിച്ചു.! ചാടിയെണീറ്റ ക്ലിന്‍റന്‍ അലാറം ഓഫ്‌ ചെയ്ത് മെല്ലെ പുറത്തിറങ്ങി. സൂര്യന്‍ കിഴക്ക് കലാപരിപാടി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ക്ലിന്‍റന്‍ പുറത്തേക്കിറങ്ങി നാലുപാടും ഒന്ന് നോക്കി. എല്ലാ ദൈവങ്ങളെയും മനസ്സില്‍ കണ്ട് “എടാ അണ്ണാ.........” ന്ന് നിലവിളിച്ചോണ്ട് ചേട്ടന്‍റെ മുറിയുടെ വാതിലില്‍ വന്ന് പടപടോന്നിട്ടിടിച്ചു. ബഹളം കേട്ട് രതിസുഖ സാരേ ജഹാംസെ അച്ഛാ ആയിക്കിടന്ന ചേട്ടന്‍ ചാടിയെണീറ്റു.! ബട്ട്, എ ബിഗ്‌ പ്രോബ്ലം!! ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടു മെയിന്‍ സംഗതികളില്‍ ഒന്ന് മിസ്സിംഗ്‌. ഒന്ന് മിസ്സിസ്. അതിനി മിസ്സ്‌ ആവില്ല. പിന്നൊന്ന് ഉടുതുണി. അത് മിസ്സ്‌ ആയി! ചേട്ടന് കലി കേറി.
“എടീ എന്‍റെ മുണ്ടെന്ത്യേടീ...?”
“ ഇത് കൊള്ളാം. എന്നോടാണോ ചോദിക്കുന്നേ? ആവേശത്തില് എങ്ങോട്ടെങ്കിലും അഴിച്ചെറിഞ്ഞു കാണും.!!”
“ശോ! ഇതിപ്പോ പ്രശ്നായല്ലോ. ഇന്ന് മുതല്‍ ഒരു സ്പെഷ്യല്‍ മുണ്ട് എന്‍റെ തലയ്ക്കല്‍ വച്ചെക്കണം കേട്ടോടീ... തല്‍ക്കാലം ഞാനീ ബെഡ്ഷീറ്റ് കൊണ്ട് അഡ്ജസ്റ്റ്‌ ചെയ്യാം”
“അയ്യോ! ചേട്ടാ അതു ബെഡ്ഷീറ്റല്ല. പില്ലോ കവറാ!!”
“കോപ്പ്!! അതാണ്‌. ഉടുത്തിട്ട് എങ്ങും എത്തുന്നുമില്ല ഉള്ളില്‍ ഇറങ്ങാന്‍ നോക്കീട്ട് പറ്റുന്നുമില്ല.!”
ഒടുക്കം ബെഡ്ഷീറ്റും വാരിപ്പുതച്ച് ചേട്ടന്‍ വാതില്‍ തുറന്നു. പുറത്ത്‌, ഏങ്ങിക്കരഞ്ഞുകൊണ്ട് ക്ലിന്‍റന്‍.
“എന്താടാ ക്ലിന്‍റാ..?”
“എടാ അണ്ണാ..... ചതിച്ചെടാ.... ചതിച്ചു.!”
“എടാ എന്താ നീ കാര്യം പറ.”
“എടാ അണ്ണാ.... ഫ്... ഫ്...ഫാ...”
“നേരം പരപരാന്ന് വെളുക്കും മുന്‍പേ വിളിച്ചുണര്‍ത്തി മുഖത്തിനിട്ടാട്ടുന്നോടാ വൃത്തികെട്ടവനെ.!”
“ ആട്ടിയതും കുലുക്കിയതുമൊന്നും അല്ലണ്ണാ; ഫാദര്‍ ഇന്‍ വെല്‍....!”
“എന്തോന്ന്?”
“എടാ ഔര്‍ ഫാദര്‍ ഇന്‍ വെല്‍”
“ഡാ നീ എന്തുവാ ഈ പറയുന്നേ?”
“അണ്ണാ... എടാ നമ്മുടെ അച്ഛന്‍ കിണറ്റില്‍ ചാടി!!”
“ഈശ്വരാ..” ന്നും വിളിച്ച് ചേട്ടന്‍ ഉടുത്തിരുന്ന ബെഡ്ഷീറ്റുമായി പുറത്തേക്കോടി. മുന്നും പിന്നും നോക്കീല. കിണറ്റിന്‍റെ പടിയില്‍ കയറിയിരുന്ന് ഉള്ളിലേക്ക് ഒറ്റച്ചാട്ടം.! പുറകെ നിലവിളിച്ചുകൊണ്ട് മിസ്സിസ്സും പോയി. പക്ഷെ ചാടീല.!
“എടാ അണ്ണാ... വല്ലതും തടഞ്ഞോ?” - ക്ലിന്‍റന്‍ കിണറ്റിന്‍റെ കരയില്‍ നിന്നും വിളിച്ച് ചോദിച്ചു.
“ഇല്ലെടാ. അച്ഛന്‍റെ പൊടിപോലുമില്ല! ഈ കിണറ്റിലല്ലെന്നാ തോന്നുന്നേ!”
ങാ... എന്നാ നീ മെല്ലെ ഇങ്ങ് കേറിപ്പോരെ”
ഒടുക്കം അവിടേം ഇവിടേം പിടിച്ചു തൂങ്ങി ബെഡ്ഷീറ്റ് ചേട്ടന്‍ മുകളിലെത്തി. അപ്പോഴതാ കിണറ്റില്‍ ചാടിയെന്ന് അനിയന്‍ പറഞ്ഞ അച്ഛന്‍.. അതേ അച്ഛന്‍ ചുള്ളനായി ഓടി വരുന്നു.
“ഹ ഹ ഹ കൂയ്‌.. എടാ അണ്ണാ നീ ഞെട്ടണ്ട. ഞാനേ നിന്നെ എപ്രിള്‍ഫൂളാക്കിയതാ. എങ്ങനുണ്ട്? എങ്ങനുണ്ട്?”
‘കൂ’ – എന്ന് തുടങ്ങുന്ന എന്തോ ഒന്ന് പറയാന്‍ വന്നിട്ട് രംഗം പന്തിയല്ലാത്തത് കൊണ്ട് “കൂടുന്നു നിനക്ക്” എന്ന് മാത്രമേ ചേട്ടന്‍ പറഞ്ഞുള്ളൂ. കൊച്ചുവെളുപ്പാന്‍കാലത്ത്‌ പച്ച വെള്ളത്തില്‍ വീണ് ട്രാന്‍സ്‌പാരന്‍റ് ബെഡ്ഷീറ്റുമായി ചേട്ടന്‍ നിന്നു വിറയ്ക്കുകയാണ്. ഷിവറിംഗ് ചേട്ടന്‍റെ ഗുദാം വരെ കയ്യേറിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ മിസ്സിസ് ‘പ്രഥമശുശ്രൂഷ’ നല്‍കാന്‍ ചേട്ടനെ വീണ്ടും വിളിച്ചോണ്ടു പോയി.! അമ്മയും തിരിഞ്ഞു നടന്നു. സീനും സിറ്റുവേഷനും മനസ്സിലാകാതെ ഡയലോഗ് മാത്രം കേട്ട് നിന്ന അച്ഛന്‍ ക്ലിന്‍റനോട്‌ കാര്യം തിരക്കി.
“അച്ഛാ... അത് പിന്നെ, ഇന്ന് ഏപ്രില്‍ ഒന്നാ..”
“അതിന്?”
“അല്ല... ഒന്നുമില്ല, ചേട്ടനെ ഒന്ന് ഫൂള്‍ ആക്കിയതാ.”
“അതിനെന്തിനാടാ അവന്‍ രാവിലെ കിണറ്റില്‍ ചാടിയെ?”
“അതുപിന്നെ അച്ഛാ... ആക്ച്വലീ അച്ഛന്‍ കിണറ്റില്‍ ചാടി എന്നും പറഞ്ഞാ അവനെ ഞാന്‍ പറ്റിച്ചത്... പിന്നേയ്, ആ ബൈക്ക് വാങ്ങാനുള്ള കാശ്... ഇപ്പൊ തന്നെ തരണ്ട. സാവധാനം... ബ്രേക്ക്‌ഫാസ്റ്റൊക്കെ കഴിച്ചിട്ട് മതി!!”
“വേണ്ടടാ കുരുത്തം കെട്ടവനേ... പിന്നീടേക്കാക്കണ്ട. ഇപ്പൊ തന്നെ അങ്ങ് പിടിച്ചോ” – കണ്ട്രോള്‍ പോയ അച്ഛന്‍ കൈ വീശി ക്ലിന്‍റന്‍റെ ചെകിട്ടത്ത് തന്നെ കൊടുത്തു ആദ്യ ഗഡു! പക്ഷെ കൊണ്ടില്ല! ക്ലിന്‍റന്‍ അതി വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിക്കളഞ്ഞു. വിചാരിച്ചതിലും ഒരല്‍പം വേഗത്തില്‍ കൈ വീശിപ്പോയ അച്ഛന്‍റെ ബാലന്‍സ് തെറ്റി. അച്ഛന്‍ നിന്നിടത്ത് നിന്നൊന്നു കറങ്ങി. പിന്നെ നാലുകാലും പറിച്ച് നേരെ കിണറ്റിനുള്ളിലേക്ക് ബുര്‍ഷ്ഷ്‌ഷ്‌..... എന്ന ശബ്ദത്തോടെ ക്രാഷ്‌ലാന്‍ഡ്‌ ചെയ്തു! ഒടുക്കം ഫൂള് കളി കാര്യമായി. അച്ഛനതാ കിണറ്റിനുള്ളില്‍ കൈകാലിട്ടടിച്ചു കളിക്കുന്നു.! ക്ലിന്‍റനിലെ സീരിയസ് പേഴ്സണാലിറ്റി ഉണര്‍ന്നു. ഒരു തവണ റെസ്ക്യൂഡ്രില്‍ നടത്തി ക്ഷീണിച്ച ചേട്ടന്‍ വേച്ചു വേച്ചു വീട്ടിലേക്ക് കയറുമ്പോള്‍ പുറകില്‍ നിന്നും ഒരിക്കല്‍ കൂടി ക്ലിന്‍റന്‍ അണ്ണനെ വിളിച്ചു... വീണ്ടും ഒരു റിക്വസ്റ്റുമായി.
“എടാ അണ്ണാ.... റിയലീ...... ബിലീവ് മീ ഡാ.... ഔര്‍ ഫാദര്‍ ഇന്‍ വെല്‍ !!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ