എനിക്ക് പ്രേമം!!!!

മാനസ ചേച്ചിക്ക് നന്ദി!!! പെട്ടെന്നുള്ള ആഗ്രഹത്തിന്മേല്‍ തുടങ്ങിയ ബ്ലോഗ്‌, എന്‍റെ സ്വന്തം സ്വര്‍ഗ്ഗം-ഒരു ചോദ്യചിഹ്നമാകുമോ എന്ന് സ്വയം ചോദിച്ചു കൊണ്ടാണ്, തുടങ്ങാന്‍ നല്ലൊരു വിഷയത്തിനായി കൈകാലിട്ടടിച്ച എന്നിലെ പുതിയ വ്യക്തി (എഴുത്തുകാരന്‍........ ഉവ്വ....... തന്നെ.......) യുടെ മനസ്സ്‌ ഓവര്‍ഹീറ്റിന് ഇടക്കാല അവധി നല്‍കിയത്. കട്ടിലിന്‍റെ ഒരു വശത്തെ സ്ഥിരം സാന്നിധ്യമായിരുന്ന കുഞ്ഞു മേശയുടെ മുകളില്‍ നിന്ന് ലാപ്ടോപ് എത്തിയെടുത്തു ഞാന്‍ അതിനു ജീവനേകി. ഇനി അതേയുള്ളൂ മനസ്സ് പഴയ സ്ഥിതിയിലാവാന്‍ ഒരു മാര്‍ഗം- ഇന്റര്‍നെറ്റ്‌.... അടുത്ത കാലത്തായി ഒട്ടേറെ കൂട്ടുകാരെയും ബന്ധങ്ങളെയും എനിക്ക് സമ്മാനിച്ച ഓര്‍ക്കുട്ട്....ഒടുവില്‍, ഒന്നെത്തി നോക്കാനോ, ക്ഷേമം അന്വേഷിക്കാനോ ഞാനല്ലാതെ മറ്റാരുമില്ലാത്ത എന്‍റെ ബ്ലോഗി....

മാനസ ചേച്ചിക്ക് നേരെ എറിഞ്ഞ നന്ദിയായിരിക്കും ഇപ്പൊ എല്ലാരുടെയും മനസ്സില്‍ അല്ലെ? ഉണ്ട്. കാര്യമുണ്ട്. എനിക്കെഴുതാന്‍ വിഷയം തന്നിരിക്കുന്നു 'മാനസി' യിലൂടെ ചേച്ചി. മാനസിയില്‍ ഞാന്‍ അതുവരെ വായിച്ചിട്ടില്ലാത്ത ചിലതിലൂടെ കടന്നു പോകുമ്പോഴാണ് 'ചായപ്പെന്‍സിലും' അതിലൂടെ 'സന്ദീപും' ഒക്കെ മുന്നിലെത്തിയത്. അത് എന്നെ കൊണ്ട് പോയത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത കുറെ പേരുടെ അടുത്തേക്കാണ്. മനസ്സില്‍ മിന്നിച്ചത് കുറെ മുഖങ്ങളാണ്. അതില്‍ എന്‍റെ ആദ്യത്തെ (അവസാനത്തെ) പ്രണയവും, പ്രനയിനിയുമൊക്കെ പെടും. ഒരിക്കലും വിജയമാകില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ തുടങ്ങി, അതിതീവ്രമായി വളര്‍ന്ന്‌, ഒടുവില്‍ ഒരു കരിയിലക്കാറ്റില്‍ എന്ന പോലെ എന്നെന്നേക്കുമായി എന്നില്‍ നിന്നും പറന്നകന്ന എന്‍റെ...........പ്രണയം.

രേവു..... രേവതി ( യഥാര്‍ത്ഥ പേര് എഴുതണ്ടെന്നു കരുതിയതാണ്, കഴിഞ്ഞില്ല. നീ അങ്ങ് ക്ഷമിച്ചേക്ക്) അതായിരുന്നു അവള്‍. എന്‍റെ ജീവിത കഥയിലെ, നമ്മുടെ ഈ കഥയിലെ നായിക. പത്തേപത്തു മാസത്തെ പരിചയം കൊണ്ട് ഒരാള്‍ക്ക്‌ എങ്ങനെയെല്ലാം മറ്റൊരാളുടെ നിത്യ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ ആകുമെന്ന് (പിരിഞ്ഞിട്ടും) എന്നെ പഠിപ്പിച്ചവള്‍. 'പ്രേമം എന്നൊന്ന് എനിക്കില്ല' എന്ന എന്‍റെ 'നല്ലകുട്ടി' സംസ്കാരത്തിന് അവസാനം കുറിച്ചവള്‍.അവളെപ്പറ്റി എന്ത് കൊണ്ട് എഴുതിക്കൂട എന്ന് എന്നോട് ചോദിക്കാതെ ചോദിച്ചതിനാണ്‌ ഞാന്‍ നേരത്തെ പറഞ്ഞാ ആ ഏറു മാനസ ചേച്ചിക്ക് വച്ച് വീക്കിയത്.

'പണമില്ലാത്തവന്‍ പിണം' എന്ന പ്രയോഗം എങ്ങനെയോ എന്നെ പിടികൂടിയതാണ് +2 കഴിഞ്ഞ് ബിരുദം എന്ന സാഹസത്തിനു മുതിരാതെ - "പരീക്ഷ എഴുതിയാലുടന്‍ ഗള്‍ഫില്‍ 30000 രൂപ ശമ്പളത്തില്‍ ജോലി" എന്ന പരസ്യ വാചകത്തിന് പിന്നാലെ പോകാന്‍ എന്നെ പ്രേരിപ്പിച്ചത്.പക്ഷെ ഒരു വര്‍ഷത്തെ പഠനവും കൊച്ചി വാസവുമൊക്കെ കഴിഞ്ഞപ്പോള്‍ പിന്നെ ഡിഗ്രി കൂടിയുണ്ടായിരുന്നെങ്കില്‍ എന്നായി മനസ്സില്‍. കോളേജുകളിലെ അഡ്മിഷന്‍ കഴിഞ്ഞ സമയമായതു കൊണ്ടുതന്നെ സമാന്തരമായിരുന്നു എന്‍റെ ഡിഗ്രി പഠനം (ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല). അങ്ങനെയാണ് ഞാനും രേവതിയുമായുള്ള അകലം വെറും മുക്കാല്‍ മീറ്ററായി ചുരുങ്ങിയത്. അത്യാവശ്യത്തിലും അധികം 'ചമ്മല്‍' സ്വന്തമായുണ്ടായിരുന്നതു കൊണ്ട്, ക്ലാസില്‍ ജോയിന്‍ ചെയ്ത് 5 ദിവസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അത് മനസ്സിലാക്കിയത്. എന്‍റെ ഇടതു വശത്തായി അതേ വരിയില്‍ സ്ത്രീ വര്‍ഗ്ഗത്തിന്‍റെ സൈഡില്‍‍ അവള്‍ ഇരുന്നിരുന്നിട്ടും........

ആ ഒരു ബഞ്ച്- സംഭവ ബഹുലരായ 5 പെണ്‍കുട്ടികളുടെ ആ ബഞ്ച്. രേവതി,ഷാര്‍ജ,രചന, മുഹ്സിന,പ്രവീണ. ക്ലാസിലെ പുതിയ കുട്ടിയായ എന്നെ ഒന്ന് ചെറുതായെങ്കിലും 'റാഗാന്‍' ആസ്ഥാന പോക്കിരികളായ അവളുമാര്‍ക്ക് തോന്നിയെങ്കില്‍, അതിശയം തോന്നണോ? ഷാര്‍ജയാണ് ലീഡര്‍. പിന്നാലെ ബാക്കിയുള്ളവരും. ഉച്ചയൂണ് കഴിഞ്ഞുള്ള മുക്കാല്‍ മണിക്കൂര്‍ കുറച്ചു സിനിമാ വിശേഷങ്ങളും, പാട്ടുമൊക്കെയായി ഇരിക്കുകയായിരുന്ന എന്‍റെയും വിഷ്ണുവിന്റെയും അടുത്തേക്ക്‌ അവര്‍ വന്നു. വന്നപാടെ ബഞ്ചിന്‍റെ തുഞ്ചത്ത് നിന്നും എന്‍റെ ആസനത്തിന്‍റെ സ്ഥാനം ഏതാണ്ട് പകുതിയിലേക്ക് തള്ളി നീക്കി അവിടെ അവളുടേത്‌ സ്ഥാപിച്ചു- ലീഡര്‍. ബാക്കിയുള്ളവര്‍ നമുക്ക് അഭിമുഖമായി മുന്നിലും വന്നിരുന്നു. ഞാന്‍, ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ എല്ലാരേയും നോക്കി ഒന്ന് 'സ്മൈലി'. ഭാഗ്യം.. കുഴപ്പമൊന്നുമില്ല.എല്ലാവരും തിരിച്ചും തന്നു ഓരോന്ന്.ഞാന്‍ പതുക്കെ വിഷ്ണുവിനെ ഒന്ന് നോക്കി. യാതൊരു ഭാവവ്യത്ത്യാസവുമില്ലാത്ത അവന്‍റെ സുന്ദര മുഖം എനിക്ക് പ്രചോദനമായി.ഞാന്‍ സടകുടഞ്ഞെഴുന്നേറ്റു."എന്താ എല്ലാരും കൂടി"?- അല്ല അറിയണമല്ലോ...ഞാന്‍ തന്നെ തുടക്കമിട്ടു. "നീയെന്ത് ആരോടും മിണ്ടൂലെ"- ഷാര്‍ജ അവളുടെ ആക്രമണം തുടങ്ങി. "ഏയ്‌ അങ്ങനൊന്നുമില്ല സത്യം പറഞ്ഞാല്‍ നിങ്ങളാരും ഇങ്ങോട്ടൊന്നു മൈന്‍ഡ് ചെയ്യുന്നു കൂടിയുണ്ടായിരുന്നില്ലല്ലോ"- ഞാന്‍ ഒരു പരിഭവം എയ്തു നോക്കി.ഷാര്‍ജ ഒന്ന് ചിരിച്ചു,പിന്നാലെ വാലുകളും.എന്തോ അബദ്ധം പറ്റി.അതുറപ്പാ, പക്ഷെ എന്തെന്ന് എനിക്കറിയില്ല (ഇന്നും). ഞാന്‍ ഇരുന്ന് ഉരുകി. അത് മറച്ചു പിടിച്ച് ഞാന്‍ അടുത്ത ചോദ്യം തൊടുത്തു- "പേര് പറഞ്ഞില്ലല്ലോ നിങ്ങളാരും..." "ഷാര്‍ജയെന്നാണ് എന്‍റെ പേര്" - അവള്‍ പറഞ്ഞു. "റൈറ്റ്"- ഞാനത് ശരിവച്ചു. കണ്ണുകള്‍ മുന്നിലിരിക്കുന്നവരില്‍ ഓരോരുത്തരിലും കയറിയിറങ്ങി. ഒപ്പം അവരുടെ പേരുകളും അവര്‍ വായുവിലേക്ക് വലിച്ചെറിഞ്ഞു. അതും ശരി വച്ചു ഞാന്‍ പറഞ്ഞു - "റൈറ്റ്". ഷാര്‍ജ അത് കണ്ടു പിടിച്ചു. ചതിച്ചു, ദുഷ്ട അത് മനസ്സില്‍ വച്ചില്ല- "നീയെന്ത് ഇംഗ്ലീഷെ സ്പീച്ചോളാ?" അവള്‍ സ്വരൂപം കാണിച്ചു. ഒരു കൊല്ലത്തെ കോഴ്സില്‍ 'പെഴ്സനാലിറ്റി ഡെവലപ്മെന്‍റ്' ന് വേണ്ടി നമ്മുടെ ശുഭ മേഡം പഠിപ്പിച്ചു തന്ന കുറച്ചു ഇംഗ്ലീഷ് വാക്കുകളില്‍ ഒന്ന് ഞാന്‍ അറിയാതെ തികട്ടിപ്പോയതാണെന്ന് ഇവളുമാരോട് പറയാന്‍ പറ്റുമോ? പറ്റിയതോ പറ്റി. ഏതായാലും അപ്പോഴേക്കും പാഞ്ചാലിയുടെ മാനം രക്ഷിക്കാന്‍ അവതരിച്ച കൃഷ്ണനെ പോലെ നമ്മുടെ 'ദശരഥന്‍' സാര്‍ ക്ലാസില്‍ പ്രത്യക്ഷനായി. ഭാഗ്യം! ഷാര്‍ജ ഇരുന്നിടത്തു നിന്നും ഒറ്റച്ചാട്ടത്തിന് അപ്പുറത്തെ ബഞ്ചില്‍!. പുറകേ വാലുകളും മടങ്ങി. പുറത്ത്, ചേച്ചിമാരുടെയും അനിയത്തി മാരുടെയുമൊക്കെ ക്ഷേമം അന്വേഷിക്കാന്‍ പോയിരുന്ന നഹാസും ലിജുവും നിസാമും ശ്രീരാജും കൃഷ്ണപ്രതീഷും ഒക്കെ തങ്ങളുടെ ഡ്യൂട്ടി അവസാനിപ്പിച്ച് തിരികെ വന്നു. ക്ലാസ് വീണ്ടും സമ്പന്നമായി. വീണ്ടും കൂര്‍ക്കം വലിയുടെ 'സംഗതി'കള്‍ ശ്രുതി തെറ്റാതെ ക്ലാസിലെമ്പാടും അലയടിച്ചു. ഇതിനിടയില്‍ എന്നോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലെങ്കിലും, ഒരു നിറചിരിയുമായി എന്‍റെ മുന്നിലിരുന്ന അവള്‍ എപ്പോഴോ എന്‍റെ മനസ്സില്‍ ഉടക്കി.

ദിവസങ്ങള്‍ കടന്നു പോയി. മനസ്സില്‍ എന്തോ ഒന്ന് വല്ലാതെ എന്നെ ബുദ്ധിമുട്ടിക്കുന്നു. അതെ, ഒടുവില്‍ ഞാനത് മനസ്സിലാക്കിയിരിക്കുന്നു; എനിക്ക് പ്രേമം!!! എന്തായാലും കൊള്ളാം.ജീവിതത്തിലെ ആദ്യ സംഭവമാണ്. പെട്ടെന്ന്- ഒരശരീരി പോലെ അച്ഛന്റെ ആ പ്രസിദ്ധമായ ഡയലോഗ് മനസ്സിലേക്ക് കടന്നു വന്നു- "മോനെ ഫ്രെണ്ട്ഷിപ്പ് നല്ലതാണ്,ബോയ്സ് ആയാലും ഗേള്‍സ്‌ ആയാലും. പക്ഷെ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളെ സ്വന്തം സഹോദരിമാരെപ്പോലെ കാണണം". എന്‍റെ ആദ്യ പ്രണയം ഇത്രെയും വൈകിച്ചത് 'ഓടുന്ന പട്ടിക്ക് ഒരു മുഴം നീട്ടി'യുള്ള അച്ഛന്റെ ആ ഉപദേശമാണ്. "എന്തായാലും ഇതില്‍.... സോറി അച്ഛാ കാണുന്ന എല്ലാ പെണ്‍പിള്ളാരെയും നമുക്ക് സഹോദരിമാരായി കാണാന്‍ പറ്റില്ലല്ലോ...എന്നെങ്കിലും ആ ചിന്തക്ക് വിരാമമിടേണ്ടി വരില്ലേ..." എന്ന് മനസ്സ് കൊണ്ട് അച്ഛന് മറുപടി കൊടുത്ത്, പ്രണയത്തിന്‍റെ വൈറസ് എന്‍റെ മനസ്സിനെ പിടികൂടിയിരിക്കുന്നെന്ന്- പ്രായത്തില്‍ ഇളയവനും, പിന്നെ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുമായ വിഷ്ണുവിനോട് പറഞ്ഞു. അവന്‍ ഷാര്‍ജയുടെ ചെവിയിലെത്തിച്ചു, ബ്രേക്കിംഗ് ന്യൂസ്‌. പക്ഷെ ആളെ പറഞ്ഞില്ല. ഈ ക്ലാസ്സില്‍ ഒരാള്‍- അത്രയേ പറഞ്ഞുള്ളൂ.

ഷാര്‍ജയുടെ ഉള്ളില്‍ രൂപം കൊണ്ട കണ്‍ഫ്യൂഷന്‍ വൈകിട്ട്, ക്ലാസ് കഴിഞ്ഞപ്പോള്‍ അവളെ എന്‍റെ അടുത്തെത്തിച്ചു. അവള്‍ക്ക് ആളെ അറിയണം. നിര്‍ബന്ധമാണ്‌. ഒടുവില്‍ ഞാന്‍ വിക്കി വിക്കി പറഞ്ഞു- ആളെ. പെട്ടെന്ന്, 'ജിജ്ഞാസ' നിറഞ്ഞു നിന്ന അവളുടെ മുഖത്ത്, ടിഷ്യു പേപ്പറില്‍ ഇറ്റിച്ച മഷി പോലെ ഒരു വിഷമഭാവം പരക്കുന്നത് കണ്ട് ഞാന്‍ കാരണം തിരക്കി. 'ജിജ്ഞാസ' അവളില്‍ നിന്ന് എന്നിലേക്ക്‌ കുടിയേറി. "നീ അത് മനസ്സില്‍ നിന്ന് കളഞ്ഞേക്ക്; രേവു... അത് വേണ്ടെടാ... ശരിയാവില്ല. അവളങ്ങനെയൊന്നും... ഇല്ല... അത് ശരിയാവില്ല." ഷാര്‍ജ എന്നെ പിന്തിരിപ്പിക്കുന്നു. എന്നിലെ കാമുകഹൃദയത്തിന് ഓക്സിജന്‍ സപ്ലെ ചെയ്തിരിക്കുന്ന ട്യൂബിലാണ് അവള്‍ പിടിച്ചമര്‍ത്തുന്നത്. "എന്താടീ... നീ കാര്യം പറ." എനിക്ക് ടെന്‍ഷനായി. "ടാ... അവള്‍ക്ക് ഈ പ്രേമമെന്നു പറഞ്ഞാലേ ദേഷ്യാ.ഇതിനു മുന്‍പും ഇങ്ങനെ രണ്ട്‌ മൂന്ന് പേരുടെ കാര്യം എനിക്കറിയാം." - ഷാര്‍ജ കൂട്ടുകാരിയുടെ മുന്‍കാല ചരിതം വ്യക്തമാക്കി.

ദിവസങ്ങളായി ഞാന്‍ വീര്‍പ്പിച്ചു സൂക്ഷിച്ച പ്രണയ ബലൂണ്‍ നിഷ്ക്കരുണം കുത്തി പൊട്ടിച്ചിട്ടാണ് വെള്ളിയാഴ്ച്ച ഷാര്‍ജ പോയത്. രണ്ട്‌ ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വീണ്ടും കോളേജില്‍ പോകാം. "അടുത്ത കാലത്തെങ്ങും മോന് പഠിക്കാന്‍ പോകാന്‍ ഇത്ര താല്പര്യം ഉണ്ടായിരുന്നില്ലെ"ന്ന് അമ്മ... എന്‍റെ പാവം അമ്മ, അപ്പുറത്തെ ശശികല ആന്‍റിയോട് മതിലിനിപ്പുറത്ത് നിന്ന് പറയുന്നത് കുളിമുറിയില്‍ നിന്ന് കുളിക്കുകയായിരുന്ന ഞാന്‍ കേട്ടു. ഞാന്‍ എന്‍റെ ജീവിതത്തില്‍ ഒന്നും അമ്മയോട് പറയാതിരുന്നിട്ടില്ല. അതുകൊണ്ടാവാം, ഒരു വിഷമം. ഞാന്‍ അമ്മയെ പറ്റിക്കുകയായിരുന്നു എന്നൊരു തോന്നല്‍( പിന്നീട് പറഞ്ഞു... അല്ല അമ്മ കണ്ടുപിടിച്ചു). അതിനെ ഓവര്‍ലാപ് ചെയ്ത് മറ്റൊരു കാര്യം മനസ്സില്‍ കടന്നു വന്നു. 8:55 ന് ഉള്ള 'എസ്.എ.എന്‍' പോയാല്‍ പിന്നെ ബസ് ഇല്ല. കൃത്യ സമയത്ത് കോളേജില്‍ എത്താന്‍ പറ്റില്ല. പിന്നെല്ലാം പെട്ടെന്നായിരുന്നു, കുളിയും, ഫുഡിങ്ങും എല്ലാം.

രണ്ട്‌ ദിവസത്തെ വിരഹം അവളെ കണ്ടപ്പോള്‍ തന്നെ ഒലിപ്പിച്ചു തീര്‍ത്തു ഞാന്‍. അവളുടെ അതുവരെ കാണാത്ത ആ നോട്ടം എന്‍റെ കണ്ണുകളെ അവളില്‍ നിന്ന് വലിച്ചു പറിച്ച് അടുത്ത പറമ്പിലെ മണ്ടപോയ തെങ്ങില്‍ കൊണ്ടുപോയി കുത്തി. എന്താണ് കഴിഞ്ഞ രണ്ട്‌ ദിവസം കൊണ്ട് സംഭവിച്ചത്? ഒരുപാടോന്നുമില്ലെങ്കിലും കാണുമ്പോള്‍ തന്നിരുന്ന ഒരു പുഞ്ചിരി- അതെനിക്ക് നഷ്ട്ടമായിരിക്കുന്നു. ഒരുപക്ഷെ ഷാര്‍ജ ഫൗള്‍പ്ലേ നടത്തിക്കാണുമോ? ഞാന്‍ എന്‍റെ സംശയത്തിന്‍റെ 'വാള്‍' ഷാര്‍ജയുടെ തലയ്ക്കു മുകളില്‍ കെട്ടിത്തൂക്കി. " ഓ... അതിനിപ്പോ എന്താ... അങ്ങനെയെങ്കില്‍ അതും ഇപ്പൊ നന്നായി. അഞ്ചു പൈസ ചെലവില്ലാതെ എന്‍റെ പ്രണയ റിക്വസ്റ്റ് അവളുടെ കാതിലെത്തിയെങ്കില്‍ അതും കാര്യം...." ഞാന്‍ മനസ്സ് കൊണ്ട് കരുതി.

ക്ലാസില്‍ അന്ന് വല്ലാത്ത മൂകതയായിരുന്നു. കാരണം, ഷാര്‍ജ പ്രൊഫൈല്‍ 'സൈലന്റ്' ആക്കിയിരിക്കുന്നു. അവളാണല്ലോ ക്ലാസിലെ കിലുക്കാംപെട്ടി. എന്തായാലും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അടിയന്തരാവസ്ഥ, ശശി സാറിന്‍റെ ബോറന്‍ ക്ലാസിനിടയിലെപ്പഴോ രേവതിയുടെ മുഖത്തേക്ക് ഒന്നൊളിഞ്ഞു നോക്കിയപ്പോള്‍ തന്നെ വ്യക്തമായതാണ്. അതിന്‍റെ കാരണം ഞാനാണെന്ന് മനസ്സിലാക്കാന്‍, സലിംകുമാര്‍ പറഞ്ഞപോലെ- "പോലീസിന്‍റെ ഇന്‍ററോഗേഷനോ, വക്കീലിന്‍റെ സ്പെക്കുലേഷനോ" വേണ്ടല്ലോ. എന്തായാലും ഇന്നുച്ചക്ക് ഷാര്‍ജയെ പോക്കണം- ഞാനുറപ്പിച്ചു. അല്ല, അറിയണമല്ലോ- നമ്മള് പശുവിനെ വളര്‍ത്തണോ അതോ ഇപ്പോഴേ കിട്ടുന്ന വിലയ്ക്ക് വിറ്റ് കാശാക്കണോ എന്ന്. എന്‍റെ ആത്മഗതം ആത്മസുഹൃത്തായിരുന്നതിനാലാവണം, ഷാര്‍ജ അറിഞ്ഞെന്നു തോന്നുന്നു. പുള്ളിക്കാരി, ഉച്ചക്ക് ഞാന്‍ ഊണ് കഴിക്കാന്‍ പോയ തക്കം നോക്കി ആരോടും പറയാതെ 'നാടുവിട്ടു'.

എന്തായാലും ഞാനൊരു ആണല്ലേ?..... ഉള്ളില്‍ അങ്ങനൊരു ചിന്ത ഞാന്‍ തന്നെ സ്വിച്ചോണ്‍ ചെയ്തു. ഒരു പീറപ്പെണ്ണിനോട്‌, "എനിക്ക് നിന്നെ ഇഷ്ട്ടമാണെടീ" എന്ന് പറയാന്‍ ഒരു മൂന്നാനോ? ഛെ!!!! ലജ്ജാവഹം!!!! " "അദ്ദാണതിന്റെ ശരി" - എന്‍റെ 'പാതി' (വിഷ്ണു) കൂടി എന്നത്മാഗതം ശരിവച്ചപ്പോള്‍ ഞാനത് ഉറപ്പിച്ചു. ഊണ് കഴിഞ്ഞ് പാത്രം കഴുകി വന്ന അവളെ ഞാന്‍ തടഞ്ഞു. ടാ....... ങ്ങ് (ഒരല്പം മാറിനിന്ന് എന്‍റെ പുതിയ ആക്ഷന്‍ ഹീറോ പരിവേഷം ശരിക്കാസ്വദിക്കുന്നുണ്ടായിരുന്നു എന്‍റെ 'പാതി'). "നീ എന്താടീ ഇപ്പൊ എന്നെ കാണുമ്പൊ ഒന്നും മിണ്ടാത്തത്? ചിരിക്കാത്തത്? ഞാനെന്തു തെറ്റാ നിന്നോട് ചെയ്തത്? എനിക്കറിയണം എന്താ സംഭവിച്ചതെന്ന്. നീയെന്താ എന്നെ പറ്റി കരുതിയത്‌?" - ഒറ്റ ശ്വാസത്തില്‍ തന്നെ നേരത്തെ ആലോചിച്ചുറപ്പിച്ചിരുന്ന ആ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു തീര്‍ത്തു. ഒന്നും മിണ്ടിയില്ല. പകരം ആ ഭീകര നോട്ടം വീണ്ടും. ഒരു ഗെറ്റപ്പിനായി എവിടുന്നൊക്കെയോ ഞാന്‍ വലിച്ചുകയറ്റി വച്ചിരുന്ന വായു എന്‍റെ അനുവാദം പോലും ചോദിക്കാതെ ഏത് വഴിയോക്കെയോ പുറത്തേക്ക് പോയി. അവളും. "ഓ.... അവള് തല്ലിയില്ല". പുറകില്‍ നിന്ന് കേട്ടാ ശബ്ദം വിഷ്ണുവിന്‍റെതായിരുന്നു. അവന്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്ന എന്തോ ഒന്ന് ചുണ്ടിനും കപ്പിനുമിടയില്‍ അവനു നഷ്ടമായിരിക്കുന്നു.

ഏതായാലും പിറ്റേന്ന് ഷാര്‍ജ വന്നു. ഞാന്‍ അവളുടെ പലായനാനന്തിര കാര്യങ്ങള്‍ വിവരിച്ചു. " ഏതായാലും രേവു വന്നിട്ടില്ലാത്ത സ്ഥിതിക്ക് ഞാന്‍ ഏതെങ്കിലും ഷോര്‍ട്ട്കട്ടിലൂടെ വീട് പിടിക്കാം. അല്ലെങ്കി അത് എനിക്ക് 'ഫിസിക്കലി' ചില പ്രശ്നങ്ങള്‍ ഉണ്ടാക്കും. മോനെ... നിനക്ക് അവളെ നന്നായി അറിഞ്ഞുകൂടാ". ഷാര്‍ജ ആ പറഞ്ഞത് തമാശക്കാണോ സീരിയസ് ആയാണോ എന്ന് ചിന്തിക്കാനുള്ള സമയം വിഷ്ണു തന്നില്ല. എന്തോ കണ്ട് ഭയന്ന പോലെ അവന്‍ ഓടി വരുന്നുണ്ട്. " ടാ ദേ അവള് വരുന്നുണ്ട്, രേവു". ഓട്ടത്തിനിടയില്‍ തന്നെ അവന്‍ പറയാനുള്ളത് പറഞ്ഞു തീര്‍ത്തു. "എന്റള്ളോ....... ഞാന്‍ പെട്ട്". ഇതും പറഞ്ഞ്, വച്ച കൈ തലയില്‍ തന്നെ വച്ച് ഷാര്‍ജ. ഇനിയെന്ത് എന്നറിയാതെ ഞാന്‍. എല്ലാം നല്ലതിനെന്ന മട്ടില്‍ വിഷ്ണു. ഞങ്ങളിലേക്ക് അവളും പരിവാരങ്ങളും നടന്നടുത്തു. എന്റെയും വിഷ്ണുവിന്റെയും കാര്യം പോട്ടെ. ഷാര്‍ജയെ മണപ്പുറത്ത് വച്ചു കണ്ട പരിചയം പോലും കാണിച്ചില്ല, ആ......പൊന്നുമോള്‍. ബാക്കി എല്ലാവരും വന്ന് എന്നത്തെയും പോലെ സംസാരിച്ചു. ഷാര്‍ജ അവളുടെ പതിവ് ശൈലിയില്‍ പതുക്കെ പതുക്കെ മറ്റവളുടെ അടുത്ത് കടന്നുകൂടി. ഇതിനിടയില്‍ എന്തൊക്കെയോ രണ്ടും കൂടി പിറുപിറുക്കുന്നുണ്ടായിരുന്നു. ആര്‍ക്കറിയാം എന്തായിരുന്നെന്ന്. ആവോ......

ദിവസങ്ങള്‍ കടന്നു പോയി.പ്രത്യേകിച്ച് ഒരു പ്രോഗ്രെസ്സും എന്‍റെ വിഷയത്തില്‍ ഉണ്ടാവുന്നില്ല. ആദ്യ പ്രണയത്തിനായി അടുപ്പത്തു വച്ച വെള്ളം, അരിയിടും മുന്‍പേ വാങ്ങി വക്കേണ്ടി വരുമെന്ന് തോന്നിത്തുടങ്ങി. എന്തായാലും അവസാനമായി ഒരു ശ്രമം കൂടി നടത്തിക്കളയാം എന്ന് കരുതി ഷാര്‍ജയെ വീണ്ടും സ്റ്റാന്റില്‍ പിടിച്ചു. ഇത്തവണ 'സെന്റിമന്‍സ്' ആണ് ലക്‌ഷ്യം. "ഒരുപ്പാട് സിനിമകളില്‍ ഒക്കെ കണ്ടതാണല്ലോ ഒന്ന് പരീക്ഷിക്കുന്നതില്‍ തെറ്റില്ല" എന്ന് പറഞ്ഞ് എന്‍റെ 'പാതി' എരിതീയില്‍ വീണ്ടും പെട്രോള്‍ ഒഴിച്ചു. ഷാര്‍ജയോട് 'മറ്റവളുടെ' സ്റ്റാന്റ് ചോദിച്ചു മനസ്സിലാക്കി. ഒരു രക്ഷയുമില്ല. എന്നോട് ഇഷ്ട്ടം ഇല്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന വെറുപ്പ്‌ ഇരട്ടിയായിട്ടുണ്ടെന്നും മനസ്സിലായി. ഏതായാലും പറയാന്‍ ഉദ്ദേശിച്ച കാര്യം ഷാര്‍ജയോട് പറഞ്ഞു. അതിങ്ങനെ- "നീ അവളോട്‌ പറയ്‌, എനിക്കൊരു തെറ്റ് പറ്റിയെന്ന്. അതിനു എങ്ങനെ വേണമെങ്കിലും പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ ഒരുക്കമാണെന്ന്. എന്നോട് മിണ്ടാതിരിക്കരുതെന്നു പറ. അവളെന്നല്ല, ആരും എന്നോട് പിണങ്ങുന്നത് എനിക്ക് സഹിക്കില്ല. എനിക്കവളുടെ ഫ്രെണ്ട്ഷിപ് മാത്രം മതി. വേറൊന്നും വേണ്ട. അതുകൊണ്ട് എന്നോട് സംസാരിക്കാന്‍ പറയണം.


ഏതായാലും പുതിയ നമ്പര്‍ ഫലം കണ്ടെന്നു വേണം പറയാന്‍. രേവുവിന്‍റെ അപ്രോച്ചിന് ഒരു മയം വന്നിട്ടുണ്ട്. ഷാര്‍ജ ഇടയ്ക്കിടെ മെസേജുകള്‍ കൊണ്ട് വരുന്നുണ്ടായിരുന്നു. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു.... രേവു എന്നോട് സംസാരിക്കാന്‍ തയ്യാറായി....ഞങ്ങളുടെ, അല്ല അവളുടെ പിണക്കം അവള്‍ അവസാനിപ്പിച്ചിരിക്കുന്നു.... ആനന്ദലബ്ദിക്കിനിയെന്തുവേണം? (വീണ്ടും മാനസ ചേച്ചിക്ക് ഒരേറ്). അങ്ങനെ അവളോടുള്ള പരിശുദ്ധ പ്രേമം മറച്ചു വച്ച് അവളുടെ കൂട്ടുകാരനായി ഞാന്‍. ആ ലിസ്റ്റില്‍ നേരത്തെ തന്നെ ഇടം പിടിച്ചതിന്റെ ഒരു വെയിറ്റ് 'പാതി' ക്കുണ്ട്. വീണ്ടും സന്തോഷത്തിന്‍റെ ദിനങ്ങള്‍.

അന്ന്- കൃത്യമായി പറഞ്ഞാല്‍, 2005 ഡിസംബര്‍ 1 വ്യാഴാഴ്ച്ച. ഷാര്‍ജ ഒരു വലിയ ജോലി ഏറ്റെടുത്ത് എന്റെയടുത്തു വന്നു. പുള്ളിക്കാരി അങ്ങുമിങ്ങും തൊടാതെ എന്തൊക്കെയോ പറയുന്നുണ്ട്. പറഞ്ഞു പറഞ്ഞ് അവള്‍ വിഷയത്തിലേക്ക് വന്നു. " എടാ നിനക്ക് രേവുവിനെ ഇഷ്ടമാണോ?" എന്റെയുള്ളില്‍ ഒരു ഇലക്ട്രിക്‌ ഷോക്ക് പടര്‍ന്നു. എനിക്ക് കാര്യം പിടികിട്ടി. ഒട്ടും സ്വാഭാവികത കളയാതെ ഞാന്‍ പറഞ്ഞു- "അവളെ എനിക്ക് നിങ്ങളെ എല്ലാരേയും പോലെ തന്നെ ഇഷ്ടാണല്ലോ... എന്താടീ?" " ഏയ്‌ അതല്ല. ആ പഴയ ഇഷ്ടം... അതാ ഞാന്‍ ചോദിച്ചത്". അവള്‍ കുറേകൂടി തെളിച്ചു. ഞാന്‍ ഒരല്പം ബലം വിട്ട്- " അതങ്ങനെ പെട്ടെന്ന് അങ്ങ് മറക്കാന്‍ പറ്റിയ ഒന്നല്ലല്ലോടീ". അത് കേട്ടതും ഷാര്‍ജ എന്‍റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട്‌ തുടര്‍ന്നു " രേവു പറഞ്ഞു, നിനക്ക് അന്നുണ്ടായിരുന്ന ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ടെങ്കില്‍ അവള്‍ക്കും അതിപ്പോള്‍ നിന്നോട് തോന്നിത്തുടങ്ങിയെന്ന്". അത്രയുമായപ്പോള്‍ ഗോപന്‍ സാര്‍ ക്ലാസിലേക്ക് വന്നു. അന്ന് ആദ്യമായി എനിക്ക് ഗോപന്‍ സാറിന്‍റെ ക്ലാസില്‍ ഉറങ്ങാന്‍ പറ്റിയില്ല. കാരണം സാര്‍ പഠിപ്പിച്ചതൊന്നും ഞാന്‍ കെട്ടാതെ ഇല്ല.......

മനസ്സിലുള്ളത് (ഷാര്‍ജയോടാണെങ്കിലും) തുറന്നു പറഞ്ഞ രേവതിയെ തനിച്ചൊന്നു കിട്ടാനായി വീണ്ടും വേണ്ടി വന്നു നശിച്ച 3 ദിവസങ്ങള്‍. നിമിഷങ്ങള്‍ എണ്ണിയെടുത്ത 3 ദിവസങ്ങള്‍. അങ്ങനെ അവസാനം ആ ദിവസം വന്നെത്തി. കുട്ടികള്‍ കുറവായിരുന്നതിനാല്‍ ഞങ്ങളുടെ ക്ലാസ്സ്‌ മാറ്റി. മറ്റൊരു ചെറിയ റൂമിലേക്ക്‌. അന്ന് ഷാര്‍ജ തന്നെ ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചക്ക് അവസരമൊരുക്കി. ഏറ്റവും പുറകിലത്തെ ബഞ്ചുകളില്‍ അടുത്തടുത്ത അറ്റങ്ങളില്‍ ഞാനും അവളും. ഞങ്ങള്‍ സംസാരിച്ചു. ഒത്തിരി നേരം... വീടിനെപ്പറ്റി, വീട്ടുകാരെ പറ്റി, അങ്ങനെ ഒരുപാടൊരുപാട്. ഷിബുമാമന്‍ (എന്‍റെ ഏറ്റവും ഇളയ മാമന്‍) ഡല്‍ഹിയില്‍ നിന്ന് കൊണ്ട് തന്ന, സ്പോഞ്ച് കൊണ്ടുണ്ടാക്കിയ ഒരു 'ഹാര്‍ട്ട്' ഞാന്‍ അവള്‍ക്ക് സമ്മാനിച്ചു. എന്‍റെ ബൈക്കിന്‍റെ കീ ചെയിനില്‍ ഞാന്‍ കൊളുത്തി ഇട്ടിരുന്നതായിരുന്നു അത്. അവള്‍ ആത് വാങ്ങി ഭദ്രമായി അവളുടെ ബാഗില്‍ വച്ചു. എന്നിട്ട്, പ്രത്യേകിച്ച് ഒരു ആകൃതി പറയാനാകാത്ത എന്തോ ഒന്ന് അവള്‍ എനിക്കും തന്നു. ഞാനില്ലാത്തപ്പോള്‍, ഞാന്‍ അവള്‍ക്ക് നല്‍കിയ ആ ഹൃദയം അവളോടും; അവള്‍ ഇല്ലാത്തപ്പോള്‍, അവള്‍ എനിക്ക് നല്‍കിയ ആകൃതിയില്ലാത്ത ആ വികൃതി എന്നോടും പതുക്കെ മന്ത്രിച്ചു....

"നിങ്ങള്‍ സ്നേഹിക്കുകയാണെ" ന്ന്


ഒരല്പം കൂടി
സത്യതില്‍ രേവതി എനിക്കിട്ട് ഒരുക്കിയ ഒരു കെണിയായിരുന്നു ഷാര്‍ജയുടെ കയ്യില്‍ കൊടുത്തയച്ച പ്രണയാപേക്ഷ. എന്നെ ഒന്ന് വട്ടം കറക്കാന്‍. പിന്നെ എന്‍റെ സ്നേഹവും ആത്മാര്‍ഥതയുമൊക്കെ കണ്ടപ്പോള്‍ അവള്‍ അറിയാതെ എന്നെ സ്നേഹിച്ചു പോയത്രേ!!!!!

അമ്പട ഞാനേ!!!!!!!എന്‍റെ ഒരു കാര്യം........

മരണപ്പക്ഷി

22/05/2010- മറ്റൊരു നശിച്ച ദിവസം കൂടി പത്ത്രത്താളുകളെയും, ടി.വി ചാനലുകളേയും വിഴുങ്ങിയിരിക്കുന്നു. ദുരന്തം എന്ന വാക്കിന്ഏറ്റവുമധികം ആവശ്യക്കരുണ്ടായ ദിനം. മലയാളിയുടെ മാറിയ മുഖത്തിനു ചുക്കാന്‍ പിടിച്ച അറബി നാട്ടിലേക്ക് ലോകത്തിന്‍റെ ശ്രദ്ധ ക്ഷണിച്ച ദുബായ് യുടെ വിരിമാറില്‍ നിന്നും പറന്നുയര്‍ന്ന ഇന്ത്യയുടെ തന്നെ എക്സ്പ്രസ്സ്‌ പക്ഷി നിശ്ചിത ആകാശ ദൂരവും താണ്ടി നിലം തൊട്ടെങ്കിലും യാത്ര അവസാനിപ്പിച്ചത് 158 മനുഷ്യ ജീവനുകള്‍ അപഹരിച്ചുകൊണ്ടാണ്.


എന്നൊക്കെയോ കണ്ടുതീര്‍ത്ത സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ പ്രവാസിയുടെ മേലങ്കിയെടുത്തണിഞ്ഞവര്‍, കുട്ടികളുടെ അവധിക്കാലം പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കാന്‍ പോയി വന്നവര്‍. പ്രായത്തിന്റെ നല്ലൊരു ഭാഗവും അപഹരിച്ച ഗള്‍ഫ്‌ ജീവിതത്തോട്, യാതൊരു പരിഭവവുമില്ലാതെ എന്നെന്നേക്കുമായി വിട ചൊല്ലി സ്വന്തം കുടുംബത്തോടൊപ്പം ശേഷിച്ച കാലം ജീവിച്ചുതീര്‍ക്കാന്‍ ആഗ്രഹിച്ചു, ബാക്കിവന്ന സമ്പാദ്യവുമായി തിരികെ വന്നവര്‍, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷങ്ങളിലെക്കും ആഘോഷങ്ങളിലെക്കും ഇറങ്ങിച്ചെല്ലാന്‍ കാത്തിരുന്നവര്‍.... അവരറിഞ്ഞില്ല... തങ്ങളെ നാട്ടിലെത്തിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത വൈമാനികന്‍ അല്‍പ്പ നേരത്തേക്കെങ്കിലും തന്റെ ഉദ്യമം മറന്നു പോകുമെന്ന്, അവരറിഞ്ഞില്ല... തങ്ങളെയും വഹിച്ചു വന്ന എയര്‍ ഇന്ത്യന്‍ പക്ഷി ടേബിള്‍ടോപ്‌ റണ്‍വേയും, സേഫ്സോണും കടന്നു 200 അടിയോളം താഴെ ഒരു ഗര്‍ത്തത്തിലേക്ക് പതിക്കുമെന്ന്, അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിക്ക് ഭക്ഷണമാകുമെന്ന്...

താഴേക്ക്‌ പതിച്ച ആഘാതത്തില്‍ നടുവൊടിഞ്ഞ പക്ഷിയുടെ മുറിവിലൂടെ ഒഴുകിയെത്തിയ പകല്‍ വെളിച്ചം തങ്ങള്‍ക്കു സമ്മാനിച്ചത്‌ ഒരു രണ്ടാം ജന്മമാണ് എന്ന് വിശ്വസിക്കാനാകാതെ എട്ടു മനുഷ്യജന്മങ്ങള്‍. അവരെ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെല്ലാം ഒരു പുകമറയില്‍ എരിഞ്ഞടങ്ങി. നാല് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 23 കുട്ടികള്‍... വരും ജീവിത വഴിയില്‍ എന്തെല്ലാമോക്കെയോ നേടിയെടുക്കെണ്ടിയിരുന്ന, നാളെയുടെ അവകാശികള്‍ ആകേണ്ടിയിരുന്ന 23 പിഞ്ചുകുഞ്ഞുങ്ങള്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം സമ്മാനിച്ച അസഹനീയമായ വേദന.

ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത, വിടരും മുന്‍പേ വാടിപ്പോകേണ്ടി വന്ന ആ കുഞ്ഞു സഹോദരങ്ങള്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയോടെ.....

അവരുടെ അന്ത്യ നിദ്രയില്‍ തൊഴുകൈകളോടെ.....

ഇനിയൊരിക്കലും ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ത്ഥനയോടെ......

തുടക്കം

നമ്മളെല്ലാവരും ജീവിതത്തില്‍ ഒരുപാട് തുടക്കങ്ങള്‍ക്ക് സാക്ഷിയായവരാണ്, ആകുന്നവരാണ്, ആകാന്‍ പോകുന്നവരാണ്. ജനനം എന്നിടത്തു നിന്നും മരണം എന്നിടത്തെക്കുള്ള ആ യാത്രക്കിടയില്‍ ഒരുപാട് മുഖങ്ങള്‍,ഒരുപാട് സ്ഥലങ്ങള്‍, ഒരുപാട് അനുഭവങ്ങള്‍. ഇവയെല്ലാം നമ്മള്‍ പോലുമറിയാതെ മറ്റെന്തിന്റെയോക്കെയോ തുടക്കങ്ങളാകുന്നു- നമ്മുടെ ജീവിതത്തില്‍. അനാവശ്യമോ അനിവാര്യമോ ആയ തുടക്കങ്ങള്‍. ഇന്ന് ഞാനും ഒരു തുടക്കത്തിന്‍റെ പാതയിലാണ്. വ്യത്യസ്തമായ ഒരു തുടക്കം. ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്‍റെ തുടക്കം. ഒരു അഞ്ചു വയസ്സുകാരന്‍ അവന്റെ വിദ്യാഭ്യാസ ജീവിതത്തിന്റെ ആദ്യ ദിനത്തിലെന്ന പോലെ, ഞാനും പകച്ചു നില്‍ക്കുന്നു. എന്തെന്നറിയാതെ... എങ്ങനെയെന്നറിയാതെ... പരിചയസമ്പന്നരും സര്‍വ്വോപരി തെളിഞ്ഞ സര്‍ഗശേഷിയുള്ളവരുമായ നിങ്ങളോരോ ബ്ലോഗര്‍മാരുടെയും മാര്‍ഗ്ഗ നിര്‍ദേശങ്ങളും അനുഗ്രഹാശിസ്സുകളും എന്നിലേക്കും പകരാന്‍ തുടങ്ങുക. ഞാന്‍ ഇവിടെയാണ്‌... അതെ ആളവന്‍താന്‍...

"എന്‍റെ ഹരിശ്രീ ഞാന്‍ ഇവടെ കുറിക്കുന്നു...
ഒടുക്കമില്ലാത്ത ഒരു തുടക്കത്തിനായ്"
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ