ക്രാഷ് ലാന്റ്‌ 3 - The roofless plane!

      
                ഹവായ്‌- അമേരിക്കയുടെ അമ്പതാമത്തേതും, പൂർണമായും ദ്വീപായതുമായ ഒരേ ഒരു സ്റ്റേറ്റ്‌. 1988 ഏപ്രിൽ 28, after noon. ഹവായ്‌ ദ്വീപിൽ ഇത്‌ ശൈത്യകാലമാണ്‌. ഹിലോ ഇന്റർനാഷണൽ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിൽ നിന്നും യാത്രക്കാർ, ഹോണൊലുലുവിലേക്ക്‌ പുറപ്പെടാൻ തയ്യാറാകുന്ന അലോഹ എയറിന്റെ അലോഹ 243 എന്ന വിമാനത്തിലേക്കു നടന്നടുത്തു. വെറും 35 മിനിറ്റിന്റെ യാത്ര. അലോഹ 243 ഈ രണ്ടു ദ്വീപുകൾക്കിടയിൽ ഷട്ടിൽ സർവ്വീസ്‌ നടത്തുന്ന വിമാനമാണ്‌. ഇതു 243 യുടെ ഇന്നത്തെ ഒമ്പതാമത്തെ യാത്രയും!
              അലോഹ 243 ഒരു ബോയിംഗ്‌ 737 വിഭാഗത്തിൽ പെട്ട വിമാനമാണ്‌. ക്യാപ്റ്റൻ ബോബ്‌ ഷോൺസ്റ്റെയ്മർ 11 വർഷമായി അലോഹയുടെ ഒപ്പമുള്ള  പൈലറ്റും. ഫസ്റ്റ്‌ ഒഫീസർ മിമി ടോംപ്കിൻസ്‌, ചീഫ്‌ ഫ്ലൈറ്റ്‌ അറ്റന്റന്റ്‌ ക്ലാരാബെല്ല എന്ന CB, മിഷേൽ ഹോണ്ട, ജേയ്ൻ സാറ്റോ, എന്നിവരാണ്‌ 19 വർഷമായി ഹവായ്‌ ദ്വീപുകൾക്കു മുകളിലൂടെ സെയ്ഫ്‌ ജേർണി നടത്തുന്ന അലോഹ 243യുടെ ഇപ്പോഴത്തെ ക്രൂ മെംബേഴ്സ്‌. യാത്രക്കാർ പലരും സ്ഥിരക്കാർ ആയതുകൊണ്ട്‌ തന്നെ വിമാനജീവനക്കാരും അവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. ആകെ 89000 യാത്രകൾ വിജയകരമായി പൂർത്തിയാക്കിയ വിമാനം, ലോകത്തു തന്നെ ആകെ ഒരേ ഒരു ബോയിംഗ്‌ 737 മാത്രമേ അന്നുവരെ അപകടത്തിൽ പെട്ടിട്ടുള്ളൂ എന്നതിനാൽ തന്നെ ക്ലീൻ സേഫ്റ്റി റെക്കോഡ്‌, കഴിവുറ്റവരും എക്സ്പീരിയൻസ്ഡുമായ വിമാന ജീവനക്കാർ. മോശമായി ഒന്നും തന്നെ സംഭവിക്കാൻ യാതൊരു സാധ്യതയും ആരും കണ്ടില്ല; ഗയാവു യമമോട്ടൊ എന്ന യാത്രക്കാരി ഒഴികെ! വിമാനത്തിലേക്ക്‌ കയറുമ്പോൾ വാതിലിനോട്‌ ചേർന്ന് വലതു വശത്തായുള്ള വിൻഡോയിൽ നിന്നും തുടങ്ങി അടുത്തായി സ്റ്റിച്ച്‌ ചെയ്തിരുന്ന സ്ക്രൂവിലേക്ക്‌ വരെ വിമാനത്തിന്റെ ബോഡിയിൽ കാണപ്പെട്ട ഒരു ചെറിയ പൊട്ടൽ യമമോട്ടോയെ അൽപ്പം നെർവ്വസ്‌ ആക്കിയിരുന്നു!
                1:25 PM. അലോഹ 243 കൃത്യ സമയത്തിന്‌ ടേക്ക്‌ ഓഫ്‌ ചെയ്തു. കോക്ക്പിറ്റിൽ ക്യാപ്റ്റ്ൻ ബോബ്‌ റേഡിയോ സംഭാഷണത്തിൽ ബിസിയായിരുന്നു. കോ പൈലറ്റ്‌ മിമിയാണ്‌ കണ്ട്രോളിൽ. 20 മിനിറ്റുകൾക്കു ശേഷം വിമാനം അതിന്റെ നിശ്ചിത ആൾട്ടിറ്റ്യൂഡായ 24000 അടിയിലേക്ക്‌ ഉയർന്നു. അതിഭയങ്കരമായൊരു സ്ഫോടന ശബ്ദം! പിന്നെ ശക്തമായി കാറ്റ്‌ അടിച്ചുകയറുന്നതിന്റെ ഒച്ചയും മാത്രമേ പൈലറ്റുമാർക്ക്‌ കേൾക്കാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടു തന്നെ പൈലറ്റുമാർക്ക്‌ പരസ്പരം സംസാരിക്കുന്നതു പോലും കേൾക്കാൻ കഴിഞ്ഞുമില്ല. ക്യാപ്റ്റൻ ബോബ്‌ വിമാനത്തിന്റെ കണ്ട്രോൾ പെട്ടെന്നു തന്നെ എറ്റെടുത്തു. പിന്നിലേക്ക്‌ തിരിഞ്ഞ കോ പൈലറ്റ്‌ മിമി കോക്ക്പിറ്റിന്‌ പിന്നിൽ കണ്ട നടുക്കുന്ന കാഴ്ച്ച വിശ്വസിക്കാനാകാതെ ക്യാപ്റ്റനെ നോക്കി. കോക്ക്പിറ്റ്‌ ഡോറിന്‌ പുറകിൽ നീലാകാശം മാത്രം! വിമാനത്തിന്‌ മേൽക്കൂരയില്ല!
                 ഫ്ലൈറ്റിന്റെ ഫ്ലോർ ബീമിനു മുകളിലേക്കുള്ള ഏതാണ്ട്‌ 35 ചതുരശ്ര മീറ്റർ അലൂമിനിയം സ്കിൻ, മിഡ്‌ എയറിൽ വച്ച്‌ നഷ്ടമായിരിക്കുന്നു! വിമാനത്തിനുള്ളിലെ പ്രഷറൈസ്‌ ചെയ്യപ്പെട്ട വായു അതിശക്തമായി പുറത്തേക്കൊഴുകി.  ഡ്രിങ്ക്സ്‌ സെർവ്‌ ചെയ്തുകൊണ്ടിരുന്ന CB ഒഴികെയുള്ള രണ്ട്‌ ഫ്ലൈറ്റ്‌ ജീവനക്കാരികളും സീറ്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു! CB യെ കാണാനില്ല. ആളുകളുടെ മുടി മുന്നിലേക്ക്‌ പറന്ന് വടി പോലെ നിന്നു! വിമാനത്തിനുള്ളിൽ നിന്നും സാധനങ്ങളും പേപ്പറുകളും ഒക്കെ പുറത്തേക്ക്‌ പറന്നുകൊണ്ടേയിരുന്നു. കോക്ക്പിറ്റിനു പുറകിലെ അഞ്ച്‌ വരികളിലെ സീറ്റുകളും യാത്രക്കാരും ഇപ്പോൾ പൂർണ്ണമായും വായുവിലേക്ക്‌ എക്സ്പോസ്ഡ്‌ ആണ്‌! പുറം ചട്ട നിർമിക്കാത്ത ബസ്സിൽ സഞ്ചരിക്കുന്നത്‌ പോലെ! 24000 അടി ഉയരത്തിൽ, മണിക്കൂറിൽ 300 കി.മീ വേഗതയിൽ വിമാനത്തിലേക്ക്‌ കാറ്റ്‌ അടിച്ചു കയറുകയാണു വിമാനത്തിനുള്ളിലെ താപനില -50 ഡിഗ്രിയിലേക്ക്‌ പൊടുന്നനെ താഴ്‌ന്നു! യാത്രക്കാർക്ക്‌ ശ്വസിക്കാൻ ആവശ്യമായ അളവിൽ ഓക്സിജനും ഇല്ലാതെയായി. ക്യാബിനിൽ ആകെ നിലവിളികൾ ഉയർന്നു. തങ്ങൾ അടുത്ത നിമിഷം മരിക്കാൻ പോകുന്നു എന്നു എല്ലാവരും ഉറപ്പിച്ചു.
                     വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണടഞ്ഞതുകൊണ്ട്‌ യാത്രക്കാർക്ക്‌ ആർക്കും തന്നെ കോക്ക്പിറ്റ്‌ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പൈലറ്റുമാർ ജീവനോടെയില്ല എന്ന് യാത്രക്കാർക്ക്‌ ചില സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും എയർ ഹോസ്റ്റസ്‌ മിഷേൽ ഹോണ്ട, അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ സഹപ്രവർത്തകയെ എടുത്ത്‌ മടിയിൽ കിടത്തി യാത്രക്കാരോടായി ചോദിച്ച - "can anyone of you fly a plane?" എന്നൊരു ചോദ്യം തങ്ങളുടെ വിമാനത്തിന്റെ കണ്ട്രോളിൽ ആരും ഇല്ല എന്ന് യാത്രക്കാരെ വിശ്വസിപ്പിക്കാൻ പോന്നതായിരുന്നു! പക്ഷേ അലോഹ 243 അപ്പോഴും മനുഷ്യ നിയന്ത്രണത്തിൽ തന്നെയായിരുന്നു.  ഇനിയും ഇതേ ഉയരത്തിൽ പറന്നാൽ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ യാത്രക്കാർക്ക്‌  ഹൈപ്പോക്സിയ എന്ന അവസ്ഥ ബാധിക്കും എന്ന്‌ മനസ്സിലാക്കിയ ക്യാപ്റ്റൻ ബോബ്‌, സാധാരണ ഗതിയിൽ ആളുകൾക്ക്‌ ശ്വസിക്കാൻ കഴിയുന്ന ആൾട്ടിറ്റ്യൂഡിലേക്ക്‌  വിമാനം എത്തിക്കാനായി മിനിറ്റിൽ 1200 മീറ്റർ എന്ന തോതിൽ ഒരു ഇമ്മീഡിയറ്റ്‌ ഡിസന്റ്‌ അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു. ATC യിൽ അപകട സൂചന നൽകാനുള്ള കഠിന പരിശ്രമത്തിലായിരുന്നു മിമി. ഡെസ്റ്റിനേഷനായ ഹോണൊലുലുവിലേക്ക്‌ യാതൊരു സംഭാഷണവും സാധ്യമാവാതായതോടെ അവർ റേഡിയോ  ഫ്രീക്വൻസി ഏറ്റവും അടുത്തുള്ള മറ്റൊരു ഐലൻഡായ മ്യൂവിയിലെ കാഹുലൂയി ഏയർപോർട്ടിലേക്ക്‌ ട്യൂൺ ചെയ്തു. ഒടുവിൽ തങ്ങളുടെ വിമാനത്തിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെട്ട്‌ 3 മിനിറ്റുകൾക്കു ശേഷം ആദ്യമായി പൈലറ്റുമാർ ഗ്രൗണ്ടുമായി വോയിസ്‌ കോണ്ടാക്റ്റ്‌ നടത്തി!  കാഹുലൂയി ATC കണ്ട്രോളർ ഉടൻ തന്നെ എമർജൻസി ലാന്റിങ്ങിനുള്ള പ്രോസീജിയേഴ്സ്‌ ആരംഭിച്ചു.
                      3000 അടി ഉയരത്തിൽ വച്ച്‌ അലോഹ 243, കാഹുലൂയി എയർപോർട്ടിനെ ലക്ഷ്യമാക്കി വലത്തേക്ക്‌ തിരിയാൻ തുടങ്ങിയപ്പോൾ യാത്രക്കാർ വിമാനത്തിന്റെ കണ്ട്രോളിലെ പൈലറ്റിന്റെ സാന്നിധ്യം,  തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 5 മിനിറ്റുകൾക്ക്‌ ശേഷം   ആദ്യമായി മനസ്സിലാക്കി. മനസ്സിൽ അവർക്ക്‌ വീണ്ടും ഒരു ചെറിയ പ്രതീക്ഷ ഉണർന്നു പക്ഷേ പ്രശ്നങ്ങൾ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ ട്രാൻസ്മിഷനിൽ നേരിട്ട തകരാർ വിമാനത്തിന്റെ വൈറ്റൽ കണ്ട്രോളുകൾ നഷ്ടപ്പെടാൻ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു എന്ന് പൈലറ്റുമാർക്ക്‌ മനസ്സിലായിരുന്നില്ല! വിമാനത്തിന്റെ ഹൈഡ്രോളിക്‌ സിസ്റ്റം കൂടി പ്രവർത്തനരഹിതമായതോടെ ക്യാപ്റ്റൻ ബോബും മിമിയും, ഒരു പൈലറ്റും സ്വപ്നം കൂടി കാണാൻ ആഗ്രഹിക്കാത്ത ആ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. പുറംചട്ട ഇളകി പോയപ്പോൾ വിമാനത്തിന്റെ ക്രിട്ടിക്കൽ വയറിങ്ങും കണ്ട്രോൾ കേബിളുകളൂം മുറിഞ്ഞ്‌ പോയിരുന്നു! എത്രയും പെട്ടെന്ന് ലാന്റ്‌ ചെയ്യുക എന്നതിൽ കുറഞ്ഞ്‌ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല പൈലറ്റുമാർക്ക്‌. ലാന്റിംഗ്‌ ഗിയർ എക്സ്റ്റന്റ്‌ ചെയ്ത കൊ-പൈലറ്റിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗിയർ എക്സ്റ്റന്റ്‌ ആയതായി പൈലറ്റുമാർക്ക്‌ ഇൻഫോമേഷൻ നൽകുന്ന ഇൻഡിക്കേറ്ററുകളിൽ നോസ്‌ ഗിയറിന്റെ ഇൻഡിക്കേഷൻ ലൈറ്റ്‌ തെളിയുന്നില്ല! മിമി ഒന്നുകൂടി ശ്രമിച്ചെങ്കിലും ഫലം അതു തന്നെ.
                        സാങ്കേതികമായി വിമാനം ഏറെ പ്രശ്നങ്ങൾ നേരിടുന്നതിനാൽ തന്നെ ഗിയർ ശരിക്കും പുറത്തേക്കു വരാത്തതാണോ അതോ കോക്‌ പിറ്റിലെ ഇൻഡിക്കേറ്റർ വർക്ക്‌ ചെയ്യാത്തതാണോ എന്ന കാര്യത്തിൽ രണ്ടു പൈലറ്റുമാർക്കും യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല! ക്യാപ്റ്റൻ വേണം ഒരു തീരുമാനമെടുക്കാൻ. അദ്ദേഹത്തിന്റെ  മുന്നിൽ ഇനി രണ്ട്‌ ഓപ്ഷനുകൾ മാത്രമേ ഉള്ളൂ. ഏറെ ചിന്തിക്കാൻ സമയവുമില്ല. ഒന്നുകിൽ രണ്ടും കൽപ്പിച്ച്‌ വിമാനം കാഹുലൂയി എയർപോർട്ടിന്റെ ടാർമാക്കിലേക്ക്‌ ഇടിച്ചിറക്കുക. അല്ലെങ്കിൽ വളരെ ക്രൂഷ്യലായ കുറച്ച്‌ സമയം കൂടി ആകാശത്ത്‌ ചെലവഴിച്ച്‌, എയർപോർട്ടിനു മുകളിലൂടെ താഴ്‌ന്ന് പറന്ന് ലാന്റിംഗ്‌ ഗിയർ പുറത്തു വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം ലാന്റ്‌ ചെയ്യുക. പക്ഷെ, അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച ക്യപ്റ്റൻ ബോബ്‌ ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുകയായിരുന്നു! അദ്ദേഹം മിമിയൊട്‌ പറഞ്ഞു- "here we go! get ready, we are going to land anyway!" അപ്പോഴെക്കും കാഹുലൂയി എയർപോർട്ടിന്റെ റൺ വേയിൽ ഫയർ ഫൈറ്റിംഗ്‌ ടീം, ഒരു ക്രാഷ്‌ ലാന്റിങ്ങിനെ നേരിടാൻ സുസജ്ജരായി കഴിഞ്ഞിരുന്നു. ബൈനോക്കുലറിലൂടെ വിമാനത്തിന്റെ അപ്രോച്ച്‌ നിരീക്ഷിക്കുകയായിരുന്ന ചീഫ്‌ ഫയർ ഫൈറ്റർ ആ കാഴ്ച കണ്ടു. വിടർന്ന ചിരിയോടെ അയാൾ വയർലസ്‌ വഴി ATC കണ്ട്രോളറോട്‌ പറഞ്ഞു -"We won half the game; the nose gear appears down!" ആ വിവരം ATC യിൽ നിന്നും പൈലറ്റിലേക്കെത്തിച്ചത്‌ വെറുമൊരു ഇൻഫോമേഷനായിരുന്നില്ല, 90 യാത്രക്കാരുടെ ജീവൻ തന്റെ കയ്യിൽ സുരക്ഷിതമായേക്കും എന്ന ആത്മവിശ്വാസവും കൂടി ആയിരുന്നു.
                 ഒടുവിൽ സംഭവബഹുലമായ 13 മിനിറ്റുകൾക്കു ശേഷം 40 ടൺ ഭാരവും വഹിച്ച്‌ 320 Km/Hr വേഗതയിൽ അലോഹ 243 റൺ വേയുടെ 600 മീറ്റർ അകലെ എത്തി. എല്ലാ യാത്രക്കാരോടും മുന്നിലെ സീറ്റിൽ കൈ അമർത്തി തല താഴ്ത്തി ക്രാഷ്‌ പോസിഷനിൽ ഇരിക്കാൻ മിഷേൽ ഹൊണ്ട അലറി. സാധാരണ ലാന്റിങ്ങിൽ നിന്നും വ്യത്യസ്തമായി അലോഹ 243 നോസ്‌ ഡൗൺ പോസിഷനിൽ റൺ വേയിലേക്ക്‌ വീഴാൻ തുടങ്ങി. വിമാനത്തിന്റെ മുന്നിലെ ലാൻഡിംഗ്‌ ഗിയർ ആദ്യം നിലത്തു കുത്തി. ടാർമാക്കിൽ അമർന്ന ടയറുകൾ ഘർഷണത്താൽ കരിഞ്ഞു തുടങ്ങിയപ്പോഴേക്കും പിന്നിലെ മെയിൻ ലാന്റിംഗ്‌ ഗിയർ വലിയൊരു ശബ്ദത്തോടെ റൺ വേയിൽ വന്നിടിച്ചു! വിമാനത്തിന്റെ വേഗത കുറക്കാനായി മിമി ടോംപ്കിൻസ്‌ ചിറകുകളിലെ ഫ്ലാപ്പുകൾ എക്സ്റ്റന്റ്‌ ചെയ്തു. അൽപ്പ ദൂരം ഉരുണ്ടു നീങ്ങി അലോഹ 243 നിശ്ചലമായി. നിമിഷങ്ങളുടെ നിശബ്ദതയ്ക്ക്‌ ശേഷം, രക്തത്തിൽ കുളിച്ചിരിക്കുന്ന യാത്രക്കാർ അവരുടെ പരുക്കുകൾ മറന്ന്, തങ്ങളുടെ ജീവൻ രക്ഷിച്ച ബോബിനെയും മിമിയെയും കയ്യടിച്ച്‌ ആദരവ്‌ പ്രകടിപ്പിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതർ. പക്ഷെ ചീഫ്‌ ഫ്ലൈറ്റ്‌ അറ്റൻഡന്റ്‌ CB മാത്രം വിമാനത്തിലില്ല. കോക്ക്‌ പിറ്റിന്‌ പിന്നിൽ നിന്നും യാത്രക്കാർക്ക്‌ ഡ്രിങ്ക്സ്‌ നൽകുകയായിരുന്ന CB വിമാനത്തിന്റെ മേൽക്കൂര ഇളകിത്തെറിച്ചപ്പോൾ വിമാനത്തിനുള്ളിലെ പ്രഷർ ചെയ്യപ്പെട്ട വായുവിനൊപ്പം പുറത്തേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു! CB യുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ബോഡിയും വിമാനാവശിഷ്ടവും ലഭിച്ചില്ല.
                    ഏവിയേഷൻ ചരിത്രത്തിനെ തന്നെ തിരുത്തിക്കുറിച്ച ഒരു സംഭവം. എല്ലാവരുടെയും സംശയം ഒന്നു തന്നെയായിരുന്നു. ഒരു ജറ്റ്‌ എയർലൈനറിന്റെ റൂഫ്‌, പറക്കലിനിടെ ഇത്ര നിസ്സാരമായി എങ്ങനെ ഇളകിപ്പോയി? NTSB - The US National Transport Safety Board അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പൊളിഞ്ഞു പോയ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ലാബുകളിൽ നടത്തി. വിമാനത്തിന്റെ പുറം ചട്ട നിർമിക്കുന്ന ലോഹ പ്ലേറ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നത്‌ റിവറ്റുകൾ ഉപയോഗിച്ചാണ്‌. ഈ റിവറ്റുകൾ കയറ്റാനായി ഡ്രില്ല് ചെയ്ത ദ്വാരങ്ങളിൽ വീണ, നഗ്ന നേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്ത സ്ക്രാച്ചുകൾ കാലക്രമേണ വലുതാവുകയായിരുന്നു. അലോഹയുടെ മോശം മെയിന്റനൻസ്‌ കാരണം അതു കണ്ടുപിടിക്കപ്പെട്ടതുമില്ല. ഒടുവിൽ ഒരു ചെറിയ കീറൽ, വിമാനത്തിന്റെ വലിയൊരു ഭാഗത്തെയും ഒരു മനുഷ്യ ജീവനെയും ഒപ്പം വലിച്ചെടുത്ത്‌ പറന്ന് പോകുകയായിരുന്നു; ഒരിക്കലും കണ്ടു പിടിക്കപ്പെടാത്ത, ഇന്നും മനുഷ്യന് അജ്ഞാതമായ എവിടേക്കൊ........!!


Courtesy: National Geographic Channel, Discovery, Google and Wikipedia.
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ