കാഴ്ച്ച


ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങള്‍ മനസ്സിനും ശരീരത്തിനും ഏല്‍പ്പിക്കുന്ന ആലസ്യവും വിരസതയും മറക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടാണ് വ്യാഴാഴ്ചകള്‍ പിറക്കുന്നത്. വെള്ളിയാഴ്‌ച അവധിയായത് കൊണ്ട് തന്നെ വ്യാഴാഴ്‌ച രാത്രികള്‍ എന്നും ഞങ്ങള്‍ ആഘോഷമാക്കാറുണ്ട്. രാത്രി മൊത്തം ‘ഓടണം’ എന്നുള്ളതിനാല്‍ സ്പെഷ്യല്‍ മൈലേജിനായി എല്ലാവര്ക്കും ബോട്ടില്സ് സംഘടിപ്പിക്കാന്‍ ഞാനും, സുപ്പര്‍വൈസര്‍ ബേബിച്ചായനും ഡ്യൂട്ടിക്കിടെ ഒരു സ്പെഷ്യല്‍ ഡ്യൂട്ടി തരപ്പെടുത്തി പോകാറാണ് പതിവ്. എയര്‍പോര്‍ട്ട് സൈറ്റില്‍ നിന്നും ഏകദേശം 20 കി.മി. ദൂരെയാണ് നമ്മുടെ “പമ്പ്‌”.പോകുന്ന വഴിയില്‍, തൊണ്ടയില്‍ വേനല്‍ ആരംഭിച്ച സന്ദേശം വന്നു. ബേബിച്ചായനോട് പറഞ്ഞപ്പോള്‍ ഏതെങ്കിലും കടയുടെ അടുത്തു നിര്‍ത്താന്‍ പറഞ്ഞു. പിന്നെ മുന്നില്‍ കണ്ട കടയുടെ മുന്നില്‍ ഞാന്‍ കാര്‍ നിര്‍ത്തി. ബേബിച്ചായന്‍ വെള്ളം വാങ്ങാനായി കടയിലേക്ക് പോയി. പെട്ടെന്ന് ഇടതു വശത്തെ വിന്‍ഡോയില്‍ ഒരു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു. ഒരു പയ്യന്‍ വണ്ടിയുടെ ഗ്ലാസില്‍ തട്ടി വിളിക്കുകയാണ്. അഞ്ച്‌ വയസ്സ് തോന്നിക്കും- ഒരു സുന്ദരന്‍ ചെക്കന്‍. അവന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും... അവന്‍ എന്തോ പറയുന്നുണ്ട്. അറബിയിലാണ്. എനിക്ക് മനസ്സിലായില്ല. പക്ഷെ അവന്റെ കാഴ്ച്ച കാറിന്റെ ഡാഷ്ബോര്‍ഡിനു മുകളില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകളില്‍ അവസാനിക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ചുണ്ടുകള്‍ ആകെ ചുവന്നിരിക്കുന്നു. നേരത്തെ കഴിച്ച മിഠായി അവനില്‍ അവശേഷിപ്പിച്ചതാണെന്ന് തോന്നുന്നു, ആ നിറം. അവനു നഷ്ട്ടപെട്ടു പോയ, ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ എത്രെയെന്നോര്‍ത്തു പോയി ഞാന്‍, അത് കണ്ടിട്ട്......വലതു വശത്തെ ഡോര്‍ തുറന്നു. ബേബിച്ചായന്‍ തിരികെ വന്നതാണ്. കയ്യില്‍ രണ്ടു മാംഗോ ജ്യൂസും ഉണ്ട്. ഞാന്‍ വണ്ടിയുടെ ഗിയര്‍ മെല്ലെ ഡ്രൈവിലേക്ക് ഷിഫ്റ്റ്‌ ചെയ്തു, വണ്ടി ഒന്നനങ്ങി. വീണ്ടും ഇടതു വശത്ത് നിന്നും ആ പഴയ ശബ്ദം- പൂര്‍വാധികം ശക്തിയോടെ. തിരിഞ്ഞു നോക്കി, ഇപ്പോള്‍ ആളെണ്ണം കൂടിയിരിക്കുന്നു. ഒരാള്‍ കൂടിയുണ്ട്. ഏകദേശം ഒന്നാമന്റെ അതെ രൂപവും പ്രായവും തന്നെ പുതുമുഖത്തിനും. ഞാന്‍ ഗ്ലാസ്‌ താഴ്ത്തി. അവര്‍ രണ്ടും വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.ഞാന്‍ ബേബിച്ചായനെ ഒന്ന് നോക്കി. ഇതാരെടാ!! എന്ന ഭാവത്തിലാണ് പുള്ളി. ഡാഷ്ബോഡില്‍ കിടന്ന ചില്ലറകളില്‍ നിന്നും 25 പിയസ്റ്ററിന്റെ (നാട്ടിലെ ഏതാണ്ട് 16 രൂപ) ഒരു തുട്ട് ഞാന്‍ എടുത്ത് അവര്‍ക്ക് നേരെ നീട്ടി. ആ ചെമ്പ് കഷണത്തിനായി രണ്ട് ഇളം കൈകള്‍ മല്‍സരിക്കുന്നത് കണ്ട്‌ ഒന്ന് പിടഞ്ഞു മനസ്സ്. ഒടുവില്‍ അതില്‍ ഒരു കൈ അത് സ്വന്തമാക്കി ഓടി. പുറകെ രണ്ടാമനും. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ഒരല്‍പം മാറി അവര്‍ തമ്മില്‍ എന്തോ ഒരു ചെറിയ വാഗ്വാദം നടക്കുന്നുണ്ട്. പിന്നെ എന്തോ തീരുമാനത്തിലെത്തിയ പോലെ രണ്ടാളും പരസ്പരം തോളില്‍ കയ്യിട്ട്‌ നടന്നു പോയി.

ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. എന്തോ ഞങ്ങള്‍ രണ്ടും പേരും വാങ്ങിയ ജ്യൂസ് കുടിച്ചില്ല. അല്‍പ്പ സമയം രണ്ടു പേരും പരസ്പരം മിണ്ടിയതുമില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഞാന്‍ ബേബിച്ചായനോട് ചോദിച്ചു- “ നമുക്ക് ഒന്ന് തിരിച്ചു പോയാലോ? അവന്മാരെ ഒന്ന് കൂടി കാണണം”. ബേബിച്ചായന്‍ എന്തോ ആശിച്ചിരുന്നത് കേട്ടപോലെ പെട്ടെന്ന് പറഞ്ഞു- “പോകാം”. പിന്നെ കണ്ട ആദ്യത്തെ യൂ ടേണില്‍ വണ്ടി തിരിഞ്ഞു. പോകുന്ന്ന വഴിയില്‍ കണ്ട ഒരു ചെറിയ തട്ടിക്കൂട്ട് കടയില്‍ നിന്നും നമ്മുടെ പരിപ്പ് വട മാതിരിയുള്ള കുറച്ച് എണ്ണപ്പലഹാരവും വാങ്ങി, ഞങ്ങള്‍.തിരികെ പഴയ സ്ഥലത്ത്, അതെ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവിടെ ആരെയും കാണുന്നില്ല.അവര്‍ വരും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അല്‍പ്പ സമയം അവിടെ തന്നെ കാത്തു നിന്നു. അതുവരെ സുലഭമായി വണ്ടിക്കുള്ളില്‍ ലഭിച്ചിരുന്ന സൂര്യ പ്രകാശത്തെ മറച്ചു കൊണ്ട് എന്തോ ഒന്ന് വണ്ടിയുടെ വലതു വശത്ത്...... ഒന്നാമാനുമല്ല, രണ്ടാമനുമല്ല. ഇവന്‍ മൂന്നാമന്‍!!. വിധി തന്റെ ജീവിതത്തെ ഒരു തമാശയായി കണ്ടപ്പോള്‍, എവിടെയോ നഷ്ട്ടമായ ബാല്യത്തിന്റെ നിഷ്കളങ്കത, ഇനിയും സ്വയം ഉപേക്ഷിച്ചു പോകാന്‍ മടിച്ചു നില്‍ക്കുന്ന മുഖം. ആദ്യം കണ്ടില്ലെങ്കിലും ശബ്ദത്തിലൂടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു, അവനൊപ്പം മറ്റൊരു കുഞ്ഞന്‍ കൂടിയുണ്ടെന്ന്. അവന്റെ അനിയന്‍ ആയിരിക്കണം. ആദ്യത്തെ രണ്ടു പെരെക്കാളും പ്രായം കൊണ്ടും രൂപം കൊണ്ടും വലിയവന്‍ ആണിവന്‍. ഇച്ചായന്‍ ഗ്ലാസ്‌ മെല്ലെ താഴ്ത്തി. അവനും കല പില സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ മറ്റു രണ്ടുപേരെ പ്പറ്റി അന്വേഷിച്ചു, അറിയില്ലെന്നവന്‍ തലയാട്ടി. ഇച്ചായന്റെ കയ്യിലെ പോതിയുടെ പുറത്തു പരന്ന എണ്ണക്കറ കണ്ട അവന്‍ പിന്നെ ഞങ്ങളെ നോക്കിയതേ ഇല്ല. ഞങ്ങള്‍ അത് അവനു നല്‍കി, ജ്യൂസും. അവന്‍ പലഹാരത്തില്‍ നിന്നും രണ്ടെണ്ണം എടുത്തു ചെറിയ ആളിന് കൊടുത്തു, ഒരു ജ്യൂസും. ആ കുഞ്ഞ് ആര്‍ത്തിയോടെ അത് കഴിച്ചു. എന്നിട്ട് സ്വയം ഒന്ന് എടുത്തു കടിച്ചു കൊണ്ട് ചിരിച്ചു നിന്നു വലിയവന്‍. തന്‍റെ അനിയന് ഭക്ഷണം കിട്ടിയതിന്റെ സന്തോഷമായിരിക്കണം- അവന്‍റെ മുഖം വിടര്‍ന്നു. അത് ഞങ്ങളോട് പറയാതെ പറയുന്നുണ്ടായിരുന്നു ‘ഒരായിരം നന്ദി’ എന്ന്. ഒന്ന് രണ്ടു ഫോട്ടോ എടുക്കാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങളും ഇതിനിടയില്‍ അവന്‍ തടഞ്ഞു. ഒടുവില്‍ ഒരിക്കല്‍ കൂടി ഞങ്ങളെ നോക്കി തെളിഞ്ഞു ചിരിച്ചുകൊണ്ട് ഒരു കയ്യില്‍ ഭക്ഷണവും മറു കയ്യില്‍ കൊച്ചനിയന്റെ കയ്യും പിടിച്ച് അവന്‍ നടന്നു നീങ്ങി. അപ്പോഴും ആ പൊതിയില്‍ നിന്നും ഒരെണ്ണം പോലും നിലത്ത് വീണു പോകാതിരിക്കാന്‍ അവന്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.കാണാന്‍ വന്നവരെയല്ല കണ്ടത്, എന്നാലും മനസ്സിന് ഒരു സുഖം..... ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി...... വണ്ടിക്കു മുന്നില്‍, റോഡിലുള്ള കാഴ്ച്ചകള്‍ എന്റെ കണ്ണിനു മുന്നില്‍ ഊറിക്കൂടിയ എന്തോ ഒന്ന് മറയ്ക്കുന്ന പോലെ. ഞാന്‍ എന്റെ വലതു വശത്തേക്ക് നോക്കി. തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന ബേബിച്ചായന്‍!! ഇനിയിത് വഴി പോകുമ്പോള്‍ ഒരുപക്ഷെ എന്റെ കാഴ്ച്ചകള്‍ ആ മൂന്നു പേരെ തിരയുമായിരിക്കും, ഒന്ന് കൂടി കാണാന്‍.... ഇനിയും ഇത് പോലെ എത്രയെത്ര കാഴ്ച്ചകള്‍ എന്ന എന്റെ ചിന്ത ഒരു നെടുവീര്‍പ്പില്‍ അവസാനിച്ചു. കാര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണ്. ഇന്ന് രാത്രി ഞങ്ങള്‍ക്ക് മായക്കാഴ്ചകള്‍ സമ്മാനിക്കാന്‍ ഒരുങ്ങിയിരിക്കുന്ന, പൊട്ടുന്നതും ഞളുങ്ങുന്നതുമായ കുപ്പികള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ഞങ്ങളുടെ പമ്പ് ലക്ഷ്യമാക്കി.

32 comments:

Manoraj said...

മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു
കണ്ണടകൾ വേണം..

പലതരത്തിലുള്ള ജീവിത കാഴ്ചകൾ.. പക്ഷെ ആ ഫോട്ടോയെടുക്കാൻ നോക്കരുതായിരുന്നു വിമൽ. നന്നായി അവരുടെ അവസ്ഥ വരച്ചുകാട്ടി.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

"GIVE AND SPEND, THEN GOD WILL SEND" എന്നൊരു പ്രയോഗമുണ്ട്.
'തന്നത് തന്നത് തിന്നുകൊണ്ടാല്‍ പിന്നെയും തമ്പുരാന്‍ തന്നുകൊള്ളും' എന്ന് അതിനെ പരിഭാഷപ്പെടുത്താം എന്ന് തോന്നുന്നു.
നാം എല്ലാരും സമ്പാദിക്കുന്നതിന്റെ വളരെ ചെറിയ ഒരു വിഹിതം പാവപ്പെട്ടവര്‍ക്കായി മാറ്റിവച്ചാല്‍ തന്നെ ദാരിദ്ര്യം തുടച്ചു നീക്കാന്‍ വലിയ പ്രയാസം ഉണ്ടാവില്ല. നാം അതിനു വേണ്ടി ചിലവഴിക്കുന്നത് 'ചക്കാത്ത്' അല്ല അത് പാവപ്പെട്ടവരുടെ അവകാശം ആണെന്നും നമുക്ക് എത്രയോ ഇരട്ടിയായി ദൈവം അതിനു തിരിച്ചു തരുമെന്നും വിശ്വസിക്കുക.
പിന്നെ, നാം ചെയ്യുന്ന ദാനധര്‍മങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കുകയാണ് ഏറ്റവും ഉത്തമം. മേലെ പറഞ്ഞ പഴമൊഴിയുടെ ശക്തി അതാണ്‌.
മനസ്സിലെ നന്മ ഒരിക്കലും കെടാതിരിക്കട്ടെ!!

ഹംസ said...

ഇവിടയും റോഡ്സൈഡില്‍ ഇതുപോലെ ഒരുപാട് കാഴ്ചകള്‍ കാണം . ചിലരെ കാണുമ്പോള്‍ വല്ലാതെ സങ്കടം തോന്നും.
നന്മ എന്നും മനസ്സില്‍ നിലനില്‍ക്കട്ടെ. :)

pournami said...

കാഴ്ച ..ഇപ്പോള്‍ കുറഞ്ഞിരിക്കുന്ന ലോകത്തില്‍ ഇത് പോലുള്ള കാഴ്ചകള്‍ക്ക് അര്‍ഥം ഉണ്ടായല്ലോ.....ഇനിയും ജീവിതത്തില്‍ കാഴ്ചകള്‍ക്ക് അര്‍ഥം ഉണ്ടാക്കാന്‍ സാധിക്കട്ടെ ....ഒരു കൈ ചെയുന്നത് മറു കൈ അറിയരുത് എന്നു പറയുമെങ്കിലും ..ചില സമയങ്ങളില്‍ ഇതുപോലുള്ള പോസ്റ്റുകള്‍ പലരെയും മാറ്റി ചിന്തിക്കാന്‍ പ്രേരകം ആയേക്കാം ....അപ്പൊ ശരി ................
"മായക്കാഴ്ചകള്‍ സമ്മാനിക്കാന്‍ ഒരുങ്ങിയിരിക്കുന്ന, പൊട്ടുന്നതും ഞളുങ്ങുന്നതുമായ കുപ്പികള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ഞങ്ങളുടെ പമ്പ് ലക്ഷ്യമാക്കി." പോട്ടെ.... പോട്ടെ ....അവിടെ എത്തുമ്പോള്‍ അറിയിക്കു ..കേട്ടോ..

അലി said...

നിസ്സാരമെന്നു തോന്നുന്ന ചെറിയ കാര്യങ്ങൾകൊണ്ട് ആ കുഞ്ഞുമനസ്സുകളിൽ അല്പനേരത്തേക്കേങ്കിലും സന്തോഷമുണ്ടാക്കാൻ കഴിഞ്ഞല്ലോ... അതിനപ്പുറം സംതൃപ്തി നമുക്കും കിട്ടും.
ആശംസകൾ!

ഒഴാക്കന്‍. said...

:(

എറക്കാടൻ / Erakkadan said...

നല്ല മനസ്സ്‌ ... നിങ്ങള്‍ക്കും ആ കുട്ടികള്‍ക്കും നല്ലത് വരട്ടെ ..എനിക്ക് ഈ വക നല്ല കാര്യങ്ങളൊന്നും തോന്നാറില ...അത് കൊണ്ടു തന്നെ ഞാന്‍ നേരെ ആവാത്തത് എന്നാ തോന്നുന്നത്

stella said...

hey this story made me so much of feelings do 4 poor as much as you can

parvathi krishna said...

കുറേ അഭിപ്രായങ്ങള്‍ എഴുതികണ്ടു....
അങ്ങണൊന്നും പറയാന്‍ എനിക്കറിയില്ല..
വായിച്ചു കഴിഞ്ഞപ്പൊ കണ്ണില്‍ കണ്ണീരുണ്ടായിരുന്നു എന്നറിയാം....
വിശപ്പിന്റെ സ്നേഹത്തിന്റെ ഒക്കെ ഒരു ....
അയ്യൊ എനിക്കറീല്ല...പ്രണാമം ഈ നന്മയുടെ മുന്‍പില്‍....

Vayady said...

മനസ്സുനിറയേ സ്നേഹവും, കാരുണ്യവുമുള്ള നിങ്ങളെപ്പോലുള്ളവരുണ്ടല്ലോ ഈ ഭൂമിയില്‍ എന്നോര്‍ക്കുമ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ. മനസ്സില്‍ നന്മയുള്ളവര്‍ക്കേ മറ്റുള്ളവരുടെ ദു:ഖവും വേദനയും കാണാനാകൂ.
ഇതിനോടൊപ്പം കൊടുത്ത ചിത്രവും ഇഷ്ടമായി.

കമ്പർ said...

പലപ്പോഴും ഞാനും കാണാറുണ്ട് ഇതു പോലെയുള്ള ഒത്തിരി സങ്കടപ്പെടുത്തുന്ന കാഴ്ചകൾ.,എന്ത് ചെയ്യാൻ പറ്റും..
നല്ല വിവരണം. ഹ്രദയസ്പർശിയായി.,
അഭിനന്ദനങ്ങൾ

മയൂര said...

നിങ്ങളുടെ മനസ്സിന്റെ നന്മ വരികളിൽ പ്രതിഫലിക്കുന്നു.

പട്ടേപ്പാടം റാംജി said...

കഞ്ഞുമനസ്സുകളില്‍ കുറച്ച് നേരത്തേക്കെങ്കിലും സന്തോഷം നിറക്കാന്‍ ആയല്ലൊ ചെറിയ കാര്യങ്ങള്‍ക്കൊണ്ട്...

nahas said...

da nannayi....
kadhayekkalum ninte manasinte nanma munnitt nikkunneda...........
god bless u.........

ലീല എം ചന്ദ്രന്‍.. said...

"എന്നാലും മനസ്സിന് ഒരു സുഖം..... ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി...... വണ്ടിക്കു മുന്നില്‍, റോഡിലുള്ള കാഴ്ച്ചകള്‍ എന്റെ കണ്ണിനു മുന്നില്‍ ഊറിക്കൂടിയ എന്തോ ഒന്ന് മറയ്ക്കുന്ന പോലെ. ഞാന്‍ എന്റെ വലതു വശത്തേക്ക് നോക്കി. തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന ബേബിച്ചായന്‍!! ഇനിയിത് വഴി പോകുമ്പോള്‍ ഒരുപക്ഷെ എന്റെ കാഴ്ച്ചകള്‍ ആ മൂന്നു പേരെ തിരയുമായിരിക്കും, ഒന്ന് കൂടി കാണാന്‍...."

ചിരിപ്പിക്കാന്‍ മാത്രമല്ല കണ്ണ് നനയിക്കുവാനും മിടുക്കനാണ് അല്ലേ?ഈ നന്മ എന്നും നിലനില്‍ക്കട്ടെ. ആശംസകള്‍

Rare Rose said...

ജീവിതത്തിന്റെ നിറങ്ങള്‍ നഷ്ടപ്പെട്ട ഇതു പോലെയെത്രയോ മുഖങ്ങള്‍ തിരക്കുകളില്‍ മിന്നായം പോലെ കാണുന്നു..
എന്നാല്‍ തിരികെയത്തി ആ ദിവസം മുഴുവന്‍ നിറയ്ക്കാനുള്ള സന്തോഷം ആ കുഞ്ഞു മനസ്സുകളിലേക്ക് പകരാനുള്ള നന്മ തോന്നിയല്ലോ.അതെപ്പോഴുമുണ്ടാവട്ടെ കൂടെ..

mini//മിനി said...

എല്ലാവർക്കും കമന്റിടാനുള്ള സ്ഥലം പോസ്റ്റിന്റെ അടിയിലാണ്, ഇപ്പോൾ ആദ്യമായാണ് കമന്റടിസ്ഥലം മുകളിൽ കാണുന്നത്. അതുകൊണ്ട് ഇടിടെ കമന്റിടുക എന്ന് പ്രത്യേകം എഴുതണം, കേട്ടോ,
തിരക്കുകൾക്കിടയിൽ കടന്നുവരുന്ന ദയനീയ രൂപങ്ങൾ, നന്നായി അവതരിപ്പിച്ചു.

Pd said...

തീറ്ച്ചയായും നല്ല കാര്യമാണ് ചെയ്തത്

കൂതറHashimܓ said...

നല്ലത്
കാശ് കൊടുക്കുന്നതിലും നല്ലത് കഴിക്കാന്‍ വാങ്ങി കൊടുക്കുന്നത് തന്നെ
(ആ കുട്ടികളുടെ താമസം പഠനം എന്നിവയൊക്കെ...???)

ആളവന്‍താന്‍ said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

lekshmi. lachu said...

ഞാനും കണ്ടു ഇത്തരം ഒരു ദയനീയ
കാഴ്ച ദമാമില്‍ നിന്നും മടങ്ങുമ്പോള്‍.
വെള്ളം കുപ്പി വില്‍ക്കാന്‍ നടക്കുന്ന കൊച്ചു
കുട്ടികള്‍.കുപ്പി വാങ്ങാതെ അവര്‍ക്ക് പൈസ നല്‍കിയപ്പോള്‍
ഏട്ടന്റെയും അനുജന്റെയും സന്തോഷം പറഞ്ഞറിയിക്കാന്‍
കഴിയില്ലായിരുന്നു. ...ഇങ്ങനെ എത്ര എത്ര പേര്‍ ..

ശ്രീ said...

നന്മയുള്ള ഈ മനസ്സ് കാത്തുസൂക്ഷിയ്ക്കുക. ആശംസകള്‍!

Jishad Cronic™ said...

പ്രണാമം ഈ നന്മയുടെ മുന്‍പില്‍....

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഈ നന്മയുടെ കണങ്ങളുമായി യാത്ര തുടരുക

കാഴ്ചകൾ said...

സ്വര്‍ഗത്തില്‍ ഞാന്‍ ആദ്യമായി എത്തിപെട്ടതാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍.

ആയിരത്തിയൊന്നാംരാവ് said...

സ്വര്‍ഗത്തില്‍ കാണ്വാനുണ്ട് ചില തെളിനീരുകള്‍

siya said...

ആദ്യമായി ഇത് വഴി വരുന്നതും .എല്ലാവരും എഴുതിയതുപോലെ,നന്മയും ,നല്ല മനസും ഉണ്ടെന്നും വായിച്ചപോള്‍ തന്നെ മനസിലായി .. ഒന്ന് കൂടി പറയാനും ബാക്കി ഉണ്ട് .കൂടെ ഉണ്ടായിരുന്ന ബേബി ചായന്റെ മനസും അതുപോലെ നന്മ ഉള്ളതും ആവാം .അത് കൊണ്ട് ഈ ചെയ്ത കാര്യം അത്രയും സംതൃപ്തിയും തോന്നുന്നത് .എന്ന് എന്‍റെ അഭിപ്രായം ..എന്തൊക്കെ ആയാലും ഇത് പോലെ നല്ല തുമായി ജീവിതം സന്തോഷകരമാവട്ടെ എന്നും ആശംസിക്കുന്നു .

Thommy said...

Nice

Akbar said...

ഈ നല്ല മനസ്സിനും കഥയ്ക്കും ആശംസകള്‍

നട്ടപിരാന്തന്‍ said...

ക്ലീഷേ ഒന്നും ഇവിടെ പറയുന്നില്ല.

നാറാണത്തു ഭ്രാന്തന്‍ said...

ജീവിക്കാനുള്ള ഓരോ പെടാപാടുകള്‍ അല്ലേടാ
പാവം കുട്ടികള്‍ ....... കളിച്ചു നടക്കേണ്ട പ്രായത്തില്‍
ഇങ്ങനെ ..... ദൈവത്തിന്റെ ഓരോ വികൃതികളെ ........

ചാണ്ടിക്കുഞ്ഞ് said...

മാഷേ...കണ്ണ് നിറഞ്ഞു....
പക്ഷെ ഗള്‍ഫിലും പിഞ്ചുയാചകര്‍ ഉണ്ടെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല...
അറ്റ്‌ ലീസ്റ്റ് ദോഹയില്‍ ഇതേ വരെ കണ്ടിട്ടില്ല കേട്ടോ!!!

നാട്ടില്‍ വെക്കേഷനായിരുന്നപ്പോള്‍ ഇട്ട പോസ്റ്റായത് കൊണ്ടാവാം, മുന്‍പ് വായിക്കാന്‍ കഴിയാതെ പോയത്....

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ