ജട്ടീല്ലാക്കോണം!!



ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ മുടപുരത്തിന് തെക്ക് പടിഞ്ഞാറായിക്കിടക്കുന്ന പട്ടീല്ലാക്കോണം ജട്ടീല്ലാക്കോണമായി രൂപാന്തരം പ്രാപിച്ചത്- “ഇതിനൊരു ജട്ടിയുടെ ഷെയ്പ്പില്ലേ...?” എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ക്കിച്ചന്‍, പഞ്ചായത്താപ്പീസിലെ ചുവരില്‍ തൂക്കിയിരുന്ന പട്ടീല്ലാക്കോണത്തിന്‍റെ ഭൂപടം നോക്കി ഒരു സംശയം ഉന്നയിച്ചതിന്‍റെ പിറ്റേന്ന് മുതലല്ല! ഇത് കഥ വേറെയാണ്. ആ കഥ തുടങ്ങുന്നത് ഒരു മട്ടുപ്പാവില്‍ നിന്നും.! അതെ, രാജധാനിയുടെ ടെറസ്സില്‍ നിന്ന്.!

പേര് കേള്‍ക്കുമ്പോള്‍ ടെലിബ്രാന്‍ഡ്‌ ഷോയുടെ മെയിന്‍ അട്രാക്ഷനായ ‘wo..ww’ പറഞ്ഞു പോകുമെങ്കിലും രാജധാനി ഒരു വീടാണ്. പട്ടീല്ലാക്കോണത്തെ അറിയപ്പെടുന്ന ഒരു വീട്. കുടുംബനാഥന്‍ മിസ്റ്റര്‍ ദുഷ്യന്തന്‍ ടെക്സ്റ്റൈല്‍ ഷോപ്പ് മുതലാളിയാണ്. നടത്തുന്നത് തുണിക്കച്ചവടമാണെങ്കിലും ‘സ്പോര്‍ട്ട് ദുഷ്യന്തന്‍’ എന്ന പേരിലാണ് ആ ചേട്ടന്‍ ഫെയ്മസായത്. അത് ചുമ്മാ കാശ് കൊടുത്താല്‍ കിട്ടുന്ന നാഷണല്‍ അവാര്‍ഡ്‌ പോലെ വാങ്ങി പേരിന്‍റെ ഒപ്പം കെട്ടിത്തൂക്കിയതല്ല ദുഷ്യന്തേട്ടന്‍. കറതീര്‍ന്ന ഒരു കായിക പ്രേമിക്ക്‌ നാട്ടുകാര്‍ അറിഞ്ഞിട്ട പേരായിരുന്നു അത്. കുട്ടിയും കോലില്‍ തുടങ്ങി ക്രിക്കറ്റും ഫുട്ബാളും റഗ്ബിയും വരെയുള്ള എല്ലാ കളികളും ദുഷ്യന്തേട്ടന്‍റെ പരിഗണയും പരിലാളനയും അനുഭവിച്ചവയാണ്! ഒരുപക്ഷെ ഈ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റ്‌ തന്നെയാവണം കുറേ ഐശ്വര്യാറായിമാരെ പെണ്ണ് കണ്ടിട്ടും നെഗറ്റിവ് ഇംപ്രഷനില്‍ നിന്ന ദുഷ്യന്തഹൃദയം പി.ടി. ഉഷയുടെ ശബ്ദവും, കര്‍ണ്ണം മല്ലേശ്വരിയുടെ ശരീരവും, വീനസ്‌ വില്യംസിന്‍റെ നിറവുമുള്ള ശകുന്തളേച്ചിയെ കണ്ടപാടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത് കളഞ്ഞത്. ആഫ്റ്ററോള്‍ ദുഷ്യന്തന്‍ - ശകുന്തള എന്ന ഫെയ്മസ് കപ്പിള്‍സ് ആയിരുന്നിരിക്കണം ദുഷ്യന്തേട്ടന്‍റെ ഉള്ളില്‍. കാഴ്ചയ്ക്ക് ദുഷ്യന്തേട്ടനും, ശകുന്തളേച്ചിയും യഥാക്രമം പാലും കീലും പോലെയായിരുന്നു എങ്കിലും മനപ്പൊരുത്തം കൊണ്ട് അന്നാട്ടിലെ ഐഡിയല്‍ കപ്പിള്‍സ്‌.! എന്നുവച്ചാ ആകാരത്തിലും ആഹാരത്തിലും ശകുന്തളേച്ചി ദുഷ്യന്തേട്ടനെക്കാള്‍ അല്‍പ്പം മുന്നില്‍ നില്‍ക്കും എന്ന വ്യത്യാസം മാത്രം.! അങ്ങനെ അഭിജ്ഞാനശാകുന്തളത്തിന്‍റെ 2nd സീസണ്‍ അവിടെയാരംഭിക്കുകയായിരുന്നു.

പൈലിയാശാന്‍ ഒരു സെന്‍സസ്‌ ഓഫീസറല്ല; എന്നിട്ടും പട്ടീല്ലാക്കോണത്തെ പുരുഷ ജനസംഖ്യ കൃത്യമായി ഓര്‍മ്മ വച്ചിരിക്കുന്നത് നേര്‍ന്നു പോയ നേര്‍ച്ചയോട്‌ ജസ്റ്റിസ്‌ കാട്ടാനുമല്ല. അദ്ദേഹത്തിന്‍റെ ജോലിയുടെ ഒരു നേച്ചര്‍ അതാണ്‌. പുള്ളിയാണ് അവിടുത്തെ ആസ്ഥാന ബാര്‍ബര്‍ . നീല നിറമുള്ള കറങ്ങുന്ന ജനല്‍ പാളികളുള്ള ടിപ്പിക്കല്‍ നാടന്‍ ബാര്‍ബര്‍ ഷോപ്പ്. പട്ടീല്ലാക്കോണത്തെ ഏക ബാര്‍ബര്‍ ഷോപ്പായതിനാലാവണം, തിരക്ക് പരിഗണിച്ച്‌ ഊഴത്തിന് കാത്തിരിക്കുന്നവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ നാല് ചുവരിലും അര്‍ദ്ധനഗ്നരായ മദാമ്മമാരുടെ ചിത്രങ്ങള്‍ ഉണ്ട്! ഇപ്പോഴത്തെ പയ്യന്‍സ് കണ്ടാല്‍ ‘നൈസ് ബിക്കിനി ഗേള്‍സ്‌’ എന്ന് മാത്രമേ പറയുകയുള്ളൂ എങ്കിലും ഇന്‍റര്‍നെറ്റും യു-ട്യൂബും ഇല്ലാതിരുന്ന കാലത്ത് പട്ടീല്ലാക്കോണത്ത് നിന്നും ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഏറ്റവുമധികം ഹോം സിക്ക്നസ്സ് ഉണ്ടാക്കിയിരുന്നത് ഒരുപക്ഷെ ആ ചിത്രങ്ങളായിരുന്നു.! അതായിരുന്നു അന്തക്കാലത്ത് ആ ചിത്രങ്ങളും അന്നാട്ടുകാരും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധം.! ഇന്നിപ്പോള്‍ എല്ലാ പടങ്ങളുടെയും നിറം മങ്ങി. മദാമ്മമാരുടെ ബിക്കിനികളുടെ എക്സ്ക്ലൂസിവ് സോണുകളിലൊക്കെ ഓട്ട വീണു. വീണ ഓട്ടകളിലൂടെ ഗൗളി അകത്തേക്കും പുറത്തേക്കും പോയിത്തുടങ്ങി.!

പൈലിയാശാന്‍റെ ബാര്‍ബര്‍ഷോപ്പിലെ സ്ഥിരം സന്ദര്‍ശകനാണ് അടുത്ത ക്ഷേത്രത്തിലെ കാര്യകാരനായ മാധവേട്ടന്‍. ഏട്ട് മൂത്ത് പോലീസ്‌, കാര്യക്കാരന്‍ മാധവന്‍ മൂത്ത് മൂത്ത് അമ്പലം വിഴുങ്ങി! അതാണ്‌ ലൈന്‍. ആളുകള്‍ വിളിക്കാന്‍ സൗകര്യപ്രകാരം അമ്പലം വിഴുങ്ങി മാധവന്‍ എന്നത് ചുരുക്കി AVM എന്ന് മോഡേണാക്കി. സ്വഭാവം അങ്ങനെയാണെങ്കിലും പട്ടീല്ലാക്കോണത്തെ ഭക്തിയുടെ ബ്രാന്‍ഡ്‌ അംബാസഡറാണ്‌ AVM. പുരാണ സീരിയലിലെ നാരദന്‍ നാരായണ നാരായണ എന്ന് വിളിച്ചു നടക്കുന്ന പോലെ സ്ഥാനത്തും അസ്ഥാനത്തും “ദേവ്യേയ്‌... അമ്മേ... മഹാമായേ..” ചൊല്ലിയാണ് AVMന്‍റെ നടപ്പ്‌. പൈലിയാശാന്‍റെ ഷോപ്പിലെത്തിയാല്‍ AVM ചുറ്റും ഒന്ന് നോക്കും. എന്നിട്ട്, ലോകത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും കാരണം പൈലിയാശാന്‍റെ ഷോപ്പിലെ മദാമ്മമാരാണെന്ന രീതിയില്‍ “ഈ നാണംകെട്ടവള്മാരുടെ വൃത്തികെട്ട പടങ്ങള് മൊത്തം എളക്കിക്കളയെന്‍റ പൈലീ” ന്ന് അറപ്പോടെയും വെറുപ്പോടെയും പറയും.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പട്ടീല്ലാക്കോണം ഒരു ഓട്ടമത്സരത്തിന് വേദിയായി. മത്സരത്തില്‍ ഒന്നാമതായി ഓടിക്കൊണ്ടിരിക്കുന്നയാള്‍ മുഖമൊക്കെ മൂടിക്കെട്ടി സ്വയം അജ്ഞാതനായ നിലയിലായിരുന്നു! അതാര്- എന്നറിയാനായി രണ്ടാമതായി ദുഷ്യന്തേട്ടനും അദ്ദേഹത്തിന് പിന്നിലായി കുറെ നാട്ടുകാരും ഓടി.! പക്ഷെ ഒന്നാംസ്ഥാനക്കാരന്‍ ‘കൊന്നാലും നിക്കൂല’ എന്ന മട്ടില്‍ പാഞ്ഞു കളഞ്ഞു! പിറ്റേന്ന് രാവിലെ, രാത്രി നടന്ന അത്ലറ്റിക് മീറ്റിന്‍റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് പട്ടീല്ലാക്കോണത്തെ മുക്കിലും മൂലയിലും പരന്നത് ഇപ്രകാരമായിരുന്നു – “ദുഷ്യന്തന്‍റെ രാജധാനിയില്‍ രാത്രി കള്ളന്‍ കയറി. പിന്നാലെ ഓടിയ ദുഷ്യന്തനെയും നാട്ടുകാരെയും വെട്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു”.

ആഴ്ച്ച ഒന്ന് കൂടി കഴിഞ്ഞു. വീണ്ടും ഒരു രാത്രികൂടി രാജധാനിയില്‍ നിന്നും ആ വിപ്ലവം പൊട്ടിപ്പുറപ്പെട്ട് റോഡിലേക്ക് നീങ്ങി. റിലേ അടിസ്ഥാനത്തില്‍ ഓടി നോക്കിയിട്ടും ദുഷ്യന്തനെയും നാട്ടുകാരെയും ബഹുദൂരം പിന്നിലാക്കി മുഖം മൂടിയ ഉസൈന്‍ ബോള്‍ട്ട് മിന്നല്‍ പിണറായി. പക്ഷേ, പിറ്റേന്ന് രാവിലെ പത്രത്തോടൊപ്പം ഒരു സംസ്കാരം കൂടി പ്രചരിപ്പിക്കുന്ന ന്യൂസ്പേപ്പര്‍ ബോയ്‌ മനുവിന്‍റെ വായില്‍ നിന്നും പട്ടീല്ലാക്കോണം കേട്ടു, ആ ഞെട്ടിക്കുന്ന സത്യം. രാജധാനിയില്‍ കയറിയ കള്ളന്‍ വെറും ചില്ലറ കള്ളനൊന്നുമല്ല, അയാള്‍ മോഷ്ട്ടിക്കുന്നത് സാധാ ഐറ്റംസുമല്ല. ടെറസ്സിലെ അയയില്‍ ശകുന്തളേച്ചി വിശ്രമം അനുവദിച്ചിരുന്ന, അവരുടെ തന്നെ സെക്കന്‍ഡ്‌ പേപ്പേഴ്സാണ് തുടര്‍ച്ചയായ രണ്ടാം തവണയും അപ്രത്യക്ഷമായിരിക്കുന്നത്.!!!

വാട്ടെവര്‍ ഇറ്റീസ്.... സംഗതി കേറിയങ്ങ് സീരിയസ്സായി. ചരിത്രത്തിലിതു വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത തരം മോഷണ പരമ്പരയെ പറ്റി ആളുകള്‍ നാണിച്ചും കോണിച്ചും പറയാന്‍ തുടങ്ങി. സാധനം മിസ്സായത് രാജധാനിയുടെ ടെറസ്സില്‍ നിന്നുമായിരുന്നു എങ്കിലും ആള് കൂടിയത് പൈലിയാശാന്‍റെ ഷോപ്പിനു മുന്നിലായിരുന്നു. പൈലിയാശാനെതിരെ വമ്പന്‍ ആരോപണങ്ങളുമായി ആളുകള്‍ രംഗത്ത്. പൈലിയാശാന്‍റെ മദാമ്മമാരാണ് നാട്ടില്‍ ഇത്തരത്തിലുള്ള കള്ളന്മാരെ സൃഷ്ട്ടിക്കുന്നത് എന്നായി AVM ഉം കൂട്ടരും. ഒടുവില്‍ മനസ്സില്ലാ മനസോടെയാണെങ്കിലും പ്രക്ഷോഭം കണക്കിലെടുത്ത്‌ പൈലിയാശാന്‍ ചുവരിലൊട്ടിച്ചിരുന്ന, ആ നാടിന്‍റെ സംസ്കൃതിയെ താഴെയിറക്കി! ബിക്കിനി മദാമ്മമാര്‍ക്ക്‌ ശാപമോക്ഷം.! ബിക്കിനി ലേഡീസ്‌ എന്ന അലങ്കാരം പോയതോടെ ഐശ്വര്യാറായിക്ക് 90 വയസ്സായാലെന്ന പോലെയായി പൈലിയാശാന്‍റെ ബാര്‍ബര്‍ ഷോപ്പ്!! പക്ഷെ ഒറ്റ മോഷണത്തിലൂടെ തന്‍റെയും തന്‍റെ ഷോപ്പിന്‍റെയും അഭിമാനവും വരുമാനവും തകര്‍ക്കുകയും, തന്നെ കാണുമ്പോള്‍ ആളുകള്‍ സുകുമാര്‍ അഴീക്കോട്‌ ഇന്നസെന്‍റിനെ നോക്കുന്ന ഭാവത്തില്‍ നോക്കുകയും ചെയ്യുന്ന ലെവലിലേക്ക് കാര്യങ്ങള്‍ എത്തിച്ച ആ കള്ളനെ തന്‍റെ മനസ്സിലെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം നമ്പറായി ആണിയടിച്ച് തൂക്കിക്കഴിഞ്ഞിരുന്നു പൈലിയാശാന്‍.! അതിന്‍റെ തുടക്കമെന്നോണമാണ് പൈലിയാശാന്‍ ദുഷ്യന്തേട്ടനെ രഹസ്യമായി കണ്ട്‌ ഒരു കരാര്‍ ഉറപ്പിച്ചത്. മൂന്നാമതൊരാള്‍ അറിയാത്ത ആ കരാറിന്‍ പ്രകാരം രാജധാനിയുടെ ടെറസ്സിന്‍റെ നൈറ്റ്‌ സെക്യൂരിറ്റി ഓഫീസറായി പൈലിയാശാന്‍ സ്വയം അപ്ഗ്രേഡഡായി!

കളഞ്ഞുപോയ തന്‍റെ ഇമേജ് തിരികെ പിടിക്കാന്‍ ഊണും ഉറക്കവും കളയാന്‍ തയാറായ പൈലിയാശാന്‍റെ കമ്മിറ്റ്മെന്‍റില്‍ ദൈവം പെട്ടെന്ന്‍ കണ്‍വിന്‍സ്ഡായി. രാജധാനിയുടെ ടെറസ്സിലെ അയ ഒരിക്കല്‍ കൂടി കുലുങ്ങി.! മുണ്ടയ്ക്കല്‍ ശേഖരനെ ഒറ്റയ്ക്ക് മുന്നില്‍ കിട്ടിയ മംഗലശേരി നീലകണ്‌ഠനായി മാറി പൈലിയാശാന്‍. അയയിലെ തന്‍റെ ലക്ഷ്യങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടിരുന്ന മുഖം മൂടിയ രൂപം വീണ്ടും ഉസൈന്‍ ബോള്‍ട്ട് ആകും മുന്നേ മംഗലശേരി നീലകണ്ഠന്‍ ചാടി വീണു. അപ്രതീക്ഷിതമായി വീണ പിടിയില്‍ നിന്നും അജ്ഞാതന്‍ കുതറി മാറാന്‍ ശ്രമിച്ചതും, പ്ഠേ....ന്ന് ഒരു ശബ്ദം കേട്ടതും, രാജധാനിയിലെ ലൈറ്റുകള്‍ ഓണ്‍ ആയതും ഒരുമിച്ച്‌.! അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചു.!! ശബ്ദം കേട്ട് ചാടിക്കിതച്ച് കേറി വന്ന ദുഷ്യന്തേട്ടന്‍ കണ്ടത്‌ പൈലിയാശാന്‍റെ ഒരു സമ്മര്‍ കട്ടില്‍ ഊരും ദിക്കും തെളിയാതെ നിന്ന് കറങ്ങുന്ന മുഖം മൂടിയ ആള്‍ രൂപത്തെ. വിട്ടില്ല; പാഞ്ഞു ചെന്ന് മുട്ടുകാല്‍ മടക്കി ഒറ്റക്കേറ്റ്! അജ്ഞാതന്‍റെ ക്ലോക്കിന്‍റെ പെന്‍ഡുലം ഒടിഞ്ഞ് തൂങ്ങി!! പക്ഷെ- പൈലിയാശാനും, ദുഷ്യന്തേട്ടനും, ബഹളം കേട്ട് കയറി വന്ന ശകുന്തളേച്ചിയും ഞെട്ടിയത് അജ്ഞാതന്‍റെ വായില്‍ നിന്നും വന്ന ‘ദേവ്യേയ്.... അമ്മേ.... മഹാമായേ....’ എന്ന ലിറിക്സും നിന്നിടം നനച്ച്‌കൊണ്ട് അയാള്‍ നടത്തിയ ഇളനീര്‍ അഭിഷേകവും കഴിഞ്ഞപ്പോഴാണ്.!!!

അതോടെ AVM എന്ന ഭക്തന്‍റെ പേര് JVM (ജട്ടി വിഴുങ്ങി മാധവന്‍) എന്നും, പട്ടീല്ലാക്കോണം എന്ന നാടിന്‍റെ പേര് ജട്ടീല്ലാക്കോണം എന്നും രെജിസ്റ്റര്‍ ചെയ്യപ്പെട്ടു.!

57 comments:

ആളവന്‍താന്‍ said...

ഒരു ഓര്‍മ്മയില്‍ നിന്നുണ്ടായ കഥ. മുന്‍പ് ഒരിക്കല്‍ നടന്ന ഒരു കാര്യം. ഒരു പക്ഷെ ഇത്തരം മോഷണം നടത്തുന്ന ആളുകള്‍ മാനസിക രോഗികള്‍ ആവാം....

കുമാരേട്ടന്‍റെ ലങ്കോട്ടിമുക്കുമായി ഇതിനു എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് ജട്ടിയും ലങ്കൊട്ടിയും തമ്മിലുള്ള ആന്തരികബന്ധം മാത്രം!!!

Anonymous said...

ഹ ഹാ,നന്നായി.പക്ഷെ മാധവേട്ടന്റെ വിവരണം കേട്ടപ്പോളെ വില്ലന്‍ ആരാന്നു മനസ്സിലായി.

കൂതറHashimܓ said...

ഇഷ്ട്ടായില്ലാ ഒട്ടും
മൂനാമത്തെ പാരഗ്രാഫിലെ അവസന പ്രയോഗം ഒക്കെ ഒത്തിരി ബോറായിത്തോന്നി.
കഥയില്‍ ഒന്നും ഉള്ളതായി തോന്നിയില്ലാ (എന്റെ കുഴപ്പമാവാം)

നന്നായി എഴുതാന്‍ ആശംസകള്‍

മഹേഷ്‌ വിജയന്‍ said...

പോര സുഹൃത്തേ... ഒരൊഴുക്കും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, എന്തോ എഴുതാന്‍ വേണ്ടി മാത്രം എഴുതിയതാണ് എന്ന തോന്നലും ഉണര്‍ത്തി.. ശ്രദ്ധിക്കുക..

SHANAVAS said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയത് ഇതാണ്.കുറച്ചു സ്പീഡ് കൂടിപ്പോയില്ലേ എന്ന്.എങ്കിലും മോശമില്ല.

കുസുമം ആര്‍ പുന്നപ്ര said...

കുറേ ദിവസം ആലോചിച്ചിട്ട് ഏതായാലും ഒരു പോസ്റ്റിട്ടല്ലോ. അങ്ങിനെയൊരു സ്ഥലം ഉണ്ടോ. എവിടെയാണ്

ചാണ്ടിച്ചൻ said...

വളരെ നന്നായി എഴുതി ആളു.....മുന്‍പുള്ള അഭിപ്രായങ്ങളോട് എനിക്ക് അശേഷം യോജിപ്പില്ല....
പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍, ലേഡീസ് ഹോസ്റ്റലില്‍ നിന്നും ഉണക്കാനിട്ടിരിക്കുന്ന ജെട്ടി മോഷ്ട്ടിക്കുന്ന ഒരു വിരുതനെ അറിയാമായിരുന്നു....

Areekkodan | അരീക്കോടന്‍ said...

"അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചു.!!"
അതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

അനൂപ്‌ said...

ഞാന്‍ വന്നിരുന്നു. എന്തോ അത്രക്കിഷ്ടമായില്ല... അപ്പൊ അടുത്തതിനു കാണാം

മുകിൽ said...

കൊള്ളാം ആളവന്താൻ. ചില പ്രയോഗങ്ങൾ വളരെ ചിരിപ്പിക്കുന്നവയാണ്.
തുടരൂ.

അഭി said...

ഹ ഹ കൊള്ളാം

sm sadique said...

പഴെ കുറെ ജട്ടി ഉണ്ട്. ഓട്ട വീണ ജട്ടി.
തിരക്കഥ വേണേ… തരക്കഥ വേണേ എന്ന് ചോദിക്കും പോലെ
“ ജട്ടി വേണേ…. ജട്ടികൾ വേണേ…. ജട്ടി…. ചട്ടി ശട്ടി……………

TPShukooR said...

ഒരു പേരിനു പിന്നിലെ മഹാചരിത്ര സംഭവം വെളിപ്പെടുത്തിയതിനു നന്ദി.

വിക്കി ലീക്സില്‍ ഒന്ന് ശ്രമിച്ചൂടെ?

ManzoorAluvila said...

ചില പഞ്ചുകൾ നന്നായിട്ടുണ്ട് ... കൊള്ളാം

Sidheek Thozhiyoor said...

എഴുത്തിനു കുറ്റമൊന്നും പറയാനുണ്ടെന്ന് തോന്നുന്നില്ല ..എങ്കിലും മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ അങ്ങോട്ട് എത്തിയില്ല എന്ന് മാത്രം ..ആശംസകള്‍ .

പട്ടേപ്പാടം റാംജി said...

പഴയത് പോലെ അത്രക്കും എശാത്തത് പോലെ അനുഭവപ്പെട്ടു.
രസിപ്പിക്കാതിരുന്നില്ല.
കുറച്ച് കൂടി ചിരിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു.
ആശംസകള്‍.

kambarRm said...

ഹ..ഹ..ഹ
നല്ല രസികൻ എഴുത്ത്.
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.ചില പ്രയോഗങ്ങൾ അസ്സലായി.
എല്ലാ ആശംസകളും നേരുന്നു

ചന്തു നായർ said...

ടെറസ്സിലെ അയയില്‍ വിശ്രമം അനുവദിച്ചിരുന്ന, എന്റെ സ്ഥപനത്തിലെ,ഹോസ്റ്റലിലെ കുട്ടികളുടെ സെക്കന്‍ഡ്‌ പേപ്പേഴ്സ്..ഈ അടുത്തകാലം വരെ ഇതുപോലെ മോക്ഷണം പോകുക പതിവായിരുന്നൂ... പറായാൻ മടിയുണ്ടായിരുന്ന പിള്ളേർ അത് മൂടി വച്ചു.സെക്കന്‍ഡ്‌ പേപ്പേഴ്സിന്റെ അമിതമായ വില വർദ്ധനവാകാം, ഒരു കുട്ടി ,ഡയറക്റ്റർ കൂടിയായ എന്റെ വാമഭാഗത്തോട് വിവരം ധരിപ്പിച്ചു....സംഗതി അറിഞ്ഞ് ഞാനും, എന്റെ ഡ്രൈവർ കം ബോഡിഗാഡുമായ അജിയും , പൈലിയാശാനെപ്പോലെ ഉറക്കം കളഞ്ഞ് കാത്തിരുന്നൂ...മൂന്നാമത്തെ രാത്രിയിൽ അയ കുലുങ്ങി... ‘ടെക്റ്റയിൽമേനിയാ‘ക്കാരനെ കൈയ്യോടെ പിടികൂടി... സത്യത്തിൽ സെക്കന്റു പേപ്പർ മണപ്പിക്കുന്ന വ്യക്തിയെ കണ്ടപ്പോൾ ഞങ്ങൾ ഞെട്ടി... അടുത്ത വീട്ടിൽ താമസ്സിക്കുന്ന , വിവാഹിതനായ ഒരു P.C.. (ഇപ്പോൾ ഈ തസ്തികക്ക് പേരു മാറ്റമുണ്ട്)... ഇനി ഒരു സത്യം കൂടെ കമ്പ്യൂ ട്ടർ ലാബിന്റെ പുറത്തുള്ള പടിക്കെട്ടുകളിൽ പാദുകങ്ങൾ ഊരിയിട്ടതിനു ശേഷമേ കുട്ടികൾക്ക്അകത്ത് പ്രവേശനം ഞാൻ അനുവദിച്ചിരുന്നോള്ളൂ... അവിടെ, വാച്ചുമാനില്ലാത്ത അവസരങ്ങളിൽ..പെൺകുട്ടികളുടെ പുതിയ ചെരുപ്പുകളിലൊരെണ്ണം വീതം അപ്രത്യക്ഷമായിക്കോണ്ടിരുന്നൂ..റ്റീച്ചേഴ്സ് റൂമിലെ കുശുകുശിപ്പ് എന്റെ കാതിലെത്തിച്ചതും എന്റെ ഭാര്യ... പാദുക മോഷ്ടവിനെ പതിയിരുന്നു കണ്ടു പിടിച്ച ഞാൻ വീണ്ടും ഞെട്ടി... ദൂരെയോരു മരത്തണലിരുന്ന് മുഷ്ടിമൈഥുനം നടത്തി രേത്രം ചെരിപ്പിലേക്കിറ്റിക്കുന്ന ആറടി പൊക്കമുള്ള് ഒരു അപരിചിതൻ. ഒരടി കൊടുത്ത അജിയെ ഞാൻ വിലക്കി... മാനസ്സിക വൈകല്ല്യത്തിന് മർദ്ദനം മരുന്നല്ലല്ലോ.....! ഇവിടെ അഭിപ്രായം എഴുതിയ ചില സഹോദരങ്ങളോട് ഞാൻ വിയൊജിക്കുന്നൂ... ഇതു കഥയല്ലാ “ നർമ്മം” എന്നു എഴുത്തുകാരൻ തന്നെ പറയുമ്പോൾ, കഥയുടെ ചട്ടക്കൂട് ഇതല്ലാ എന്നു മുറവിളിക്കൂട്ടുന്നത് ശരിയല്ലാ... സത്യങ്ങൾ തുറന്ന്പറയാനുള്ള നല്ല വഴി തന്നെയാണ് നർമ്മം...ആളവന്താന് ഭാവുകങ്ങൾ...ഇനിയും എഴുതുക ...തുറന്ന് തന്നെ............!

ishaqh ഇസ്‌ഹാക് said...

ചിലപ്രയോഗങ്ങള്‍ ചിരിപ്പിച്ചു.:)

ശങ്കരനാരായണന്‍ മലപ്പുറം said...

OK, BAI!

sijo george said...

വിമലേ, വായിക്കാനൊരു സുഖമൊക്കെയുണ്ട്, പക്ഷേ പോസ്റ്റുകൾ ഒരേ ടൈപ്പാവുന്നോ എന്ന സംശം. വറൈറ്റി ഐറ്റംസിനായി ശ്രമിക്കൂ. പറഞ്ഞത് പോസിറ്റീവായെടുത്താ മതി ട്ടോ.. :)

രമേശ്‌ അരൂര്‍ said...

കാത്തിരുന്നു കാത്തിരുന്നു ഒടുവിന്‍ ഒപ്പിച്ചു അല്ലെ ! രാത്രികാലങ്ങളില്‍ ശകുന്തളമാരുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ചില ജീവികള്‍ ഉള്ളതായി കേട്ടിട്ടുണ്ട് .ഇത് ഒരു തരം മനോ വിഭ്രാന്തിയാണ് എന്നും . സന്ദര്ഭ വിവരണം എല്ലാം നര്‍മത്തില്‍ പൊതിയാന്‍ ആവുന്നത് ശ്രമിച്ചിട്ടുണ്ട് ..മാധവന്‍ ചേട്ടനെയും അയാളുടെ ഭക്തിയെയും കുറിച്ച് വിശദീകരിച്ചപ്പോള്‍ തന്നെ ഈ കഥയുടെ പോക്ക് ഏതു വഴിയെ ആയിരിക്കും എന്ന് ധാരണ കിട്ടും .അത് മാത്രമാണ് ഒരു പോരായ്മയായി തോന്നിയത് ..:)

Unknown said...

പലതും ചിരിപിച്ചു,ചില വാചകങ്ങള്‍ വളരെ നനായി.

Sabu Hariharan said...

വളരെ സീരിയസ്സായ ഒരു വിഷയമാണ്‌..മനോരോഗത്തിലെ ഒരു പ്രത്യേക വിഭാഗം?..അതു അങ്ങനെ കണ്ടിരുന്നെങ്കിൽ, ഒരു നല്ല മനശ്ശാസ്ത്ര കഥയാകുമായിരുന്നു..

പിന്നെ, (വെറും) ഒരു ജട്ടി മോഷ്ടിച്ചയാളെ ഇങ്ങനെ തല്ലിച്ചതയ്ക്കണമായിരുന്നോ? :)

ഒരുപാട്‌ ഇംഗ്ലീഷ്‌ വാക്കുകൾ കടന്നു വരുന്നല്ലോ..വിശാല മനസ്കനു പഠിക്കുകയാണോ ? :)

ചില വരികൾ കുറച്ച ബോറായി എന്നു പറയാതെ വയ്യ..
നർമ്മം എന്നു ലേബലിൽ കണ്ടതു കൊണ്ട്‌ ആ മൂഡിലിരുന്നു വായിച്ചു.
അതു കൊണ്ട്‌ നിലവാരത്തിനെ കുറിച്ചോ, ശൈലിയേക്കുറിച്ചോ ഒന്നും പറയാൻ തോന്നുന്നില്ല.

റിക്ചർ സ്കെയിൽ പ്രയോഗമാണ്‌ ഇഷ്ടമായത്‌.

ajith said...

ശുദ്ധനര്‍മം, നിര്‍ദോഷഹാസ്യം എന്ന ലെവലിലേയ്ക്ക് ഉയര്‍ന്നില്ല. ഉപമകളില്‍ നിന്ന് ഹാസ്യമുണ്ടാക്കുക എന്ന രീതി വിട്ടുപിടിച്ച് അവയുടെ സഹായമില്ലാതെ തന്നെ ചിരി വിതറുന്ന ശൈലി ഒന്ന് പരീക്ഷിക്കരുതോ? വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഹാസ്യകഥകള്‍ പോലെ ഓരോ വാചകത്തിലും ഒരു ഉപമ കെട്ടിത്തൂക്കുന്നതിനെക്കാള്‍ നല്ലത് അന്നത്തെ കാലത്ത് തോമസ് പാലാ എന്നൊരു സാധാരണ എഴുത്തുകാരന്‍ എഴുതിയിരുന്ന ഹാസ്യകഥകള്‍ എന്ന് വായനക്കാര്‍ക്ക് തോന്നിയിരുന്നു.

chillu said...

ഈ മുടപുരത്തുള്ളവര്‍ ക്ക് മാനസികരോഗമുണ്ടെന്നു എനിക്ക് മനസ്സിലായീ,കൂടുതല്‍ ഞാന്‍ പിന്നെ പറയാം ഒരു പോസ്റ്റില്‍ !!

Manoraj said...

വിമലേ..:)

mini//മിനി said...

കന്യാസ്ത്രീകൾ താമസിക്കുന്നതിന് സമീപം പള്ളിയോടൊത്ത് പണിത, കെട്ടിടത്തിൽ രണ്ടാം നിലയിലെ ലേഡീസ് ഹോസ്റ്റലിൽ കോളേജ് കുമാരിമാർ താമസ്സിക്കുന്നു. മൂന്നാൾ പൊക്കത്തിൽ, കുപ്പിച്ചില്ലുകൾ ഉറപ്പിച്ച മതിലുകൾ ഉണ്ടെങ്കിലും അവിടെ രാത്രി ഉണക്കാനിട്ടതിൽ അടിവസ്ത്രം ഉണ്ടെങ്കിൽ അത് മാത്രം അപ്രത്യക്ഷമാവും. ഒരു വർഷം കാത്തിരുന്നിട്ടും ആർക്കും കള്ളനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇത്തരം മനോരോഗികൾ ഉണ്ട്.

Mohamedkutty മുഹമ്മദുകുട്ടി said...

വായന തുടങ്ങിയപ്പോള്‍ തന്നെ കുമാരന്റെ ലങ്കോട്ടി മുക്കാണോര്‍മ്മ വന്നത്.പിന്നെ കഥാ കൃത്ത് തന്നെ അക്കാര്യം കമന്റില്‍ പറഞ്ഞതു കൊണ്ട് സാരമില്ല!.ഇനിയിപ്പോ ചന്തു നായരുടെ കമന്റിനെപ്പറ്റി കൂതറക്കെന്തെങ്കിലും പറയാനുണ്ടാവുമോ ആവോ?.ഏതായാലും ബ്ലോഗിലും സെന്‍സറിങ്ങ് വന്നാലത്തെ കാര്യം ആലോചിക്കുമ്പോഴാ!

Unknown said...

എനിക്കിഷ്ടപ്പെട്ടു ഈ നര്‍മം.
ചിരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

ഓരോ നേരത്ത് ഓരോ തരത്തില്‍ വരും..
ചില നേരത്ത് ആഗ്രഹിച്ചാലും വരില്ല.
അതാണ്‌ എഴുത്തെന്ന മായാജാലം.
എപ്പോഴും ഒരുപോലെഎഴുതണമെന്ന് ശഠിക്കുന്നതില്‍
അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

Lipi Ranju said...

കൊള്ളാട്ടോ ... എനിക്കിഷ്ട്ടായി...

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇതുപോലൊരു മോഷ്ടാവ് എന്റെ നാട്ടിലുമുന്റായിരുന്നു. നന്നായി... ആശംസകള്‍ ... എനിക്ക് വളരെ ഇഷ്ടമായത് 'ഹോം സിക്ക്നസ്സ്' ആണ്

അലി said...

നന്നായി... ആശംസകൾ!

ഷമീര്‍ തളിക്കുളം said...

രസിപ്പിച്ചു, വായനയിലുടനീളം ഹാസ്യം നിലനിര്‍ത്തി. ഇനിയും വരാം, ഭാവുകങ്ങള്‍ നേരുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

തമാശയായി പറഞ്ഞൂപോയ ഉഗ്രൻ കാര്യങ്ങൾ തന്നെയാണിത് കേട്ടൊ വിമൽ....

ഉപയോഗിച്ച അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി അതിൽ മണത്തും മറ്റും രതിമൂർഛ വരുത്തുന്ന ഒരുതരം മനോവിഭ്രാന്തിയിൽ പെട്ടവരാണീകൂട്ടർ..
ലോകം മുഴുവൻ ആണിലും,പെണ്ണിലും പെട്ട ഈ മണത്തുനോക്കികൾ ഉണ്ട് കേട്ടൊ

ശ്രീനാഥന്‍ said...

ഒരു മാനസികപ്രശ്നം നന്നായി അവതരിപ്പിച്ചു, ആ ദേവ്യേയ്.... അമ്മേ.... മഹാമായേ..അൽ‌പ്പം തല്ലുകൊള്ളിത്തരമുണ്ടെങ്കിലും നല്ല വീശ്വാസി!

mayflowers said...

പ്രാസമൊപ്പിച്ചുള്ള ഈ ഫലിതം ചിരിപ്പിച്ചെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

മാനസ said...

അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചൂന്ന്‍!!
ഹോ..അപ്പൊ 'സുനാമി' വന്നതായിരിക്കും ,'ഇളനീര്‍ അഭിഷേകം' ആയത്..
''ന്റമ്മ്യെ,ദേവ്യേയ്.... മഹാമായേ''

അതിരുകള്‍/പുളിക്കല്‍ said...

ഒരു ജെട്ടില്ലാകോണം....ഹ ഹ ഹ

Sathyanarayanan kurungot said...

Phalitham othittuntu. kuzhappamilla

sreee said...

"കാഴ്ചയ്ക്ക് ദുഷ്യന്തേട്ടനും, ശകുന്തളേച്ചിയും യഥാക്രമം പാലും കീലും പോലെയായിരുന്നു" ഇതൊക്കെ വായിച്ചാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ. ഇംഗ്ലീഷ് കുറച്ചേറെ വന്നോന്നൊരു സംശ്യം.

ente lokam said...

വിമല്‍ അസ്സല്‍ ആയിട്ടുണ്ട്‌.ഒരു
യഥാര്‍ത്ഥ മനശാസ്ത്ര പ്രശ്നത്തെ
അപഗ്രഥിക്കാന്‍ ഒരു കഥാ തന്തു
ഉണ്ടാക്കിയത് എങ്ങനെ ആണ് മോശം
കഥ ആവുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ഉപയോഗിക്കുന്ന വാക്കുകളും ശൈലിയും കഥാകാരന്റെ സ്വന്തം ആണ്. അതില്‍ കൈ കടത്താന്‍ വായനകാരന് അവകാശം ഇല്ല.ഇഷ്ടം ആകുന്നതും അല്ലാത്തതും മാത്രം നമ്മുടെ അവകാശം.എഴുത്ത് എനിക്ക് ഇഷ്ടപ്പെട്ടു.
ഒരു നര്‍മ കഥയ്ക്ക് ഇതില്‍ കൂടുതല്‍ ‍ വിശദീകരണം ആവശ്യം ഇല്ല...ആശംസകള്‍..

നികു കേച്ചേരി said...

നല്ല നർമഭാവന..ഇടക്കുള്ള വിവരണങ്ങളിലെ വലിച്ചിൽ ഒഴിവാക്കിയിരുന്നെങ്കിൽ ഒന്നുകൂടി മികച്ചതാക്കാമായിരുന്നെന്ന് തോന്നുന്നു.
ആശംസകൾ.

വെള്ളരി പ്രാവ് said...

നന്നായി.....
നന്മകള്‍.....
ആശംസകള്‍....

Ajeesh Vijayan said...

"യഥാക്രമം പാലും കീലും പോലെയായിരുന്നു"
"അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചു.!! " തുടങ്ങിയ പ്രയോഗങ്ങള്‍ നന്നായി കേട്ടോ ...നന്നായി പോസ്റ്റ്‌ ...

ചിതല്‍/chithal said...

പാലും കീലും തുടങ്ങി പല പ്രയോഗങ്ങളും എന്നെ നന്നായി ചിരിപ്പിച്ചു. കഥക്കു് ഒരു കുഴപ്പവും ഞാൻ നോക്കിയിട്ട് കണ്ടില്ല. പലരും കമെന്റിൽ പലതുമെഴുതിക്കണ്ടു. അതവരുടെ അഭിപ്രായം. എന്റെ അഭിപ്രായം, എനിക്കു് കഥ വളരെ ഇഷ്ടമായി എന്നതാണു്. ഇത്തരം 1-2 മനോരോഗികളെ എനിക്കുമറിയാം. അവർ സഹതാപമർഹിച്ചാലും ഇല്ലെങ്കിലും അവരെക്കൊണ്ടു് വലിയ ശല്യമാണു് എന്നത് സത്യം.

Unknown said...

"ഇന്‍റര്‍നെറ്റും യു-ട്യൂബും ഇല്ലാതിരുന്ന കാലത്ത് പട്ടീല്ലാക്കോണത്ത് നിന്നും ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഏറ്റവുമധികം ഹോം സിക്ക്നസ്സ് ഉണ്ടാക്കിയിരുന്നത് ഒരുപക്ഷെ ആ ചിത്രങ്ങളായിരുന്നു.!"

ഗള്‍ഫുകാരെ നാറ്റിക്കാനുള്ള പരിപാടിയാണോ?!

പോസ്റ്റ്‌ ഇഷ്ടമായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഥ എഴുതാന്‍ എളുപ്പമാണ്.
കവിത എഴുതാന്‍ അതിനേക്കാള്‍ എളുപ്പമാണ്.
പക്ഷെ, നര്‍മ്മം എഴുതി ഫലിപ്പിക്കാന്‍ നല്ല ഭാവനയും ക്ഷമയും ഫലിതബോധവും വേണം. അല്പം പാളിയാല്‍ അത് വായനക്കാര്‍ 'വളിപ്പ്' എന്ന് പറഞ്ഞു അപ്പാടെ ചവറ്റു കൊട്ടയിലിട്ടുകളയും!
കേവല ഫലിതതിനപ്പുറം അതില്‍ ആക്ഷേപഹാസ്യമോ പരിഹാസമോ ഉള്‍പ്പെടുത്തിയാല്‍ വായനാസുഖം കൂടും. ഈ കാഴ്ചപ്പാടില്‍, ഇത് വായനാ സുഖം നല്‍കി എന്ന് പറയാതെ വയ്യ.
പക്ഷെ ആംഗലേയത്തിന്റെ അതിപ്രസരം ഒഴിവാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്.

Naushu said...

വളരെ നന്നായി എഴുതി .....

ametureBlogger said...

ഒരുപാട് പിരിമുറുക്കത്തിനിടയിലാണു ഞാനിത് വായിച്ചത്. നിന്റെ നർമ്മം എന്റെ എല്ലാ മുറുക്കവും അയച്ചു കളഞ്ഞു

Unknown said...

സായിപ്പു പോയെന്റെ വിമലേ
പിന്നെയും സായിപ്പു മുന്നില്‍!
മലയാളികള്‍ നമ്മള്‍ക്കിനിയും
മംഗ്ലീഷില്‍ തന്നെയോ ശരണം?
---------------------------------------
ഈ ജട്ടീല്ലാക്കോണത്തു വയസ്സന്മാര്‍ക്ക് എന്തു കാര്യം?
അല്ലേ? ഞാനായിട്ട് ഒന്നും പറയാനില്ല!!

Villagemaan/വില്ലേജ്മാന്‍ said...

:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആളൂസേ...
ചില വരികളില്‍ നന്നായി ചിരിച്ചു...
മാധവനെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോഴേ
കത്തിയിരുന്നു.ഒടുവിലിങ്ങനയേ സംഭവിക്കൂന്ന്...

SIVANANDG said...

കാലത്തിനു യോജിക്കുന്ന ഉപമകള്‍
എല്ലാം നന്നയിട്ടുണ്ട്.

Anil cheleri kumaran said...

പി.ടി. ഉഷയുടെ ശബ്ദവും, കര്‍ണ്ണം മല്ലേശ്വരിയുടെ ശരീരവും, വീനസ്‌ വില്യംസിന്‍റെ നിറവുമുള്ള ശകുന്തളേച്ചി..

അതൊരു ഉരുപ്പടി തന്നെയായിരിക്കുമല്ലോ.

(എന്റെ പോസ്റ്റ് ഇവിടെ പ്രസ്താവിച്ചതിന് നന്ദി.)

ബെഞ്ചാലി said...

നന്നായി എഴുതി .....

കുഞ്ഞൂസ് (Kunjuss) said...

നര്‍മം നിറഞ്ഞ പോസ്റ്റിലൂടെ ചികിത്സയില്ലാത്ത ഒരു മാനസിക വൈകൃതം നന്നായി എഴുതി. ഹാസ്യത്തിലൂടെ വായനക്കാരുമായി സംവദിക്കുക എന്നത് വളരെ ശ്രമകരമാണ്.അതില്‍ ആളൂസ് വിജയിച്ചിരിക്കുന്നു. ആശംസകള്‍...!
(ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും എന്ന്‌ തോന്നുന്നു...)

 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ