
പൂ.മാ.കരയിലെ തെക്കേക്കര അടക്കിവാണിരുന്ന കയറ്റക്കാരനായിരുന്നു പാപ്പിക്കുഞ്ഞ്. തെക്കേക്കരക്കാര്‍ക്ക് തെങ്ങെന്നാല് പാപ്പിയായിരുന്നു. തേങ്ങകളില്‍ അവര്‍ പാപ്പിയുടെ ഹാപ്പി ഫെയ്സ് കണ്ടു. ഒരുനാള്‍ പട്ടിമാന്തിക്കരയില് നിന്നും പൂച്ചമാന്തിക്കരയിലേക്ക് ഫാമിലി ടൂറിനെത്തിയ അളിയന് രമേശനെയും കൂട്ടി പാപ്പി അതിരാവിലെ തന്നെ പണി സൈറ്റിലേക്ക് പോയി. സൈറ്റില്‍ എത്തിയപ്പോള്‍ രമേശന് ഒരാഗ്രഹം...! ആളുകള്‍ വളരെ ആദരവോടും അത്ഭുതത്തോടും മാത്രം പറഞ്ഞു കേട്ടിട്ടുള്ള, പാപ്പിയുടെ തെങ്ങിലേക്കുള്ള നടന്നു കയറ്റം ഒന്ന് നേരിട്ട് കാണണം. രമേശന്റെ ആഗ്രഹം കേട്ടപാടെ അടുത്ത്, ചാഞ്ഞു നിന്ന സാമാന്യം പൊക്കമുള്ള ഒരു തെങ്ങിനെ ചൂണ്ടിക്കൊണ്ട് പാപ്പി പറഞ്ഞു.
“അളിയാ ഈ തെങ്ങേല് ഞാന്‍ ഇപ്പൊ ഓടിക്കേറും... കണ്ടോ.”
ഇതും പറഞ്ഞ് പാപ്പി മിന്നല്‍ വേഗത്തില്‍ ഓടിക്കേറിപ്പോയി, തെങ്ങിന്റെ മുകളിലേക്ക്. തെങ്ങ് ചതിക്കില്ലായിരിക്കും പക്ഷെ മടല്....... മുകളില്‍ എത്തിയ പാപ്പി ബാലന്‍സ് ചെയ്യാന്‍ ചവിട്ടിയ ഉണക്ക മടല് പാപ്പിയെ ചതിച്ചു. പിന്നെ കണ്ടത് ഓടിക്കേറിയ പാപ്പി പറന്നിറങ്ങുന്നതാണ്. ഒപ്പം ചതിയന്‍ മടലും. മടലോ പാപ്പിയോ ആദ്യം എന്ന ആകാംഷയ്ക്കൊടുവില്‍ പാപ്പി മടലിനെ തോല്‍പ്പിച്ച് മെഡല്‍ നേടിക്കൊണ്ട് ഭൂമിയെ പുല്കി...!
വടക്കേക്കരയില്‍ സംഭവിച്ചത് മറ്റൊരു ദുരന്തം... വടക്കേക്കരയുടെ സ്വന്തം കയറ്റക്കാരനായിരുന്ന തങ്കപ്പന്, പട്ടാളം വാസുവേട്ടന്റെ വീട്ടില്‍ തേങ്ങയിടാന്‍ കയറിയതായിരുന്നു. തെങ്ങില്‍ നിന്നുള്ള ഡിപ്പാര്ച്ചറിനിടയില് വെറും വെറുതെ .... തൊട്ടടുത്ത കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പട്ടാളത്തിന്റെ മോള് സ്വര്ണലതയിലേക്ക് തങ്കപ്പനേത്രങ്ങള് ലേസര്‍ പായിച്ചു. കാരം ബോര്‍ഡിനുള്ളിലെ സ്ട്രൈക്കര്‍ പോലെ, സ്വ.ലത ബാത്ത്റൂമിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ആട്ടവും പാട്ടുമൊക്കെയായി കുളി ഉഷാറാക്കുകയാണ്. സ്വര്‍ണ്ണലതയിലെ കറതീര്‍ന്ന കലാകാരിയെ സസൂക്ഷ്മം നിരീക്ഷിച്ച്

മാര്ക്കിടുകയായിരുന്ന തങ്കപ്പന്റെ കണ്ട്രോള് പോയി.തെങ്ങ് തന്റെ പ്രിഷ്ട്ടത്തില്‍ ഏല്‍പ്പിച്ച പരുപരുപ്പില്‍ നിന്നും നിമിഷം കൊണ്ട് തങ്കപ്പനിലെ കലാസ്നേഹി ഷക്കീല പടം ഓടുന്ന അംബിക തീയറ്ററിലെ കുഷന് സീറ്റിന്റെ പതുപതുപ്പിലേക്ക് ഓടി. സ്ക്രീനില്‍ സ്വ. ലതയുടെ ഉജ്ജ്വല പ്രകടനം കണ്ട് അവളെ പ്രോല്സാഹിപ്പിക്കാതിരിക്കാന് തങ്കം പോലത്തെ മനസ്സുണ്ടായിരുന്ന തങ്കപ്പന് കഴിഞ്ഞില്ല. തങ്കപ്പന് മതി മറന്നു കയ്യടിച്ചു..... തെങ്ങില്‍ നിന്നും തങ്കപ്പന്റെ ഗ്രിപ്പ് തെറ്റി.......ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്ക് ഗോള്‍ പോസ്റ്റിനുള്ളില്‍ വന്നു വീഴുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഒരു തടസവും കൂടാതെ തൊട്ടു താഴെയുള്ള പൊട്ടക്കിണറ്റിലേക്ക് ലാന്‍ഡ് ചെയ്തു, തങ്കപ്പന്. പിന്നെ ഒരിക്കലും പഴയ ഗ്രിപ്പിലേക്ക് ഉയരാന്‍ തങ്കപ്പനായില്ല....!!
തെക്കനും വടക്കനും വന്നു പിണഞ്ഞ ദുരന്ത വാര്‍ത്തകളില്‍ നെഞ്ച് തകര്‍ന്ന കിഴക്ക്പടിഞ്ഞാറന്‍ മന്‍സാര്‍ (പുള്ളിക്കായിരുന്നു കിഴക്ക്, പടിഞ്ഞാറേ കരകളിലെ തെങ്ങ് കയറ്റത്തിന്റെ കൊണ്ട്രക്റ്റ്) ജോലിയില്‍ നിന്നും വോളിണ്ടറി റിട്ടയര്‍മെന്റ് എടുത്ത് വീട്ടിലിരിപ്പായി. വെറുതെ ഇരുന്ന് ബോറടിക്കാതിരിക്കാന്‍ ഒരു കല്യാണവും കഴിച്ചു. അതോടെ പുള്ളിയുടെ ‘കയറ്റവും ഇറക്കവും’ വീട്ടില്‍ മാത്രമായി ഒതുങ്ങി.
ഇതോടെ പൂ.മാ.കരയിലെ തെങ്ങിന് തോപ്പുകള്‍ കലാഭവന്‍മണിപ്പടങ്ങള്‍ ഓടുന്ന തീയറ്റര്‍ പോലെ ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാതായി. അങ്ങനെയിരിക്കേയാണ് രാജു എന്ന പയ്യന് പഠനം പോലും ഉപേക്ഷിച്ച്, തന്റെ നാട്ടിലെ ഏറ്റവും സ്കോപ്പുള്ള സ്വയം തൊഴില്‍ സംരംഭം തെങ്ങ് കയറ്റമാണെന്ന തിരിച്ചറിവില്‍ എത്തിയത്.രാജു എന്നായിരുന്നു സ്കൂളിലെ പേര് എങ്കിലും അത്രേം ബുദ്ധിമുട്ടുള്ള പേര് വിളിക്കാന്‍ തക്ക വിദ്യാഭ്യാസം ഇല്ലാതിരുന്ന അവന്റെ പാരന്റ്സ് അവനെ ‘രായു’ എന്ന് വിളിച്ചു. പിന്നെ ‘സ്വയംതൊഴില്‍’ ഒരു വന്‍ വിജയമായപ്പോള്‍ നാട്ടുകാര്‍ സ്നേഹം കൊണ്ട് ഒരു കുട്ടനും കൂടി ചേര്‍ത്ത് അത് രായൂട്ടന് എന്നാക്കി.
കയറിയ തെങ്ങുകള്‍ക്കൊപ്പം രായൂട്ടന് പൂ.മാ.കരയിലെ ജനഹൃദയങ്ങളും ഒന്നൊഴിയാതെ കീഴടക്കി. കീഴടക്കിയ ഹൃദയങ്ങളില്‍ ഒന്നായ, കൊണത്തെ രാഘവേട്ടന്റെ ചെന്തെങ്ങിന് കുലയില്‍ പിറന്ന നല്ല ഒന്നാംതരം കരിക്കായ ജാനുവേടത്തിയെ രാത്രിക്ക് രാത്രി അടിച്ചോണ്ട് പോയി ജീവിത സഖിയുമാക്കി. ഒടുവില്‍ എല്ലായിടത്തും നടക്കുന്ന ‘ഗിവ് ആന്‍ഡ് ടേക്ക്’ പദ്ധതിയിലൂടെ ജാനുവേടത്തി രായൂട്ടന് ഒരു മകളെ തന്നെ സമ്മാനിച്ചു.... രാജി. അവള് അതിവേഗം ബഹുദൂരം വളര്‍ന്നു. ഒപ്പം വര്‍ഷങ്ങളും പുറകെ ഓടി. രാജിയെപ്പറ്റി പറഞ്ഞാല്‍... വെള്ളയ്ക്കാ കണ്ണുകള്‍, ഓലയ്ക്കാല് പോലെ നീണ്ട തലമുടി, കൊതുമ്പ് കൈകള്‍, പൂക്കുല തോല്‍ക്കും പല്ലുകള്‍, ഈക്കിലി കണ്പോളകള്, മടല് ബോഡി....... അങ്ങനെ ആകെ മൊത്തം ഒരു ടി × ഡി തെങ്ങിന്‍തൈയുടെ സൗന്ദര്യമൊത്ത പെണ്ണ്..... മാന്യുഫാക്ചേര്ട് ബൈ രായൂട്ടന് എന്ന് ആരും ഒറ്റ നോട്ടത്തില്‍ തന്നെ പറഞ്ഞ് പോകുന്ന രൂപം...... സ്നേഹം കൂടുമ്പോള്‍ മകളെ, “എന്റെ പോന്നു പതിനെട്ടാം പട്ടേ” എന്ന് വിളിച്ചു പോകുന്ന രായൂട്ടനെ കുറ്റം പറയാനേ പറ്റില്ല.
അങ്ങനെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ ഒരൊറ്റ എതിരാളികള്‍ പോലുമില്ലാതിരുന്ന രായൂട്ടന്റെ കര്‍മ്മ മണ്ഡലം ഇന്ന് വളര്‍ന്നു പന്തലിച്ച് കിടക്കുകയാണ്. വലിയ ബംഗ്ലാവായി, കാറായി, ബൈക്കായി, അങ്ങനെയെല്ലാമായി. ഒടുവില്‍ സിനിമാ നടന്മാരെ പോലെ കോള്‍ഷീറ്റ് ഉണ്ടാക്കേണ്ടി വന്നു, രായൂട്ടന്- അത്രയ്ക്ക് ബിസി. ഇനി എല്ലാം കൂടി ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലെന്ന സ്ഥിതി വന്നപ്പോള്‍ സ്റ്റാര്‍സിങ്ങര്‍ സന്നിധാനന്ദനെ പോലെ രായൂട്ടനും ആദ്യം ചെയ്തത് ഒരു മാനേജരെ വയ്ക്കുക എന്നതായിരുന്നു. ഡ്രൈവിങ്ങും മാനേജ് ചെയ്യുന്ന മാനേജര്‍.... അതായിരുന്നു, ആരെന്നുപോലും അറിഞ്ഞുകൂടായിരുന്നിട്ടും Mr.ബിജുമോനെ ആ തസ്തികയിലേക്ക് പോസ്റ്റ് ചെയ്യാന്‍ രായൂട്ടനെ പ്രേരിപ്പിച്ചത്. രായൂട്ടന് തന്നെ ബിജുമോന്റെ യൂണിഫോമിന്റെ കളര്‍ കോമ്പിനേഷനും കണ്ടെത്തി. മഞ്ഞ ടി ഷര്‍ട്ടും ചുവപ്പ് ബര്‍മുഡയും. ഡ്യൂട്ടി സമയത്ത് ബിജുമോന് അങ്ങനെ തന്നെ വേണമെന്ന് രായൂട്ടന് വളരെ നിര്‍ബന്ധമായിരുന്നു. പൂ.മാ.കരയിലെ ഒരേ ഒരു ഗള്‍ഫ് കാരനായിരുന്ന ജോസച്ചായന്റെ വീട്ടില്‍ കേറാന്‍ ചെന്നപ്പോള്‍ കൂലിക്കൊപ്പം കൊടുത്ത ഗള്‍ഫ് മെയ്ഡ് ‘ഓവറോള്‍’ ആയിരുന്നു രായൂട്ടന്റെ ഔദ്യോഗിക വേഷം. ബിജുമോനായിരുന്നു പിന്നെ അങ്ങോട്ട് രായൂട്ടന് ഏതു തെങ്ങില്‍ കേറണം, എന്ന് കേറണം, എപ്പൊ ഇറങ്ങണം എന്നൊക്കെ തീരുമാനിച്ചിരുന്നത്.
എല്ലാമാസവും ഒന്നാംതീയതി രായൂട്ടന്റെ അപ്രഖ്യാപിത അവധി ദിവസമാണ്. അന്നാണ് ജാനുവേടത്തി രായൂട്ടന്റെ ‘ഓവറാള്‍’ കഴുകുന്നത്. വിവരമറിഞ്ഞ് ഒടുവില്‍ പഞ്ചായത്തീന്ന് ആള് വന്നുതുടങ്ങി. കൊതുക് നശീകരണത്തിനുള്ള മരുന്നില്‍ മേമ്പൊടിയായി ചേര്‍ക്കാന്‍ രായൂട്ടന്റെ ഓവറാള്‍ കഴുകിയ വെള്ളം വേണത്രേ!! പക്ഷെ ജാനുവേടത്തി പകുതിയേ കൊടുക്കാറുള്ളൂ. പറമ്പില്‍ ‘ഫ്യൂറിഡാനു’ പകരം വാഴകളില്‍ ജാനുവേടത്തി പ്രയോഗിക്കുന്നതും ഇതേ വെള്ളമാണ്.
“വീട്ടാവശ്യം കഴിഞ്ഞു മതി നാട്ടാവശ്യം” പുള്ളിക്കാരി തുറന്നടിച്ചു. അല്ലെങ്കിലും ജാനുവേടത്തി അങ്ങനാ..... വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ വന്നയാളെയും മൊത്തം ഒന്ന് പരിശോധിച്ചിട്ടേ മിസ്സിസ് രായു മടക്കി അയച്ചുള്ളൂ. വീട്ടാവശ്യത്തിനുതകുന്ന എന്തെങ്കിലും അയാള്‍ ആ ‘കുഴി’യില്‍ നിന്ന് എടുത്തു കൊണ്ട് പോയാലോ???!! ജാനുവേടത്തിയുടെ സ്വഭാവം മാറുന്നതും, പിടക്കോഴി 34 C സൈസിലുള്ള ബ്രെയ്സിയര്‍ എന്ന ‘ചുമടുതാങ്ങി’ ഇട്ടു നടക്കുന്നതും സ്വപ്നം കാണാന്‍ മാത്രമേ കഴിയൂ എന്ന് നന്നായറിയുന്ന രായൂട്ടന്, അത് കൊണ്ട് തന്നെ ഇതൊന്നും മൈന്‍ഡ് ചെയ്യാറേ ഇല്ല..!!
അങ്ങനെയിരിക്കെ ഒരു ദിവസം രായൂട്ടന്റെ വെട്ടുകത്തിക്ക് മൂര്‍ച്ച കൂട്ടാനായി ടൗണിലേക്ക് പോയ ബിജുമോനെ കാണാതായി! രായൂട്ടന്സ് വില്ലയിലെ എല്ലാപേരും ജീവിതത്തില്‍ ആദ്യമായി വിഷമിച്ചു. സ്നേഹിക്കുന്നതില്‍ ഒരു പിശുക്കും കാട്ടാതിരുന്ന ബിജുമോന്റെ സ്നേഹം കിട്ടാതെ ആ മൂവര്‍സംഘ കുടുംബം ചോക്ക് കത്തിപ്പോയ ട്യൂബ് ലൈറ്റ് പോലായി. അന്ന് രാത്രി തന്നെ രായൂട്ടന് പൂ.മാ.കരയിലെ എസ.ഐ ടൈഗര്‍ കുട്ടപ്പന് സമക്ഷം പരാതിയും നല്കി. നാട്ടിലെ പ്രമാണിയും, തന്റെ വീട്ടിലെ സ്ഥിരം കയറ്റക്കാരനുമായ രായൂട്ടന് ആദ്യമായി സമര്‍പ്പിച്ച പരാതിയിന്മേല് ടൈഗര്‍, 'പുലിയായി’ അന്വേഷിക്കാം എന്ന ഉറപ്പും നല്കി.
പിറ്റേന്ന് ഉച്ചക്ക് വീടിനു മുന്നില്‍ വന്നു നിന്ന അംബാസഡറിന്റെ ശബ്ദം കേട്ട്, അത് ബിജുമോന് ആകുമെന്ന് കരുതി രായൂട്ടന് ഓടി.... ജാനുവേടത്തി ഓടി.... രാജി ഓടി.... എന്തിന്- വീട്ടിലെ പട്ടിയും, പൂച്ചയും, കോഴികളും വരെ ഓടി വീടിനു മുന്നില്‍ ചെന്നു. അംബാസഡറിന്റെ ഡോറും, മുന്നില്‍ ഇരുന്ന ആളിന്റെ വായും ഒന്നിച്ചു തുറന്നു!! കൊടുങ്ങല്ലൂര്‍ ഭരണിക്ക് പാട്ട് പാടുന്ന ഗായകന്റെ കോറസ് സംഘത്തില്‍ വര്‍ക്ക് ചെയ്തിരുന്ന അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ രായൂട്ടനോട് സംസാരിച്ചു. അയാളുടെ ഇളയ മകളുമായി ബിജുമോന് ഒളിച്ചോടി പോലും....!
വന്ന ഡ്യൂട്ടി അവസാനിപ്പിച്ച് തെറിവണ്ടി തിരികെ പോയി. നല്ല പരുവം വന്ന ഒന്നാംതരം തേങ്ങാക്കുല വെട്ടിയിട്ട ശബ്ദം കേട്ട് രായൂട്ടന് തിരിഞ്ഞു. അതാ കിടക്കുന്നു തന്റെ സഹധര്‍മിണി താഴെ..! രായൂട്ടന് പരിഭ്രമിച്ചു ചുറ്റിനും നോക്കി, രാജിയെയും കാണാനില്ല. പൈപ്പില്‍ നിന്നും വെള്ളമെടുത്ത് രായൂട്ടന് വൈഫിന്റെ മുഖത്ത് കുടഞ്ഞു. പാതി ബോധത്തില്‍ ജാനുവേടത്തി പിറുപിറുത്തു-
“എന്നാലും എന്റെ ബിജുമോനെ..... എന്റെ തെങ്ങിന്റെ മൂട് കുത്തിക്കിളച്ചിട്ട് ഒരല്പം വളം കൂടി ഇടാതെയാണല്ലോ നീ വേറെ തെങ്ങില്‍ കയറാന്‍ പോയത്????....”
രായൂട്ടന് ഞെട്ടി!! ബാസ്സ് കൂടിപ്പോയ സ്പീക്കര്‍ പോലെ രായൂട്ടന്റെ ശബ്ദം പതറി. “എങ്കിലും ജാനൂ..... എന്നോട്.....”
പെട്ടെന്ന് ജാനുവേടത്തി ഞെട്ടിയുണര്‍ന്നു. ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അവര്‍ കിടന്നിടത്ത് നിന്നും ചാടി എണീറ്റു. രായൂട്ടന് ആവരോട് എന്തോ ചോദിക്കാന്‍ തുനിഞ്ഞതും, അതാ വീടിനുള്ളില്‍ നിന്നും ഒരു പ്രത്യേക ശബ്ദം. രക്ഷപെടാന്‍ കിട്ടിയ അവസരം മുതലാക്കി ജാനുവേടത്തി വീട്ടിനുള്ളിലേക്ക് ഓടി. പുറകെ രായൂട്ടനും. തല വാഷ്ബെയ്സിനുള്ളിലിട്ട് സര്‍വ്വശക്തിയും ഉപയോഗിച്ച് ഒക്കാനിക്കുകയാണ് മിസ്.രാജി. ഓടി വന്ന അച്ഛനെയും അമ്മയെയും കണ്ട രാജി ഓക്കാനവും ശബ്ദവും ഓഫ് ചെയ്ത് നേരെ റൂമിലേക്ക് ഓടി. പുറകെ ജാനുവും. ഇതെല്ലാം കണ്ട് രായൂട്ടന്, വൈറ്റ്ഹൗസിന്റെ തിണ്ണയില്‍ വച്ച് ബിന്‍ലാദനെ കണ്ട ജോര്‍ജ്ബുഷിനെ പോലെ ഇതെങ്ങനെ സംഭവിച്ചെന്ന രീതിയില്‍ നിന്നു.
ഒടുവില്‍ രായൂട്ടന്റെ കണ്ഫ്യൂഷന് അവസാനിപ്പിച്ച് ജാനുവേടത്തി മുറിക്കു പുറത്തു വന്നു. രായൂട്ടന് ചാടി വീണ് ചോദിച്ചു. “എന്തുവാടീ പറ്റിയെ എന്റെ പതിനെട്ടാം പട്ടയ്ക്ക്?” ജാനുവേടത്തിയുടെ റിപ്ലേ പെട്ടെന്നായിരുന്നു. “അതേയ് അവള് ഇത്തവണത്തെ പഞ്ചായത്തിലക്ഷന് വോട്ട് ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ മനുഷ്യാ......?”
“അതിനെന്തടീ”- രായൂട്ടാന് വീണ്ടും ജിജ്ഞാസുവായി.
“ങാ... എന്നാലേ, പതിനെട്ടാം പട്ടേ...... പതിനെട്ടാം പട്ടേ...... എന്ന് അവളെ വിളിച്ചു നടന്നപ്പോഴേ ഓര്‍ക്കണമായിരുന്നു, പതിനെട്ടാം പട്ടയുടെ യഥാര്‍ഥ സ്വഭാവം. അതിനു 18 പട്ടയാകുമ്പോള് ഒന്ന് കായ്ക്കണം, അല്ലെങ്കില്‍ ഒന്ന് കുലയ്ക്കുകയെങ്കിലും വേണം. തെങ്ങുകളുമായി ഡീല്‍ ചെയ്തത് നിങ്ങളാണെങ്കിലും തെങ്ങുകളുടെ സ്വഭാവസവിശേഷതകള്‍ നിങ്ങളെക്കാള്‍ അറിയാവുന്നതേയ്, ആ ബിജുമോനാ........!!!”
അതു കേട്ട് ഇടിവീണ കൊന്നത്തെങ്ങ് പോലെ നിന്നു രായൂട്ടന്..... പുറകിലെ ചുവരില്‍ തൂക്കിയിട്ട LCD യില്‍ മോഹന്‍ലാലും ഉര്‍വ്വശിയും പാടി.....
“പരുമലച്ചെരുവിലെ പടിപ്പുര വീട്ടില്‍ പതിനെട്ടാംപട്ട തെങ്ങ് വച്ചേ....
----- ----- ----- ----- ----- ----- ----- ----- ----- ----- ----- -----
കണ്ണീര് തേവി വെള്ളമൊഴിച്ചു.........
ഇളം കണ്ണീര് തേവി വെള്ളമൊഴിച്ചു.........”
--------------------------------------------------------------
വാല് കഷണം :
ഇത് ഒരു ഫാന്‍സി കഥയാണ്. പ്രിയ വായനക്കാര്‍ ആ ഒരു രീതിയില്‍ മാത്രം ഈ പോസ്റ്റിനെ കാണുക.
നന്ദി.
1. ശ്രീ.എറക്കാടന്‍:- 'പൂച്ചമാന്തിക്കര' എന്ന, ചിരിയുണര്‍ത്തുന്ന, നല്ല ഒരു സ്ഥലനാമം നിര്‍ദ്ദേശിച്ചതിന്.
2. ശ്രീമതി.സ്മിതസതീഷ് (Pournami) :- പോസ്റ്റിലെ സന്ദര്‍ഭാനുസരണം നല്ല പടങ്ങള്‍ വരച്ചു തന്നതിന്.
3. ഗൂഗിള്‍ :- വിവിധ സംഭാവനകള്‍ക്ക്.