
ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങള്‍ മനസ്സിനും ശരീരത്തിനും ഏല്‍പ്പിക്കുന്ന ആലസ്യവും വിരസതയും മറക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടാണ് വ്യാഴാഴ്ചകള്‍ പിറക്കുന്നത്. വെള്ളിയാഴ്ച അവധിയായത് കൊണ്ട് തന്നെ വ്യാഴാഴ്ച രാത്രികള്‍ എന്നും ഞങ്ങള്‍ ആഘോഷമാക്കാറുണ്ട്. രാത്രി മൊത്തം ‘ഓടണം’ എന്നുള്ളതിനാല്‍ സ്പെഷ്യല്‍ മൈലേജിനായി എല്ലാവര്ക്കും ബോട്ടില്‍സ് സംഘടിപ്പിക്കാന്‍ ഞാനും, സുപ്പര്‍വൈസര്‍ ബേബിച്ചായനും ഡ്യൂട്ടിക്കിടെ ഒരു സ്പെഷ്യല്‍ ഡ്യൂട്ടി തരപ്പെടുത്തി പോകാറാണ് പതിവ്. എയര്‍പോര്‍ട്ട് സൈറ്റില്‍ നിന്നും ഏകദേശം 20 കി.മി. ദൂരെയാണ് നമ്മുടെ “പമ്പ്”.
പോകുന്ന വഴിയില്‍, തൊണ്ടയില്‍ വേനല്‍ ആരംഭിച്ച സന്ദേശം വന്നു. ബേബിച്ചായനോട് പറഞ്ഞപ്പോള്‍ ഏതെങ്കിലും കടയുടെ അടുത്തു നിര്‍ത്താന്‍ പറഞ്ഞു. പിന്നെ മുന്നില്‍ കണ്ട കടയുടെ മുന്നില്‍ ഞാന്‍ കാര്‍ നിര്‍ത്തി. ബേബിച്ചായന് വെള്ളം വാങ്ങാനായി കടയിലേക്ക് പോയി. പെട്ടെന്ന് ഇടതു വശത്തെ വിന്‍ഡോയില്‍ ഒരു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു. ഒരു പയ്യന് വണ്ടിയുടെ ഗ്ലാസില്‍ തട്ടി വിളിക്കുകയാണ്. അഞ്ച് വയസ്സ് തോന്നിക്കും- ഒരു സുന്ദരന്‍ ചെക്കന്. അവന് എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും... അവന് എന്തോ പറയുന്നുണ്ട്. അറബിയിലാണ്. എനിക്ക് മനസ്സിലായില്ല. പക്ഷെ അവന്റെ കാഴ്ച്ച കാറിന്റെ ഡാഷ്ബോര്‍ഡിനു മുകളില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകളില്‍ അവസാനിക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ചുണ്ടുകള്‍ ആകെ ചുവന്നിരിക്കുന്നു. നേരത്തെ കഴിച്ച മിഠായി അവനില്‍ അവശേഷിപ്പിച്ചതാണെന്ന് തോന്നുന്നു, ആ നിറം. അവനു നഷ്ട്ടപെട്ടു പോയ, ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ എത്രെയെന്നോര്‍ത്തു പോയി ഞാന്‍, അത് കണ്ടിട്ട്......
വലതു വശത്തെ ഡോര്‍ തുറന്നു. ബേബിച്ചായന് തിരികെ വന്നതാണ്. കയ്യില്‍ രണ്ടു മാംഗോ ജ്യൂസും ഉണ്ട്. ഞാന്‍ വണ്ടിയുടെ ഗിയര്‍ മെല്ലെ ഡ്രൈവിലേക്ക് ഷിഫ്റ്റ് ചെയ്തു, വണ്ടി ഒന്നനങ്ങി. വീണ്ടും ഇടതു വശത്ത് നിന്നും ആ പഴയ ശബ്ദം- പൂര്‍വാധികം ശക്തിയോടെ. തിരിഞ്ഞു നോക്കി, ഇപ്പോള്‍ ആളെണ്ണം കൂടിയിരിക്കുന്നു. ഒരാള്‍ കൂടിയുണ്ട്. ഏകദേശം ഒന്നാമന്റെ അതെ രൂപവും പ്രായവും തന്നെ പുതുമുഖത്തിനും. ഞാന്‍ ഗ്ലാസ് താഴ്ത്തി. അവര്‍ രണ്ടും വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.ഞാന്‍ ബേബിച്ചായനെ ഒന്ന് നോക്കി. ഇതാരെടാ!! എന്ന ഭാവത്തിലാണ് പുള്ളി. ഡാഷ്ബോഡില്‍ കിടന്ന ചില്ലറകളില്‍ നിന്നും 25 പിയസ്റ്ററിന്റെ (നാട്ടിലെ ഏതാണ്ട് 16 രൂപ) ഒരു തുട്ട് ഞാന്‍ എടുത്ത് അവര്‍ക്ക് നേരെ നീട്ടി. ആ ചെമ്പ് കഷണത്തിനായി രണ്ട് ഇളം കൈകള്‍ മല്‍സരിക്കുന്നത് കണ്ട് ഒന്ന് പിടഞ്ഞു മനസ്സ്. ഒടുവില്‍ അതില്‍ ഒരു കൈ അത് സ്വന്തമാക്കി ഓടി. പുറകെ രണ്ടാമനും. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ഒരല്പം മാറി അവര്‍ തമ്മില്‍ എന്തോ ഒരു ചെറിയ വാഗ്വാദം നടക്കുന്നുണ്ട്. പിന്നെ എന്തോ തീരുമാനത്തിലെത്തിയ പോലെ രണ്ടാളും പരസ്പരം തോളില്‍ കയ്യിട്ട് നടന്നു പോയി.
ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. എന്തോ ഞങ്ങള്‍ രണ്ടും പേരും വാങ്ങിയ ജ്യൂസ് കുടിച്ചില്ല. അല്‍പ്പ സമയം രണ്ടു പേരും പരസ്പരം മിണ്ടിയതുമില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഞാന്‍ ബേബിച്ചായനോട് ചോദിച്ചു- “ നമുക്ക് ഒന്ന് തിരിച്ചു പോയാലോ? അവന്മാരെ ഒന്ന് കൂടി കാണണം”. ബേബിച്ചായന് എന്തോ ആശിച്ചിരുന്നത് കേട്ടപോലെ പെട്ടെന്ന് പറഞ്ഞു- “പോകാം”. പിന്നെ കണ്ട ആദ്യത്തെ യൂ ടേണില്‍ വണ്ടി തിരിഞ്ഞു. പോകുന്ന്ന വഴിയില്‍ കണ്ട ഒരു ചെറിയ തട്ടിക്കൂട്ട് കടയില്‍ നിന്നും നമ്മുടെ പരിപ്പ് വട മാതിരിയുള്ള കുറച്ച് എണ്ണപ്പലഹാരവും വാങ്ങി, ഞങ്ങള്‍.
തിരികെ പഴയ സ്ഥലത്ത്, അതെ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവിടെ ആരെയും കാണുന്നില്ല.അവര്‍ വരും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അല്‍പ്പ സമയം അവിടെ തന്നെ കാത്തു നിന്നു. അതുവരെ സുലഭമായി വണ്ടിക്കുള്ളില്‍ ലഭിച്ചിരുന്ന സൂര്യ പ്രകാശത്തെ മറച്ചു കൊണ്ട് എന്തോ ഒന്ന് വണ്ടിയുടെ വലതു വശത്ത്...... ഒന്നാമാനുമല്ല, രണ്ടാമനുമല്ല. ഇവന് മൂന്നാമന്!!. വിധി തന്റെ ജീവിതത്തെ ഒരു തമാശയായി കണ്ടപ്പോള്‍, എവിടെയോ നഷ്ട്ടമായ ബാല്യത്തിന്റെ നിഷ്കളങ്കത, ഇനിയും സ്വയം ഉപേക്ഷിച്ചു പോകാന്‍ മടിച്ചു നില്ക്കുന്ന മുഖം. ആദ്യം കണ്ടില്ലെ
കാണാന്‍ വന്നവരെയല്ല കണ്ടത്, എന്നാലും മനസ്സിന് ഒരു സുഖം..... ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി...... വണ്ടിക്കു മുന്നില്‍, റോഡിലുള്ള കാഴ്ച്ചകള്‍ എന്റെ കണ്ണിനു മുന്നില്‍ ഊറിക്കൂടിയ എന്തോ ഒന്ന് മറയ്ക്കുന്ന പോലെ. ഞാന്‍ എന്റെ വലതു വശത്തേക്ക് നോക്കി. തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന ബേബിച്ചായന്!! ഇനിയിത് വഴി പോകുമ്പോള്‍ ഒരുപക്ഷെ എന്റെ കാഴ്ച്ചകള്‍ ആ മൂന്നു പേരെ തിരയുമായിരിക്കും, ഒന്ന് കൂടി കാണാന്‍.... ഇനിയും ഇത് പോലെ എത്രയെത്ര കാഴ്ച്ചകള്‍ എന്ന എന്റെ ചിന്ത ഒരു നെടുവീര്‍പ്പില്‍ അവസാനിച്ചു. കാര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണ്. ഇന്ന് രാത്രി ഞങ്ങള്‍ക്ക് മായക്കാഴ്ചകള്‍ സമ്മാനിക്കാന്‍ ഒരുങ്ങിയിരിക്കുന്ന, പൊട്ടുന്നതും ഞളുങ്ങുന്നതുമായ കുപ്പികള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ഞങ്ങളുടെ പമ്പ് ലക്ഷ്യമാക്കി.