മഞ്ചേരി മാണിക്യം - ഒരു പാതിരാ കഞ്ഞിപ്പുഴുക്കിന്റെ കഥ..!


N.N ബാലകൃഷ്ണന്‍റെ ശരീരത്തിനുള്ളില്‍ പുട്ടുറുമീസിന്‍റെ മനസ്സ്!! അതാണ് തടിയന്‍. പ്രീഡിഗ്രിയും പിന്നീട് പൊളിടെക്നിക്കില്‍ സിവിലും പഠിച്ചെങ്കിലും മനസ്സിന്‍റെ വളര്‍ച്ച കൂടി തട്ടിപ്പറിച്ച് ശരീരം വളര്‍ന്നപ്പോള്‍ പഠന സംബന്ധമായ ഒരു ജോലി എന്നത് തടിയനെ സംബന്ധിച്ച് 50 ഓവറില്‍ 1500 റണ്‍സ് പോലെ അപ്രാപ്യമായി. അത് കൊണ്ട് തന്നെ പിന്നീട് വീഡിയോഗ്രാഫര്‍ ആകുക എന്ന മോഹം തടിയന് തലയ്ക്കു പിടിച്ചത് അച്ഛന്‍റെ മുന്നില്‍ വച്ച് മോളെയും, കെട്ടിയോന്‍റെ മുന്നില്‍ വച്ച് ഭാര്യയേയും, ബ്രദറിന്‍റെ മുന്നില്‍ വച്ച് സിസ്റ്ററെയും അടിമുടി സ്ക്യാന്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടുന്ന ഏക പണിയാണ് അത് എന്നതുകൊണ്ടല്ല..! ആത്മാര്‍ഥമായി തന്നെ പഠന വിഷയത്തെ സമീപിച്ച തടിയന്‍ വീഡിയോഗ്രാഫി കോഴ്സിന്‍റെ ആദ്യ കടമ്പയായ ‘ലൈറ്റടി’ വളരെ വിജയകരമായി താണ്ടി. പത്തു മാസം കൊണ്ട് തടിയന്‍ ഒരു എണ്ണം പറഞ്ഞ വീഡിയോഗ്രാഫര്‍ ആയി.


അവിടെ നിന്നങ്ങോട്ട് തടിയന്‍റെ നല്ല കാലമായിരുന്നു. കല്യാണം എന്ന വാക്കിന് ആലുക്കാസിനും ഭീമയ്ക്കും ശേഷം തടിയന്‍ എന്ന പര്യായം പോലുമുണ്ടായി. തടിയന്‍ വീഡിയോഗ്രാഫറായി കല്യാണപ്പന്തലിന്‍റെ മുന്നില്‍ നിന്നാല്‍ പിന്നെ സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് കല്ല്യാണ ചെക്കന്‍റെ വലതു കയ്യും പെണ്ണിന്‍റെ ഇടതു കയ്യും മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ എന്ന പരാതി വ്യാപകമായപ്പോള്‍ ഓഡിറ്റോറിയം മുതലാളിമാര്‍ 'തടിയനില്ലേല്‍ കല്ല്യാണമില്ല' എന്ന് പ്രാക്ടിക്കലായി ചിന്തിച്ചു. തടിയനെ മാറ്റുന്നതിന് പകരം, അവര്‍ കാശ് വാരിയെറിഞ്ഞ്‌ സദസ്സിനുള്ള കസേരകള്‍ റീ അറേഞ്ച് ചെയ്യിച്ചു. അതാണ്‌ ലാഭമാത്രേ! ആനയുടെ വായില്‍ ജെംസ് മുട്ടായി വച്ച പോലെ തോളില്‍ ക്യാമറയുമായി നില്‍ക്കുന്ന തടിയനെ കാണാന്‍ കോളേജ്‌ കുമാരികള്‍ പോലും കല്യാണങ്ങള്‍ക്ക് ഒഴുകിയെത്തി.


ദിവസങ്ങളും കല്യാണങ്ങളും കഴിഞ്ഞു പോയി.... തടിയന്‍ ആദ്യം വീഡിയോ വര്‍ക്ക്‌ ചെയ്ത കല്ല്യാണപ്പെണ്ണ് മൂന്ന്‌ പെറ്റു...! അങ്ങനെയിരിക്കേ ഒരു കല്യാണത്തിന് കണ്ടൊരു പെണ്‍കൊടി, തടിയന്‍റെ ഹൃദയം കടിച്ചു കുടഞ്ഞു കളഞ്ഞു. ആ ഒരൊറ്റ കാരണത്തെ തുടര്‍ന്നാണ് കല്ല്യാണ കാസറ്റില്‍ താലികെട്ടില്ല എന്ന സില്ലി മാറ്റര്‍ പറഞ്ഞ് തടിയന്‍റെ വലിയ ശരീരത്തില്‍ ചില കറുത്ത കരങ്ങള്‍ തന്ത്രികള്‍ പൊട്ടുമാറ് വീണ മീട്ടിയത്. പഷേ തടിയന്‍ തളര്‍ന്നില്ല. ഇതിനൊക്കെ കാരണമായ ആ പെണ്ണിനെ മാത്രമേ ഇനി താന്‍ കേട്ടൂ എന്ന് ഒറ്റയ്ക്കങ്ങു തീരുമാനിച്ചു കളഞ്ഞു.


ഫെവീകൊളില്‍ ഫെവീസ്റ്റിക് മേമ്പൊടി ചേര്‍ത്ത പോലെ ചില സുഹൃത്തുക്കള്‍ തടിയന്‍റെ ചിന്തയ്ക്ക് എരിവ് പകര്‍ന്നപ്പോള്‍ തടിയന്‍ മനസ്സുകൊണ്ട് അവളെ കല്യാണവും കഴിച്ചു. പക്ഷെ പെണ്ണിനെ പറ്റി വീട്ടില്‍ അറിയിച്ചപ്പോള്‍ തടിയന്‍റെ നെഞ്ചുളുക്കുന്ന മറുപടിയാണ് അമ്മ പറഞ്ഞത്. “എടാ കുരുത്തം കെട്ടവനെ, അവളുടെ കല്യാണം കഴിഞ്ഞൊരു കൊച്ചുണ്ടെടാ...”

ഇംഗ്ലീഷില്‍ ഒരുപാട് പിടിയില്ലാഞ്ഞിട്ടും “മൈ ഗോഡ്‌!” എന്ന് തടിയന്‍ വിളിച്ചു പോയി.

“പക്ഷെ അവളെ അതിന്‍റെ കെട്ടിയോന്‍ കളഞ്ഞിട്ടു പോയതാ”- അമ്മയുടെ ഈ ഡയലോഗ് തടിയനിലെ പ്രതീക്ഷകള്‍ക്ക് മുസ്ളീ പവറായി.

“എനിക്കവളെ കെട്ടിയേ പറ്റൂ” – തടിയന്‍ അറുത്തു മുറിച്ചു പറഞ്ഞു.

“ഈശ്വരാ... ഈ ചെക്കനിതെന്തുപറ്റി... എടാ ഒരു കൊച്ചിന്‍റെ തള്ളയോ?” അമ്മ തടിയന് തടയിട്ടു.

പക്ഷെ ഫെയര്‍ ആന്‍ഡ്‌ ലവ്‌ലിയുടെ പരസ്യത്തില്‍ സലിംകുമാര്‍ അഭിനയിക്കുന്ന പോലെ അര്‍ത്ഥശൂന്യമാണ് അമ്മയുടെ വാക്കുകള്‍ എന്ന് പറഞ്ഞ് തടിയന്‍ അമ്മയെ തിരിച്ചു തടഞ്ഞു. തടിയന്‍ കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഒടുവില്‍ ആ കല്യാണത്തിന് പച്ചക്കൊടി കാട്ടി.


തടിയന്‍റെ വീട്ടുകാര്‍ കല്യാണം ആലോചിച്ച് പെണ്ണ് വീട്ടില്‍ ചെന്നു. (അന്നേ ദിവസം ദീപാവലി ആയിരുന്നില്ല. എന്നിട്ടും പെണ്ണിന്‍റെ വീട്ടില്‍ അന്ന് രാത്രി പൂത്തിരിയും മത്താപ്പും ഒക്കെ കത്തിച്ചു. ഇടയ്ക്ക് അമിട്ടും. എന്തിനോ എന്തോ!) അപ്പൊ പുതിയ പ്രശ്നം... ഒരു സ്ഥിര ജോലിയില്ലാത്ത പയ്യന് തങ്ങളുടെ കുട്ടിയേയും, കുട്ടിയുടെ കുട്ടിയേയും കൊടുക്കാന്‍ ആ വീട്ടുകാര്‍ക്ക് ഒരു മടി. അതല്ലെങ്കിലും അങ്ങനെയാണ്, വിഭവം എത്ര ചീഞ്ഞതാണെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ അതിനു വില കൂടും.! ഒടുവില്‍ തടിയന്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. തനിക്ക് ഒരു ജോലി ആയിട്ട് മതി കല്ല്യാണം എന്ന് പറഞ്ഞ് കളഞ്ഞു.തടിയന്‍റെ ദിവ്യാനുരാഗത്തിന്‍റെ ശക്തിയാണോ അതോ പെണ്ണിന്‍റെ അച്ഛന് ഒരു കോടിയുടെ ലോട്ടറി ഒരക്കത്തിന്‍റെ വ്യത്യാസത്തില്‍ നഷ്ട്ടപ്പെടുത്തിയതിന് ദൈവം പ്രായശ്ചിത്തം ചെയ്തതാണോ എന്നറിയില്ല. തടിയന് ജോലി കിട്ടി..! ഒരു പ്രാദേശിക ചാനലില്‍ ക്യാമറാമാന്‍ ആയിട്ട്.


മിനിമം യോഗ്യത കൈക്കലാക്കിയ തടിയനിലെ കാമുകഹൃദയത്തിന് ആറു മാസത്തെ ഇടവേള സമ്മാനിച്ചു കൊണ്ട് കല്യാണം നിശ്ചയിക്കപ്പെട്ടു. ഇതിനിടയില്‍ തടിയന്‍ തന്‍റെ ഭാവി വധുവിനെ ഇമ്പ്രെസ്സ് ചെയ്യാന്‍ ഫോണിലൂടെ ശ്രമിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ അങ്ങനെ പെട്ടന്നൊന്നും ഇംപ്രസ്ഡ്‌ ആകാത്ത പെണ്ണിന്‍റെ മുന്നില്‍ തന്‍റെ കഴിവ് തുറന്നു കാട്ടാന്‍ ഒരു അവസരത്തിനായി കാത്തിരുന്ന തടിയന് ഒരു ദിവസം രാത്രി ചാനലില്‍ നിന്നും ഒരു ഫോണ്‍കാള്‍ വന്നു. അടുത്തു തന്നെയുള്ള ഒരു ആളില്ലാ വീട്ടില്‍ വച്ച് പ്രമുഖനായ ഒരു രാഷ്ട്രീയക്കാരന്‍, കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണമായ കഞ്ഞിപ്പുഴുക്കിനെ പറ്റി ഒരു ഒരു പെണ്‍കുട്ടിയുമായി ചര്‍ച്ച നടത്തിയതിന് നാട്ടുകാര്‍ ആ വീട് വളഞ്ഞിരിക്കുന്നത്രേ! അത് ലൈവ് ചെയ്യാനാണ് ചാനലുകാര്‍ വിളിച്ചത്.


വധുവിനെ ഇംപ്രസ് ചെയ്യാന്‍ ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കിയ തടിയന്‍ അവളെ ഫോണ്‍ ചെയ്തു പറഞ്ഞു.- “എടീ നീ നമ്മുടെ ചാനല്‍ ഓണ്‍ ആക്കിക്കോ. ഒരുഗ്രന്‍ സാധനം ഞാന്‍ ഇപ്പൊ ലൈവ് ചെയ്യും”. മറുവശത്തു നിന്നും “ഉം” ഏന്ന പതിഞ്ഞ ഒരു മൂളല്‍ മാത്രം. ഫോണ്‍ കട്ട് ചെയ്ത തടിയന്‍ തന്‍റെ പള്‍സറില്‍ ചാടിക്കയറി. സെല്‍ഫ്‌ സ്റ്റാര്‍ട്ട്‌ ഉണ്ടായിട്ടു കൂടി തടിയന്‍ കിക്ക് ചെയ്ത് വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി. അത്രയ്ക്ക് ആവേശം! പോകുന്ന വഴിയ്ക്ക് തന്നെ രാഷ്ട്രീയക്കാരനെയും കഞ്ഞിപ്പുഴുക്ക് ചര്‍ച്ചയ്ക്ക് വന്ന പെണ്‍കൊടിയെയും ഏതൊക്കെ ആംഗിളുകളില്‍ ഷൂട്ട്‌ ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ചു.


പുഴുക്ക് സ്പോട്ടില്‍ എത്തിയ തടിയന്‍ ആള്‍ക്കൂട്ടത്തെയും പോലീസിനെയും കണ്ടൊന്നു ഞെട്ടി. ചാനലിന്‍റെ വണ്ടിയില്‍ നിന്നും ക്യാമറയും കിടുപിടികളുമായി സഹായികളും പാഞ്ഞെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസുകാരനോട് തടിയന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ചാനലിന്‍റെ പേര് പറഞ്ഞു. അയാള്‍ പുച്ഛത്തോടെ തടിയനെ ഒന്ന് നോക്കിയിട്ട്, അവിടെ നടന്നത് തടിയന്‍റെ ചാനലിലെക്കാലും 'തറ' പരിപാടിയായതുകൊണ്ട് മാത്രം തടിയനെ മറ്റു ചാനല്കാരുടെ അടുത്തേക്ക്‌ വിട്ടു.


സ്പെഷ്യല്‍ റിയാലിറ്റി ഷോ കാണാന്‍ ആവേശം മൂത്ത് നില്‍ക്കുന്ന പുരുഷാരത്തെ ഒപ്പിയെടുത്തുകൊണ്ട് തടിയന്‍ തന്‍റെ ലൈവ് ടെലിക്കാസ്റ്റ് ആരംഭിച്ചു. പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതും ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവര്‍ ചര്‍ച്ച നടന്ന വീട്ടിലേക്ക്‌ കയറി പോകുന്നതുമൊക്കെ അഴകപ്പനെ വെല്ലുന്ന ഫ്രെയ്മുകളിലൂടെ തടിയന്‍ നാട്ടുകാരുടെ സ്വീകരണ മുറികളില്‍ എത്തിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ രാഷ്ട്രീയക്കാരന്‍റെ കൂടെയുള്ളത് ഏതോ സിനിമാ നടിയാണെന്ന് അടുത്തു നിന്ന ആരോ പറഞ്ഞ് കേട്ട തടിയന്‍, താന്‍ സിനിമാ നടിയുടെ യഥാര്‍ത്ഥ മുഖവും സ്വഭാവവും നാട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നതിലൂടെ പ്രശസ്തനാവുന്നതൊക്കെ സ്വപ്നം കണ്ടു.


ഒടുവില്‍ ആയിരങ്ങള്‍ കാത്തിരുന്ന സുമുഹൂര്‍ത്തം ആഗതമായി. അകത്ത് കയറിപ്പോയ പോലീസ്‌ യേമാന്മാര്‍ ഓരോരുത്തരായി പുറത്തേക്ക് വന്നു. പുറകെ രാഷ്ട്രീയക്കാരനും. മുന്‍പ് സിനിമയില്‍ അഭിനയിച്ച എക്സ്പീരിയന്‍സ് തുറന്നു കാട്ടിയ അയാള്‍ “ഇതെന്താ ഇവിടെ എല്ലാരും കൂടി നില്‍ക്കുന്നത്” എന്ന ഭാവത്തില്‍ ക്യാമറയെ വളരെ കൂള്‍ ആയി ഫേസ് ചെയ്തു. പക്ഷെ ആളുകളുടെ ആകാംഷ നീണ്ടത് ചര്‍ച്ചയ്ക്ക് വന്ന സിനിമാ നടിയെ കാണാന്‍ ആയിരുന്നു. ഒടുവില്‍ കാത്തു നില്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലാക്കിക്കൊണ്ട് കഥാനായിക രംഗപ്രവേശം ചെയ്തു. തടിയന്‍ അവരുടെ മുഖം നന്നായി സൂം ചെയ്തു. തന്‍റെ ക്യാമറയുടെ LCD യില്‍ പ്രത്യക്ഷപ്പെട്ട ആ മുഖം കണ്ട് തടിയന്‍ ഞെട്ടി. “ഇതവള്‍ തന്നെ.... ആറു മാസം കഴിഞ്ഞാല്‍ ഞാന്‍ കെട്ടേണ്ടിയിരുന്ന അവള്‍....” തടിയന്‍ അറിയാതെ ഒരാത്മാഗതം വീണുടഞ്ഞു. തടിയന്‍റെ ഒരു കണ്ണില്‍ നിന്നും പോന്നീച്ചയും മറുകണ്ണില്‍ നിന്നും വെള്ളീച്ചയും പറന്നു..! മുന്നില്‍ കാണുന്നതെല്ലാം എറക്കാടന്‍റെ ബ്ലോഗ്‌ തുറന്ന പോലെ ആകെ മൊത്തം മഞ്ഞ മയം.! തുടര്‍ന്ന് എന്റീശ്വരാ.... എന്ന വിളിയോടെ ക്യാമറയും കേട്ടിപ്പിടിച്ചുകൊണ്ട്, ബോധം മറഞ്ഞ തടിയന്‍ നിലം പൊത്തി. പെണ്ണിനെ കണ്ട ജനക്കൂട്ടം ആര്‍ത്തിരമ്പി അവരെ വളഞ്ഞപ്പോള്‍ ഒന്നും ഷൂട്ട്‌ ചെയ്യാന്‍ പറ്റാത്ത വിഷമത്തില്‍ മറ്റു ചാനലുകാര്‍ ക്യാമറ ഓഫ് ആക്കി.


ചര്‍ച്ചയ്ക്ക് വന്ന രാഷ്ട്രീയക്കാരന്‍ പിടിയിലായ വാര്‍ത്തയെക്കാള്‍ പിറ്റേന്ന് അന്നാട്ടുകാര്‍ സംസാരിച്ചത്, രാഷ്ട്രീയക്കാരനെയും പെണ്ണിനെയും പോലീസുകാര്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുന്നതുള്‍പ്പെടെ മണ്ണില്‍ കിടന്നുകൊണ്ട്, ആളുകളുടെ കാലുകള്‍ക്കിടയിലൂടെ ‘ലൈവ്’ ആയി ടി.വി യില്‍ കാണിച്ചു തന്ന തടിയന്‍റെ ആത്മാര്‍ഥതയെയും അര്‍പ്പണ മനോഭാവത്തെയും പറ്റിയായിരുന്നു!
************************************************************************

തലക്കെട്ട്‌ സംഭാവന ചെയ്തത് ഏതോ ഒരു മഹാന്‍ ..!

എല്ലാര്‍ക്കും ഓണാശംസകള്‍.!

അച്ചായചരിതം part 2 - 3 Idiots


ചാവ് കടലിലെ ദുരന്തത്തില്‍ നിന്ന് അച്ചായന്‍റെ 5അടി 2ഇഞ്ച്, പന്തളം മെയ്ഡ് കാലാബോഡി ഉയിര്‍ത്തെഴുന്നേറ്റത്, ബ്രസീല്‍ ലോകകപ്പിന് പോയതും തിരിച്ചു വന്നതും പോലെ വളരെ പെട്ടെന്നായിരുന്നു. തനിക്ക് എന്ത് തന്നെ സംഭവിച്ചാലും ഡ്യൂട്ടിയില്‍ ഒരു ദിവസം പോലും അവധി എടുക്കാന്‍ കമ്പനിയോട് കൂറുണ്ടായിരുന്ന അച്ചായന്‍റെ 916 ഹാള്‍മാര്‍ക്ക്‌ഡ് ഹൃദയം അനുവദിക്കാതിരുന്നത് കൊണ്ട് തന്നെ ദിവസവും സൈറ്റില്‍ പോയി രജിസ്റ്ററില്‍, തന്‍റെ പുണ്യപുരാതനമായ കയ്യൊപ്പും ആലേഖനം ചെയ്ത് വന്ന വണ്ടിക്കു തന്നെ തിരികെ റൂമില്‍ പോകുമായിരുന്നു പുള്ളി. (ചാവു കടലിലെ ലേഡീ ഡോക്ടര്‍ നിര്‍ദേശിച്ച സുഖ ചികിത്സയുടെ പേരും പറഞ്ഞ്‌). ഞങ്ങടെ ഫ്ലാറ്റിന്റെ തൊട്ടടുത്ത് തന്നെയാണ് സാംഗിനി ഫെര്‍ണാണ്ടസ് എന്ന ശ്രീലങ്കന്‍ നയന്‍താര താമസിച്ചിരുന്നത് എന്നതുമായി അച്ചായന്‍റെ സുഖ ചികിത്സക്ക്, മമ്മൂട്ടിയും ക്ലാസ്സിക്കല്‍ ഡാന്‍സും പോലെ യാതൊരു ബന്ധവും ഇല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ ശമ്പളം ജോര്‍ദാനിലെ വളരെ പ്രശസ്തമായ ഒരു ബാങ്ക് വഴിയാക്കിയത്. ഇനി ശമ്പളം വേണേ ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. പണിക്ക് വന്നില്ലെങ്കിലും ദിവസവും രജിസ്റ്ററില്‍ ശൂ.. എന്ന് വരച്ചിരുന്നതിനാല്‍ അച്ചായനും മാസ ശമ്പളം കൃത്യമായി വന്നു. ഏതായാലും പിറ്റേന്ന് തന്നെ അക്കൗണ്ട് ശരിയാക്കിക്കളയാന്‍ ഞങ്ങള്‍ അങ്ങ് തീരുമാനിച്ചു

രാവിലെ മുതലേ ഒരു മൂളിപ്പാട്ടുമായി അച്ചായന്‍ കണ്ണാടിയുടെ മുന്നില്‍ ഉണ്ട്. പലതരം ക്രീമുകള്‍, കളറുകള്‍, പൗഡര്‍ എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് വളരെ ശ്രദ്ധാപൂര്‍വ്വം തന്‍റെ വടിച്ച കവിളിലെ തടിച്ച കുഴികളില്‍ ഇട്ടുമൂടി മുഖത്തിന്‍റെ ലെവലിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം. മോന്തയുടെ അലൈന്‍മെന്‍റ് ഏകദേശം ഒത്തു കിട്ടിയപ്പോള്‍ അദ്ദേഹം ചാടി എഴുന്നേറ്റ് ആരോടെന്നില്ലാതെ ചോദിച്ചു- “എന്തുവാടേ... ബാങ്കില്‍ പോകണ്ടേ?” അച്ചായന്‍റെ ഹൈ ഡെഫനിഷന്‍ ശബ്ദം കേട്ടതും പുതച്ചിരുന്ന കാവിമുണ്ട് പൊക്കി ലൈജു “ഞാനും ഉണ്ടച്ചായാ” എന്ന് ലോ ഡെഫനിഷനില്‍ പറഞ്ഞു.
“എന്നാപ്പിന്നെ കാലിന്‍റെ ഇടയില്‍ കൈ തിരുകി കിടക്കാതെ എണീറ്റ്‌ പോയി തൂറി പല്ല് തേച്ച്, പെടുത്ത്‌ മുഖവും കഴുകി വാഡേയ്‌” – അച്ചായന്‍ തന്‍റെ ക്ലാസ്സ്‌ ഒരിക്കല്‍ കൂടി തെളിയിച്ചു. അച്ചായന്‍ പറഞ്ഞതെല്ലാം അതെ പോലെ അനുസരിച്ച പോലെ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ അവസാനിപ്പിച്ച് ബാത്ത്റൂമില്‍ നിന്നും പുറത്തു വന്ന ലൈജുവിനെ അച്ചായന്‍ വീണ്ടും വളഞ്ഞു.
“എന്തുവാഡേയ്.... നീ ഇന്നലെ കരിമരുന്നും കൂട്ടിയാണോ ചോറ് കഴിച്ചത്?”. ചോദ്യത്തില്‍ കൊരുത്തിട്ടിരുന്ന ചൂണ്ട കാണാതെ നിഷ്കളങ്കനു പഠിക്കുന്ന ലൈജു അതില്‍ കേറി കൊത്തി.
“അതെന്താ അച്ചായാ അങ്ങനെ ചോദിച്ചത്?”
കിട്ടി.... അച്ചായീഞ്ഞോക്ക് ഗോള്‍ അടിക്കാന്‍ ദേ ഒരു ഫ്രീ പോസ്റ്റ്‌. അച്ചായന്‍ അടിച്ചു- “അല്ല നീ അകത്ത് കയറി കുറച്ചു സമയത്തേക്ക് ബാത്രൂമിന്‍റെ വാതലിന് ആകെ ഒരു വൈബ്രേഷന്‍ ആയിരുന്നു.” ലൈജു ഒന്നും മിണ്ടിയില്ല. തെറ്റ് ചെയ്തത് അവന്‍ ആണെന്ന് അവനു നല്ല ബോധം ഉണ്ടായിരുന്നിരിക്കണം......

ടാക്സിയില്‍ ബാങ്കിന്‍റെ മുന്‍പില്‍ വന്നിറങ്ങുമ്പോള്‍ തന്നെ അച്ചായന് ഒരു ഫോണ്‍കാള്‍. അതല്ലെങ്കിലും അങ്ങനെയാണ്. എവിടെയെങ്കിലും പൈസ ചെലവാകുന്ന ആവസരം വന്നാല്‍ അച്ചായന്‍റെ ഫോണ്‍ അപ്പൊ ബ്ബെല്ലടിക്കും!! പൈസ കൊടുത്തില്ലെങ്കില്‍ ടാക്സിക്കാരന്‍ പോകില്ലെന്നും, ടാക്സിക്കാരന്‍ പോകാതെ അച്ചായന്‍ ഫോണ്‍ കട്ട് ചെയ്യില്ലെന്നും മനസ്സിലാക്കിയ ഞാന്‍ എന്റെ പഴ്സ് ഒന്ന് നിവര്‍ത്തി മടക്കി. ഫോണിന്‍റെ അങ്ങേത്തലക്കല്‍ മോളി ചേച്ചി ആണെന്ന് അച്ചായന്‍റെ സംസാരത്തില്‍ നിന്നും മനസ്സിലായി. അച്ചായന്‍ മോളിച്ചേച്ചിയെ കെട്ടിയത് ഒരു റെയര്‍ കൊളാബ്രേഷന്‍ ആണെന്നാണ്‌ നാട്ടില്‍ പറയപ്പെടുന്നത്‌. റെയര്‍ കൊളാബ്രേഷന്‍ എന്ന് പറഞ്ഞാല്‍ ‘പ്രീമിയര്‍പത്മിനിക്ക് ഫെരാരിയുടെ എഞ്ചിന്‍ പോലെ’ എന്നാണു പന്തളഭാഷ്യം.

ഫോണ്‍ കട്ട് ചെയ്ത അച്ചായന്‍റെ കണ്ണുകള്‍, കുലുക്കിപ്പൊട്ടിച്ച ഷാംപെയ്ന്‍ ബോട്ടില്‍ പോലെ നുരഞ്ഞു പതഞ്ഞു.
“എന്താ അച്ചായാ എന്ത് പറ്റി?” ലൈജു ചാടി വീണു.
“എടാ നാട്ടില്‍...... അവള്‍ക്ക്‌ വയറ്റിലുണ്ടെന്ന്....” അച്ചായന് ആകെ പരവേശം.
ലൈജു ഓണ്‍സ് എഗേയ്ന്‍- “അല്ലച്ചായാ..... അതിന് അച്ചായന്‍ നാട്ടില്‍ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ? അപ്പോപ്പിന്നെ ഇതെങ്ങനെ സംഭവിച്ചു?........” ന്യായം!!!!
“പ്‌ഫാ..... മൈത്താണ്ടി......വിശേഷം ഉണ്ടെന്നു പറഞ്ഞത് എന്‍റെ മോള്‍ക്കാടാ....നായിന്‍റെ മോനെ.....” അയ്യേ!! വേണ്ടായിരുന്നു എന്നാ പോലെ ആഴ്ച്ചപ്പഴക്കമുള്ള സാമ്പാര്‍ പോലെയായി ലൈജുവിന്‍റെ മുഖശ്രീ..!! അച്ചായന്‍ ആദ്യമായി അപ്പാപ്പന്‍ ആകുന്നതിന്റെ ഫസ്റ്റ് എപ്പിസോഡായിരുന്നു ആ പരവേശം എന്ന് മനസ്സിലാക്കാനുള്ള അറിവ്‌ ലൈജുവിനും എനിക്കും ഇല്ലാതെ പോയി.

അപ്പാപ്പ ചിന്തയില്‍ നിന്നും അല്പ്പാശ്വാസം ലഭിച്ച അച്ചായനെയും കൊണ്ട് ഞങ്ങള്‍ ബാങ്കിലേക്ക് കയറി. തരക്കേടില്ലാത്ത തിരക്കുണ്ട്‌. കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ ആ നില്‍ക്കുന്ന ആളുകള്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ യോഹന്നാന്‍ അച്ഛന്‍റെ പ്രഭാഷണം കേള്‍ക്കാനുള്ള ടിക്കറ്റ്‌ എടുക്കാന്‍ നില്‍ക്കുന്നവരല്ലെന്നു മനസ്സിലായി. പാതി ബോധത്തില്‍ നില്‍ക്കുന്ന അച്ചായനെയും കൂട്ടി ഞങ്ങള്‍ ഒരു കോണില്‍ കിടന്ന കസേരകളില്‍ ഇരിപ്പായി. ക്യാഷ്‌ കൌണ്ടറില്‍ നിന്ന് പണം വാങ്ങി വന്ന മൂന്ന്‌ പയ്യന്മാര്‍ ഞങ്ങടെ അടുത്തു വന്നിരുന്ന് പൈസ എണ്ണാന്‍ തുടങ്ങി. ഒന്നാമന്‍ എണ്ണി ഒരു തുക പറഞ്ഞു, പണം രണ്ടാമന് കൈമാറി. അവന്‍ എണ്ണിയപ്പോള്‍ തുക മാറി. പണം മൂന്നാമന്‍ വാങ്ങി എണ്ണി. വീണ്ടും പുതിയ തുക!! അവന്മാര്‍ മൂന്നും മുഖത്തോട് മുഖം നോക്കി. അച്ചായന് ആ മണ്ടത്തരം കണ്ടിരിക്കാന്‍ കഴിഞ്ഞില്ല. അറബി അറിയാത്തത് കൊണ്ട് അറിയുന്ന ഭാഷയായ ഇംഗ്ലീഷില്‍ അവരോടു കാര്യം തിരക്കി- “വാട്ട്‌ പ്രോബ്ലം? മണി... കൗണ്ട് കൗണ്ട് കൗണ്ട്. ത്രീ കൗണ്ട്. വാട്ട്‌ പ്രോബ്ലം?” മോണിംഗ് വാക്കിനിടയില്‍ വെറുതെ ഒരു ചായകുടിക്കാന്‍ കയറിയ ചായക്കടയില്‍ ചായ അടിക്കുന്ന ഭദ്രകാളിയെ കണ്ട ദാരികനെ പോലെ -“ഇനിയെന്ത്?” എന്ന ഭാവേന ത്രീ മെന്‍ ആര്‍മി അച്ചായനെ ആകാംഷയോടെ നോക്കി. അച്ചായനാണെങ്കില്‍ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നം ഒറ്റയ്ക്ക് പറഞ്ഞൊതുക്കിയ പോലെ നെഞ്ചും വിരിച്ച് ഇരിക്കുന്നു. എന്നിട്ട് ഞങ്ങളെ നോക്കി ആ പയ്യന്മാരെ പറ്റി ഒരു കമന്‍റും -“ത്രീ ഇഡിയറ്റ്സ്”. പയ്യന്മാര്‍ വീണ്ടും മാറി മാറി നോട്ടെണ്ണാനും തുടങ്ങി.

സമയം ഒത്തിരി കഴിഞ്ഞു. ബാങ്കില്‍ നിന്നും പകുതി ആളുകള്‍ പോലും ഒഴിഞ്ഞിട്ടില്ല. “ഒന്ന് മൂത്രിച്ചാലോ?” ലൈജുവിന് ഒരാഗ്രഹം. വെറുതെ ഇരിക്കുന്ന സമയത്ത് മൂത്രം എന്ന പേര് കേട്ടാല്‍ അന്ന് വരെ മൂത്രമൊഴിക്കാത്തവനും മുള്ളാന്‍ മുട്ടും, അതങ്ങനെയാണ്..! ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ ആ ചോദ്യം എന്നെയും അച്ചായനെയും ബാധിച്ചു. യൂറിനലിന്‍റെ അടുത്തെത്തിയപ്പോള്‍ അച്ചായന്‍ ഒന്ന് മന്ത്രിച്ചു “കര്‍ത്താവേ! മൂത്രപ്പെരയ്ക്കും വാച്ച്മാനോ??” അപ്പോഴാണ്‌ ഞങ്ങളും അത് ശ്രദ്ധിച്ചത്. യൂറിനലിന്‍റെ ഡോറിനോട് ചേര്‍ന്ന് ഒരു സെക്യൂരിറ്റി. ഞങ്ങള്‍ അയാളെ മൈന്‍ഡ് ചെയ്യാതെ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി. ഉള്ളില്‍ ആരുമില്ല. ഞങ്ങള്‍ ഓരോരുത്തരും ഓരോ മൂത്രക്കോളാമ്പികള്‍ കരസ്ഥമാക്കി. അല്‍പ സമയത്തെ മത്സരത്തിന് ശേഷം ലൈജു തന്‍റെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ സിപ്പ് കൊണ്ട് മറച്ചു. പുറകെ ഞാനും. അച്ചായന്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല.

അച്ചായന്‍ താഴെ നടക്കുന്ന ഔട്ട്‌ ഗോയിംഗ് ബിസ്സിനസ്സ്‌ ശ്രദ്ധിക്കുന്നേയില്ല. ചുവരില്‍ നോക്കി ഒറ്റ നില്‍പ്പാണ്. അച്ചായനെ പിടികൂടിയ ‘അപ്പാപ്പന്‍’ ഇതേ വരെ വിട്ടു പോയിട്ടില്ല. ഞങ്ങള്‍ അല്‍പ്പം കൂടി വെയ്റ്റ്‌ ചെയ്തു. അച്ചായന്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് നോക്കുന്നതല്ലാതെ ‘ഡ്യൂട്ടി’ അവസാനിപ്പിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല. അപ്പോഴേക്കും പുറത്ത്‌ നിന്ന വാച്ച്മാന്‍ വാതില്‍ തുറന്ന്, വന്ന കാര്യത്തില്‍ ഫലസിദ്ധി ലഭിച്ചെങ്കില്‍ പുറത്തേക്ക് പോണം എന്നറിയിച്ചു. എന്നിട്ടും അച്ചായന് അനക്കമൊന്നുമില്ല. ‘അയ്യോ! ഇനി അച്ചായന്‍ രക്തം കൂടി ഒഴിച്ച് കളയുകയാണോ?’ എന്ന ഭാവത്തില്‍ ലൈജു എന്നെ ഒന്ന് നോക്കി. ഞങ്ങള്‍ പുറത്തിറങ്ങി. അച്ചായനെ ഒന്ന് കൂടി ഇരുത്തി നോക്കിയിട്ട് സെക്യൂരിറ്റിയും.

നാലഞ്ചു മിനിറ്റ്‌ കഴിഞ്ഞിട്ടും അച്ചായന്‍ എക്സിറ്റ്‌ ആകുന്നില്ല. സെക്യൂരിറ്റി ഞങ്ങളെയും പിന്നെ യൂറിനലിന്‍റെ വാതിലിലും ഇടയ്ക്കിടെ അത്ര പന്തിയല്ലാതെ നോക്കുന്നുണ്ട്. എന്തോ സംശയം തോന്നിയ അയാള്‍ വാതില്‍ തുറന്ന് യൂറിനലിനുള്ളിലേക്ക് പോയതും തിരിച്ചിറങ്ങി മാനേജരുടെ മുറിയിലേക്ക് ഓടിയതും ഞൊടിയിടയിലായിരുന്നു. കാര്യം എന്തെന്നറിയാന്‍, അയാള്‍ പോയ തക്കം നോക്കി ഒരിക്കല്‍ കൂടി വാതില്‍ തുറന്നു, ഞങ്ങള്‍. അച്ചായന്‍ ഇപ്പോഴും പഴയ പോസില്‍ തന്നെ നിക്കുന്നു! ഒരു മാറ്റവുമില്ല. ഞങ്ങളെ കണ്ടതും ഒരു വളിച്ച ചിരി. അത്രമാത്രം. ഈശ്വരാ! ഈ അച്ചായന് ഇതെന്തു പറ്റി? ആകെ കണ്ഫ്യൂഷന്‍. അപ്പോഴേക്കും വാതില്‍ തള്ളിത്തുറന്ന് സെക്യൂരിറ്റിയും, കറുത്ത സ്യൂട്ടിനുള്ളില്‍ ചുവന്ന ടൈ കൊണ്ട് കെട്ടിവച്ച രണ്ടു തലകളും ഉള്ളിലേക്ക് വന്നു. ഞങ്ങളെ മൂന്ന്‌ പേരെയും ഒന്ന് നോക്കിയ തലകള്‍ സെക്യൂരിറ്റിയോട് എന്തോ പറഞ്ഞിട്ട് പുറത്തേക്ക് പോയി. സെക്യൂരിറ്റി ഞങ്ങടെ കൈകളില്‍ കടന്നു പിടിച്ചിട്ടു തള്ളി പുറത്തിറക്കി ഒരു വശത്തേക്ക് നീങ്ങി നില്ക്കാന്‍ പറഞ്ഞു.

രണ്ടു മിനിറ്റിനുള്ളില്‍ ഒരു പോലീസ്‌ വണ്ടി മിന്നാരം ഫെയിം നിലവിളിയുമായി ബാങ്കിന്‍റെ മുന്നില്‍ വന്നു നിന്നു. നാലഞ്ച്‌ തടിമാടന്മാരായ പോലീസുകാര്‍ സര്‍വ്വായുധ വിഭീഷണന്മാരായി ബാങ്കിനുള്ളിലേക്ക് വന്നു. വന്നപാടെ പോലീസ്‌ നേതാവ്‌ മാനേജരോട് ചോദിച്ചു... “WHERE IS THE ROBBER?” പടച്ചോനെ! കൊള്ളക്കാരനോ? ഇവിടെയോ? എന്ന് പെട്ടെന്ന് ഉള്ളില്‍ തോന്നിയെങ്കിലും പോലീസുകാരന്‍റെ ചോദ്യത്തിന് യൂറിനലിന്‍റെ വാതിലില്‍ ചൂണ്ടി ഉത്തരം പറഞ്ഞ മാനേജരില്‍ നിന്നും ഞെട്ടിക്കുന്ന ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. ഈ പറഞ്ഞ റോബര്‍ നമ്മുടെ അച്ചായന്‍ തന്നെ. സാര്‍ നാട്ടിലെ ഒരേക്കര്‍ റബറുമായല്ലാതെ ഒരു റോബറുമായും ബന്ധമില്ലാത്ത ആളാണ്‌ സാര്‍ അച്ചായന്‍ എന്ന് പറയാന്‍ തോന്നി. പക്ഷെ മിണ്ടിയില്ലാ!!!! മേജര്‍ രവിയുടെ പടങ്ങളില്‍ കണ്ടിട്ടുള്ള പോലെ രണ്ടു പേര്‍ വാതിലിന്റെ രണ്ടു സൈഡിലും തോക്കുകളുമായി എന്തിനും തയാറായി നിന്നു. മറ്റു രണ്ടു പേര്‍, എന്തും സംഭവിക്കാം എന്ന രീതിയില്‍ വാതില്‍ തുറന്നു.

ഒന്നും സംഭവിച്ചില്ല!! വെടിയുമില്ല, വിളിയുമില്ല. കൂടി നിന്ന ആളുകള്‍ക്കൊപ്പം ഞങ്ങളും യൂറിനലിനുള്ളിലേക്ക് തള്ളിക്കയറി. അച്ചായാന്‍ അതാ രണ്ടു തടിമാടന്മാരുടെ കൈകളില്‍ കിടന്ന് ഊഞ്ഞാല്‍ പോലെ ആടുന്നു. പെട്ടെന്നാണ് അത് ശ്രദ്ധിച്ചത്. അച്ചായന്‍റെ വെള്ള പാന്‍റ്സില്‍ മുഴുവന്‍ യൂറോപ്പിലെ നദികളുടെ മാപ് പ്രിന്‍റ് ചെയ്തത് പോലെ കുറേ കൈവഴികള്‍. അത്ഭുതം! എല്ലാ നദികളുടെയും ഉത്ഭവസ്ഥാനം ഒന്ന് തന്നെ!! അച്ചായാന്‍ സിപ്പ്‌ ഇട്ടിട്ടില്ല. അതിനിടയിലൂടെ ചുവന്ന ജെട്ടി കടും ചുവപ്പായി വെട്ടിത്തിളങ്ങുന്നു. അച്ചായന്‍ ഞങ്ങളെ നോക്കി ‘മറന്നു പോയെടാ’ എന്ന് മാത്രമേ പറയുന്നുള്ളൂവെങ്കിലും മറന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അപ്പാപ്പനാകുന്ന വാര്‍ത്ത അറിഞ്ഞ മുതല്‍ ‘നെര്‍വസ്’ ആയിരുന്ന അച്ചായാന്‍ മൂത്രം ഒഴിക്കാന്‍ നേരം സിപ്പ്‌ തുറന്നു, പക്ഷെ രണ്ടാം കവാടം തുറക്കാന്‍ മറന്നു. പേരക്കുട്ടിയെ ചന്തി കഴുകുന്നതും ഓര്‍ത്ത്‌ ആസ്വദിച്ചു ഒഴിക്കുകയും ചെയ്തു. ഒന്നിന് പുറകെ ഒന്നായി പുറത്തേക്ക് ഒഴുകിയ മൂത്രകണികകള്‍ മുന്നില്‍ ഉണ്ടായിരുന്ന കോട്ടന്‍ തുണിയില്‍ ഇടിച്ചു തകര്‍ന്ന് ദിശ തെറ്റി തോന്നിയ പോലെ താഴേക്ക് ഒഴുകി.

അച്ചായനെയും കൊണ്ട് പോലീസ്‌ പോകുന്നിടത്ത് എല്ലാം അവസാനിച്ചെന്നു കരുതിയ ഞങ്ങള്‍ക്ക് തെറ്റി. ബാങ്കിന്‍റെ സ്ട്രോങ്ങ്‌ റൂമിനോട്‌ ചേര്‍ന്നുള്ള ബാത്ത്രൂമിന്‍റെ ചുവര് തുരന്ന് ബാങ്ക് കൊള്ളയടിക്കാന്‍ വന്ന ‘അച്ചായാന്‍’ എന്ന ബാങ്ക് റോബറുടെ സഹായി റോബേഴ്സ് ആണത്രേ ഞാനും ലൈജുവും! ഒരു പോലീസുകാരന്‍ വന്നിട്ട് ‘ഞാന്‍ എടുക്കണോ?’ എന്നാ അര്‍ഥത്തില്‍ ഞങ്ങളെ നോക്കി. ‘നോ താങ്ക്സ്’ എന്ന അര്‍ത്ഥത്തില്‍ തിരികെ നോക്കിയിട്ട് ഞങ്ങള്‍ അയാളുടെ കൂടെ പോയി.

സംഗതി വഷളാകും എന്ന് മനസ്സിലായപ്പോള്‍ തന്നെ ഞങ്ങളുടെ മാനേജരെ വിളിച്ചു കാര്യം പറഞ്ഞിരുന്നത് കൊണ്ട് പോലീസിന്‍റെ നിലവിളിവണ്ടിയില്‍ കയറാന്‍ ഒരുങ്ങുമ്പോഴേക്കും അദ്ദേഹം പാഞ്ഞെത്തി. പുള്ളിയോട് സംഭവിച്ചതെല്ലാം പറഞ്ഞു. അരയ്ക്കു താഴേക്ക് ‘ഉപ്പിലിട്ടു’ നില്‍ക്കുന്ന അച്ചായനെ മാനേജര്‍ പുച്ഛത്തോടെ ഒന്ന് നോക്കി. അയാള്‍ പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. വിശാലഹൃദയരായ പോലീസുകാര്‍ ഞങ്ങളെ നിരുപാധികം വിട്ടയച്ചു. മാനേജരും പോയി. ടാക്സി കാത്തു നിന്ന ഞങ്ങളുടെ പിന്നില്‍ നിന്ന്നും പെട്ടെന്നൊരു വിളി!!!! “ഹലോ... ത്രീ ഇഡിയറ്റ്സ്” ബാങ്കില്‍ വച്ച് കണ്ട ആ മൂവര്‍സംഘം ഞങ്ങളെ കളിയാക്കി ചിരിക്കുന്നു. മാക്സിമം ദേഷ്യം മുഖത്തേക്ക് ഉരുട്ടിക്കേറ്റി ഞങ്ങള്‍ ഒന്ന് കൂടി അച്ചായനെ നോക്കി. അതെ വളിച്ച ചിരി ചിരിച്ചു കൊണ്ട് അച്ചായാന്‍ പറഞ്ഞു...- “എന്തോ ചെയ്യാനാടെയ്‌ ചില നേരം നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അങ്ങ് അറം പറ്റും”!!!!

*****************************************************************

നന്ദി......
എന്റെതിനോപ്പം, നല്ല എണ്ണം പറഞ്ഞ രണ്ടു ചന്തികള്‍ കൂടി തന്നു ഫോട്ടോ ഉജ്ജ്വലമാക്കിയ പ്രവീണിനും, റെജിച്ചായനും, പിന്നെ ഫോട്ടോഗ്രാഫിയിലും ഒപ്പം ഫോട്ടോഷോപ്പിലും തന്റെ പ്രാവീണ്യം തെളിയിച്ച അഭിലാഷിനും.

ചിത്ര സമര്‍പ്പണം....
നല്ല ചന്തികളെ എന്നും ആസ്വദിക്കുകയും ചന്തികളുടെ ബൂലോക വികസനത്തിന് ആത്മാര്‍ഥമായി കുടികൊള്ളുകയും ചെയ്യുന്ന സാക്ഷാല്‍ ശ്രീമാന്‍ നാട്ടപ്പിരാന്തനും, ശ്രീമതി ലക്ഷ്മിക്കും....!!!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ