
എന്റെ ഹൈസ്കൂള്‍ ടൈമില്‍ സ്കൂളിലെ സെന്‍സേഷന്‍സ് ആയിരുന്നു മാലിനി ടീച്ചറും അജയനും പിന്നെ വിജയനും. ബിന്ദു ടീച്ചര്‍ പ്രസവത്തിന് അവധിയില്‍ പോയപ്പോള്‍ ഉണ്ടായ വിടവ് അടയ്ക്കാന്‍ വന്ന സുന്ദരിയും, മധുരഭാഷിണിയും, 25 കാരിയും, അവിവാഹിതയുമായ മാലിനി ടീച്ചര്‍ എഴുതാത്ത ഇന്‍ലന്റ് പോലെയായിരുന്നു – ഫ്രഷ്.!!
തന്റെ ഇലക്ട്രോമാഗ്നറ്റിക് പുഞ്ചിരി കൊണ്ട്, പ്രായപൂര്‍ത്തി ആവാന്‍ ആലോചന തുടങ്ങിയ ഏഴാം ക്ലാസ്സുകാരനെ മുതല്‍ പെന്‍ഷനാവാന്‍ കാത്തിരിക്കുന്ന പ്രിന്‍സിപ്പാള്‍ ‘കടുവ’ വേലായുധന് സാറിനെ വരെ മഫ്വ (Malini Fans and Welfare Association – MAFWA) യിലെ അംഗങ്ങള്‍ ആക്കാന്‍ ടീച്ചര്‍ക്ക് വേണ്ടി വന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമായിരുന്നു എന്ന രഹസ്യം സ്കൂളിലെ കൊടിമരത്തിന് പോലും സുപരിചിതമാണ്. അതുകൊണ്ട് തന്നെ, ക്ലാസ്സില്‍ കയറാതെ സാവിത്രി ചേച്ചിയുടെ കഞ്ഞിപ്പുരയില്‍ പുക കൊള്ളാന്‍ പോകുന്ന പഹയന്മാര് പലരും മാലിനി ടീച്ചറുടെ ക്ലാസ്സ് തുടങ്ങുന്നതിനു മുന്നേ തന്നെ ഭക്ഷണം കണ്ട പട്ടിയുടെ കൂട്ട് ചിറിയും നക്കിത്തുടച്ച് ക്ലാസ്സിലേക്ക് റീലോഡെഡ് ആയിത്തുടങ്ങി. പ്യൂണ്‍ കുമാറണ്ണന് ഒരിക്കല്‍ വായിച്ച നോട്ടീസ് തന്നെ വീണ്ടും വീണ്ടും ക്ലാസ്സില്‍ കൊണ്ട് വന്നുകൊണ്ടിരുന്നതിനു പിന്നിലെ ടെക്നിക്കല്‍ ഏററിനും കാരണം- ക്ലാസ്സില്‍ ബയോളജി പഠിപ്പിക്കുന്ന മാലിനി ടീച്ചറില്‍ നിന്നും പ്രസരണം ചെയ്യപ്പെട്ടിരുന്ന പേരറിയാത്ത ഏതോ ഒരു വൈറസ് തന്നെയായിരുന്നു.!
‘പരട്ട ബ്രദേഴ്സ്’ എന്ന ഫെയിം നേടിയ, സ്കൂളിലെ ഇരട്ട ബ്രദേഴ്സായിരുന്നു അജയനും വിജയനും. കാഴ്ച്ചക്ക് രണ്ടു പേരും ഒന്ന് തന്നെ. നീളും വീതിയും ഒക്കെ സിമട്രിക്കല്‍..! പക്ഷെ കളര്‍ കോമ്പിനേഷന്‍ നോക്കിയാല്‍ ഇങ്ക്ജെറ്റ് പ്രിന്ററിനുള്ളില്‍ വച്ച കാട്രിഡ്ജുകള്‍ പോലെ.. ഒന്നില്‍ കളറും ഒന്നില്‍ ബ്ലാക്കും!! പക്ഷേ എന്ത് കാര്യത്തിലും വിക്രമനെയും മുത്തുവിനെയും പോലെ രണ്ടും ഒറ്റക്കെട്ടാണ്. അതിനി ശാര്‍ക്കര ഭരണിക്ക് ചേച്ചിമാരെ ട്യൂണ്‍ ചെയ്യാനായാലും, ക്ലാസ്സിലെ പെണ്‍പിള്ളാരോട് ‘ഗുണ്ടാ ആക്റ്റ്’ കാണിക്കാനായാലും, സ്വന്തം അച്ഛനെ ഇരുട്ടടി അടിക്കാനായാലും അവരുടെ ഒരുമ അവര്‍ തെളിയിച്ചളയും!
അങ്ങനെയിരിക്കെയാണ് സ്കൂളിലെ മഫ്വാ അംഗങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പരന്നത്. മാലിനി ടീച്ചറും ഫിസിക്സ് കുര്യാക്കോസ് സാറും തമ്മില്‍ പ്രേമം.! കേട്ടവര്‍ കട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കുര്യാക്കോസ് സാര്‍- നാല്പ്പതിനടുത്ത പ്രായം, രണ്ടു പിള്ളാരുടെ തന്ത, ഫോളോ ചെയ്യുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍, ധരിക്കുന്നത് ഖദര്‍ ഷര്‍ട്ടും മുണ്ടും. അങ്ങനെയുള്ള കുര്യാക്കോസ് സാര്‍ ഇത്തരത്തില്‍ ഒരു വൃത്തികെട് കാണിക്കുകയോ? ഒരിക്കലുമില്ല എന്ന് ഒരു പക്ഷം. എത്ര ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബ് ആയാലും ഞെക്കേണ്ട രീതിയില്‍ ഞെക്കിപ്പിഴിഞ്ഞെടുത്താല്‍ ഒരു നേരമൊക്കെ പല്ല് തേക്കാം എന്ന ‘ഇംപോസിബിള്‍ ഈസ് നത്തിംഗ്’ ലൈനില്‍ മറുപക്ഷം...
വാട്ടെവര്‍ ഇറ്റീസ്..... മാലിനി ടീച്ചറും കുര്യാക്കോസാറും തമ്മില്‍ എന്തോ ഒരു ‘ലത്’ ഉണ്ടായിരുന്നു എന്നത് ക്രമേണ എല്ലാവര്ക്കും മനസ്സിലായി. സ്കൂളില്‍ ബി.ബി.സി. പണി നടത്തുന്ന ആരുടെയോ വായില്‍ നിന്നും ഉത്ഭവിച്ച്, മിനിറ്റുകള്‍ക്കുള്ളില്‍ ക്ലാസ്റൂമുകളിലും സ്റ്റാഫ് റൂമിലും ഫ്ലാഷ് ചെയ്യപ്പെട്ട ആ ഹോട്ട്ന്യൂസ് ചിറയിന്‍കീഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ലേഡി സ്റ്റാഫുകള്‍ക്കുള്ള ടോയ്ലറ്റിന്റെ ഡോര്‍ തുറന്ന് മാലിനി ടീച്ചറും പുറകേ കുര്യാക്കോസാറും ഇറങ്ങി വന്നത്രെ!! ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഹോട്ട് ന്യൂസ് തിരുത്തിക്കൊണ്ട് പ്രിന്‍സി കടുവ വക സ്പെഷ്യല്‍ നോട്ടീസ് എല്ലാ ക്ലാസ്സിലും എത്തി. ടോയ്ലറ്റിലെ പൈപ്പിന്റെ ലീക്ക് മാറ്റാന്‍ വന്ന പ്ലംബര്‍ സാബു, ഉള്ളില്‍ ലീക്ക് ചെക്ക് ചെയ്യുന്നത് അറിയാതെ ടോയ്ലറ്റില് ചെന്ന് കേറിയ മാലിനി ടീച്ചര്‍ ഉള്ളില്‍ സാബുവിനെ കണ്ട് നാണിച്ച് പുറത്തിറങ്ങുകയായിരുന്നു എന്നും, ടീച്ചറിന് പിന്നാലെ പുറത്തേക്കിറങ്ങിയ സാബുവിനെ കണ്ട ആരോ അത് കുര്യാക്കോസാറായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമായിരുന്നു തിരുത്ത്. പക്ഷേ അജയന്റെയും വിജയന്റെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. അവര്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. കുര്യാക്കോസാറിനെ സസ്പെന്‍ഡ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര മുറകളുമായി മുന്നോട്ടു പോകുമെന്ന് കടുവയെ ഭീഷണിപ്പെടുത്തി.! പക്ഷേ ഒന്നും ഏല്‍ക്കുന്നില്ലെന്ന് കണ്ട ട്വിന്‍സ് സന്ദര്‍ഭോചിതമായി കുര്യാക്കോസാറിന്റെ പേരില്‍ ചില മാറ്റങ്ങള്‍ വരുത്തി മുദ്രാവാക്യ രൂപത്തില്‍ അണികളെ നോക്കി ആഞ്ഞുചൊല്ലി. കേട്ട് നിന്ന അണികള്‍ അതേറ്റുചൊല്ലി – “കക്കൂസ് സാറേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാം..."!
ഹൈസ്കൂളില്‍ കാണിക്കാന്‍ പറ്റാവുന്ന കുരത്തക്കേടുകളുടെ മാക്സിമവും +2 വും കാണിച്ച് വിലസുകയായിരുന്ന അജയ-വിജയന്മാര്‍ക്ക് കുര്യാക്കോസ് സാര്‍ ശത്രുവായത് പെട്ടെന്നായിരുന്നു. അതിനു കാരണമായത് സിനിമാനടി വാണീ വിശ്വനാഥും!! സ്കൂളില്‍ ഒരു ഫങ്ഷന് ഉത്ഘാടനം ചെയ്യാന്‍ വന്ന ആയമ്മ വന്ന കാര്യം ഉത്ഘാടിച്ച് തിരികെ പോയി രണ്ടാം ദിവസമാണ് കൊണ്ട്രവേസിക്ക് തുടക്കമായത്. വീട്ടില്‍ ക്യാമറ ഉള്ളവര്‍ക്ക് അത് കൊണ്ട് വന്ന് ഇനോഗറേഷന്റെ ഫോട്ടോ എടുക്കാന്‍ അവസരം നല്കപ്പെട്ടത് അക്കാലത്തെ സൂപ്പര്‍ലോട്ടോയെക്കാളും വലിയ ബമ്പറായിരുന്നു പിള്ളേര്‍ക്ക്.
രണ്ടാം ദിനം ക്ലാസിലെത്തിയ ഞങ്ങള്‍ കണ്ടത് അടൂര്‍ സംവിധാനം ചെയ്ത ജെയിംസ്ബോണ്ട് പടം പോലെ വ്യത്യസ്തമായ ഒരു കാഴ്ച്ച. ടൈറ്റ്ജീന്‍സും ഷര്‍ട്ടും ഇട്ട് ഉത്ഘാടനത്തിന് വന്ന നടിയുടെ പ്രസക്ത ഭാഗങ്ങളുടെ നെടുകെയും കുറുകെയും ഖണ്ഡിച്ച ചിത്രങ്ങള്‍ ആരോ ‘ആരോ’ ഇട്ടു മാര്‍ക്ക് ചെയ്ത് ബോര്‍ഡില്‍ ഒട്ടിച്ചിരിക്കുന്നു. വിവരമറിഞ്ഞ് കുര്യാക്കോസാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങി. ഫോട്ടോയിലെ ‘പ്രസക്ത’ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ‘മല’, ‘പൂരി’ എന്നിങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സംഗതി കണ്ടയുടന്‍ കുര്യാക്കോസാര്‍ ചോദിച്ചു –“അജയനും വിജയനും എവിടെ.......?”
കാര്യം സിംപിളായിരുന്നു. എഴുത്തില്‍ ഇത്രേം അക്ഷരത്തെറ്റ് വരുത്തുന്ന ഒരേ ഒരു കുട്ടിയേ ഉള്ളൂ സ്കൂളില്‍- അജയന്.! ചത്തത് ചാക്കോയെങ്കില്‍ പെട്ടത് കേരളാ പോലീസല്ലേ? പിന്നെ വിജയനെ കുറിച്ച് പ്രത്യേകിച്ച് ആലോചിക്കേണ്ടിയും വന്നില്ല. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. സമ്മതിക്കാതെ തരമില്ല. അത്ര സ്ട്രോങ്ങ് എവിഡന്‍സ് അല്ലെ. പിന്നെല്ലാം പെട്ടെന്നായിരുന്നു. വിത്തിന് ഹാഫ് ആന്‍ അവര്‍, ടി.സി റെഡി. ലവനും മറ്റവനും സ്കൂളില്‍ നിന്നും ഔട്ട്.!
പരട്ടകള് പോയതോടെ നികേഷ്കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന് പോലെയായി സ്കൂള്‍. പക്ഷെ അത് വേനല്‍മഴയാക്കി കുര്യാക്കോസ്-മാലിനി ബന്ധം വളര്‍ന്നു പന്തലിച്ച് കാടുപിടിച്ചു.! ഫിസിക്സും ബയോളജിയും പരസ്യമായിത്തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങി. രാവിലെ ‘ശിശിര’ത്തില്‍ തുടങ്ങുന്ന ശൃംഗാരം വൈകിട്ട് ‘ഗ്രീഷ്മ’ത്തിലാണ് അവസാനിക്കുക. ശിശിരം ബസ്സില്‍ കേറുന്ന കുര്യാക്കോസാര്‍ പിന്നില്‍ ഇരിക്കില്ല. മുന്നില്‍ ഡ്രൈവര്‍ ചെട്ടിയാരുടെ അടുത്ത് പോയി നില്ക്കും. അതിനു പുറകിലാണ് മാലിനി ടീച്ചറുടെ സീറ്റ്. കാമുകിയെ അങ്ങേയറ്റം ഇംപ്രസ്സ് ചെയ്യാനായി ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് കുര്യച്ചന് ഒരു ശീലമാക്കി. ഇടയ്ക്ക് സാര്‍ തന്നെ ചെട്ടിയാര്‍ക്ക് ഗിയറും ഇട്ടു കൊടുക്കും!! ഗിയര്ബോക്സിനുള്ളില് തൃശൂര്‍ പൂരത്തിന്റെ ഡിജിറ്റല്‍ ഓഡിയോ കേള്‍പ്പിച്ച് റോഡില്‍ നിന്നും ഉയര്‍ന്നു ചാടി ശിശിരം മുന്നോട്ട് കുതിക്കുമ്പോള്‍ മാലിനി ടീച്ചര്‍ ഒഴികെ ബാക്കി പാസഞ്ചേഴ്സ് കൊടുങ്ങല്ലൂര്‍ ഭരണിയുടെ പവര്‍ ഡി.വി.ഡി. ഓണ്‍ ആക്കും. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് ബസ്സിന്റെ പിന്നില്‍ നിന്നും നാല് കഴുകന് കണ്ണുകള്‍ കുര്യാക്കോസാറിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു- അജയന്റെയും വിജയന്റെയും.
കുര്യാക്കോസാറിനെ തറപറ്റിക്കാന്‍ ഒരവസരം കാത്തിരുന്ന പരട്ടകള് ശിശിരത്തില്‍ കണ്ട വണ്‍മാന്‍ഷോയ്ക്ക് അനുസരിച്ച് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. രണ്ട് സേഫ്റ്റിപിന്നുകളും കുറച്ചു ചരടുമായി പിറ്റേന്ന് ശിശിരത്തില്‍ ആദ്യം കേറിയ യാത്രക്കാര്‍ അവരായിരുന്നു. ചരട് കൃത്യം രണ്ടായി മുറിച്ച്, രണ്ടിന്റെയും ഓരോ തലകളില്‍ സേഫ്റ്റി പിന്നുകളും കെട്ടിയുറപ്പിച്ചു. അതിനുശേഷം മുകളിലെ, കൈ പിടിക്കാനുള്ള കമ്പികളില്‍ ചുറ്റി രണ്ട് ചരടുകളുടെയും ഓരോ തല വണ്ടിയുടെ മുന്നിലേക്ക് കൊണ്ട് ചെന്ന് ഏകദേശം ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തിനു കുറച്ച് പുറകിലായി കെട്ടിവച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ തിരികെ പിന്‍സീറ്റില്‍ വന്നിരുന്ന് പരസ്പരം നോക്കി ചിരിച്ചു – കൊലച്ചിരി.
അല്‍പ്പസമയത്തിനുള്ളില്‍ ചെട്ടിയാരും കിളിയും കണ്ട്രാക്കും വന്നു വണ്ടിയെടുത്തു. വഴിയില്‍ നിന്നും മാലിനി ടീച്ചര്‍ കയറി തന്റെ സ്ഥിരം സീറ്റില്‍ ഭാരമിരക്കി വച്ചു. ഒടുവില്‍ ആ നിമിഷം വന്നെത്തി. കുര്യാക്കോസാറും ശിശിരത്തില്‍ കയറി. ശ്രീനിവാസന് തിരക്കഥ എഴുതി പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റിലീസിന്റെ തലേന്ന് ഒറ്റയ്ക്ക് കണ്ട ലാല്‍ ആരാധകന്റേതു പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സന്തോഷം പരട്ടകളുടെ മുഖത്ത് അലയടിച്ചു. കേറിയപാടെ കാമുകിയെ ഒന്നിരുത്തി നോക്കിയിട്ട് സാര്‍ ചെട്ടിയാരെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. സാര്‍ ബിസിയായെന്ന് മനസ്സിലാക്കിയ പരട്ടകള് മെല്ലെ മുന്നില്‍ ചെന്ന് റെഡിയാക്കി വച്ചിരുന്ന ചരടുകള്‍ അഴിച്ച്, നേരെ താഴെ നിന്ന കുര്യാക്കോസാറിന്റെ താഴ്ത്തിയിട്ടിരുന്ന ഖദര്‍ മുണ്ടിന്റെ കരകളുടെ ഇരു വശത്തും പിന്ന് കുത്തി.! ‘ഇവന്മാര് ഇതെന്ത് ചെയ്യുന്നെടാ’ എന്ന മട്ടില്‍ നോക്കിയ മാലിനി ടീച്ചറെയും ബാക്കി യാത്രക്കാരെയും സാക്ഷി നിര്‍ത്തി പിന്‍സീറ്റില്‍ തിരികെയെത്തിയ പരട്ടകള് ഒരു ചെറുപുഞ്ചിരിയോടെ ചരടുകളുടെ മറുതല വലിക്കാന്‍ തുടങ്ങി. കര്‍ട്ടന്റെ ഇടതും വലതും ഒരേ അളവില്‍ ഉയര്‍ന്നു! കാണികള്‍ സ്റ്റേജിനുള്‍വശം ആവേശപൂര്‍വ്വം നോക്കിയിരിക്കെ കര്ട്ടന് അതിന്റെ മാക്സിമം ഉയരം കീഴടക്കിയിരുന്നു. ഒരു ഇലാസ്റ്റിക്കും, ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം പൊഖ്റാനില്‍ നിന്നും കൊണ്ടുവന്ന ഒരിത്തിരി തുണിയും.!! മണലരിപ്പ എത്രയോ ഭേദം...! വെള്ളമയില്‍ പീലി വിടര്‍ത്തി ആടുന്നത് കണ്ട യാത്രക്കാര്‍ക്ക് അതൊരു പുതിയ അനുഭവമായി. മാലിനി ടീച്ചര്‍ക്കും....
പിന്നാമ്പുറത്ത് കടുത്ത ശൈത്യം അനുഭവപ്പെട്ട് തിരിഞ്ഞ കുര്യാക്കോസാര്‍ മനസ്സിലാക്കി – താന്‍ ബാക്ക്സ്റ്റേജിലാണെന്ന്. ഒടുക്കം ഒരു വിധം എല്ലാംകൂടി വലിച്ചു പറിച്ച് കര്‍ട്ടനിട്ടുകൊണ്ട് വളിച്ച ചിരിയുമായി സാര്‍ തന്റെ വ്യൂവേഴ്സിനെ ഒന്ന് നോക്കി. അതാ അങ്ങ് പുറകില്‍, തങ്ങള്‍ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് കൈകളില്‍ ചരടുകളുടെ മറുതലയുമായി അജയനും വിജയനും!!!