ക്രാഷ്‌ ലാന്റ്‌ 2 - ദി റിയൽ കാണ്ഡഹാർ!!


ഡിസംബർ 24, 1999. ലോകം ക്രിസ്മസിനെ വരവേൽക്കാൻ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ എയർലൈൻസ്‌ വിമാനം IC 814 ഡൽഹിയിലേക്കു പുറപ്പെടാനായി റൺവേ ലക്ഷ്യമാക്കി ടാക്സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക്‌ റൺവേയിൽ നിന്നും പറന്നുയരുമ്പോഴും ലാൻഡിംഗ്‌ ഗിയറിനെ ഉള്ളിലൊതുക്കി ഗിയർ ഡോർ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളിൽ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോർട്ട്‌ ടൈം ഫ്ലൈറ്റ്‌ ആയതിനാൽ താമസിയാതെ തന്നെ ക്യാബിൻ ക്രൂ ഡ്രിങ്ക്സ്‌ സർവീസ്‌ ആരംഭിച്ചിരുന്നു. 
                        പൈലറ്റ്മാർക്ക്‌ ചായ നൽകി കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ ചീഫ്‌ സ്റ്റ്യുവാർഡ്‌ അനിൽ ശർമ്മയുടെ കണ്ണുകൾ സാക്ഷിയായത്‌- തുടർന്നുള്ള 7 ദിവസങ്ങളിൽ പുതിയ മില്ലേനിയത്തിനെ വരവേൽക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവർന്നെടുത്ത ഒരു അന്തർദേശീയ വാർത്തയുടെ ആദ്യ നിമിഷങ്ങൾക്കാണ്. ഒരുകയ്യിൽ തോക്കും, മറു കയ്യിൽ ഗ്രനേഡുനായി നിൽക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട്‌ ശർമ്മ ഞെട്ടി! ശർമ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാൾ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട്‌ ക്യാപ്റ്റൻ ദേവിശരണും, ഫസ്റ്റ്‌ ഒഫീസർ രാജേന്ദ്രകുമർ സിംഗും, ഫ്ലൈറ്റ്‌ എഞ്ചിനീയർ ജാഗിയയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാൽ മതിയെന്ന് ക്യാപ്റ്റനൊട്‌ അയാള്‍ ആവശ്യപ്പെട്ടു. തങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റൻ ശരണിന്, ഹൈജാക്കറുടെ സംസാരത്തിൽ നിന്നും അയാൾ ഒറ്റയ്ക്കല്ല എന്നും പാസഞ്ചർ ക്യാബിനിൽ വേറേ 4 പേർ കൂടി അയാളുടെ സഹായികളായി ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷൻ പാകിസ്ഥാനിലെ ലാഹോർ ആണെന്നും വ്യക്തമായി! എന്നാൽ കാർഗിൽ യുദ്ധം അവസാനിച്ച്‌ മാസങ്ങൾ മാത്രം കഴിഞ്ഞ ആ അവസരത്തിൽ, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാൻ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റൻ ശരൺ, 'ലാഹോർ വരെ പറക്കാൻ വേണ്ട ഫ്യുവൽ ഇല്ല' എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, 'ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ കഴിയാതെ ആൾട്ടർനേറ്റിവ്‌ ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക്‌ പറക്കാൻ നിങ്ങൾക്കാകുമെങ്കിൽ എന്തുകൊണ്ട്‌ ഡൽഹിയിൽ നിന്നും അഹമ്മദാബാദിനേക്കാൾ അടുത്തുള്ള ലാഹോറിലേക്ക്‌ പൊയ്ക്കൂട' എന്ന അയാളുടെ മറു ചോദ്യത്തിൽ ക്യാപ്റ്റൻ കുടുങ്ങി! അതേ സമയം ക്യാബിനിൽ യാത്രക്കാരെ ഗൺ പോയിന്റിൽ നിർത്തി ബാക്കിയുള്ള നാലു പേർ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയിൽ ഹൈജാക്കർ കാണാതെ എമർജൻസി ട്രാൻസ്പോണ്ടർ സിസ്റ്റം ഉപയോഗിച്ച്‌ ക്യാപ്റ്റൻ ശരൺ ഇന്ത്യയിലെ എയർട്രാഫിക്‌ കണ്ട്രോൾ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി. Indian Airlines IC 814 has been hijacked! 
                         ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തർക്കം തുടർന്നു. ഇന്ത്യയിൽ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാൽ തങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റൻസ്‌ കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യൻ അതോറിറ്റിക്ക്‌ കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റൻ ശരൺ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്ലൈ ചെയ്തത്‌! ഒരുപക്ഷേ ഇന്ത്യയിൽ തങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കർമാരെ ഇന്ത്യയിൽ നിന്നും വിമാനം പുറത്തേക്ക്‌ കൊണ്ടു പോകാൻ പ്രേരിപ്പിച്ചതും. പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോൾ മറ്റ്‌ മാർഗങ്ങളില്ലാതെ ക്യാപ്റ്റൻ ലാഹോറിലെ ATC യോട്‌ ലാന്റിംഗ്‌ ക്ലിയറൻസ്‌ ആവശ്യപ്പെട്ടു. എന്നാൽ അവർ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയർസ്പെയ്സ്‌ ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ എക്കണോമി ക്ലാസിലെ യാത്രക്കാരിൽ നിന്നും എട്ടു പേരെ ഹൈജാക്കർമാർ ബലം പ്രയോഗിച്ച്‌ എക്സിക്യുട്ടീവ്‌ ക്യാബിനിലേക്ക്‌ മാറ്റി. അതിൽ ഒരാൾ നേപ്പാളിൽ മധുവിധു ആഘോഷിച്ച്‌ ഭാര്യയുമൊത്ത്‌ മടങ്ങിയ റുപിൻ കാട്ട്യാൽ ആയിരുന്നു. ഹൈജാക്കർമാർ അവരുടെ കൈകൾ പിന്നിൽ കെട്ടി സീറ്റ്‌ ചരിച്ചു വച്ച്‌ സീറ്റ്ബെൽറ്റ്‌ ഇട്ടു!
                         സമയം കടന്നു പോകുന്നതിനനുസരിച്ച്‌ വിമാനത്തിലെ ഫ്യുവൽ ഏതാണ്ട്‌ അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തിൽ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയർപോർട്ടിൽ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാർ ഹൈജാക്കർമാരോട്‌ കാര്യം അറിയിച്ചു. ആദ്യം എതിർത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച്‌ ഉടൻ തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേൽ ലാഹോറിൽ നിന്നും 50 കിലോമീറ്റർ കിഴക്കുള്ള, നോർത്ത്‌ ഇന്ത്യൻ സിറ്റിയായ അമൃത്സറിൽ വിമാനം ഇറക്കാൻ ഹൈജാക്കർമാർ സമ്മതം നൽകി. എന്നാൽ അമൃത്സറിൽ തങ്ങൾക്ക്‌ എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയർമാനായ ഇന്ത്യൻ ക്രൈസിസ്‌ മനേജ്മന്റ്‌ ഗ്രൂപ്പ്‌, അമൃത്സറിലെ ലോക്കൽ ഫോഴ്സിനെ വിമാനത്തെ സമീപിക്കാൻ അനുവാദം നൽകിയില്ല. ഡൽ ഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌ (NSG) കമാൻഡോസ്‌ എത്തുന്നതു വരെ ലോക്കൽ പോലീസ്‌ ഫോഴ്സിനോട്‌ ക്ഷമിക്കാനായിരുന്നു ഉത്തരവ്‌! അതുകൊണ്ട്‌ തന്നെ പഞ്ചാബ്‌ പോലീസ്‌ കമാൻഡോ ഡിപ്പാർട്ട്‌മന്റ്‌, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാർഗങ്ങളാണു സ്വീകരിച്ചത്‌. അതിനാൽ ഫ്യുവൽ ടാങ്കർ അവർ വിമാനത്തിനടുത്തേക്ക്‌ വിടാൻ തയാറായില്ല.
                      എന്തോ അപകടം വരാൻ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കർക്ക്‌ മനസ്സിലാക്കാൻ, ഫ്യുവലിങ്ങിൽ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, അടിയന്തരമായി വിമാനത്തിനു ഇന്ധനം നൽകണമെന്ന് ATCയോട്‌ അഭ്യർത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക്‌ ടാങ്കർ വിടാൻ അവർ തയ്യാറയില്ല. തങ്ങൾ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികൾ അവരുടെ യഥാർത്ഥ മുഖം കാണിക്കാൻ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക്‌ പറത്താൻ ആവശ്യപ്പെട്ട ഹൈജാക്കേഴ്സ്‌, അങ്ങനെ ചെയ്തില്ലെങ്കിൽ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്സിക്യൂട്ടിവ്‌ ക്ലാസിലേക്ക്‌ മാറ്റിയിരുത്തിയ യാത്രക്കാരിൽ റുപിൻ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത്‌ കുത്തി മാരകമായി പരുക്കേൽപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറിൽ സസ്റ്റെയ്ൻ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റൻ ശരൺ വിമാനത്തിനെ വീണ്ടും റൺ വേയിലേക്ക്‌ ഓടിച്ചു. പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട്‌ IC 814 എന്ന ട്വിൻ എഞ്ചിൻ എയർബസ്‌ 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റൻ ശരൺ അമൃത്സറിലെ കണ്ട്രോൾ ടവറിലേക്ക്‌ തന്റെ അവസാനത്തെ സന്ദേശം അയച്ചു - "we all dying now. we are heading towards lahore"!! അങ്ങനെ, സ്വന്തം മണ്ണിൽ വച്ച്‌ തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യിൽ നിന്നും തിരികെ പിടിക്കാനുള്ള സുവർണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!
                       പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള IC 814 ന്റെ യാത്രയ്ക്ക്‌ നേരിടേണ്ടി വന്നത്‌. കാർഗിലിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവർ മറന്നിരുന്നില്ല. ലാഹോറിൽ ലാൻഡ്‌ ചെയ്യാൻ അനുവദിക്കണമെന്ന ക്യാപ്റ്റൻ ശരണിന്റെ യാചന പാകിസ്ഥാൻ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യൻ വിമാനം തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല എന്ന് അവർ പറയാതെ പറയുകയായിരുന്നു തുടർന്നുള്ള അവരുടെ നീച പ്രവർത്തിയിലൂടെ. ലാഹോർ എയർപോർട്ടിലെ നാവിഗേഷൻ ലൈറ്റുകളൂം റൺവേ ലൈറ്റുകളും ഉൾപ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതർ ഒഫ്‌ ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട്‌ ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട്‌ കോക്ക്പിറ്റിലെ റിസർവ്‌ ലൈറ്റുകളും തെളിഞ്ഞു! ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റൻ ശരൺ. 189 യാത്രക്കാരുടെ ജീവനും കയ്യിൽ പിടിച്ചുകൊണ്ട്‌, തീവ്രവാദികളുടെ തോക്കിനുമുന്നിൽ, ട്രാഫിക്‌ കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളിൽ വിശ്വാസമർപ്പിച്ച്‌, അർദ്ധരാത്രി ഒരു ജറ്റ്‌ ലാൻഡിംഗ്‌! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കൽപ്പിച്ച്‌ അദ്ദേഹം ഡിസന്റ്‌ ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ നീണ്ട്‌, നേർത്ത്‌ കാണപ്പെട്ട വെളിച്ചം റൺവേയാണെന്നുറപ്പിച്ച്‌ ലാൻഡ്‌ ചെയ്യാനായി ക്യാപ്റ്റൻ ലാൻഡിംഗ്‌ ഗിയർ താഴ്ത്തി. എന്നാൽ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോ-പൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത്‌- "സാബ്‌, യേ തൊ റോഡ്‌ ഹെ!!" പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റൺവേ ആണെന്നു കരുതി ശരൺ വിമാനം ഇടിച്ചിറക്കാൻ തുടങ്ങിയത്‌!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റൻ വിമാനത്തിന്റെ നോസ്‌ വീണ്ടും ഉയർത്തി. തലനാരിഴ വ്യത്യാസത്തിൽ വിമാനം ക്രാഷിൽ നിന്നും രക്ഷപ്പെട്ടു!
                           വിമാനത്തിന്റെആൾട്ടിറ്റ്യൂഡ്‌  വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണിൽ തകർന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതർ ഒടുവിൽ ലാഹോറിലെ റൺവേ തുറന്ന് വിമാനത്തിന് ലാന്റിംഗ്‌ ക്ലിയറൻസ്‌ നൽകി. ലാഹോറിൽ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത്‌ എഞ്ചിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു! എക്സിക്ക്യൂട്ടിവ്‌ ക്യാബിനിൽ, അപ്പോഴേക്കും റൂപിൻ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു. പരുക്കേറ്റവർക്ക്‌ വൈദ്യസഹായത്തിനായി എയർപോർട്ട്‌ അതോറിറ്റിയുമായി പൈലറ്റുമാർ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നൽകുന്നതിനപ്പുറം വിമാനത്തിൽ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നൽകാൻ അവർ തയ്യാറായില്ല. തങ്ങളുടെ എയർ സ്പെയ്സിൽ നിന്നും  വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട്‌ കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകൾക്കു ശേഷം IC 814 ആകാശത്തിലേക്കുയർന്നു; ഒരിക്കൽ കൂടി.
                          വിമാനം വീണ്ടും പൂർണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക്‌ പറക്കാൻ ആവശ്യപ്പെട്ടെങ്കിലും കാബൂളിൽ നൈറ്റ്‌ ലാന്റിംഗ്‌ ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടർന്ന് ഹൈജാക്കർമാർ കാബൂൾ ഉപേക്ഷിച്ച്‌ അടുത്ത ഡെസ്റ്റിനേഷനായി ദുബായ്‌ തെരഞ്ഞെടുത്തു. പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്ന് റുപിൻ കാട്ട്യാൽ അന്ത്യശ്വാസം വലിച്ചു. ദുബായിൽ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യൻ ഗവൺമന്റ്‌ അവിടെ വച്ച്‌ NSG ക്ക്‌ ഒരു കമാൻഡോ ഓപ്പറേഷൻ നടത്താൻ യു.എ.ഇ ഭരണകൂടത്തോട്‌ അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനിടയിൽ യു.എ.ഇ അധികൃതരും ഹൈജാക്കർമാരും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായിൽ തന്നെ റിലീസ്‌ ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട്‌ അറ്റാച്ച്‌ ചെയ്ത സ്റ്റെപ്പ്‌ ലാഡറിൽ എടുത്തു കിടത്തി, ഹൈജാക്കർമാർ - കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകൾ വഴി, സംഭവത്തിനു കൂടുതൽ മീഡിയാ എക്സ്പോഷർ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ കൂടുതൽ വേഗത്തിൽ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടൽ. ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ, റിലീസായ യാത്രക്കാർ എയർപോർട്ടിന്റെ അറൈവൽ ടെർമിനലിലേക്ക്‌ പോകുമ്പോൾ ബാക്കി യാത്രക്കാരെയും കൊണ്ട്‌ IC 814 വീണ്ടും ടേക്ക്‌ ഓഫ്‌ ചെയ്തു! അതിന്റെ അൺ നോൺ ഡെസ്റ്റിനേഷനിലേക്ക്‌!!
                               രാത്രി മുഴുവൻ വടക്കു ദിശയിലേക്ക്‌ പറന്ന വിമാനം, ഹൈജാക്ക്‌ ചെയ്യപ്പെട്ട്‌ 18 മണിക്കൂറുകൾക്കു ശേഷം ക്രിസ്മസ്‌ ദിനത്തിൽ പുലർച്ചെ താലിബാൻ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറങ്ങി! താലിബാൻ തീവ്രവാദികൾ വിമാനം വളഞ്ഞു. അവർ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവർ തിരിച്ചും!! കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റൻ ശരൺ മനസ്സിലാക്കി. വീണ്ടും ഇന്ധനം നിറച്ച്‌ വിമാനം പറത്താൻ ഹൈജാക്കർ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ്‌ ഇൻസ്പെക്ഷൻ നടത്താതെ ഇനി ഫ്ലൈ ചെയ്യുന്നതു സെയ്ഫ്‌ അല്ലെന്ന് പൈലറ്റ്‌ തീർത്ത്‌ പറഞ്ഞതിനാൽ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്നും തീവ്രവാദികൾ, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ്‌ പുറത്തെടുത്തത്‌ വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകൾ പൂർണ്ണമായും അവസാനിപ്പിച്ചു. തങ്ങൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവർ മനസ്സുകൊണ്ട്‌ സ്വയം വിധിയെഴുതി.

4 ദിവസങ്ങൾക്കു ശേഷം....
                            വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ്‌ മാറിയതും ഹൈജാക്കർമാരുമായി ചർച്ച നടത്താൻ ഇന്ത്യൻ ഗവൺമെന്റിനുമേല്‍  സമ്മര്‍ദ്ദം കൂട്ടി. ഒടുവിൽ, മധ്യസ്ഥ ചർച്ചകൾക്കായി 2009 ഡിസംബർ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ്‌ ടീമിനെ കാണ്ഡഹാറിലേക്ക്‌ അയച്ചു. താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റർമാർ യാത്ര ചെയ്ത വിമാനത്തിനുള്ളിൽ ഒരു കമാൻഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള 'അതിബുദ്ധി' ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറിൽ ഇറങ്ങിക്കഴിഞ്ഞപ്പൊൾ തന്നെ താലിബാൻ തീവ്രവാദികൾ വിമാനത്തെ പൂർണ്ണമായും വളഞ്ഞതുകൊണ്ട്‌ കമാൻഡോകൾക്ക്‌ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂടി കഴിഞ്ഞില്ല!
                            മറ്റ്‌ വഴിയില്ലാതെ ഇന്ത്യൻ സംഘം റാഞ്ചികളുമായി ചർച്ച നടത്താൻ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് ഇന്ത്യൻ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ്‌ ലഭിച്ചത്‌. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിൽ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യൺ യു.എസ്‌ ഡോളർ മോചനദ്രവ്യമായും റാഞ്ചികൾ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാൻ ഇടപെട്ട്‌, മൗലാനാ മസൂദ്‌ അസർ, മുഹമ്മദ്‌ ഒമർ സയ്ദ്‌ ഷെയ്ഖ്‌, മുഷ്‌ താഖ്‌ അഹമ്മദ്‌ സർഗ്ഗാർ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക്‌ റാഞ്ചികളുടെ ആവശ്യങ്ങൾ ചുരുക്കി. ചർച്ച നല്ല രീതിയിൽ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികൾ ബിസ്സിനസ്സ്‌ ക്ലാസ്സിലേക്ക്‌ മാറ്റി. തങ്ങൾ എല്ലാപേരും ഉടൻ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സിൽ ഉറപ്പിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കർമാർ എക്കണോമി ക്ലാസിൽ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ തിരികെ കൊണ്ടു വന്നത്‌. ചർച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യർ ഉണ്ടായിരുന്ന ആ വിമാനത്തിൽ ആകെ ശ്മശാന മൂകതയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാൻ ദൈവത്തിനോ ഭരണാധികാരികൾക്കോ ആയില്ല. മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷം വിമാനത്തിനുള്ളിൽ ആ വാർത്ത എത്തിയത്‌ ഒരു ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ടാണ്. ഒടുവിൽ, ഇന്ത്യൻ ഗവൺമന്റിനു വിമാനറാഞ്ചികളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാൻ ഉത്തരവായി. ഉടൻ തന്നെ അവരെ ഡൽഹിയിൽ നിന്നും കാണ്ഡഹാറിലേക്ക്‌ എത്തിച്ചു. തങ്ങൾക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നിൽ വച്ച്‌, ഭീകരന്മാരിൽ പ്രധാനിയായ മൗലാനാ മസൂദ്‌ അസർ, ഹൈജാക്കർമാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജൻ, മുഹമ്മദ്‌ ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങൾക്കായി ഒരുക്കിയിരുന്ന വണ്ടിയിൽ ഹൈജാക്കർമാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും IC 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകൾ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ....!

                                                 
courtesy: National Geographic Channel & Google

ക്രാഷ്‌ ലാന്റ്‌ 1 -പ്രേതവിമാനം!



2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ്‌ മാര്‍ട്ടിനും കോ-പൈലറ്റ്‌ പാംപോസും പ്രീ ഫ്ലൈറ്റ്‌ ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ്‌ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം വായുവിലേക്ക് പറന്നുയര്‍ന്നു.

എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന്‍ ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115 യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു!

ഏഥന്‍സ്:
സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു.

അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്.
1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്‍റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല?
2. ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ്‌ ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ്‌ സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് ഓട്ടോ പൈലറ്റ്‌ സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. പ്രഷറൈസേഷന്‍ പാനല്‍. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്!

ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.

വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു. പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി!

പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്......
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ