കാഴ്ച്ച


ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങള്‍ മനസ്സിനും ശരീരത്തിനും ഏല്‍പ്പിക്കുന്ന ആലസ്യവും വിരസതയും മറക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടാണ് വ്യാഴാഴ്ചകള്‍ പിറക്കുന്നത്. വെള്ളിയാഴ്‌ച അവധിയായത് കൊണ്ട് തന്നെ വ്യാഴാഴ്‌ച രാത്രികള്‍ എന്നും ഞങ്ങള്‍ ആഘോഷമാക്കാറുണ്ട്. രാത്രി മൊത്തം ‘ഓടണം’ എന്നുള്ളതിനാല്‍ സ്പെഷ്യല്‍ മൈലേജിനായി എല്ലാവര്ക്കും ബോട്ടില്സ് സംഘടിപ്പിക്കാന്‍ ഞാനും, സുപ്പര്‍വൈസര്‍ ബേബിച്ചായനും ഡ്യൂട്ടിക്കിടെ ഒരു സ്പെഷ്യല്‍ ഡ്യൂട്ടി തരപ്പെടുത്തി പോകാറാണ് പതിവ്. എയര്‍പോര്‍ട്ട് സൈറ്റില്‍ നിന്നും ഏകദേശം 20 കി.മി. ദൂരെയാണ് നമ്മുടെ “പമ്പ്‌”.



പോകുന്ന വഴിയില്‍, തൊണ്ടയില്‍ വേനല്‍ ആരംഭിച്ച സന്ദേശം വന്നു. ബേബിച്ചായനോട് പറഞ്ഞപ്പോള്‍ ഏതെങ്കിലും കടയുടെ അടുത്തു നിര്‍ത്താന്‍ പറഞ്ഞു. പിന്നെ മുന്നില്‍ കണ്ട കടയുടെ മുന്നില്‍ ഞാന്‍ കാര്‍ നിര്‍ത്തി. ബേബിച്ചായന്‍ വെള്ളം വാങ്ങാനായി കടയിലേക്ക് പോയി. പെട്ടെന്ന് ഇടതു വശത്തെ വിന്‍ഡോയില്‍ ഒരു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു. ഒരു പയ്യന്‍ വണ്ടിയുടെ ഗ്ലാസില്‍ തട്ടി വിളിക്കുകയാണ്. അഞ്ച്‌ വയസ്സ് തോന്നിക്കും- ഒരു സുന്ദരന്‍ ചെക്കന്‍. അവന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും... അവന്‍ എന്തോ പറയുന്നുണ്ട്. അറബിയിലാണ്. എനിക്ക് മനസ്സിലായില്ല. പക്ഷെ അവന്റെ കാഴ്ച്ച കാറിന്റെ ഡാഷ്ബോര്‍ഡിനു മുകളില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകളില്‍ അവസാനിക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ചുണ്ടുകള്‍ ആകെ ചുവന്നിരിക്കുന്നു. നേരത്തെ കഴിച്ച മിഠായി അവനില്‍ അവശേഷിപ്പിച്ചതാണെന്ന് തോന്നുന്നു, ആ നിറം. അവനു നഷ്ട്ടപെട്ടു പോയ, ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ എത്രെയെന്നോര്‍ത്തു പോയി ഞാന്‍, അത് കണ്ടിട്ട്......



വലതു വശത്തെ ഡോര്‍ തുറന്നു. ബേബിച്ചായന്‍ തിരികെ വന്നതാണ്. കയ്യില്‍ രണ്ടു മാംഗോ ജ്യൂസും ഉണ്ട്. ഞാന്‍ വണ്ടിയുടെ ഗിയര്‍ മെല്ലെ ഡ്രൈവിലേക്ക് ഷിഫ്റ്റ്‌ ചെയ്തു, വണ്ടി ഒന്നനങ്ങി. വീണ്ടും ഇടതു വശത്ത് നിന്നും ആ പഴയ ശബ്ദം- പൂര്‍വാധികം ശക്തിയോടെ. തിരിഞ്ഞു നോക്കി, ഇപ്പോള്‍ ആളെണ്ണം കൂടിയിരിക്കുന്നു. ഒരാള്‍ കൂടിയുണ്ട്. ഏകദേശം ഒന്നാമന്റെ അതെ രൂപവും പ്രായവും തന്നെ പുതുമുഖത്തിനും. ഞാന്‍ ഗ്ലാസ്‌ താഴ്ത്തി. അവര്‍ രണ്ടും വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.ഞാന്‍ ബേബിച്ചായനെ ഒന്ന് നോക്കി. ഇതാരെടാ!! എന്ന ഭാവത്തിലാണ് പുള്ളി. ഡാഷ്ബോഡില്‍ കിടന്ന ചില്ലറകളില്‍ നിന്നും 25 പിയസ്റ്ററിന്റെ (നാട്ടിലെ ഏതാണ്ട് 16 രൂപ) ഒരു തുട്ട് ഞാന്‍ എടുത്ത് അവര്‍ക്ക് നേരെ നീട്ടി. ആ ചെമ്പ് കഷണത്തിനായി രണ്ട് ഇളം കൈകള്‍ മല്‍സരിക്കുന്നത് കണ്ട്‌ ഒന്ന് പിടഞ്ഞു മനസ്സ്. ഒടുവില്‍ അതില്‍ ഒരു കൈ അത് സ്വന്തമാക്കി ഓടി. പുറകെ രണ്ടാമനും. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ഒരല്‍പം മാറി അവര്‍ തമ്മില്‍ എന്തോ ഒരു ചെറിയ വാഗ്വാദം നടക്കുന്നുണ്ട്. പിന്നെ എന്തോ തീരുമാനത്തിലെത്തിയ പോലെ രണ്ടാളും പരസ്പരം തോളില്‍ കയ്യിട്ട്‌ നടന്നു പോയി.

ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. എന്തോ ഞങ്ങള്‍ രണ്ടും പേരും വാങ്ങിയ ജ്യൂസ് കുടിച്ചില്ല. അല്‍പ്പ സമയം രണ്ടു പേരും പരസ്പരം മിണ്ടിയതുമില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഞാന്‍ ബേബിച്ചായനോട് ചോദിച്ചു- “ നമുക്ക് ഒന്ന് തിരിച്ചു പോയാലോ? അവന്മാരെ ഒന്ന് കൂടി കാണണം”. ബേബിച്ചായന്‍ എന്തോ ആശിച്ചിരുന്നത് കേട്ടപോലെ പെട്ടെന്ന് പറഞ്ഞു- “പോകാം”. പിന്നെ കണ്ട ആദ്യത്തെ യൂ ടേണില്‍ വണ്ടി തിരിഞ്ഞു. പോകുന്ന്ന വഴിയില്‍ കണ്ട ഒരു ചെറിയ തട്ടിക്കൂട്ട് കടയില്‍ നിന്നും നമ്മുടെ പരിപ്പ് വട മാതിരിയുള്ള കുറച്ച് എണ്ണപ്പലഹാരവും വാങ്ങി, ഞങ്ങള്‍.



തിരികെ പഴയ സ്ഥലത്ത്, അതെ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവിടെ ആരെയും കാണുന്നില്ല.അവര്‍ വരും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അല്‍പ്പ സമയം അവിടെ തന്നെ കാത്തു നിന്നു. അതുവരെ സുലഭമായി വണ്ടിക്കുള്ളില്‍ ലഭിച്ചിരുന്ന സൂര്യ പ്രകാശത്തെ മറച്ചു കൊണ്ട് എന്തോ ഒന്ന് വണ്ടിയുടെ വലതു വശത്ത്...... ഒന്നാമാനുമല്ല, രണ്ടാമനുമല്ല. ഇവന്‍ മൂന്നാമന്‍!!. വിധി തന്റെ ജീവിതത്തെ ഒരു തമാശയായി കണ്ടപ്പോള്‍, എവിടെയോ നഷ്ട്ടമായ ബാല്യത്തിന്റെ നിഷ്കളങ്കത, ഇനിയും സ്വയം ഉപേക്ഷിച്ചു പോകാന്‍ മടിച്ചു നില്‍ക്കുന്ന മുഖം. ആദ്യം കണ്ടില്ലെങ്കിലും ശബ്ദത്തിലൂടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു, അവനൊപ്പം മറ്റൊരു കുഞ്ഞന്‍ കൂടിയുണ്ടെന്ന്. അവന്റെ അനിയന്‍ ആയിരിക്കണം. ആദ്യത്തെ രണ്ടു പെരെക്കാളും പ്രായം കൊണ്ടും രൂപം കൊണ്ടും വലിയവന്‍ ആണിവന്‍. ഇച്ചായന്‍ ഗ്ലാസ്‌ മെല്ലെ താഴ്ത്തി. അവനും കല പില സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ മറ്റു രണ്ടുപേരെ പ്പറ്റി അന്വേഷിച്ചു, അറിയില്ലെന്നവന്‍ തലയാട്ടി. ഇച്ചായന്റെ കയ്യിലെ പോതിയുടെ പുറത്തു പരന്ന എണ്ണക്കറ കണ്ട അവന്‍ പിന്നെ ഞങ്ങളെ നോക്കിയതേ ഇല്ല. ഞങ്ങള്‍ അത് അവനു നല്‍കി, ജ്യൂസും. അവന്‍ പലഹാരത്തില്‍ നിന്നും രണ്ടെണ്ണം എടുത്തു ചെറിയ ആളിന് കൊടുത്തു, ഒരു ജ്യൂസും. ആ കുഞ്ഞ് ആര്‍ത്തിയോടെ അത് കഴിച്ചു. എന്നിട്ട് സ്വയം ഒന്ന് എടുത്തു കടിച്ചു കൊണ്ട് ചിരിച്ചു നിന്നു വലിയവന്‍. തന്‍റെ അനിയന് ഭക്ഷണം കിട്ടിയതിന്റെ സന്തോഷമായിരിക്കണം- അവന്‍റെ മുഖം വിടര്‍ന്നു. അത് ഞങ്ങളോട് പറയാതെ പറയുന്നുണ്ടായിരുന്നു ‘ഒരായിരം നന്ദി’ എന്ന്. ഒന്ന് രണ്ടു ഫോട്ടോ എടുക്കാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങളും ഇതിനിടയില്‍ അവന്‍ തടഞ്ഞു. ഒടുവില്‍ ഒരിക്കല്‍ കൂടി ഞങ്ങളെ നോക്കി തെളിഞ്ഞു ചിരിച്ചുകൊണ്ട് ഒരു കയ്യില്‍ ഭക്ഷണവും മറു കയ്യില്‍ കൊച്ചനിയന്റെ കയ്യും പിടിച്ച് അവന്‍ നടന്നു നീങ്ങി. അപ്പോഴും ആ പൊതിയില്‍ നിന്നും ഒരെണ്ണം പോലും നിലത്ത് വീണു പോകാതിരിക്കാന്‍ അവന്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.



കാണാന്‍ വന്നവരെയല്ല കണ്ടത്, എന്നാലും മനസ്സിന് ഒരു സുഖം..... ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി...... വണ്ടിക്കു മുന്നില്‍, റോഡിലുള്ള കാഴ്ച്ചകള്‍ എന്റെ കണ്ണിനു മുന്നില്‍ ഊറിക്കൂടിയ എന്തോ ഒന്ന് മറയ്ക്കുന്ന പോലെ. ഞാന്‍ എന്റെ വലതു വശത്തേക്ക് നോക്കി. തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന ബേബിച്ചായന്‍!! ഇനിയിത് വഴി പോകുമ്പോള്‍ ഒരുപക്ഷെ എന്റെ കാഴ്ച്ചകള്‍ ആ മൂന്നു പേരെ തിരയുമായിരിക്കും, ഒന്ന് കൂടി കാണാന്‍.... ഇനിയും ഇത് പോലെ എത്രയെത്ര കാഴ്ച്ചകള്‍ എന്ന എന്റെ ചിന്ത ഒരു നെടുവീര്‍പ്പില്‍ അവസാനിച്ചു. കാര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണ്. ഇന്ന് രാത്രി ഞങ്ങള്‍ക്ക് മായക്കാഴ്ചകള്‍ സമ്മാനിക്കാന്‍ ഒരുങ്ങിയിരിക്കുന്ന, പൊട്ടുന്നതും ഞളുങ്ങുന്നതുമായ കുപ്പികള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ഞങ്ങളുടെ പമ്പ് ലക്ഷ്യമാക്കി.

അച്ചായ ചരിതം PART 1 - ഒരു ചെളിക്കഥ.


എട്ടു കാലിയുടെ കാലുപോലെ ഞങ്ങള്‍ എട്ടു അധ്വാനികള്‍ ജോര്‍ദ്ദാനിലേക്ക് എത്തിയിട്ട് രണ്ടു മാസം. പുത്തന്‍ വീട്ടിലെ ശാന്തയുടെ നടത്തം പോലെ മാധുര്യത്തോടെ കഴിഞ്ഞ രണ്ടു മാസങ്ങള്‍. മാന്ദ്യം വന്നു കൈകൊട്ടും തവിയും കുട്ടികലങ്ങളും വരെ വിറ്റ ഷെയ്ഖ് മുഹമ്മദിന്‍റെ സ്വന്തം ദുബായില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും ഈ പുഴുങ്ങാന്‍ അച്ചായനെ ഇത്ര ഫെയ്സ് ടു ഫെയ്സ് കിട്ടുന്നത് ആദ്യമായിട്ടാണ്. പണി സമയത്ത്‌, ഉറക്കത്തിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഉള്ള ഫോര്‍മാനാണ് പുള്ളി. സല്ലാപത്തിലെ സാലൂ കൂറ്റനാടിനെ പോലെ പെന്‍സില്‍ ചെത്തി ഇരിക്കുന്ന പ്രകൃതം.

അച്ചായനെ പറ്റി പറഞ്ഞാല്‍- സ്വന്തം പിതാവ് നല്‍കിയ അഞ്ചേ അഞ്ച് സെന്റ്‌ ഭൂമിയൊഴികെ ഇന്ന് തനിക്കുള്ളതെല്ലാം,( മൂന്ന് പെണ്മക്കള്‍ ഉള്‍പ്പെടെ) താന്‍, ഒരൊറ്റയാളുടെ കഠിനാധ്വാനം കൊണ്ടുണ്ടായതാണ് എന്ന് ജാതി മത വ്യത്യാസമെന്യേ ആരുടെ മുഖത്ത് നോക്കിയും എവിടെ വച്ചും എപ്പോഴും പറയാന്‍ ധൈര്യം ഉള്ളവന്‍...... കള്ള് എന്ന പാനീയം ( പുള്ളിക്ക് അത് അത്രമാത്രം) തന്‍റെ ശരീരത്തിന്‍റെ നടത്തിപ്പിന്റെ മേല്‍നോട്ടം ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ മലയാള ഭാഷയും ലിപിയും ഇംഗ്ലീഷിനു വഴിമാറി കൊടുക്കുന്ന അതിമാരക രോഗമുള്ളവന്‍...... ഡ്യൂട്ടിക്കിടെ, ഒപ്പം ജോലി ചെയ്യുന്ന ലൈജുവിനെ 'യൂ! ഫക്കിംഗ് ഡേര്‍ട്ടി ക്രീച്ചര്‍' എന്ന ഒന്നാം തരം തെറി അക്ഷരത്തെറ്റോ വ്യാകരണ പെശകോ കൂടാതെ വിളിച്ച്‌ മാളോകരെ ഞെട്ടിച്ചവന്‍.... ഇതൊന്നുമല്ല, പണ്ടെങ്ങോ പുള്ളീടെ വീടിനടുത്ത് റെയില്‍വേ ലൈനിനോട് ചേര്‍ന്ന് ഒരു കലിങ്ങു നിര്‍മിച്ചതിന് അതിലെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ വരെ തടഞ്ഞു നിര്‍ത്തി എഞ്ചിന്‍ ഡ്രൈവറുടെ കയ്യില്‍ നിന്നും ടോള്‍ പിരിവു നടത്തിയിട്ടുണ്ട്, എന്ന പൂലോഹ നോണ എല്ലരെയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവന്‍.......പുള്ളി പണ്ടെന്നോ ഉപയോഗിച്ചിരുന്ന, പിന്നീടു കാലം മാറിയപ്പോള്‍, ചെറിയ രണ്ട്‌ ദ്വാരങ്ങളിലൂടെ കാലുകളിറക്കി വലിയ ദ്വാരം അരയിലും ഘടിപ്പിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ അദ്ദേഹവും സ്വായത്തമാക്കിയപ്പോള്‍ അഴിച്ച് നാലായി മടക്കി പെട്ടിയില്‍ വച്ച, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തത സഹചാരിയായ ട്രോളീ ബാഗിന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ചിട്ടുള്ള "കോണകം" പോലെ നീളുന്നു അച്ചായ ചരിതങ്ങള്‍.
(നമ്പൂരിമാര്‍ കോണകം ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഈ അച്ചായന്‍ മാരും ഉപയോഗിക്കുമായിരുന്നോ?????? ഉപയോഗിച്ചു കാണും.....അവര്‍ക്കുമുണ്ടല്ലോ......യേത്‌......)

അങ്ങനെയിരിക്കെയാണ് ജോര്‍ദാനിലെ ചാവുകടലിനെ പറ്റി കേള്‍ക്കുന്നത്. 'വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്ന മാജിക് അറിയാവുന്ന, ലോകത്തിലെ ഒരേ ഒരു കടല്‍. സംഭവം ഇങ്ങനെ ആകുമ്പോള്‍, മിക്കവാറും വെള്ളത്തിലായിരിക്കുന്ന അച്ചായന്‍ തന്നെ മുന്‍കയ്യെടുത്തു "ഡെഡ് സീ" യില്‍ പൊന്തിക്കിടക്കാനും. പോയി എല്ലാരും കൂടി ഒരു ദിവസം. അച്ചായന്‍ പാനീയ സേവയിലൂടെ നാലുകാലില്‍ നില്‍ക്കാനുള്ള അപൂര്‍വ ശേഷി നേടും എന്നുറപ്പായിരുന്നതിനാല്‍ ആഹാരം അല്‍പ്പം അധികം കരുതിയിട്ടുണ്ട്. എന്തോ അങ്ങനെയുള്ള അവസ്ഥയില്‍ അച്ചായന്റെ ആമാശയം ദശാവതാരം ഒരുമിച്ചെടുക്കും. കിച്ചനിലെ വെസ്റ്റ്‌ ബോക്സ്‌ കേരളത്തിന്‍റെ ഖജനാവിനെ പോലും കൊഞ്ഞനം കുത്തിക്കൊണ്ട് ഒന്നുമില്ലാതാവുന്ന അവസ്ഥ.... ഹോ.....

ബസ്സിനുള്ളില്‍ വച്ചു തന്നെ വസ്ത്രാക്ഷേപം അരങ്ങേറി. ആ അലി ഡ്രസ്സ്‌ മാറുന്ന വേഗത കണ്ടപ്പൊ കലി വന്നു. അല്ലെങ്കി, "എടാ അലീ ഒന്നുപോയി കുളിയെടാ..." എന്ന് സഹമുറിയന്മാര്‍ പറയുമ്പോള്‍ (അതുകൊണ്ട് മാത്രം) അവന്‍റെ ഏതോ പ്രധാന അവയവം മുറിച്ചു കളയാന്‍ പറഞ്ഞത് പോലെ ബാത്രൂമിലേക്ക് അന്നനട നടക്കുന്ന അതേ അലി ദേ! ഇവിടെ വന്നപ്പൊ ഗ്രഹണി-ചക്കക്കൂട്ടാന്‍ കോമ്പിനേഷന്‍ ഓര്‍മിപ്പിച്ചുകൊണ്ട് ചാടിത്തുള്ളി നില്‍ക്കുന്നു, വെള്ളത്തിലേക്കിറങ്ങാന്‍!!!! എല്ലാപേരുടെയും രൂപ ഭാവങ്ങള്‍ അടിമുടി മാറി. ഞങ്ങള്‍ അരയന്മാരും, മുറിയന്മാരും, മുക്കാലന്മാരുമൊക്കെയായി (യഥാക്രമം ജെട്ടി,ബര്‍മുഡ,ത്രീഫോര്‍ത്ത് എന്നിവ ധരിച്ചവര്‍).

പുറത്ത്, തിരയില്ലാക്കടലില്‍ അത്തപ്പൂക്കളമിട്ടപോലെ കിടക്കുന്ന ആളുകളുടെ കൂട്ടങ്ങളെ നോക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങി. നടക്കാന്‍ പോകുന്ന കാര്യങ്ങളുടെ ആഴമോ വ്യാപ്തിയോ അറിഞ്ഞുകൂടാതെ, ജിജ്ഞാസയോടെ, ആദ്യരാത്രിയില്‍ നവവധുവിനെയും കാത്തിരിക്കുന്ന മണവാളന്‍റെ മുഖഭാവമായിരുന്നു എല്ലാവര്‍ക്കും. ഇറങ്ങിയപാടെ അച്ചായന്‍റെ കണ്ണ് ഇടത്ത് നിന്നും വലത്തേക്ക് 180 ഡിഗ്രിയിലുള്ള കാഴ്ചകള്‍ ഒറ്റ ടേക്കില്‍ തന്നെ കവര്‍ ചെയ്തു. പെട്ടെന്ന് എന്തോ കണ്ട് പിടിച്ചത് പോലെ അച്ചായന്‍ ട്യൂബ് ലൈറ്റ് കത്തിച്ച്‌ ചിരിച്ചു. കാര്യം തിരക്കിയപ്പോള്‍ "പെണ്ണുങ്ങളും ഉണ്ടെടാ" എന്ന സ്വീറ്റ്17 മറുപടി. ഇയാള്‍ കൊള്ളാമല്ലോ വന്നിറങ്ങിയപ്പോഴേക്കും...... ഞാന്‍ അച്ചായന്‍റെ 'പുതിയ മുഖം' കണ്ട് ഒന്ന് അമ്പരന്നു. എന്നാലും അതിയാള്‍ എങ്ങനെ കണ്ടുപിടിച്ചു? ഞാന്‍ നോക്കിയിട്ട് കടലില്‍ കിടക്കുന്നതില്‍ ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ പറ്റുന്നില്ല. പക്ഷെ കണ്ട് പഴകിയ പോലീസ് കാരന്‍റെ കണ്ണിനു മൈക്രോസ്കോപ്പിനെക്കാള്‍ പവര്‍ ഉണ്ടാവും എന്നല്ലേ? ഇത് നിങ്ങളെങ്ങനെ കണ്ട് പിടിച്ചച്ചായാ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ- "ടാ.... നീ ശ്രദ്ധിച്ചോ ആളുകള്‍ കിടക്കുന്ന രീതി. കുറെ വൃത്തങ്ങളായിട്ടല്ലേ. ആ കിടക്കുന്നവരുടെയെല്ലാം നോട്ടം കേന്ദ്രീകരിച്ചിരിക്കുന്നത് അവര്‍ പോലുമറിയാതെ അവിടെ ഫോം ചെയ്ത വൃത്തത്തിനുള്ളിലേക്കും. അപ്പൊ വൃത്തത്തിനുള്ളിലുള്ളത് പെണ്ണ്. ഇവിടെ ഇപ്പൊ ആകെ അഞ്ച് വൃത്തങ്ങള്‍, അതായത് അഞ്ച് പെണ്ണുങ്ങള്‍. മനസ്സിലായോ?"

അച്ചായന്‍റെ ആഴത്തിലുള്ള അറിവില്‍ നടുങ്ങിയ ഞങ്ങള്‍ ഓരോരുത്തരായി വെള്ളത്തിലേക്കിറങ്ങി. താഴ്ന്നു പോകില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഞാനും. പതുക്കെ വെള്ളത്തില്‍ മലര്‍ന്നടിച്ച് കിടന്നു. വെള്ളം പിന്നാമ്പുറത്തു കൂടി കോറിഡോര്‍ വഴി ഉമ്മറത്തെത്തി. എണ്ണ കലക്കിയ പോലത്തെ വെള്ളത്തില്‍ അര്‍മാദിക്കുന്നതിനിടെ അല്‍പ്പം വെള്ളം വായിലും പോയി. നാക്കിന്‍റെ സെന്‍സറിംഗ് കപ്പാസിറ്റി അടിച്ചു പോകുമെന്ന് തോന്നിപ്പോയി. അയ്യയ്യോ! ഉപ്പെന്നു പറഞ്ഞാ...... അതിന്‍റെ അളവ് അങ്ങ് ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു. നമ്മുടെ സ്കൂള്‍ ഓഫ് ഡ്രാമയിലെ പിള്ളേര്‍ നവരസങ്ങളുടെ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ കാണിച്ചു കൂട്ടുന്ന ആക്ഷന്‍സ് നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍റെ മുഖത്ത് പടര്‍ന്നു പിടിച്ചു. മാത്രവുമല്ല ശരീരത്തിന്‍റെ അതി സങ്കീര്‍ണവും ലോലവുമായ ഭാഗങ്ങളില്‍ മുളക് അരച്ചു തേച്ച പോലെ നീറാനും തുടങ്ങി. ഇനിയും ഇവിടെ കിടന്നാല്‍ ചിലപ്പോള്‍ സന്താനഗോപാലം സംവിധാനം ചെയ്യാന്‍ ആളെ വാടകയ്ക്കെടുക്കേണ്ട അവസ്ഥ വരും എന്ന് മനസ്സിലായി.

ഒരു വിധം മുക്കിയും മൂളിയുമൊക്കെ കരയ്ക്കെത്തി. ഒരു ചെറിയ പാറക്കല്ലിന്മേല്‍ വിശ്രമിക്കുമ്പോള്‍, പിറകില്‍ നിന്നൊരാള്‍ തോളത്തു കൈ വച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ മൊത്തത്തില്‍ കറുത്തിരുണ്ട്‌ ഒരു രൂപം. ടാ..... എന്ന ആ വിളി കേട്ടപ്പോള്‍ മനസ്സിലായി, അച്ചായനാണ്‌.അവിടുത്തെ ചെളി ത്വക്ക് രോഗത്തിന് നല്ലതാണെന്നും പറഞ്ഞ് അടിമുടി അതും വാരിപ്പൂശി വന്നിരിക്കുന്നു, പഹയന്‍! മുനിസിപ്പാലിറ്റിയുടെ "പിച്ചിപ്പൂവണ്ടി" പോകുമ്പോള്‍ ഉണ്ടാകുന്ന ആ നൊസ്റ്റാള്‍ജിയ അച്ചായനില്‍ നിന്നും ബഹിര്‍ഗമിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ മെല്ലെ അവിടെ നിന്നും വലിഞ്ഞു. ബസ്സിനുള്ളില്‍ പോയി ഡ്രസ്സ്‌ മാറി തിരികെ വന്നപ്പോള്‍ നീരാട്ട്‌ അവസാനിപ്പിച്ച് ബാക്കിയുള്ള ശരീരങ്ങളും കരക്കടുത്തു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, എണ്ണത്തിലൊന്ന് കുറവ്. അച്ചായനെ കാണാനില്ല!! ശെടാ... ഇയാളിതെവിടെ എന്നാലോചിച്ച് കുറച്ചു നേരം ഞങ്ങള്‍ നിന്നിടത്തു തന്നെ കുറ്റിയടിച്ചു. ആളെ കാണുന്നില്ല. പിന്നെ പേടിയായി തുടങ്ങി. എല്ലാവരും തിരികെ വണ്ടിയില്‍ വന്ന് ധൃതിയില്‍ ഡ്രസ്സ്‌ മാറുമ്പോള്‍, നമ്മുടെ ഡ്രൈവര്‍ വണ്ടിയില്ലാതെ തന്നെ ചീറിപ്പാഞ്ഞു വരുന്നുണ്ട്. ഞങ്ങളുടെ മുന്നില്‍ സഡന്‍ ബ്രേക്കിട്ടു നിന്ന അവന്‍, അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞ കാര്യം കേട്ട് ഞങ്ങള്‍ സ്തബ്ദരായി. പിന്നെ, എവിടെനിന്നെങ്ങനെ തുടങ്ങി എന്നറിയില്ല, ഡോള്‍ബി ഡിജിറ്റല്‍ സൗണ്ടില്‍ മൊത്തത്തില്‍ പൊട്ടിച്ചിരി.

ഡ്രൈവര്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങി. പുറകേ ഞങ്ങളും. ബീച്ചിനടുത്തുള്ള ഒരു ചെറിയ ക്ലിനിക്കാണ് സ്ഥലം. സ്നേഹത്തോടെ താന്‍ വാരിപ്പുണര്‍ന്ന ചാവുകടലിലെ 'ചെളി' അച്ചായന് മുട്ടന്‍ പണി കൊടുത്തിരിക്കുന്നു. ചെളിക്കുള്ളിലായ 'അച്ചായകായം' വളരെ പെട്ടെന്ന് പ്രതികരിച്ചു. ചെറുതായി തുടങ്ങിയ നീറ്റലും ചൊറിച്ചിലും അണ്‍ സഹിക്കബിള്‍ ആയപ്പോള്‍, മുന്‍പിന്‍ നോക്കാതെ അച്ചായന്‍ ഓടി. നിലവിളിച്ചു കൊണ്ട്. ആ നിലവിളി ഫോളോ ചെയ്താണ് നമ്മുടെ ഡ്രൈവര്‍ ക്ലിനിക്കിലെത്തിയത്. കാര്യമറിഞ്ഞ അവന്‍ തിരിച്ചോടി, ഞങ്ങടെ അടുത്തേക്ക്‌. ഞങ്ങള്‍ ക്ലിനിക്കിനുള്ളിലേക്ക് ചെന്നു. ഒരു വലിയ മുറി. അതിന്‍റെ മൂലയില്‍, രണ്ട്‌ ദിവസം ഫ്രീസറില്‍ ഇരുന്ന ഇറച്ചി, മയം വരാന്‍ ബക്കറ്റിലെ വെള്ളത്തില്‍ ഇട്ടു വച്ച പോലെ, ഒരു നീണ്ട പാത്രത്തില്‍ ഏതോ ലായനിയില്‍, ജനിച്ച പടി കിടന്ന് കാലിട്ടടിച്ച്‌ കളിക്കുന്നു അച്ചായന്‍!!!! ആ ലേഡി ഡോക്ടര്‍ അടുത്ത് നിന്നതിലല്ല, മറിച്ച് ഞങ്ങള്‍ ആ സീന്‍ കണ്ടുപോയതിലാണ് അച്ചായന് വിഷമം. അച്ചായന്‍റെ മുഖം ഉള്‍പ്പെടെ പലയിടത്തും കുമിള പോലെ നെണത്തിട്ടുണ്ട്. ഒടുവില്‍ ഞങ്ങളെ നോക്കി എനിക്കൊന്നും സംഭവിച്ചിട്ടില്ലേ എന്ന മട്ടില്‍ ഒരു പാല്‍പുഞ്ചിരിയും. അത് പൊട്ടിച്ചിരിയാക്കി ഞങ്ങള്‍ കണ്‍വെര്‍ട്ട് ചെയ്തപ്പോള്‍ ഡോക്ടറും ഡ്രൈവറും കൂടി ആ കൂട്ടച്ചിരിയില്‍ ജോയിന്‍ ചെയ്തു.
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ