
Murder Part - 1
Murder Part - 2
കൊലപാതകം നടന്ന ഇരുനില വീട്ടിലേക്ക് ഗേറ്റ് കടന്നു വരുന്ന പോലീസ് ജീപ്പ്. പിന്നാലെ DYSP അശോക് പ്രഭാകറിന്‍റെ പ്രാഡോ.
പോലീസ് വാഹനം വരുന്നത് കണ്ട്, എങ്ങോട്ടോ പോകാനായി കാറിന്‍റെ ഡോര്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന ജഗന്നാഥന്‍ താക്കോല്‍ തിരികെ എടുക്കുന്നു. മറുകയ്യില്‍ പാസ്പോര്‍ട്ട്.
ജീപ്പ് നിര്‍ത്തി ശരത്തും പ്രാഡോയില്‍ നിന്നും ബാക്കി മൂന്നു പേരും പുറത്തിറങ്ങുന്നു.
അശോക്: ഇതാരാ ശരത്?
ശരത്: പറയും പോലെ സാര്‍ കണ്ടിട്ടില്ലല്ലോ, മരിച്ച കുട്ടിയുടെ ഫാദറാ. ജഗന്നാഥന്‍.
അശോക്: ഓ... അത് ശരി.
ജഗന്നാഥന് ബാക്കി എല്ലാവരെയും ശരത് പരിചയപ്പെടുത്തി. നാല് പേരെയും കൂട്ടി ജഗന്നാഥന്‍ വീടിനുള്ളിലേക്ക്....
വിശാലമായ സ്വീകരണ മുറിയിലെ സോഫയിലേക്ക് ഇരുന്നു കൊണ്ട്
അശോക്: ജഗന്നാഥന്‍ എങ്ങോട്ടോ പോകാന്‍ തുടങ്ങുവായിരുന്നു എന്ന് തോന്നുന്നു.
ജഗന്നാഥന്‍: അതെ സാര്‍ പാസ്പോര്‍ട്ട് ഓഫീസ് വരെ. പാസ്പോര്‍ട്ടിന്‍റെ എക്സ്പൈറി അടുത്തു. എനിക്ക് ഒരുപാട് വൈകാതെ ദുബായിലേക്ക് പോണം. അങ്ങ് പോയിട്ട് പിന്നെ റിന്യൂവലിനു കൊടുക്കാന്‍ പ്രയാസാ. തിരികെ പോകാതിരിക്കാന്‍ പറ്റാഞ്ഞിട്ടാ. അവിടെയും ആകെ പ്രശ്നങ്ങളാണേ.
അന്‍വര്‍: അവിടെ എന്താ ചെയ്യുന്നേ?
ജഗന്നാഥന്‍: ഒരു ചെറിയ മാന്‍പവര്‍ സപ്ലേ കമ്പനിയുണ്ട്. ഇപ്പൊ പിന്നെ റിസെഷനും ഒക്കെയായി ആകെ പ്രയാസമാ. അല്ലെങ്കി തന്നെ ഇനി എന്തിനാ ഇതൊക്കെ, ആര്‍ക്കു വേണ്ടിയാ? എല്ലാം കഴിഞ്ഞില്ലേ... (നെടുവീര്‍പ്പെടുന്നു).
ഓ....സംസാരത്തിനിടയില് മറന്നു ,സര്‍ , കുടിക്കാന്‍ എന്തെങ്കിലും ??...
അശോക്: നോ, താങ്ക്സ്. സീ മിസ്റ്റര്‍ ജഗന്നാഥന്‍... ഈ മര്‍ഡര്‍ വെറും ഒരു മോഷണത്തിനിടയില്‍ സംഭവിച്ചത് തന്നെയാകും എന്ന് തന്നെയായിരുന്നു ഇന്നലെ വരെ പോലീസിന്‍റെയും നിഗമനം. പക്ഷെ, ഫോറന്‍സിക് ലാബില്‍ നിന്നും ഇന്ന് വന്നിരിക്കുന്ന രണ്ട് ടെസ്റ്റ് റിസള്‍ട്ടുകള്‍ ഈ കേസിന്‍റെ സ്വഭാവം അടിമുടി മാറ്റിയിട്ടുണ്ട്.
ഒന്ന്... മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്നും ലഭിച്ച രണ്ട് രക്ത സാമ്പിളുകള്‍. അതില്‍ ഒന്ന് നിങ്ങളുടെ അച്ഛന്‍ ശിവദാസ മേനോന്‍റെ തന്നെയാണ്; ‘A’ പോസിറ്റീവ്. രണ്ടാമത്തേത്, അതായത് കട്ടിലില്‍ കണ്ട രക്തക്കറ. അത് ‘AB’ നെഗറ്റീവ്. ശാരികയുടെ ബ്ലഡ്‌ഗ്രൂപ് ‘O’ പോസിറ്റീവ് ആണ്. ഇപ്പൊ ഞങ്ങളെ കുഴപ്പിച്ചത് ആ രക്തക്കറ, ചുടുകട്ട രമണന്‍ എന്ന മോഷ്ട്ടാവിന്‍റെതും അല്ല എന്നതാണ്. അയാളുടെ ബ്ലഡ്‌ഗ്രൂപ് ‘B’ പോസിറ്റീവ് ആണ്.
ജഗന്നാഥന്‍: സാര്‍ എന്ന് വച്ചാ...
അശോക്: കഴിഞ്ഞില്ല, പ്രോബ്ലം ഒന്ന് കൂടി ഉണ്ട്. ക്ഷമിക്കണം... അറിയാമല്ലോ. പെണ്‍കുട്ടിയെ ശാരീരികമായി..... ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അതിനായി നടത്തിയ ചുടുകട്ട രമണന്‍റെ ടെസ്റ്റിന്‍റെ റിസള്‍ട്ട് നെഗറ്റീവാണ്. I mean, സ്പേംസ് മാച്ചാവുന്നില്ല.
ജഗന്നാഥന്‍: അപ്പൊപ്പിന്നെ ആരാ സാര്‍ .... എന്‍റെ മോളെ..... (കയ്യിലിരുന്ന പാസ്പോര്‍ട്ട് വഴുതി താഴെ വീണു. ആ അച്ഛന്‍റെ ശബ്ദമിടറി. ചെറിയ ഒരു ഗദ്ഗദം പതിയെ കരച്ചിലിനു വഴിമാറി)
അശോക്: മിസ്റ്റര്‍ ജഗന്നാഥന്‍, പ്ലീസ്. നിങ്ങളുടെ ഒരു സഹകരണമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.
ജഗന്നാഥന്‍: (കണ്ണ് തുടച്ചുകൊണ്ട്) സോറി സാര്‍ ,ഒരുപാട് ശ്രമിക്കുന്നുണ്ട്, എല്ലാരുടെയും മുന്നില്‍ ഒന്ന് അഭിനയിച്ച് നില്‍ക്കാന്‍. പക്ഷെ....
അശോക്: ഒരു ഫൗള്‍പ്ലേ നടന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടിയെ റേപ്പ് ചെയ്തതും കൊലപാതകത്തിനും പിന്നില്‍ മറ്റൊരാള്‍ തന്നെയാണ്. സംഭവം കണ്ട ശിവദാസമേനോനെ അടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെട്ടതായിരിക്കണം. മുന്നില്‍ കണ്ട കാഴ്ച്ചയുടെ ഷോക്കിലാവും അദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതും.
ജഗന്നാഥന്‍: അച്ഛന് അവളെ ജീവനായിരുന്നു. ആകെയുള്ള പേരക്കുട്ടിയായിരുന്നല്ലോ...
ശരത്: അപ്പൊ MLA കൃഷ്ണദാസിന് കുട്ടികളില്ലേ?
ജഗന്നാഥന്‍: ഇല്ല, അവന് മക്കളില്ല.
അശോകും ശരത്തും പരസ്പരം നോക്കുന്നു.
അന്‍വര്‍ : മോള്‍ക്ക് വല്ല പ്രണയബന്ധവും ഉണ്ടായിരുന്നതായിട്ട് അറിവുണ്ടോ?
ജഗന്നാഥന്‍: ഇല്ല സാര്‍ . അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവള്‍ പറഞ്ഞേനെ. മാത്രവുമല്ല, മൂന്നു മാസം മുന്‍പാ ഞാന്‍ അവസാനം നാട്ടില്‍ വന്നത്. അന്ന് അവള്‍ക്ക് ചില കല്യാണാലോചനകള്‍ നടത്തുകയും ചെയ്തതാ. അതിലൊക്കെ അവള്‍ എതിര്‍പ്പ് കാണിച്ചില്ലെന്ന് മാത്രവുമല്ല, താല്‍പര്യവുമായിരുന്നു.
ഇടയ്ക്ക് ലാന്‍റ്ഫോണ്‍ റിംഗ് ചെയ്യുന്നു.
ജഗന്നാഥന്‍: excuse me sir, ഞാനാ ഫോണ്‍ ഒന്ന്...
അശോക്: അതിനെന്താ... എടുത്തോളൂ.
ഫോണ്‍ എടുക്കാന്‍ പോകുന്ന ജഗന്നാഥന്‍. താഴെ കിടക്കുന്ന പാസ്പോര്‍ട്ട് എടുത്തൊന്ന്‍ നിവര്‍ത്തി നോക്കി ടീപ്പോയിലേക്ക് വയ്ക്കുന്ന അശോക്.
അല്പ്പസമയത്തിനുള്ളില്‍ ഫോണ്‍ വച്ച് ജഗന്നാഥന്‍ തിരികെ വരുന്നു.
അശോക്: പാസ്പോര്‍ട്ട് എക്സ്പയര്‍ ആവാന്‍ ഒരു മാസം കൂടിയേ ഉള്ളല്ലേ?
ജഗന്നാഥന്‍: അതെ സാര്‍ . പക്ഷെ ദുബായിലേക്ക് തിരികെ പോയാല്‍ പിന്നെ ഒന്നിനും സമയം കിട്ടില്ല. ഇതിനിടയില്‍ വൈഫിന്‍റെ വിസയുടെ കാര്യവും നോക്കണം. ഇനി അവളെ ഇവിടെ നിര്‍ത്തുന്നില്ല. എങ്ങനാ ഒറ്റയ്ക്കിവിടെ. മാത്രവുമില്ല ഒരുകൂട്ടം അസുഖവുമുണ്ട്. ആരെങ്കിലും നിര്‍ബന്ധിക്കാതെ മരുന്നൊന്നും കഴിക്കുകയും ഇല്ല.
അശോക്: അത് പറഞ്ഞപ്പോഴാ. ഞങ്ങള്‍ക്ക് മിസിസ്സിനെ ഒന്ന് കാണണം. ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്.
ജഗന്നാഥന്‍: അതിനെന്താ സാര്‍ , വിളിക്കാം. കിടക്കുവാ.
ഉള്ളിലേക്ക് പോയ ജഗന്നാഥന്‍, ആകെ ക്ഷീണിതയായ ശ്രീകലയെ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു. പോലീസുദ്യോഗസ്ഥരെ കണ്ട കലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.
അശോക്: ക്ഷമിക്കണം, ഈ അവസ്ഥയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ . അന്ന്... അതായത് സംഭവം നടക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു. എവിടെ പോയതാ?
കല: എന്‍റെ വീട്ടില്‍ (വിങ്ങുന്നു)
അശോക്: പ്രത്യേകിച്ച്....
കല: അച്ഛന് ഒരാക്സിഡന്‍റ് പറ്റിയിട്ട്. (കരയുന്നു)
ജഗന്നാഥന്‍: സാര്‍ , അവള്‍ക്കു നല്ല സുഖമില്ല. ഒരുപാട് സ്ട്രെയിന്‍ ചെയ്യരുതെന്ന് ഡോക്റ്ററും പറഞ്ഞിട്ടുണ്ട്. ചോദിക്കാനുള്ളത് എന്നോട് ചോദിച്ചാല്‍ ....
അശോക്: ഏയ്, no problem. Let her take rest.
കലയെ വേലക്കാരി ശാന്ത വന്നു കൂട്ടിക്കൊണ്ടു പോകുന്നു.
അശോക്: മിസ്റ്റര്‍ ജഗന്നാഥന്‍, മുകളിലത്തെ മുറി ഞങ്ങള്‍ക്കൊന്നു കാണണം.
ജഗന്നാഥന്‍: പിന്നെന്താ.... നിങ്ങള്‍ ചെന്നോളൂ. നാളെയും മറ്റന്നാളും ഒക്കെ അവധിയാ. പാസ്പോര്‍ട്ടിന്‍റെ കാര്യത്തിന് ഇന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ ....
അശോക്: why not? ജഗന്നാഥന്‍ പൊയ്ക്കോളൂ. ഞങ്ങള്‍ക്ക് കുറച്ചു പരിപാടികള്‍ കൂടി ബാക്കിയുണ്ട്.
ജഗന്നാഥന്‍: താങ്ക്യൂ സാര്‍ . (ഒരു പേപ്പര്‍ എടുത്ത് എന്തോ എഴുതിക്കൊണ്ട്) സാര്‍ ഇതാണ് എന്‍റെ നമ്പര്‍ . എന്തെങ്കിലും ഉണ്ടെങ്കില്‍ ഇതില്‍ വിളിച്ചാ മതി.
പേപ്പര്‍ അശോകിന് നല്‍കിക്കൊണ്ട് പോകുന്ന ജഗന്നാഥന്‍. സ്റ്റെയര്‍ കേസ് കയറി മുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍
മുകളിലെ മുറി തുറന്ന് കാര്യങ്ങള്‍ വിവരിക്കുന്ന ശരത്. മുറിയില്‍ നിന്നും പുറത്തു കടന്നുകൊണ്ട്...
ശരത്: സാര്‍ , മുകളില്‍ ആകെ ഈ ഒരു മുറിയേ ഉള്ളൂ. ബാത്ത് അറ്റാച്ച്ഡാണ്.
മുറിക്ക് പുറത്ത്, എതിര്‍ വശത്തുള്ള മറ്റൊരു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്ന ശരത്.
ശരത്: സാര്‍ ഇവിടെ വസ്ത്രങ്ങളും മറ്റും അലക്കി ഇടുന്ന സ്ഥലമാ. പ്രതി അകത്തേക്കും പുറത്തേക്കും പോയിരിക്കുന്നത് ഈ ഡോര്‍ വഴിയാണ്. ചുടുകട്ടയുടെ മൊഴി പ്രകാരം ഈ രണ്ടു വാതിലുകളും സംഭവ ദിവസം തുറന്നാണ് കിടന്നിരുന്നത്. ഇവിടെ നിന്നും സണ്‍ഷേഡ് വഴി താഴത്തെ മതിലിലേക്കിറങ്ങി പോയി എന്നാണ് അവന്‍ പറയുന്നത്. കയറിയതും അങ്ങനെ തന്നെ.
അശോക്: ഉം... മൈക്കിളേ, താന്‍ താഴെ ചെന്ന് ആ വേലക്കാരിയെ ഒന്നിങ്ങ് വരാന്‍ പറഞ്ഞേ...
മൈക്കിള്‍ താഴേക്ക് പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തയുമായി തിരികെ വന്നു. പോലീസുകാരെ കണ്ട് ശാന്ത ആകെ വിയര്‍ക്കുന്നു.
അന്‍വര്‍ : നിങ്ങള്‍ എന്തിനാ ഇങ്ങനെ ഭയക്കുന്നെ? ങേ..?
ശാന്ത: എന്‍റെ പോന്നു സാറേ.. എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ... നല്ല സുഖമില്ലാത്തതാ. എനിക്കറിയാവുന്നതെല്ലാം ഈ സാറിനോട് അന്ന് തന്നെ പറഞ്ഞിട്ടുള്ളതാ.
അശോക്: ഹാ... ശാന്തയെ വിളിച്ചത് പേടിപ്പിക്കാനാണെന്ന് ആരാ പറഞ്ഞത്? ഒരു കാര്യം ചോദിച്ചറിയാനല്ലേ...
ശാന്ത: എന്താ സാറെ...
അശോക്: ദേ... ഈ വാതില്‍ പൂട്ടാറില്ലേ?
ശാന്ത: ഇല്ല സാറേ... അത് ചാരാറേയുള്ളൂ. അതിന്‍റെ പൂട്ട് വീഴത്തില്ല.
അശോക്: പുറത്തു നിന്ന് ഒരാള്‍ക്ക് സുഖമായി അകത്ത് കടക്കാന്‍ പാകത്തിനുള്ളതായിട്ടും എന്താ ഇത് നന്നാക്കാതിരുന്നത്?
ശാന്ത: അതിപ്പൊ... എനിക്കറിയല്ല. അല്ലെങ്കിത്തന്നെ പുറത്തുള്ളവര്‍ക്ക് ആര്‍ക്കും അറിയില്ലല്ലോ സാറേ പൂട്ട് കേടാണെന്ന്.
അന്‍വര്‍: നിങ്ങള്‍ പുറത്തുള്ളതല്ലേ... എന്നിട്ട് നിങ്ങള്‍ക്ക് അറിയില്ലേ? എന്തേ അങ്ങനെയല്ലേ ശാന്തേ....?
ശാന്ത ഞെട്ടി ഓരോരുത്തരുടെയും മുഖത്ത് നോക്കുന്നു.
അശോക്: ഉം... ശരി. ശാന്ത പൊയ്ക്കോ.
സാരിയുടെ തലപ്പ് കൊണ്ട് മുഖം തുടച്ച്, പരിഭ്രമിച്ച് ശാന്ത താഴേക്ക് പോയി.
അശോക്: ശരത്, എന്തൊക്കെയായിരുന്നു ഡോഗ് സ്ക്വാഡിന്‍റെ ഫൈന്‍ഡിംഗ്സ്?
ശരത്: ഡോഗ്... ഈ കാണുന്ന മതിലിനപ്പുറത്തുള്ള പറമ്പ് വഴി ഒരു 300 മീറ്റര്‍ മാറിയുള്ള റോഡിലാ ചെന്ന് നിന്നത്.
അശോക്: ശരത്തേ, നമുക്കൊന്ന് അങ്ങോട്ട് പോയാലോ? പ്രതി വന്നതും പോയതുമായ അതേ വഴിയിലൂടെ....
ശരത്: അതിനെന്താ സര്‍ , പോകാം.
ഓരോരുത്തരായി സണ്‍ഷേഡ് വഴി താഴെ മതിലിനു മുകളിലേക്ക് ഇറങ്ങി. അവിടെ നിന്നും അപ്പുറത്തെ പറമ്പിലേക്കും. മറ്റുള്ളവര്‍ , കാട് കയറിയ പറമ്പില്‍ ചുറ്റും നിരീക്ഷിക്കുന്നതിനിടെ ശരത് തുടര്‍ന്നു.
ശരത്: സാര്‍ ഇവിടെ ചുറ്റിനും വീടൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഈ ഭാഗത്തേക്കൊന്നും ആരും അങ്ങനെ വരാറില്ല. ഈ സ്ഥലത്തിന്‍റെ ഓണര്‍ ഇവിടത്തുകാരനും അല്ല. പിന്നെ വല്ലപ്പോഴും വന്ന്........
അശോകിന്‍റെ ശ്രദ്ധയും കണ്ണും മറ്റെന്തിലോ പതിക്കുന്നതറിഞ്ഞ് ശരത് പാതി വഴിയില്‍ നിര്‍ത്തി. ഒരല്‍പം ഉള്ളിലായി കണ്ട എന്തോ ഒന്നിലേക്ക് നടന്നടുത്ത അശോകിനെ മറ്റുള്ളവര്‍ പിന്‍തുടര്‍ന്നു. ഒഴിഞ്ഞ ഒരു മദ്യക്കുപ്പിയും രക്തം പുരണ്ട, നാലായി മടക്കിയ ഒരു പേപ്പറും. കുപ്പി കാല്‍ കൊണ്ട് തട്ടി പേപ്പര്‍ എടുത്ത് നിവര്‍ത്തുന്ന അശോക്.
അന്‍വര്‍ : സാര്‍ , ഇതൊരു പ്രിസ്ക്രിപ്ഷനല്ലേ?
അശോക്: ഉം.. ഡോക്റ്റര്‍ അലി അഹമ്മദ്. MBBS,MD,DM ന്യൂറോളജിസ്റ്റ്.
മരുന്ന് കുറിച്ചിരിക്കുന്നത് ഒരു മീനാക്ഷിയമ്മയ്ക്കും. അന്‍വര്‍ , താന്‍ ഈ പ്രിസ്ക്രിപ്ഷന്‍റെ ഡേറ്റ് ഒന്ന് നോക്കിയേ...
അന്‍വര്‍ : 21/10/2010. സര്‍ , ഇത്...
അശോക്: അത് തന്നെ... കുന്നേറ്റുംകര കൊലപാതകം ലോകം അറിയുന്നതിന്‍റെ തലേ ദിവസം. അല്ല ശരത്, സംഭവ ദിവസം ഇവിടെയൊന്നും മേയാനിറങ്ങിയിരുന്നില്ലേ?
ശരത്: ഇല്ല സാര്‍ , അന്ന് പിന്നെ ചുടുകട്ടയുടെ പുറകെ പോകാനാ ആന്‍റണി സാര്‍ പറഞ്ഞത്.
അശോക്: ഈ പ്രിസ്ക്രിപ്ഷന്‍റെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കണം. then send the original to the lab. പിന്നെ അന്‍വറും മൈക്കിളും ഒരു സ്ഥലം വരെ പോണം. you guys have a job.
എന്നിട്ട് കൂട്ടാളികളോട് എന്തോ രഹസ്യം പറയുന്ന അശോക്....
ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ...
തുടരും.....









