
സമയം പുലര്‍ച്ചെ 5:15
ഇരുട്ടിന്‍റെ നിഗൂഢതയില്‍ നിന്നും മറ്റൊരു ദിനത്തിന്‍റെ പ്രകാശത്തിലേക്ക്, വലിയ ഒരു ഇരുനില വീട് തെളിഞ്ഞു വരുന്നു. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലായുള്ള ആ വീട്ടിലേക്ക് ഗേറ്റ് തുറന്ന് സൈക്കിള്‍ ചവിട്ടി വരുന്ന കറവക്കാരന്‍ വേലു. സൈക്കിള്‍ വീടിന്‍റെ ഒരു വശത്ത് സ്റ്റാന്‍ഡിട്ട് ഷര്‍ട്ടൂരി ഹാന്‍ഡിലില്‍ തൂക്കി അയാള്‍ തൊഴുത്തിലേക്ക്.....
വീണ്ടും ഗേറ്റ് തുറക്കപ്പെട്ടു. ഇത്തവണ വേലക്കാരി ശാന്തയാണ്. നേരെ വീടിനു പുറകിലേക്ക് പോയ ശാന്ത അടുക്കളയുടെ വാതിലിന്‍റെ പൂട്ട് തുറന്ന് ഉള്ളിലേക്ക് കയറി. തലേന്നത്തെ എച്ചില്‍ പത്രങ്ങള്‍ ഓരോന്നായി കഴുകാന്‍ തുടങ്ങിയ ശാന്ത ചിക്കന്‍ കറിയുടെ ബാക്കി കണ്ട് സ്വയം പറയുന്നു – “അപ്പൊ കലക്കൊച്ച് ഇന്നലെ കോഴിക്കറി വച്ചോ? ഇറച്ചി കൈ കൊണ്ട് തൊടാത്ത കൊച്ചാണല്ലോ”
പെട്ടെന്ന് പുറത്ത് പാത്രം കൊണ്ട് വയ്ക്കുന്ന ശബ്ദം കേട്ട് ശാന്ത അങ്ങോട്ട് എത്തി നോക്കുന്നു...
ശാന്ത: ങാ... വേലുവണ്ണനാ...
വേലു: പിന്നെ...ശാന്തേ, കലക്കുഞ്ഞ് എണീറ്റാ? എന്‍റെ ശമ്പളം പറ്റിയാ ഒന്ന് തന്നേക്കാന്‍ പറ. മാസം തീരാന്‍ രണ്ടൂസം കൂടയുണ്ട്. ഒരത്യാവശ്യം. അതാ.
ശാന്ത: കൊച്ച് എഴുന്നേറ്റില്ലെന്ന് തോന്നുന്നു വേലുവണ്ണാ. ഞാന്‍ ഒന്ന് നോക്കട്ടെ.
ശാന്ത വീടിനുള്ളിലേക്ക് പോയി. ഹാളില്‍ എത്തിയപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു. ചുറ്റിനും ഒന്ന് നോക്കിയിട്ട് അവര്‍ ഫോണ്‍ എടുത്തു.
“ഹലോ... ആരാ? ങേ കലക്കൊച്ചോ!! കൊച്ചിത് എവിടുന്നാ? ആണോ? അയ്യോ എന്ത് പറ്റിയതാ? ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ? ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഇല്ല എഴുന്നേറ്റിട്ടില്ല. ങാ... ശരി. ങാ. പറയാം. ശരി”
“ശാരി മോളേ... ശാരി മോളേ...” ഫോണ്‍ കട്ട് ചെയ്ത് സ്റ്റെയര്‍കേസ് കയറുന്നതിനിടെ ശാന്ത വിളിച്ചു.
“മോളേ... ശാരി മോളേ... ഓ... ഈ പെങ്കൊച്ച് ഇതെന്തുറക്കാ? മോളേ...” – മുറിയുടെ വാതിലില്‍ മുട്ടി അവര്‍ വീണ്ടും വിളിച്ചു. മറുപടിയില്ലാതായപ്പോള്‍ അവര്‍ വാതില്‍ മെല്ലെ തുറന്നു. ഉള്ളിലേക്ക് നോക്കിയ അവരുടെ മുഖം വലിഞ്ഞു മുറുകി, കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ. ഉള്ളിലെ കാഴ്ച്ച ഏല്‍പ്പിച്ച ഞെട്ടലില്‍ നിലവിളിച്ചു കൊണ്ട് അവര്‍ താഴേക്ക് ഓടി. നിലവിളി കേട്ട് പുറത്ത് നിന്നും വേലു ഉള്ളിലേക്ക് വന്നു. പേടിച്ച് നിലവിളിച്ച് പടിയിറങ്ങി വരുന്ന ശാന്തയോട്-
വേലു –“എന്താ ശാന്തേ.. എന്ത് പറ്റി?”
ശാന്ത: (ഏങ്ങിക്കൊണ്ട്) “വേലുവണ്ണാ... അവിടെ... മുകളില്... എന്‍റെ ദൈവങ്ങളേ എനിക്ക് വയ്യേ... നമ്മുടെ ശാരി മോളും മേനോന്‍ അദ്ദേഹവും അവിടെ...”
(കേട്ട പാടേ വേലു മുകളിലേക്ക് കുതിച്ചു)..........
************************************************************************************************
സമയം രാവിലെ 10 മണി.
ആ വീടിനു ചുറ്റും വന്‍ ജനക്കൂട്ടം. പോലീസ് വാഹനങ്ങള്‍. മൊബൈല്‍ ഫോണുകളില്‍ ആളുകളുടെ ചലപില സംസാരം. ഒരു വശത്തു പത്രക്കാരും,ചാനലുകാരും അവരുടെ വാഹനങ്ങളും. ആ തിരക്കുകള്‍ക്കിടയിലേക്ക് വന്നു നില്‍ക്കുന്ന അംബാസഡര്‍ കാര്‍. അതിന്‍റെ മുന്‍വശത്ത് ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു- MLA.!
ഡോര്‍ തുറന്ന്, വിതുമ്പുന്ന ചുണ്ടുകളും കലങ്ങിയ കണ്ണുകളുമായി പുറത്തേക്കിറങ്ങുന്ന ഖദര്‍ധാരി. അയാളുടെ ചുറ്റിനും കൂടിയ പത്ര പ്രവര്‍ത്തകരെ പോലീസ് തള്ളി നീക്കി. മുന്നില്‍ നിന്ന സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററെ നോക്കി വിതുമ്പിക്കൊണ്ട് അയാള്‍ ചോദിച്ചു – “എന്താടോ ശരത്തേ ഞാന്‍ കേട്ടത്? എന്താടോ സംഭവിച്ചത്?”
ശരത്: സാര്‍ ... അത്... സാര്‍ വരൂ.
MLA യെയും കൂട്ടി ശരത് മുകളിലത്തെ മുറിയിലെത്തുന്നു. അവിടെ – മുറിയിലെ ഫാനില്‍ ചുരിദാറിന്‍റെ ഷോള്‍ കെട്ടി, തൂങ്ങിയ നിലയില്‍ ശാരിക എന്ന 19 കാരി. താഴെ മുറിയുടെ വാതിലിനോടു ചേര്‍ന്ന് രക്തത്തില്‍ കുളിച്ച്, ശാരികയുടെ മുത്തച്ഛന്‍ ശിവദാസ മേനോന്‍.!! മുറിയില്‍ തിരച്ചില്‍ നടത്തുന്ന പോലീസ് കാരും ഫിംഗര്‍പ്രിന്‍റ് വിദഗ്ദ്ധരും. ഒരു തേങ്ങലോടെ MLA കൃഷ്ണദാസ് അടുത്തുണ്ടായിരുന്ന കസേരയിലേക്ക് ചാഞ്ഞു.
ശരത്: സാര്‍ DYSP ആന്‍റണി സാര്‍ വന്നിട്ട് ബോഡി ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. I think, he is on the way. With in half an hour, ഡോഗ് സ്ക്വാഡും എത്തും.
പുറത്ത്, ക്യാമറയെ ഫെയ്സ് ചെയ്തുകൊണ്ട് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ - “മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദാരുണമായ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്ന് കുന്നേറ്റുംകര ഉണര്‍ന്നത്. കുന്നേറ്റുംകര MLA കൃഷ്ണദാസിന്‍റെ പിതാവും ജേഷ്ഠപുത്രിയും സ്വന്തം വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നു. സംഭവം കൊലപാതകം തന്നെയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവ സ്ഥലത്തു നിന്നും ക്യാമറാമാന്‍ ഹരീഷ് തൊടുപുഴക്കൊപ്പം ഷാജി മുള്ളൂക്കാരന്‍- ഏഷ്യാനെറ്റ് ന്യൂസ്.....
DYSP ആന്‍റണിയുടെ വാഹനം വരുന്നത് കണ്ട് പത്രപ്രവത്തകര്‍ അങ്ങോട്ട് അടുക്കുന്നു. ഡോര്‍ തുറന്നിറങ്ങുന്ന തടിച്ച ശരീരക്കാരനായ ആന്‍റണി അവരെ ഒഴിവാക്കാന്‍ ശ്രമിച്ചു – “പ്ലീസ്.. നിങ്ങള്‍ ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ. ഇപ്പൊ ഒന്നും പറയാറായിട്ടില്ല. ഇത്രയും പറഞ്ഞ് അയാള്‍ വീടിനുള്ളിലേക്ക് കയറിപ്പോയി. സല്യൂട്ട് ചെയ്തു നില്‍ക്കുന്ന ശരത്തിനെയും മറ്റു പോലീസുകാരെയും കൈ ഒന്നുയര്‍ത്തിക്കാട്ടി മുറിയിലേക്ക് കയറുന്ന ആന്‍റണി മൃതശരീരങ്ങളെ നോക്കി തോപ്പിയൂരുന്നു. മുറി മൊത്തത്തില്‍ ഒന്ന് നോക്കി പുറത്തേക്കിറങ്ങുമ്പോള്‍ ശരത് അയാളെ അനുഗമിക്കുന്നു.
ആന്‍റണി: എന്താടോ വല്ലതും തടഞ്ഞോ?
ശരത്: സാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കെട്ടി തൂക്കിയതാവാന്‍ തന്നെയാണ് സാധ്യത. പക്ഷെ ശരീരത്തില്‍ ഒന്നും അങ്ങനെ ബലപ്രയോഗം നടന്നതായി പുറമേ കാണുന്നില്ല.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏഴെട്ടു പവനോളം സ്വര്‍ണ്ണം നഷ്ട്ടമായിട്ടുണ്ട്. പിന്നെ കെളവന്‍റെ തലയ്ക്ക് എന്തോ കൊണ്ട് നല്ല അടി കിട്ടിയിട്ടുണ്ട്. വല്ല കമ്പിയോ, സ്പാനറോ അങ്ങനെ എന്തോ ഒന്ന്. നല്ല ആഴത്തിനാ മുറിവ്. കട്ടിലിന്‍റെ പടിയിലും രക്തക്കറയുണ്ട്. പക്ഷെ അത് ഇയാളുടെത് തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സാര്‍ അതുപോലെ കട്ടിലിനടിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടുണ്ട്. അതില്‍ നമ്പര്‍ ഒന്നും സേവ് ചെയ്തിട്ടില്ല. കോള്‍ ഹിസ്റ്ററിയും മെസേജും ഒക്കെ ബ്ലാങ്കാണ് സാര്‍. ഈ വീട്ടില്‍ ആരും തന്നെ മൊബൈല്‍ ഉപയോഗിക്കാറില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതും.
ആന്‍റണി: ഉം.. ആ സിം ഡീക്കോഡ് ചെയ്ത് ഇന്‍ഫോമേഷന്‍സ് കളക്റ്റ് ചെയ്യണം. All calls and messeges. Both incoming and out going. സ്പെഷ്യലി ഇന്നലെ രാത്രി. പെട്ടെന്ന് വേണം. ങാ... ഇന്‍ക്വസ്റ്റ് കഴിഞ്ഞെങ്കില്‍ ബോഡി പോസ്റ്റ്‌മാര്‍ട്ടത്തിന് വിട്ടോ.
ശരത്: സാര്‍ അതിനു ഡോഗ് സ്ക്വാഡ് എത്തിയിട്ടില്ല.
ആന്‍റണി: ഓ.. പറയുംപോലെ അങ്ങനെ ഒരു മാരണം ബാക്കിയുണ്ടല്ലോ. ങാ.. നടക്കട്ടെ. പിന്നെ... ഡെഡ് ബോഡികള്‍ ആദ്യം കണ്ടെന്നു പറഞ്ഞ ആ ജോലിക്കാരെ രണ്ടിനേം ഒന്ന് വിളിപ്പിക്ക്.
ശരത്: ശരി സാര്‍...
അല്‍പ്പസമയത്തിനുള്ളില്‍ ശാന്തയും വേലുവിനെയും കൂട്ടി ശരത് തിരികെ എത്തി.
ആന്‍റണി: ങാ അപ്പൊ നിങ്ങളാണ് ശവങ്ങള്‍ ആദ്യം കണ്ടത്. അല്ലെ? രണ്ടുപേരും ഒരുമിച്ചാണോ കണ്ടത് അതോ ഒറ്റയ്ക്കൊറ്റയ്ക്കാണോ കണ്ടത്? ങേ...
“സാറേ... ശാന്തയാ ആദ്യം കണ്ടത്. പിന്നെയാ എന്നെ വിളിച്ചത്.” – വിറയാര്‍ന്ന ശബ്ദത്തോടെ വേലു പറഞ്ഞൊപ്പിച്ചു.
ആന്‍റണി: അപ്പൊ ശാന്ത ഒന്നിങ്ങോട്ട് മാറി നിന്നേ. എന്നിട്ട് കണ്ട കാര്യം അങ്ങോട്ട് പറ. കേള്‍ക്കട്ടെ.
ശാന്ത: എന്‍റെ പോന്നു സാറേ.. എനിക്കൊന്നും അറിഞ്ഞൂടാ. ഞാന്‍ എന്നത്തെയും പോലെ ഇന്നും രാവലെ വന്നതാ. വരുമ്പൊ കലക്കൊച്ചിനെ വിളിച്ചുണര്‍ത്താതിരിക്കാന്‍ അടുക്കളേടെ താക്കോല്‍ ഒന്ന് എനിക്ക് തന്നിട്ടുണ്ട്. ഈ വേലുവണ്ണന്‍റെ ശമ്പളത്തിന്‍റെ കാര്യം പറയാന്‍ വേണ്ടി കൊച്ചിനെ വിളിച്ചുണര്‍ത്താന്‍ പോകുമ്പോഴാ ഫോണ്‍ വന്നത്. അത് കലക്കൊച്ചായിരുന്നു. കൊച്ച് ഇന്നലെ വൈകിട്ട് കൊച്ചിന്‍റെ അച്ഛന് ഒരപകടം പറ്റീട്ട് വീട്ടിലേക്ക് പോയി. അത് ശാരി മോളോട് പറയാനും പറ്റീല. കലക്കൊച്ചിന്‍റെ വീട്ടിലെ ഫോണ്‍ കേടായിരുന്നത് കൊണ്ട് ഇന്നലെ വിളിച്ചതുമില്ല. ഇന്ന് രാവിലെ ആരുടെയോ മൊബൈലില്‍ നിന്ന് അത് ശാരി മോളോട് പറയാന്‍ വിളിച്ചതാ. അത് പറയാന്‍ മുകളില്‍ ചെന്നപ്പോഴാ സാറേ...(കരയുന്നു) അല്ലാതെ എനിക്കൊന്നും അറിഞ്ഞൂടാ.
ശരത്: അപ്പൊ ഈ കല ഇന്നലെ പോയ കാര്യം നിങ്ങള്‍ അറിഞ്ഞില്ലേ?
ശാന്ത: ഇല്ല. മേനോന്‍ അദ്ദേഹം അറിഞ്ഞു കാണും. ഞാന്‍ ഇന്നലെ വന്നില്ലായിരുന്നു സാറേ.
ആന്‍റണി: അതെന്താടീ കൃത്യമായിട്ട് ഇന്നലെ തന്നെ നിനക്കൊരു ലീവെടുക്കല്? ങേ...
ശാന്ത: അയ്യോ എന്‍റെ പോന്നു സാറേ.. എന്‍റെ മരുമോള്‍ പ്രസവിച്ച് കെടക്കാ. അത്രേടം വരെ ഒന്ന് പോവാന്‍ വേണ്ടിയായിരുന്നു..
ശരത്: ഈ മരിച്ച മേനോന്‍ ഏതു മുറിയിലാ കിടക്കുന്നെ? മുകളിലാ?
ശാന്ത: അല്ല സാറേ. മുകളിലത്തെ മുറി ശാരി മോളുടെത് തന്നാ. മേനോന്‍ അദ്ദേഹം താഴെയാ കിടക്കുന്നത്.
ഇതിനിടയില്‍ ഡോഗ് സ്ക്വാഡ് എത്തിയത് കണ്ട് ആന്‍റണി ശരത്തിനോട് – “ടോ... ആ പട്ടിയേം കൊണ്ട് മണപ്പിക്കാന്‍ വന്നവന്മാരുടെ കാര്യം ഒന്ന് നോക്ക്” (ശരത് പോകുന്നു)
ആന്‍റണി: ഈ മരിച്ചവരെ കൂടാതെ ഈ വീട്ടില്‍ വേറെ ആരൊക്കെയാ താമസം?
വേലു: ഇവിടെ കലക്കുഞ്ഞും മേനോന്‍ അദ്ദേഹവും പിന്നേ ഈ പെങ്കോച്ചും മാത്രേയുള്ളൂ സാറേ.
ശാന്തയോട് ചോദിച്ച ചോദ്യത്തിന് വേലു മറുപടി പറഞ്ഞത് സുഖിക്കാതെ ആന്‍റണി ഒന്നിരുത്തി മൂളി.
ആന്‍റണി: അപ്പൊ ഈ കലയുടെ ഭര്‍ത്താവ്?
ശാന്ത: ജഗന്നാഥന്‍ സാറ്. സാറങ്ങ് ഗള്‍ഫിലാ. അവിടെ വലിയ കമ്പനിയൊക്കെ ഉണ്ട്.
ആന്‍റണി: ങാ ശരി ശരി. രണ്ടും ഇപ്പൊ പൊയ്ക്കോ. ആവശ്യം വന്നാ വിളിപ്പിക്കും. വന്നേക്കണം.
വേലുവും ശാന്തയും തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ നിന്നും വീണ്ടും ആന്‍റണിയുടെ വിളി
ആന്‍റണി: ങാ... ശാന്ത ഒന്ന് നിന്നേ...
(ശാന്ത ഞെട്ടിത്തിരിയുന്നു)
ആന്‍റണി: ശാന്തയുടെ മരുമോള്‍ പ്രസവിച്ചിട്ട് കുട്ടി ആണോ പെണ്ണോ?
“ആങ്കൊച്ചാ... സാറേ..” ശാന്ത വിറച്ചു വിറച്ച് പറഞ്ഞു തീര്‍ത്തു.
ആന്റണി : അപ്പൊ കൊച്ചിന് ഇരുപത്തെട്ടിനു കെട്ടാന്‍ കുറച്ച് സ്വര്‍ണ്ണമൊക്കെ വേണം അല്ലെ ശാന്തേ....?
ശാന്ത : അയ്യോ... സാറേ.... എനിക്കൊന്നും അറിഞ്ഞൂടാ. ഞാനൊരു പാവമാ സാറേ. വയറ്റിപ്പെഴപ്പിന് വേണ്ടി എച്ചിലെടുക്കാന്‍ വരണതാ.
ആന്‍റണി: ഉം... പൊയ്ക്കോ പൊയ്ക്കോ..
ഭയന്ന് മുഖത്തോട് മുഖം നോക്കി വേലുവും ശാന്തയും പുറത്തേക്ക് പോയി.
നടപടിക്രമങ്ങള്‍ കഴിഞ്ഞ് മൃതദേഹങ്ങള്‍ പുറത്തു കിടക്കുന്ന ആംബുലന്‍സിലേക്ക് മാറ്റാന്‍ തുടങ്ങവേ ആംബുലന്‍സ് വളയുന്ന ജനക്കൂട്ടം... അവരെ നിയന്ത്രിക്കാന്‍ പാട് പെടുന്ന പോലീസ്... അവിടേക്ക് വന്നു നില്‍ക്കുന്ന ഒരു മാരുതി ആള്‍ട്ടോ. അതില്‍ നിന്നും അലമുറയിട്ട്കൊണ്ട് പുറത്തേക്കിറങ്ങുന്ന ശ്രീകല, ഒപ്പം MLA യുടെ ഭാര്യയും, മറ്റു രണ്ട് ആളുകളും. മുഖ ഭാവം കൊണ്ട് മനസ്സിലാക്കാം; അടുത്ത ബന്ധുക്കളാണ്.
നിലവിളിച്ചുകൊണ്ട് ആംബുലന്‍സിലേക്ക് ഓടിയടുക്കുന്ന ശ്രീകലയെ, ബഹളം കേട്ട് പുറത്തേക്ക് വരുന്ന MLA യും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചു മാറ്റുന്നതിനിടെ അവര്‍ ബോധമറ്റ് നിലത്തേക്ക് വീണു. കാതടപ്പിക്കുന്ന സൈറനുമായി ആംബുലന്‍സും ഒരു പോലീസ് ജീപ്പും പുറത്തേക്ക് പോയി. തിരികെ വണ്ടിയിലേക്ക് നടന്നടുക്കുന്ന ആന്‍റണിയുടെ അടുത്തേക്ക് ധൃതിയില്‍ എത്തുന്ന ശരത്.
ശരത്: സാര്‍ ആ മൊബൈലിന്‍റെ ഓണറെ പറ്റി ഇന്‍ഫോമേഷന്‍ കിട്ടിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്.
ആന്‍റണി: lady… who is she?
ശരത്: സാര്‍ ആ സ്ത്രീ, നമ്മുടെ തൃപ്പേക്കുളം വിഗ്രഹമോഷണക്കേസിലെ കൂട്ടുപ്രതിയുടെ ഭാര്യയാ. സാര്‍ അറിയും അവനെ; ചുടുകട്ട രമണന്‍.!! അവനാ ആ നമ്പര്‍ ഉപയോഗിച്ചിരുന്നത്.
ആന്‍റണി: then why are you waiting? take him under custody.
ശരത്: സാര്‍, അത്... ഇന്നലെ ഉച്ചയ്ക്ക് ശേഷം അവന്‍ വീട്ടില്‍ ചെന്നിട്ടില്ല.
ആന്‍റണി: പിന്നെന്ത് മാങ്ങാത്തൊലിക്കാടോ താനൊക്കെ ഇവിടെ നിന്ന് തിരിയുന്നത്. ചുടുകട്ട രമണന്‍... I need him under custody within 5 hours. At any cost….
ശരത്: സര്‍. (ശരത് സല്യൂട്ട് ചെയ്ത് പോകുന്നു)
വൈകുന്നേരം TV യില്‍... “കുന്നേറ്റുംകര ഇരട്ടക്കൊലപാതകക്കേസ് വഴിത്തിരിവില്‍...! മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ചുടുകട്ട രമണന്‍ എന്ന് വിളിക്കപ്പെടുന്ന കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയില്‍....”
തുടരും......









