ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!!!




9/12/2010 – ഈ ദിവസം എന്‍റെ ജീവിതത്തില്‍ കേറിയങ്ങ് പ്രസക്തവും ആകാംഷാഭരിതവും ആയത് കുറച്ചു നാളുകള്‍ക്കു മുന്‍പ്‌, മേല്‍പ്പറഞ്ഞ ദിവസം ഞാന്‍ ഒരമ്മാവനും എന്‍റെ അളിയന്‍ ഒരച്ഛനും ആകുമെന്ന് അങ്ങ് കരുനാഗപ്പള്ളിയിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് പ്രവചിച്ചതോടെയാണ്.! ഒരു വശത്ത് ചാര്‍ത്തിക്കിട്ടാന്‍ പോകുന്ന പുതിയ പട്ടത്തെ ഓര്‍ത്തുള്ള ടെന്‍ഷന്‍. മറുവശത്ത്‌ പറഞ്ഞ ദിവസം തന്നെ ഡോക്ട്ടര്‍ക്ക് എന്നെ അമ്മാവനാക്കി വാക്ക് പാലിക്കാന്‍ പറ്റുമോ എന്ന ഡൌട്ട്!

എനിവെയ്സ്... ഒടുവില്‍ ആ ദിവസമായി. ഡോക്റ്റര്‍ നടത്തിയ പ്രെഡിക്ഷന്‍ തന്നാല്‍ കഴിയുന്ന അളവില്‍ തെറ്റിക്കാന്‍ കച്ചകെട്ടിയിരുന്ന ഗായത്രി, രണ്ടു പ്രാവശ്യം ഡ്രിപ്പ് കൊടുത്തിട്ടും 'ഇല്ല ഡോക്റ്ററെ... ഞാന്‍ പെറൂല; ഇത്തവണ ഡോക്റ്റര്‍ പെടും' എന്ന നിലപാട്‌ സ്വീകരിച്ചപ്പോള്‍ ഒടുക്കം ഡോക്ട്ടര്‍ക്ക് തന്‍റെ മാനം രക്ഷിക്കാന്‍ 'സിസേറിയന്‍' എന്ന പതിനെട്ടാം അടവ് പുറത്തെടുക്കേണ്ടി വന്നു. ഫലമോ, എനിക്ക് തിരുവോണം നാളുകാരിയായ ഒരു അനന്തിരവള്‍ ! അങ്ങനെയാണ് കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി ഭാവിയില്‍ ഓസിന് കിട്ടാന്‍ പോകുന്ന അഞ്ച്‍‌‌‌‌‍‍‍ കോടിയും ബി.എം.ഡബ്ലിയൂ വും സ്വപ്നം കണ്ടിരുന്ന എന്‍റെ അളിയന്‍ സ്ത്രീധനസമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ ഇന്‍റര്‍നാഷണല്‍ റാങ്കിങ്ങില്‍ ശ്രീമാന്‍ രാജാറാംമോഹന്‍ റോയിയുടെ ഒന്നാം സ്ഥാനത്തിന് ഒരുഗ്രന്‍ വെല്ലുവിളിയായി മാറിയത്.

അമ്മയ്ക്ക് ഇപ്പോള്‍ ഒരു ചെറിയ പ്രശ്നമുണ്ട്; മാനസിക പ്രശ്നം. വട്ടല്ല! ഒരു ചെറിയ പേടി. നാട്ടിലെ ക്ഷേത്രങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി വഴിപാടിനത്തില്‍ വന്നു ചേരുന്ന വരുമാനത്തിന്‍റെ മെയിന്‍ സോഴ്സ് എന്‍റെ രണ്ടു കസിന്‍ ചേട്ടന്മാരുടെ വീടുകളാണ്. പെണ്ണ് വേണം! ഈ ചേട്ടന്മാരുടെ കല്യാണം നടക്കണം. ഗള്‍ഫ്‌ കാരായിപ്പോയതാണ് ഫിസിക്കലി 100% ഫിറ്റ്‌ ആയിരുന്ന ഇവന്മാരുടെ ഏക പോരായ്മ. ഈ കുറവ് തന്നെയാണല്ലോ എന്‍റെ ഒരേ ഒരു മകനും ഉള്ളത് എന്ന തിരിച്ചറിവാണ് എന്‍റമ്മയെ ഇപ്പോള്‍ ഇത്രയും ഭയചകിതയാക്കിയിരിക്കുന്നത്.! കാള പ്രഗനന്‍റ് ആണെന്ന് കേട്ടാല്‍ അപ്പൊ വടമെടുക്കുന്ന സ്വഭാവക്കാരിയായതിനാലും തന്‍റെ മകന്‍ ഒരു കെട്ടാച്ചരക്കായി ഗള്‍ഫില്‍ തന്നെ നിന്ന് പോകുമോ എന്ന പേടി കൊണ്ടും, പരിചയമുള്ളവരോടൊക്കെ 'എന്‍റെമോനും കൂടി ഒരു പെണ്ണ് വേണം' എന്ന ന്യായമായ ആവശ്യം ഉന്നയിക്കാനും, വേണ്ടി വന്നാല്‍ അപേക്ഷിക്കാനും അമ്മ ശീലിച്ചു. അതിന്‍റെ ആദ്യ പ്രതികരണമെന്ന നിലയ്ക്കാണ് ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ലീല എന്ന ലീലാമ്മയുടെ വിരലുകള്‍ വീടിനുള്ളിലെ ചുവരില്‍ പെട്ടിയോടെ അടക്കം ചെയ്തിരുന്ന ആ കിളിയെ വീണ്ടും ചിലപ്പിച്ചത്.

സ്വന്തമായി ഒരു കല്യാണം കഴിച്ചിട്ടില്ലെങ്കിലും ലീലാമ്മ കല്യാണ ബ്രോക്കറാണ്‌, നമ്മുടെ കുടുംബ സുഹൃത്താണ്; സര്‍വ്വോപരി- സാധാരണ കിറുക്കിനും അപ്പുറം തലയ്ക്കുള്ളില്‍ ഓളങ്ങള്‍ അലതല്ലുന്ന രോഗമുള്ളവളാണ്!! സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, തോളത്ത് ഒരു കുഞ്ഞു ബാഗും തൂക്കി, റോഡിലേക്കിറങ്ങിയാല്‍ പിന്നെ കല്യാണ പ്രായമായവരെ മാത്രം ശ്രദ്ധിക്കാറുള്ള ലീലാമ്മയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ അറിയാം... ആള് മറ്റേതാണ് (കല്യാണ ബ്രോക്കര്‍ ) എന്ന്! "എന്നാലെന്താ അവര്‌ കൊണ്ട് വരുന്നതൊക്കെ നല്ല ഒന്നാം ക്ലാസ്‌ ആലോചനകള്‍ തന്നെയാ" എന്ന് അമ്മ ഊറ്റം കൊള്ളുമ്പോള്‍, ടാറ്റയുടെയും ബിര്‍ളയുടെയും ഇളമുറക്കാരായ തന്തമാര്‍ക്ക് ഇനിയും കല്യാണം കഴിപ്പിക്കാത്ത പെണ്മക്കള്‍ ഉണ്ടാവും എന്ന പ്രത്യാശയായിരുന്നു എന്‍റെയുള്ളില്‍.

"മോന്‍റെ ജോലി എന്തെരാണ്?" – ലീലാമ്മ എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം.
"സേഫ്റ്റി അഡ്വൈസര്‍ ആണ്" – അല്‍പ്പം ശബ്ദം ഇടറിച്ച് ഞാന്‍...
"അതെന്തെര്?" – ലീലാമ്മയുടെ രണ്ടാമത്തെ ചോദ്യം.
എന്നാല്‍ കഴിയും വിധം ഞാന്‍ കാര്യങ്ങള്‍ ലീലാമ്മയെ പറഞ്ഞു മനസ്സിലാക്കി.
"ഉം പ്രശ്നമാണ്... ഇപ്പൊ കൊഴപ്പം പെണ്‍പിള്ളാരുടെ തന്തമാര്‍ക്കാ. അവര് പേര്‍ഷ്യയില് പോയി കായിയുണ്ടാക്കി. ഇപ്പൊ പെണ്‍മക്കളെ പേര്‍ഷ്യാക്കാര്‍ക്ക് കൊന്നാലും കൊടുക്കൂല. ഇതെന്തെര് ലോകം?"
ലീലാമ്മ അപ്പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ ഗള്‍ഫ്‌ മല്ലുക്കുട്ടന്മാര്‍ക്ക് പെണ്ണ് തരാന്‍ മുന്‍ ഗള്‍ഫ്‌ മല്ലൂസ് ആയിരുന്ന പെണ്ണിന്‍റെ തന്തമാര്‍ക്ക് താല്‍പ്പര്യമില്ലത്രേ. ബ്ലഡി ഫാദര്‍ഇന്‍ ലോസ്. മൂരാച്ചികള്‍!!!

കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കീശയും ബാഗും ഗായത്രിയുടെ കട്ടിലിനടുത്തു വച്ച്, തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ കൊഞ്ചിച്ചു നിന്ന ലീലാമ്മയുടെ സെറിബ്രത്തില്‍ രൂപം കൊണ്ട ആ മെസ്സേജ് പതിഞ്ഞ ശബ്ദത്തില്‍ ആയമ്മയുടെ വായില്‍ നിന്നും പുറപ്പെട്ട് എന്‍റമ്മയെ ലക്ഷ്യമാക്കി വായുവിലൂടെ പാഞ്ഞു.!
"ടീ.... നിന്‍റെ മോന്‍റെ മറ്റേ സംഗതികളൊക്കെ എനിക്കൊന്നു കാണണം.!" - ഈശോയേ....ഇതെന്ത് സ്ത്രീ?!!
അല്‍പ്പ സമയം നിശബ്ദത. ആര്‍ക്കും ഒന്നും പറയാനില്ല. ഞാന്‍ ഇതൊന്നും കേട്ടതേയില്ല എന്ന മട്ടില്‍ ഗായത്രി ഉറങ്ങിക്കിടന്ന കൊച്ചിനെ തട്ടിയുണര്‍ത്തി വീണ്ടും താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി.!
"എന്ത് സംഗതികള്? ലീല ചേച്ചി ഇതെന്തോന്ന്..... പിള്ളേരുടെ മുന്നേ വച്ച്..." – അമ്മ ആകെ നാണിച്ചു പോയി.
"പിന്നല്ലാതെ.... ചെക്കന് സംഗതികളൊന്നും ഇല്ലാതെ ഞാന്‍ ഒരു കല്യാണം നടത്തില്ല. പറഞ്ഞില്ലാന്ന് വേണ്ട. ങാ...." -മിസ്‌ ലീലാമ്മ മിസിസ്സ് അശ്ലീലാമ്മ ആയിത്തുടങ്ങി.!

അമ്മ എന്നെ ദയനീയമായോന്നു നോക്കി. രംഗം വഷളായേക്കും എന്ന് ഉള്‍വിളി കിട്ടിയ ഞാന്‍ റൂമിലേക്ക്‌ പാഞ്ഞു. ഉടുത്തിരുന്ന മുണ്ട് മാറ്റി ജീന്‍സ്‌ ഇട്ടു! അല്ല പിന്നെ, കളി കണിയാനോടോ.! അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പാന്‍റ്സാണ് സേഫ്‌. പാന്‍റ്സ് തന്നെയാണ് സേഫ്‌; പാന്‍റ്സ് മാത്രമാണ് സേഫ്‌!!
"എടീ ആലോചിച്ച് നിക്കാതെ ചെക്കന്‍റെ ജാതകവും ഗ്രഹനിലയും എടുത്തോണ്ട് വാ.." – ലീലാമ്മ വീണ്ടും അലറി
"ഹോ!. അതായിരുന്നോ കാര്യം. ഇതാദ്യമേ അങ്ങ് പറഞ്ഞൂടായിരുന്നോ. ഞാന്‍ ചുമ്മാ.." – മഞ്ഞ് പെട്ടെന്നുരുകി. അമ്മയ്ക്കാശ്വാസം.. ഓരോ ശ്വാസത്തിലും. എനിക്കും!

ഹൃദയവും കരളും കൈമാറുന്ന ശ്രദ്ധയോടെ അമ്മ ജാതകവും ഗ്രഹനിലയും കൈമാറി. പഴംപൊരിയും ഉഴുന്ന് വടയും വാങ്ങുന്ന ലാഘവത്തോടെ ലീലാമ്മ അത് വാങ്ങി. പുറത്ത്, ഞങ്ങടെ പോമറേനിയന്‍ സുന്ദരി സൂസി ചെറുതായൊന്ന് കുരച്ചു. എല്ലാം ശുഭം!
"മോനൊരു കാര്യം ചെയ്യ്‌. എന്‍റെ കൂടെ വാ. എനിക്ക് ജാതകത്തിന്‍റെ കോപ്പി മതി. ഇതിന്‍റെ ഒരു കോപ്പി എടുത്തു തന്ന് എന്നെ ഒന്ന് വീട്ടില്‍ ആക്കി തന്നാല്‍ വലിയ ഉപകാരം" – ലീലാമ്മയുടെ ഒരു റിക്വസ്റ്റ്.
എന്നെ കല്യാണം കഴിപ്പിക്കാന്‍ പോകുന്ന സ്ത്രീ; ഇങ്ങനെ ഒരു ചേതമില്ലാത്ത ഉപകാരമെങ്കിലും ഞാന്‍ അവര്‍ക്ക് വേണ്ടി ചെയ്യണ്ടേ... വേണം.!

മഴയൊന്നു കനത്തു. ബൈക്കിന്‍റെ പിന്‍സീറ്റില്‍ നിന്നും ലീലാമ്മയുടെ ഒരു നിലവിളി. – "അയ്യോ എന്‍റെ ചന്ദനം!"
ഞാന്‍ വണ്ടി നിര്‍ത്തി. ലീലാമ്മ കയ്യിലുള്ള കീശ അമര്‍ത്തിപ്പിടിക്കുന്നു, വെള്ളം കയറാതെ.
"എന്താ അതിനുള്ളില്"
"ചന്ദനമാ മോനേ.."
"ചന്ദനോ?"
"ഉം... അങ്ങ് ഹരിദ്വാറിലെ ഒരു സ്വാമിയുടെ അടുത്തു നിന്നും എന്‍റെ ഒരു കൂട്ടുകാരി കൊണ്ട് വന്നതാ. മുഖത്ത് തേക്കാന്‍. കറുത്ത പാടുകള്‍ മുഴുവന്‍ പോകും; സിദ്ധൗഷധം! ഇതും വാങ്ങി വരുന്ന വഴിക്കാണ് മോന്‍റെ വീട്ടില്‍ കേറിയത്. മോന്‍ വണ്ടി വിട്ടോ.."

ലീലാമ്മയെ വീടിനു മുന്നില്‍ ഇറക്കി ഞാന്‍ ജാതകത്തിന്‍റെ കോപ്പി എടുക്കാന്‍ പോയി. തിരികെയെത്തി ഹോണ്‍ അടിച്ചപ്പോള്‍ ഇറങ്ങി വന്നത് 'പുതിയ മുഖം' ലീലാമ്മ! മൂക്കിന്‍റെ രണ്ടു തുള ഒഴികെ മുഖം മൊത്തം ചന്ദനം പൊത്തിയ ലീലാമ്മ.!!
"ചന്ദനക്കട്ട ആകെ നനഞ്ഞുകുഴഞ്ഞു പോയി. പിന്നെ ഞാന്‍ വെയ്റ്റ് ചെയ്തില്ല. വാരിയങ്ങു തേച്ചു. ഒരു ചെറിയ സ്മെല്ലുണ്ട്. ഈ പച്ചിലമരുന്നൊക്കെ ചേരുന്നതല്ലേ അതാ... പക്ഷെ സ്വാമി ഏതായാലും ഭയങ്കര സെറ്റപ്പാ. വിലപിടിപ്പുള്ള എന്തോ പ്രത്യേകതരം സാധനം കൊണ്ടാ ചന്ദനക്കട്ട പൊതിഞ്ഞിരുന്നത്. നല്ല പിതുപിതാന്ന്." –ലീലാമ്മ സ്വാമിയുടെ കട്ടയെപ്പറ്റി വാചാലയായി.!

ജാതകത്തിന്‍റെ കോപ്പി ലീലാമ്മയ്ക്ക് കൊടുത്ത് കല്യാണം ഏറെക്കുറെ ഉറപ്പാക്കിയ മട്ടില്‍ ഞാന്‍ വീട്ടിലെത്തി. അത്ഭുതം! അയല്‍പക്കത്തെ സ്ത്രീകളെല്ലാം വീട്ടില്‍ തടിച്ചു കൂടിയിട്ടുണ്ട്. എന്നെ കണ്ടപ്പോള്‍ ചിലരൊക്കെ അടക്കം പറയുന്നു. പെട്ടെന്നാണ് അത് കണ്ടത്. ഗായത്രിയുടെ മുറിയില്‍ നിന്ന് പുറത്തേക്ക് ഒരു ചെറിയ ക്യൂ.! മറുവശത്തു കൂടി തൊഴുതു പിടിച്ച കൈയ്യോടെ അമ്മച്ചി മാരും ചേച്ചിമാരും ഒക്കെ ഇറങ്ങി വരുന്നു. ശ്ശെടാ! ഇതെന്തു പാട്? ഞാന്‍ ഒന്ന് എത്തി നോക്കി. വരുന്നവരെല്ലാം കുഞ്ഞിന്‍റെ കാല്‍ തൊട്ട് തൊഴുന്നു!!! എന്നെ കണ്ട പാടേ ഗായത്രിയും അമ്മയും ചാടി പുറത്തിറങ്ങി.
"എന്താ എന്ത് പറ്റി?" – ഞാന്‍
"ചേട്ടാ.... ദിവ്യ..... എന്‍റെ മോള് ദിവ്യ..." – ഗായത്രി
"ആഹാ നീ കുഞ്ഞിന് പേരും ഇട്ടോ? ദിവ്യ. നല്ല പേര്." – ഞാന്‍
"അയ്യോ അതല്ല; മാതൃഭൂമിക്കാരുടെ നമ്പരുണ്ടോ അല്ലെങ്കി മലയാള മനോരമ?" – വീണ്ടും ഗായത്രി
"മലയാള മനോരമയോ? എന്തിന്.....?" – വീണ്ടും ഞാന്‍
"വേണ്ട വേണ്ട ഏഷ്യാനെറ്റ്‌ കാരെ വിളി. അതാവുമ്പോ ലോകം മൊത്തം കിട്ടും." – ഇത് അമ്മയുടെ വക.
"ഹാ! നിങ്ങള് കാര്യം പറയുന്നുണ്ടോ?"
"ചേട്ടാ... എന്‍റെ മോള്..."
"നിന്‍റെ മോള്..?"
"എന്‍റെ മോള് ദിവ്യ ശിശുവാണ് ചേട്ടാ ദിവ്യ ശിശു!!"
"ങേ..! ദിവ്യ ശിശുവാ...!! അതെങ്ങനെയായി?"

ഒന്നര മണിക്കൂര്‍ മുന്‍പ്‌ വരെ സാധാശിശുവായിരുന്ന പാവം കുഞ്ഞ് പെട്ടെന്ന് ദിവ്യ ശിശുവായി മാറിയ "സീക്രട്ട്" ഗായത്രിയില്‍ നിന്നും അറിഞ്ഞ ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ കിട്ടിയ കസേരയില്‍ ചന്തി കുത്തി. അപ്പോഴും ദിവ്യശിശുവിനെ കാണാന്‍ വരുന്ന നാട്ടുകാര്‍ക്ക് ചായ ഇടാനും, പലഹാരം എടുക്കാനുമായി അമ്മ അടുക്കളയിലും, തന്‍റെ ദിവ്യ മകളുടെ 'യൂസ്ഡ് സ്നഗ്ഗി' യും അതിനുള്ളിലെ 'സീക്രട്ടും' 'ദിവ്യ ചന്ദനക്കട്ട'യായി രൂപാന്തരം പ്രാപിച്ച അത്ഭുത കഥ വിരുന്നുകാരോട് വീണ്ടും വീണ്ടും പറഞ്ഞ് ഗായത്രി കുഞ്ഞിന്‍റെയടുത്തും ബിസിയായിരുന്നു!!!
 

ബ്ലോഗ് ഡിസൈന്‍ ചെയ്തത് കൂതറHashimܓ